യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം ആളിക്കത്തുകയാണ്. ഇതിന് പിന്നാലെയാണ് രാജ്യത്തുടനീളമുള്ള കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുന്നതിനും നാടുകടത്തുന്നതിനുമായി കൂടുതൽ നടപടികൾ സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (യുഎസിൽ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു.’ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ കൂട്ട നാടുകടത്തൽ പരിപാടി’ നടപ്പിലാക്കാൻ ഫെഡറൽ ഏജൻസികളോട് അവരുടെ കഴിവിന്റെ പരമാവധി പ്രയോജനപെടുത്താനാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിനായി എല്ലാ ഭരണ സംവിധാനങ്ങളും വിഭവങ്ങളും വിനിയോഗിക്കാൻ മുഴുവൻ ഭരണകൂടത്തിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ‘അമേരിക്കയുടെ ആഭ്യന്തര സമാധാനത്തിന് തുരങ്കം വയ്ക്കുന്ന ആരെയും രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ല’ ട്രംപ് കൂട്ടിച്ചേർത്തു. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (DEA), ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (Ice) എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ ഓഫീസുകൾക്കുള്ള പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ലോസ് ഏഞ്ചൽസ്, ചിക്കാഗോ, ന്യൂയോർക്ക് എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പ്രഖ്യാപനം. ജൂൺ 6 മുതൽ ആരംഭിച്ച മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ റെയ്ഡിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ട നിരവധി നഗരങ്ങളിൽ ഈ പ്രധാന നഗരങ്ങളും ഉൾപ്പെടുന്നു. പ്രതിഷേധങ്ങളുടെ ചുവട് പിടിച്ച്, പ്രത്യേകിച്ച് പ്രകടനങ്ങൾ അടിച്ചമർത്താനുള്ള സൈനിക വിന്യാസത്തിന്റെ പേരിൽ, ട്രംപിന് നിയമപരമായ പല വെല്ലുവിളികളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രക്ഷോഭം നേരിടാൻ 2000 നാഷനൽ ഗാർഡുകളെയും 700 നാവിക സേനാംഗങ്ങളെയും കൂടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം 2000 നാഷനൽ ഗാർഡുകളെ നിയോഗിച്ചതിനു പുറമേയാണിത്.
ജൂൺ 14 ന്, ലോസ് ഏഞ്ചൽസ് മുതൽ ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിൽ “നോ കിംഗ്സ്” പ്രതിഷേധ പ്രകടനങ്ങൾ വ്യാപകമായിരുന്നു. പ്രസിഡന്റിന്റെ 79-ാം ജന്മദിനത്തിൽ നടന്ന യുഎസ് സൈന്യത്തിന്റെ 250 വാർഷികാഘോഷത്തിന്റെ ഭാഗമായി വാഷിംഗ്ടൺ ഡിസിയിൽ നടന്ന സൈനിക പരേഡിനൊപ്പമായിരുന്നു ആ പ്രതിഷേധങ്ങളും അരങ്ങേറിയത്. യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നോ കിംഗ്സ് മാർച്ചിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഫാമുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാംസ പായ്ക്കിംഗ് പ്ലാന്റുകൾ എന്നിവയിലെ റെയ്ഡുകൾ വലിയ തോതിൽ താൽക്കാലികമായി നിർത്താൻ ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഉത്തരവ് വന്നതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
content summary: Trump orders increase in migrant deportations