June 26, 2026 |
Share on

ഇന്ത്യ – പാക് യുദ്ധം നടക്കാതിരിക്കാൻ കാരണം യുഎസ്; അവകാശവാദം ആവർത്തിച്ച് ട്രംപ്

വെടിനിർത്തൽ കരാറിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന് ഔദ്യോ​ഗിക റിപ്പോർട്ട്

ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് അമേരിക്കയാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരസ്പരം വെടിയുതിർക്കുന്ന രണ്ട് രാജ്യങ്ങളുമായി അമേരിക്കയ്ക്ക് വ്യാപാര ബന്ധം നടത്താൻ താൽപര്യമില്ലെന്നും കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് യുഎസ് ആണ്. അല്ലെങ്കിൽ അതൊരു ആണവയുദ്ധമായി മാറുമായിരുന്നു, ട്രംപ് പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പായ ഡോജിൽ നിന്ന് പടിയിറങ്ങുന്ന ടെസ്ല സിഇഒ ഇലോൺ മസ്കും വാർത്താസമ്മേളനത്തിൽ ട്രംപിനൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളോട് തങ്ങൾ നന്ദി പറയുന്നുവെന്നും ആണവായുധം ഉപയോ​ഗിക്കാൻ വരെ സാധ്യതയുള്ള രാഷ്ട്രങ്ങളുമായി വ്യാപാരം നടത്തില്ലെന്ന് അവരോട് അറിയിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.

ശക്തരായ രണ്ട് നേതാക്കളാണ് ഇന്ത്യയ്ക്കും പാകിസ്ഥാനുമുള്ളത്. യുദ്ധം അവസാനിപ്പിക്കണമെന്ന് അറിയിച്ചപ്പോൾ തന്നെ ഇരു രാജ്യങ്ങളും സമ്മതിക്കുകയായിരുന്നു. മറ്റുള്ളവരെ യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്തിരിപ്പിക്കും. അതേസമയം, ആരെക്കാളും നന്നായി യുദ്ധം ചെയ്യാൻ ഞങ്ങൾക്കറിയാം. ലോകത്തിലെ ഏറ്റവും വലിയ സൈന്യവും ഏറ്റവും മികച്ച നേതാക്കളും അമേരിക്കയുടേതാണ്, ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യ – പാക് സംഘർഷ വേളയിൽ കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ സൈനിക നടപടികൾ ഉടനടി നിർത്താൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) സമ്മതിച്ചതായി ന്യൂഡൽഹിയിലെ ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഈ കരാറിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ തനിക്ക് പങ്കുണ്ടെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുകയാണ്. സംഘർഷം അവസാനിപ്പിച്ചാൽ യുഎസ് അവരുമായി കാര്യമായ വ്യാപാരത്തിൽ ഏർപ്പെടുമെന്ന് ഇന്ത്യയും പാകിസ്ഥാനും പറഞ്ഞതായും ട്രംപ് ഉന്നയിക്കുന്നുണ്ട്.

ഏപ്രിൽ 22 നാണ് ഇന്ത്യയെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണം നടക്കുന്നത്. 26 വിനോദസഞ്ചാരികളാണ് ഭീകരർ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പിന്നാലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കുകയായിരുന്നു. തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു.

നാല് ദിവസം നീണ്ട അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കൊടുവിൽ മെയ് 10 ന് ഇരുരാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.

Content Summary: trump claims credit for brokering india-pakistan ceasefire

Leave a Reply

Your email address will not be published. Required fields are marked *

×