2025 ജനുവരി 20 ന് അധികാരമേറ്റു കഴിഞ്ഞാല്‍ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടിക്ക് തുടക്കമിടുമെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. നിയുക്ത യു എസ് ഭരണകൂടം ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പദ്ധതി പ്രകാരം, യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) നാടുകടത്താന്‍ ലക്ഷ്യമിട്ടുള്ള ഏകദേശം 1.5 ദശലക്ഷം പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ്. രാജ്യത്ത് നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരുണ്ട്. ബഹൃത് നാടു കടത്തലിന്റെ ഭാഗമായി അവരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള സാധ്യതയുണ്ട്. 2024 നവംബറില്‍ പുറത്തിറക്കിയ ഐസിഇ ഡാറ്റ വെളിപ്പെടുത്തുന്നത്, നാടു കടത്താനുള്ള അന്തിമ ഉത്തരവുകള്‍ ഇതിനകം ലഭിച്ചിട്ടുള്ള(തടങ്കലില്‍ വയ്ക്കാത്തവര്‍) 1.45 ദശലക്ഷം ആളുകളില്‍ 17,940 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്നാണ്. അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതിനുള്ള ഇന്‍കമിംഗ് അഡ്മിനിസ്‌ട്രേഷന്‍ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പട്ടികയാണിത്. നാടുകടത്തല്‍ ഭീഷണി നേരിടുന്നവരില്‍ ഏറ്റവും വലിയ ഗ്രൂപ്പുകള്‍ ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഡാറ്റ പറയുന്നു. 261,000 രേഖകളില്ലാത്ത വ്യക്തികളുമായി ഹോണ്ടുറാസാണ് പട്ടികയില്‍ ഒന്നാമതത്. 253,000 പേരുമായി ഗ്വാട്ടിമാല തൊട്ടുപിന്നില്‍.
ഈ ഡാറ്റ പരസ്യമാക്കുന്നതിന് മുമ്പ്, കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ യുഎസ് സ്വീകരിച്ചിരുന്നു. 2024 ഒക്ടോബറില്‍, യുഎസ് സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന നിരവധി ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയിരുന്നു. അവരെ ഒക്ടോബര്‍ 22 ന് ഇന്ത്യയിലേക്ക് തിരിച്ച് അയക്കാന്‍ പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാണ് ഈ നാടുകടത്തല്‍ നടത്തിയത്. രേഖകളില്ലാത്ത ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ നിലവില്‍ തങ്ങളുടെ കുടിയേറ്റം നിയമവിധേയമാക്കാന്‍ പാടുപെടുകയാണ്, പലരും ഐസിഇ-യില്‍ നിന്നുള്ള ക്ലിയറന്‍സിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 90,000 ഇന്ത്യന്‍ പൗരന്മാരാണ് അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. ഇമിഗ്രേഷന്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, യുഎസിലെ രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ നല്ലൊരു പങ്കും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, മികച്ച അവസരങ്ങള്‍ തേടി യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ പ്രാഥമിക ഉറവിടം ഈ പ്രദേശങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.
കുടിയേറ്റത്തെ, പ്രത്യേകിച്ച് അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് അദ്ദേഹത്തിന്റെ രാഷ്ട്രീയാടിത്തറയുടെ കേന്ദ്രബിന്ദുവാണ്. ടൈം മാഗസിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, തന്റെ കൂട്ട നാടുകടത്തല്‍ പദ്ധതികളെ പിന്തുണയ്ക്കാന്‍ യുഎസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റത്തെ ‘അധിനിവേശം’ എന്ന് വിമര്‍ശിച്ച ട്രംപ്, അത് തടയുമെന്നാണ് പ്രതിജ്ഞയെടുത്തത്. ‘ഇത് ഞങ്ങളുടെ രാജ്യത്തിനെതിരായ അധിനിവേശമായി ഞാന്‍ കരുതുന്നു,’ ട്രംപ് പറഞ്ഞു, രാജ്യത്തെ നിയമമനുസരിച്ച് തനിക്ക് പോകാന്‍ കഴിയുന്നിടത്തോളം പോകുമെന്നാണ് ട്രംപ് അറിയിച്ചത്. നിയമപരമായ അനുമതിയില്ലാതെ യുഎസില്‍ താമസിക്കുന്നവരെ പുറത്താക്കാന്‍ സൈന്യത്തെ ഉപയോഗിക്കുമെന്നുള്ള മുന്നറിയിപ്പ്, അധികാരമേറ്റാല്‍ ട്രംപ് കടുത്ത സമീപനം സ്വീകരിക്കുമെന്നതിന്റെ അടയാളമാണ്. ട്രംപ് തന്റെ കൂട്ട നാടുകടത്തല്‍ നയം ആവിഷ്‌കരിക്കാന്‍ ഒരുങ്ങിയതോടെ, നിരവധി കുടിയേറ്റ അവകാശ സംഘടനകളും പൗരാവകാശ ഗ്രൂപ്പുകളും ഇതിനെ പ്രതിരോധിക്കാനുള്ള തിരക്കിലാണ്. തന്റെ പ്രചാരണ വേളയില്‍, അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ ‘അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവാളികളുടെ നാടുകടത്തല്‍ പരിപാടി’ ആരംഭിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ, ഈ സംഘടനകള്‍ ഇമിഗ്രേഷന്‍ നയത്തില്‍ ദ്രുതഗതിയിലുള്ള മാറ്റത്തിനുവേണ്ടി ആഹ്വാനം ചെയ്യുകയാണ്. പുറത്തുപോകുന്ന ബൈഡന്‍ ഭരണകൂടം കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
ട്രംപില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉടനടിയുള്ള നടപടികളിലൊന്ന്, കുടിയേറ്റവുമായി ബന്ധപ്പെട്ട ബൈഡന്‍ കാലഘട്ടത്തിലെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍-പ്രത്യേകിച്ച് നാടുകടത്തലിന് മുന്‍ഗണന നല്‍കുന്നവ- റദ്ദാക്കലാണ്. ബൈഡന്റെ ഭരണത്തിന്‍ കീഴില്‍, രാജ്യത്ത് ദീര്‍ഘകാലമായി കഴിയുന്നവരോ, ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരോ ആയവര്‍ക്ക് നാടുകടത്തലില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, ട്രംപ് ഇക്കാര്യത്തില്‍ അനുകമ്പ കാണിക്കാന്‍ സാധ്യതയില്ല. തന്റെ ഭരണത്തിന് കീഴില്‍ ആരും നാടുകടത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അവരുടെയും ചരിത്രമോ കുടുംബ സാഹചര്യമോ പരിഗണിക്കാതെ തന്നെ നാടുകടത്താനുള്ള പച്ചക്കൊടി കാണിക്കാന്‍ ഐസിഇയെ അനുവദിക്കുന്ന സമീപനമാണ് ട്രംപിനുള്ളത്.
കൂടാതെ, കുറ്റവാളികളെ ടാര്‍ഗെറ്റ് ചെയ്യുന്നതിനും വര്‍ക്ക്-സൈറ്റ് റെയ്ഡുകള്‍ നടത്തുന്നതിനും ട്രംപ് കര്‍ശന നിര്‍ദേശം നല്‍കുമെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ വിശ്വസിക്കുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്തതോ അനധികൃത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ആയ വ്യക്തികളെ പുറത്താക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഐസിഇയുടെ മുന്‍ ആക്ടിംഗ് ഡയറക്ടറും ട്രംപ് ഭരണകൂടത്തിലെ നിയുക്ത ഇന്‍കമിംഗ് ബോര്‍ഡര്‍ സാര്‍- ആയ ടോം ഹോമാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്നൊരു കാര്യം ‘കുറ്റവാളികള്‍’ എന്ന നിര്‍വചനത്തെ ട്രംപ് എങ്ങനെ സ്വീകരിക്കുമെന്നതിലാണ്. ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തവരും, അതേസമയം ഇമിഗ്രേഷന്‍ ലംഘനങ്ങള്‍, ശരിയായ ഡോക്യുമെന്റേഷന്‍ ഇല്ലാതെ ജോലി ചെയ്യല്‍ പോലുള്ള ചെറിയ കുറ്റങ്ങള്‍ ചെയ്തിട്ടുള്ളവരെയും ‘ കുറ്റവാളി’കളാക്കാന്‍ സാധ്യതയുണ്ട്.
ട്രംപിന്റെ പുതിയ നയങ്ങള്‍ക്ക് കീഴില്‍ പ്രത്യേകിച്ച് ദുര്‍ബലരായേക്കാവുന്ന ഒരു വിഭാഗം താല്‍ക്കാലിക സംരക്ഷിത സ്റ്റാറ്റസ് (ടിപിഎസ്) ഉള്ളവരാണ്. യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ പോലുള്ള അപകടകരമായ സാഹചര്യങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ടിപിഎസ് അനുവദിച്ചിരുന്നു. നാടുകടത്തപ്പെടുമെന്ന ഭയമില്ലാതെ യുഎസില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇത് ഈ വ്യക്തികളെ അനുവദിക്കുന്നു. എന്നിരുന്നാലും, 2025 മാര്‍ച്ചില്‍ എല്‍ സാല്‍വദോറില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ടിപിഎസ് കാലഹരണപ്പെടുമെന്നതിനാല്‍, ട്രംപ് ഭരണകൂടത്തിന് ഇത് ടിപിഎസ് ഉടമകളുടെ എണ്ണം കുറയ്ക്കാനും അവരെ നാടുകടത്തല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള അവസരമായി ഉപയോഗിക്കാം. കുടിയേറ്റ അവകാശ പോരാളികളും നിയമനിര്‍മ്മാതാക്കളും ഇതിനകം തന്നെ ബൈഡന്‍ ഭരണകൂടത്തോട് ടിപിഎസ് ഉടമകളെ സംരക്ഷിക്കാനും അവരുടെ പദവി റദ്ദാക്കുന്നില്ലെന്ന് ഉറപ്പാക്കാനും നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നിരുന്നാലും, ട്രംപിന്റെ ആക്രമണാത്മക നാടുകടത്തല്‍ അജണ്ടയ്ക്ക് മുന്നില്‍ അത്തരം ഇടപെടലുകള്‍ ഫലപ്രദമാകുമോ എന്നത് സംശയത്തിലാണ്. Donald Trump will launch the largest deportation drive in US history
Content Summary; Donald Trump will launch the largest deportation drive in US history