June 04, 2026 |
Share on

‘ന്യൂയോര്‍ക്ക് ടൈംസ് നിരന്തരം വേട്ടയാടുന്നു” 15 ബില്ല്യണ് ഡോളറിന്റെ മാനനഷ്ട കേസുമായി ട്രംപ്

തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തി

ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 13 ലക്ഷം കോടിക്ക് മേല്‍) അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിനെതിരെ ട്രംപ് സ്വീകരിക്കുന്ന ഏറ്റവും പുതിയ നിയമനടപടിയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ‘വക്താവ്’ ആയും തനിക്കെതിരെ ‘തെറ്റായതും അപകീര്‍ത്തികരമായതുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവരായും’ ട്രംപ് അവരെ വിശേഷിപ്പിച്ചു.

ലൈംഗിക കുറ്റവാളിയായിരുന്ന അന്തരിച്ച ജെഫ്രി എപ്സ്റ്റീന് നല്‍കിയ ജന്മദിനക്കുറിപ്പിനെക്കുറിച്ചുള്ള ലേഖനങ്ങളെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്ന് നിയമനടപടി നേരിടണമെന്ന ഭീഷണിയുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കുറിപ്പില്‍ തന്റെ ഒപ്പുണ്ടെങ്കിലും അത് താന്‍ എഴുതിയതല്ലെന്ന് ട്രംപ് നിഷേധിക്കുന്നു. ജൂലൈയില്‍, ഇതേ കുറിപ്പിനെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാള്‍ സ്ട്രീറ്റ് ജേണലിനും അതിന്റെ ഉടമ റൂപര്‍ട്ട് മര്‍ഡോക്കിനുമെതിരെയും അദ്ദേഹം നിയമനടപടി ആരംഭിച്ചിരുന്നു. കുറിപ്പ് പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരു അശ്ലീല ചിത്രവും ഉള്‍പ്പെട്ടിരുന്നു.

ട്രംപിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച രാത്രി ഫ്‌ളോറിഡയിലെ ഒരു ജില്ലാ കോടതിയിലാണ് ന്യൂയോര്‍ക്ക് ടൈംസിനെതിരെയുള്ള കേസ് ഫയല്‍ ചെയ്തത്. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച, രണ്ട് മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ നിരവധി ലേഖനങ്ങളും ഒരു പുസ്തകവും കേസില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘പത്രപ്രവര്‍ത്തനത്തിന്റെ സത്യസന്ധത, നിഷ്പക്ഷത, കൃത്യത എന്നീ ആദര്‍ശങ്ങളെ ടൈംസ് വഞ്ചിച്ചു’ എന്നും ‘പ്രസിഡന്റ് ട്രംപിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരാണ്’ എന്നും കേസില്‍ ആരോപിക്കുന്നു. ഈ കേസിനോട് ന്യൂയോര്‍ക്ക് ടൈംസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂയോര്‍ക്ക് ടൈംസും മറ്റ് മാധ്യമ സ്ഥാപനങ്ങളും തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്നും കേസില്‍ ആരോപിക്കുന്നു. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിനെ പത്രം പിന്തുണച്ചതും കേസില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് പ്രമുഖ മാധ്യമങ്ങള്‍ ആരെയും പിന്തുണയ്ക്കാതെ വിട്ടുനിന്നപ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ നിലപാടെടുത്തത്.

വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയ ശേഷം ട്രംപ് യുഎസ് മാധ്യമങ്ങള്‍ക്കെതിരെ ആരംഭിച്ച കേസുകളില്‍ ഏറ്റവും പുതിയതാണ് ന്യൂയോര്‍ക്ക് ടൈംസിനെതിരെയുള്ള കേസ്. ഇതിനു മുന്‍പ് ABC ന്യൂസിനും ജോര്‍ജ് സ്റ്റെഫാനോ പൗലോസിനും, പാരാമൗണ്ടിനും എതിരെയും കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈ കേസുകള്‍ യഥാക്രമം 15 മില്യണ്‍, 16 മില്യണ്‍ ഡോളറിന് ഒത്തുതീര്‍പ്പാക്കി. വാള്‍ സ്ട്രീറ്റ് ജേണലിനെതിരെയുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനെ ‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പത്രം’ എന്ന് വിശേഷിപ്പിച്ചു. ‘അവരുടെ കമലാ ഹാരിസിനുള്ള പിന്തുണ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ നല്‍കിയത് കേട്ടുകേള്‍വിയില്ലാത്തതാണ്’ എന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസിലെ സൂസന്‍ ക്രെയ്ഗ്, റസ് ബ്യൂട്ട്‌നര്‍ എന്നിവര്‍ എഴുതിയ ‘Lucky Loser: How Donald Trump Squandered His Father’s Fortune and Created the Illusion of Success’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളും കേസില്‍ പരാമര്‍ശിക്കുന്നു. ഈ പ്രസിദ്ധീകരണങ്ങള്‍ ട്രംപിനെക്കുറിച്ച് ‘വെറുപ്പുളവാക്കുന്ന വളച്ചൊടിക്കലുകളും കെട്ടിച്ചമച്ച കഥകളും’ നിറഞ്ഞതാണെന്ന് കേസില്‍ പറയുന്നു. ഈ ലേഖനങ്ങള്‍ ‘ദുരുദ്ദേശ്യപരമായ അപകീര്‍ത്തിപ്പെടുത്തലിന്റെ’ ഭാഗമാണെന്നും 15 ബില്യണ്‍ ഡോളറില്‍ കുറയാത്ത നഷ്ടപരിഹാരം ആവശ്യപ്പെടുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. Donald Trump has filed a defamation against the New York Times

Content Summary: Donald Trump has filed a defamation against the New York Times

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×