March 24, 2025 |
Share on

‘അമേരിക്കയെയും ഇസ്രയേലിനെയും കോടതി കയറ്റണ്ടാ”

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധം ചുമത്തുന്ന ഉത്തരവിറക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു എസിനും, അതിന്റെ ഉദ്യോഗസ്ഥര്‍ക്കും, ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്കുമെതിരേ നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികള്‍ സ്വീകരിക്കുന്നു എന്നാരോപിച്ചാണ് ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍(ഐസിസി) വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒപ്പ് വച്ചത്.

ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ഏജന്റുമാര്‍, അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ഐസിസിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ സ്വകാര്യ സ്വത്തുകളും, അവരുടെ ബിസിനസ് സംരംഭങ്ങള്‍ക്കുമെല്ലാം യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഉത്തരവ്. ‘അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകും’ എന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലേക്കുള്ള അവരുടെ പ്രവേശനവും ഈ ഉത്തരവിലൂടെ നിയന്ത്രിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങള്‍ ഐസിസി അന്വേഷിച്ചിരുന്നു. ഇത് ഐസിസിയുടെ അധികാരപരിധിയില്‍ പെടുന്ന കാര്യങ്ങളല്ലെന്നാണ് അമേരിക്കയുടെ വാദം. ഐസിസി തയ്യാറാക്കിയ റോം സ്റ്റാറ്റിയൂട്ട് ഉടമ്പടിയില്‍ തങ്ങള്‍ കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി, യുഎസ് ഉദ്യോഗസ്ഥരുടെ മേലുള്ള അധികാരപരിധിയെക്കുറിച്ചുള്ള ഐസിസിയുടെ അവകാശവാദങ്ങള്‍ അമേരിക്ക സ്ഥിരമായി നിരസിക്കുകയാണ്.

യുഎസിനും ഇസ്രയേലിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അന്യായമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് ട്രംപിന്റെ ഉത്തരവില്‍ ആരോപിച്ചിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അനധികൃത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഐസിസിയുടെ റോം സ്റ്റാറ്റിയൂട്ടില്‍ ഇസ്രയേലോ യുഎസോ ഒപ്പ് വച്ചിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് യുഎസിനും ഇസ്രയേലിനും മേല്‍ യാതൊരു അധികാരവുമില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
അമേരിക്കന്‍ പൗരന്മാര്‍ക്കെതിരേയോ സഖ്യകക്ഷികള്‍ക്കെതിരോയോ ഉള്ള ഐസിസി അന്വേഷണങ്ങളില്‍ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക- വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉത്തരവ് ഭീഷണി മുഴക്കുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവെച്ചത്. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് നെതന്യാഹുവിനെതിരെ കഴിഞ്ഞ നവംബറില്‍ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹമാസ് കമാന്‍ഡര്‍ക്കെതിരേയും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നെതന്യാഹുവിനെതിരായ വാറണ്ട് തള്ളിക്കളയുകയാണ് ഇസ്രായേല്‍ ചെയ്തത്.

ഹമാസിനും ഇസ്രയേലിനും ഒരേ സമയം വാറണ്ട് പുറപ്പെടുവിച്ചതിലൂടെ ‘ ലജ്ജാകരമായ ധാര്‍മികത’യാണ് ഐസിസി സൃഷ്ടിച്ചിരിക്കുന്നതെന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തല്‍. ഐസിസിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ ‘അപകടകരമായ ഒരു മാതൃക സൃഷ്ടിച്ചു’ എന്നാണ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നത്. യു എസ് പൗരന്മാരെ പീഡിപ്പിക്കാനും അവര്‍ക്കെതിരേ നിയമം ദുര്യോപയോഗം ചെയ്യാനും നിയമവിരുദ്ധമായ അറസ്റ്റ് ചെയ്യാനുമൊക്കെയുള്ള അപകടരമായ മാതൃകയാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍.

ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്മേല്‍ ഐസിസി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നാണ് വൈറ്റ് ഹൗസ് ആരോപണം. അതേസമയം ഇറാനോടും ഇസ്രയേല്‍ വിരുദ്ധ ഗ്രൂപ്പുകളോടും കോടതി അനുകൂല സമീപനമാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.

തന്റെ ആദ്യ ടേമിലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരേ ട്രംപ് ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് സേന യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ഐസിസി ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് അന്ന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടമാണ് ഈ ഉപരോധങ്ങള്‍ നീക്കിയത്. Donald Trump has imposed sanctions on the International Criminal Court accusing it of illegality

Content Summary; Donald Trump has imposed sanctions on the International Criminal Court accusing it of illegality

×