June 18, 2025 |

പ്രൊഫ. അലിഖാൻ ചെയ്യാത്ത കുറ്റവും വിജയ് ഷാ ചെയ്ത കുറ്റവും; എന്നിട്ടും ജയിലിൽ ആര്?

ദുർബലമായ വകുപ്പുകളൊന്നുമല്ല, രാജ്യദ്രോഹം അടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് അലിഖാനെതിരെ ചുമത്തിയിരിക്കുന്നത്

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു’- കഴിഞ്ഞ ദിവസം സുപ്രീംകോടതി മധ്യപ്രദേശിലെ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ വിജയ് ഷായെ കുറിച്ച് പറഞ്ഞതാണ്. ഇന്ത്യൻ കരസേനയിലെ കേണൽ പദവിലുള്ള ഓഫീസറെ, ഓപറേഷൻ സിന്ദൂറിന്റെ ചുമതലയുണ്ടായിരുന്ന കേണൽ സോഫിയ ഖുറൈശിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നാണ് വിജയ് ഷാ വിശേഷിപ്പിച്ചത്. മധ്യപ്രദേശ് ഹൈക്കോടതിയാണ്, പോലീസോ നമ്മുടെ സൈന്യത്തിന്റെ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബി.ജെ.പി നേതൃത്വമോ, സർക്കാരോ അല്ല വിജയ്ഷാക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടത്. എന്നിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തിയപ്പോൾ കോടതി വീണ്ടും ഇടപെട്ടു. മന്ത്രി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കോടതി പറഞ്ഞതാണിത്. മന്ത്രിയെ അറസ്റ്റ് ചെയ്യേണ്ടതില്ല, എന്നായിരുന്നു എന്നിട്ടും സുപ്രീം കോടതി പറഞ്ഞത്.

പക്ഷേ വിഖ്യാതമായ അശോക സർവ്വകലാശാലയിലെ പ്രൊഫ. അലിഖാൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ദുർബലമായ വകുപ്പുകളൊന്നുമല്ല, രാജ്യദ്രോഹം അടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് അലിഖാനെതിരെ ചുമത്തിയിരിക്കുന്നത്. മെയ് ഇരുപതിന് ഫേസ് ബുക്കിൽ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് അലിഖാന്റെ രാജ്യദ്രോഹമടക്കമുള്ള കുറ്റം. ഹരിയാന യുവമോർച്ചയുടെ ജനറൽ സെക്രട്ടറിയും സോനിപത്തിലെ ഗ്രാമ സർപഞ്ചുമായ യോഗേഷ് ജതേരി നൽകിയ പരാതിയിൽ ഉടനടിയായിരുന്നു പോലീസിന്റെ നീക്കം. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും അപകടത്തിലാക്കിയതിനെതിരെയുള്ള ബി.എൻ.എസ് (പഴയ ഐ.പി.സി) വകുപ്പ് 152-ഉം അലിഖാനെതിരെ ചുമത്തി. പോരാത്തിന് സ്ത്രീകളുടെ അന്തസിനെ അലിഖാൻ അപകടത്തിലാക്കി എന്ന കുറ്റവും ഹരിയാന സംസ്ഥാന വനിത കമ്മീഷൻ ചുമത്തി.

കഴിഞ്ഞ ദിവസം ഹെഡ്‌ലൈൻസ് റ്റുഡേ ചാനലിൽ ഹരിയാന വനിത കമ്മീഷൻ അധ്യക്ഷ രേണു ഭാട്ടിയയുമായി ഈ വിഷയത്തിൽ ഒരു ചർച്ച നടന്നിരുന്നു. ഹെഡ്‌ലൈൻസ് റ്റുഡേയുടെ വാർത്ത അവതാരിക ആവർത്തിച്ച് ചോദിക്കുന്നുണ്ട്, പ്രൊഫ. അലിഖാൻ എഴുതിയ ഏത് വരിയാണ് നമ്മുടെ സേനയിലുള്ള സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്നത് എന്നത്. പട്ടാളക്കാരുള്ള ഒരു കുടുംബത്തിൽ നിന്ന് വരുന്നയാളാണ് താനെന്നും ആ ഉത്തരവാദിത്തം ഉൾക്കൊണ്ടാണ് ചോദിക്കുന്നതെന്നും വാർത്ത അവതാരിക ആവർത്തിക്കുന്നു. തന്റെ കുടുംബവും സൈനിക ഉദ്യോഗസ്ഥരുള്ളതാണെന്നും താൻ വളർന്നത് ശ്രീനഗറിലാണെന്നുമെല്ലാം പറയുന്നുണ്ടെങ്കിലും പ്രൊഫ. അലിഖാന്റെ ഏത് വരിയാണ് സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്നത് എന്നതിന് അവർ മറുപടി പറയുന്നില്ല. തനിക്ക് ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് മനസിലാകാത്തതാകുമെന്നും ശരിക്കും കേൾക്കുന്നില്ല എന്നുമെല്ലാം രേണും ഭാട്ടിയ ആവർത്തിക്കുന്നു. അലിഖാന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ച് കൊടുക്കുമ്പോഴും വീണ്ടും വീണ്ടും താൻ പറയുന്നത് ആവർത്തിക്കുന്നതല്ലാതെ ഒരു മറുപടിയും നൽകാൻ അവർക്ക് കഴിയുന്നില്ല. ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും ബുൾഡോസർ രാജിനെ കുറിച്ചും യുദ്ധം നടക്കുന്ന കാലത്ത് സംസാരിക്കുന്നത് രാജ്യദ്രോഹമാണെന്നും രേണു ഭാട്ടിയ എന്ന വനിത കമ്മീഷൻ ചെയർപേഴ്‌സൺ ആവർത്തിക്കുന്നു.

അലിഖാൻ എഴുതിയിൽ ഒരു വാചകം പോലും സൈനിക കേന്ദ്രങ്ങളേയോ സൈനികരേയോ അപമാനിക്കുന്നതില്ല എന്നതും സ്ത്രീകളുടെ അന്തസിനെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ആ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇല്ല എന്നതും പകൽ പോലെ വ്യക്തമായിട്ടും വീണ്ടും വീണ്ടും അലിഖാൻ കുറ്റം ചെയ്തുവെന്ന് ബി.ജെ.പി, ഹിന്ദുത്വ കേന്ദ്രങ്ങൾ ആവർത്തിക്കുമ്പോൾ അദ്ദേഹം ജയിലിൽ കഴിയുകയാണ്. അതേസമയം ഭീകരന്മാർക്ക് അവരുടെ സഹോദരിയെ ഉപയോഗിച്ച് തിരിച്ചടി നൽകി എന്ന് പറഞ്ഞ് കേണൽ ഖുറൈശിയെ വ്യക്തമായി അപമാനിച്ച ബി.ജെ.പി നേതാവും മന്ത്രിയും ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞത് ഈ രാജ്യത്തെ ഹൈക്കോടതിയും സുപ്രീം കോടതിയുമാണ്. കുറ്റങ്ങൾ കൃത്യമായി ചേർത്ത് വിജയ് ഷാക്കെതിരെ എഫ്.ഐ.ആർ ഇടാൻ പോലും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് ഭരണകൂടം തയ്യാറായില്ല. മുഖ്യമന്ത്രി മോഹൻ യാദവ് ഇതുവരെ ഇതേ കുറിച്ച് വാ തുറന്നിട്ടില്ല. ആ സംസ്ഥാനത്തെ വനിത കമ്മീഷന് ഇത് സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണ് എന്ന് തോന്നിയിട്ടില്ല.

ഈ പ്രസ്താവനയെ കുറിച്ച് അഡ്വ പ്രത്യൂഷ് മിശ്ര ‘ദ വയർ’-നോട് പറഞ്ഞത് അവർ വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട്. ”അതൊരു വിദ്വേഷ പ്രസംഗം മാത്രമല്ല, ഇന്ത്യൻ കരസേനക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അതുകൊണ്ട് തന്നെ അതൊരു വർഗ്ഗീയ വഷളത്തരം മാത്രമല്ല, രാജ്യത്തെ ഉത്കണ്ഠപ്പെടുത്തുന്ന പരാമർശമാണ്. രാജ്യത്തെത്രയോ വിദ്വേഷ പ്രസംഗങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, കോടതികൾ ഇതിൽ ഇടപെടാറില്ല. സുപ്രീം കോടതി ആവർത്തിച്ചിട്ട് പറഞ്ഞിട്ടുള്ളതാണ് വിദ്വേഷ പ്രസംഗങ്ങൾ തടയാൻ ഭരണകൂടങ്ങൾ നടപടികൾ കൈക്കൊള്ളണം എന്ന്. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. ഇത് വർഗ്ഗീയ പരാമർശം ആയിട്ടാകും ഉദ്യേശിച്ചിരിക്കുന്നത്, പക്ഷേ സർവ്വീസിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥയെ ലക്ഷ്യം വച്ചുള്ള നീചമായ സംസാരമായത് ാെകണ്ടാണ് കോടതിക്ക് നടപടി കൈക്കൊള്ളേണ്ടി വന്നത്.”-അദ്ദേഹം പറഞ്ഞു.

ഇത് എഴുതുമ്പോഴും പ്രൊഫ.അലിഖാൻ ജയിലിൽ തന്നെയാണ്.

Content Summary: Double justice standards for Prof. Ali Khan and Vijay Shah in Operation Sindoor remarks

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×