February 19, 2025 |

ട്രംപിന്റെ ട്രാൻസ്ഫോബിക് നിയമങ്ങൾ ഇന്ത്യയെ സ്വാധീനിക്കില്ല

ട്രാൻസ് സമൂഹത്തിന്റെ പ്രശ്നങ്ങൾ സത്യസന്ധമാണെന്ന് മനസിലാക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, ഈ പ്രഖ്യാപനം ഇളക്കം സൃഷ്ടിക്കുമെന്ന് തോന്നുന്നില്ല

അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ട്രാൻസ് വ്യക്തികളോടുള്ള തന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ സ്ത്രീയും പുരുഷനും എന്ന രണ്ട് ലിം​ഗഭേതങ്ങൾ മാത്രമേ ഉള്ളൂവെന്നും മറ്റ് ജെൻഡറുകളെ ഒരു രേഖകളിലും ഉൾപ്പെടുത്തില്ലെന്നും സത്യപ്രതിജ്ഞ വേളയിൽ നടത്തിയ പ്രഖ്യാപനത്തിൽ ട്രംപ് വ്യക്തമാക്കി. two-gender policy
എന്നാൽ, അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ നയം ട്രാൻസ് വ്യക്തികളുടെ അവകാശങ്ങളെ മാനിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിക്കില്ല. ട്രംപിന്റെ പുത്തൻ പരിഷ്കാരങ്ങൾ അമേരിക്കയുടെ പിന്നോട്ട് പോക്കിനെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീവിരുദ്ധനും മനുഷ്യത്വവിരുദ്ധനുമായ ട്രംപിന്റെ ഈ നിലപാട് ഇന്ത്യയിലെ ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങളെ ഹനിക്കാൻ കാരണമാകില്ലെന്ന് ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആദി അഴിമുഖത്തോട് പറഞ്ഞു.

‘ഇതൊരു പുതിയ കാര്യമായി എനിക്ക് തോന്നുന്നില്ല. ആദ്യമായിട്ടല്ല ട്രംപ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളും പരാമർശങ്ങളും നടത്തുന്നത്. തീവ്രവലതുപക്ഷക്കാരും ക്രിസ്റ്റ്യൻ കൺസർവേറ്റീവുമായിട്ടുള്ളവരുടെ പൊതുവെയുള്ള ഒരു രീതിയാണിത്. യുഎസിൽ കുറേ നാളുകളായിട്ട് ട്രാൻസ്ഫോബിക് ആയിട്ടുള്ള നിയമങ്ങൾ കൊണ്ടുവരുന്നുണ്ട്. അതിന്റെ ഒരു തുടർച്ചയായിട്ടാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ ഞാൻ മനസിലാക്കുന്നത്. ട്രംപ് അധികാരമേൽക്കുമ്പോൾ പ്രഖ്യാപിച്ച നയമായി ഇതിനെ ഒതുക്കിനിർത്താനാകില്ല. ട്രാൻസ് വ്യക്തികളുടെ ആരോ​ഗ്യപരിരക്ഷയുമായി ബന്ധപ്പെട്ടും അവർക്ക് എതിരായിട്ടുള്ള ഒരുപാട് നിയമങ്ങൾ യുഎസിൽ മുൻപും കൊണ്ടുവന്നിട്ടുണ്ട്.’

‘ട്രാൻസ് വ്യക്തികളെ എതിർക്കുന്നവരെ സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം അവരുടെ യാഥാസ്ഥിതിക ചിന്തകളെ ഊട്ടിയുറപ്പിക്കാൻ ഒരു കാരണം കിട്ടി എന്നതാണ്. എന്നാൽ, ട്രാൻസ് സമൂഹത്തിന്റെ പ്രശ്നങ്ങൾ സത്യസന്ധമാണെന്ന് മനസിലാക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, ഈ പ്രഖ്യാപനം ഇളക്കം സൃഷ്ടിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു മാനുഷിക പ്രശ്നമാണെന്ന് മനസിലാക്കുന്ന മനുഷ്യരെ സംബന്ധിച്ചടുത്തോളം ട്രംപിനെ പോലെ അങ്ങേയറ്റം സ്ത്രീവിരുദ്ധനും മനുഷ്യത്വവിരുദ്ധനുമായ ഒരു മനുഷ്യൻ പറയുന്ന പരമാർശത്തിനെ അവർ തോളിലേറ്റുമെന്ന് തോന്നുന്നില്ല. ട്രാൻസ് വ്യക്തികളുടെ വിഷയത്തിൽ വ്യക്തമായ നിലപാടുകളില്ലാത്ത ജനങ്ങളെ ഒരുപക്ഷേ ഈ പ്രഖ്യാപനം സ്വാധീനിക്കാം. എന്നാൽ ഇതൊരു ജനുവിൻ വിഷയമായി കാണുന്നവരെ വഴിതെറ്റിക്കാൻ ട്രംപിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല’, ആദി പറഞ്ഞു.

ക്വീർ സമൂഹത്തിന് വേണ്ടി നിരവധി പേർ തെരുവിലിറങ്ങി നേടിയെടുത്ത അവകാശങ്ങളാണിതെന്നും അമേരിക്കയുടെ തീരുമാനം അവരുടെ പോരാട്ട നേട്ടങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ക്വീർ ആക്ടിവിസ്റ്റ്  പൊന്നു ഇമ അഴിമുഖത്തോട് പറഞ്ഞു.

‘പല വികസ്വര രാജ്യങ്ങളും ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങളെ മനസിലാക്കി മുന്നോട്ട് പോകുന്ന സമയത്ത്, ലോകത്തിലെ തന്നെ പ്രധാന ശക്തിയായി പറയപ്പെടുന്ന അമേരിക്ക ഇങ്ങനൊരു പ്രഖ്യാപനം നടത്തിയെന്ന് പറയുന്നത് ആ രാജ്യത്തിന്റെ പിന്നോട്ട് പോക്കിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പ്രകടനപത്രികയിൽ നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നല്ലോ. അമേരിക്കയിലെ പൗരന്മാരെ പ്രതിനിധീകരിച്ചുകൊണ്ട് വന്ന ചില വാർത്തകൾ അടുത്തിടെ ഞാൻ ശ്രദ്ധിച്ചിരുന്നു. അമേരിക്കയിലുള്ള നിരവധിപേർ ട്രംപിനോടുള്ള പ്രതിഷേധാർഹമായി വോട്ടെടുപ്പിൽ പങ്കെടുക്കാതെ പുറത്തുനിന്നിട്ടുണ്ടെന്നും കമല ഹാരിസിന് വോട്ട് ചെയ്തിട്ടുള്ള നിരവധി പേരുണ്ടെന്നും പറയുന്നതായിരുന്നു ആ വാർത്തകൾ. ട്രംപിന്റെ സ്ഥാനാരോഹണത്തിനോട് അമേരിക്കയിലെ മുഴുവൻ ജനങ്ങളും യോജിക്കുന്നില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.’

‘ട്രംപിന്റെ പ്രഖ്യാപനത്തോടെ ടു ജെൻഡർ പോളിസിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്ന് വന്നിട്ടുണ്ടെങ്കിലും ട്രംപിന്റെ പരാമർശങ്ങളെ എല്ലാവരും മുഖവുരക്കെടുക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ രാജ്യത്ത് ക്വീർ സമൂഹത്തിന് വേണ്ടി നിരവധി പേർ തെരുവിലിറങ്ങി നേടിയെടുത്ത അവകാശങ്ങളാണിത്. ലീ​ഗൽ റൈറ്റ്സുള്ള ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചിട്ടുള്ള പ്രൊസീജ്യറിലൂടെ ഉണ്ടായി വന്നിട്ടുള്ള കാര്യങ്ങളാണ്. അമേരിക്ക ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്ന് കരുതി പെട്ടെന്ന് ഇതൊന്നും ഇല്ലാതാക്കാൻ കഴിയില്ല’, പൊന്നു ഇമ പറഞ്ഞു.

അനധികൃത കുടിയേറ്റം അവസാനിപ്പിക്കും, ക്യാപിറ്റോൾ ആക്രമണ കേസിലെ പ്രതികളെ മോചിപ്പിക്കും, പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറും, ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾ എടുത്തുമാറ്റും, പാനമ കനാലിൻ മേലുള്ള അധികാരം തിരിച്ചുപിടിക്കും തുടങ്ങി നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തിയത്. two-gender policy

Content summary: Donald Trump’s two-gender policy and transphobic laws will not have any impact on India
two-gender policy Donald Trump ransphobic laws 

×