UPDATES

എഡിറ്റേഴ്സ് പിക്ക്

ഭാരതരത്‌നം ഡോ. ബി.ആര്‍. അംബേദ്കറും ഇന്ത്യന്‍ ഭരണഘടനയും

ഇന്ന് ഫെബ്രുവരി 21, എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് (1948 ഫെബ്രുവരി 21) ഇതേ ദിവസമാണ് ഡോ. ബി ആര്‍ അംബേദ്കര്‍ ഭരണഘടന അസംബ്ലിക്ക് മുമ്പാകെ ഇന്ത്യന്‍ ഭരണഘടനയുടെ കരട് സമര്‍പ്പിച്ചത്.

                       

ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന നിലവില്‍ വന്നതും അത് പ്രവര്‍ത്തിച്ചു തുടങ്ങിയതും 1950 ജനുവരി മാസം 26ാം തീയതി മുതലാണ്. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ ഭരണഘടനാ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ഇന്ത്യയില്‍ തുടങ്ങുകയുണ്ടായി. 1947 ജൂലൈ 18 ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ടിന്റെ 8 ആം വകുപ്പ് പ്രകാരം ഭരണഘടന നിര്‍മാണ സഭയ്ക്ക് ഇന്ത്യയുടെ ആദ്യത്തെ നിയമനിര്‍മാണ സഭ എന്ന അധികാരം ലഭിച്ചു. രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവുമാണ് ഭരണഘടന നിര്‍മാണത്തിനായി എടുത്ത സമയം.

ആരംഭത്തില്‍ 389 അംഗങ്ങള്‍ അടങ്ങുന്നതായിരുന്നു ഇന്ത്യയുടെ ഭരണഘടന നിയമനിര്‍മാണ സഭ. എന്നാല്‍ ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ചില പ്രവിശ്യകളും പ്രിന്‍സ്‌ലി സ്റ്റേറ്റ്‌സും പാകിസ്താന്റെ ഭാഗമായതിനാല്‍ ഭരണഘടന നിര്‍മാണസഭയിലെ അംഗങ്ങളുടെ എണ്ണം 299 ആയി പരിമിതപ്പെട്ടു. ആദ്യമായി ഭരണഘടന നിര്‍മാണസഭ സമ്മേളിക്കുന്നത് 1946 ഡിസംബര്‍ മാസം 9-ാം തീയതിയാണ്. ഡോ. ബി.ആര്‍ അംബേദകര്‍ ബംഗാളില്‍ നിന്നാണ് ഭരണഘടന നിര്‍മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പിന്നീട് പാക് വിഭജനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നാമനിര്‍ദേശവും നഷ്ടമായപ്പോള്‍ ബോംബെയിലെ പ്രധാനമന്ത്രിയായിരുന്ന ബി. ജി. ഖേറിനോട് ഡോ. രാജേന്ദ്രപ്രസാദ് അംബേദ്കറെ ബോംബെയില്‍ നിന്നും ഭരണഘടന അസംബ്ലിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന് കത്തു നല്‍കുകയും, അതനുസരിച്ച് അദ്ദേഹം വീണ്ടും തെരെഞ്ഞടുക്കപ്പെടുകയും ചെയ്തു. ഭരണഘടന അസംബ്ലിയിലെ പ്രധാന കമ്മിറ്റികളില്‍ ഒന്നായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി. 1947 ഓഗസ്റ്റ് 9-ാം തീയതിയാണ് ഭരണഘടന നിര്‍മാണസഭ അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഓഗസ്റ്റ്് മാസം 9-ാം തീയതി സമ്മേളിക്കുകയും ഡോ. ബി.ആര്‍ അംബേദ്ക്കറെ അതിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തു.

200 വര്‍ഷത്തെ കോളനി വാഴ്ചയില്‍ നിന്നും ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ രാജ്യത്തിന്റെ ഭാവിഭരണകൂടം എങ്ങനെയായിരിക്കണമെന്നും, രാജ്യത്തിന്റെ ഭരണാധികാരികള്‍ രാജ്യത്തോടും ജനങ്ങളോടും എത്രമേല്‍ പ്രതിബദ്ധതയുള്ളവരും പ്രതിജ്ഞാബദ്ധരും ആയിരിക്കണമെന്നും ഡോ.ബി. ആര്‍ അംബേദകറിന് വ്യക്തമായ  ഉള്‍ക്കാഴ്ച്ചയുണ്ടായിരുന്നു. ഭരണഘടന നിര്‍മാണസഭയുടെ ഭാഗമാകുന്നതിനു മുമ്പ് തന്നെ അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. 1930 നവംബര്‍ മാസം 20-ാം തീയതി വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ”രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും നാനാതരത്തിലുള്ള പുരോഗതിക്കും വേണ്ടി സമര്‍പ്പിതരായ ഭരണകര്‍ത്താക്കളടങ്ങുന്ന ഒരു ഗവണ്‍മെന്റാണ് നമുക്ക് വേണ്ടത്. ഈ ഭരണകര്‍ത്താക്കള്‍ വിധേയത്വം എവിടെ അവസാനിക്കുമെന്നും, പ്രതിരോധങ്ങള്‍ എവിടെ തുടങ്ങുമെന്നും അറിയാവുന്നവരും, ഇന്ത്യന്‍ ജനതയുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ ഭേദഗതി ചെയ്യുന്നതിന് അതിനെ ഭയക്കാത്തവരുമായിരിക്കണം” എന്നദ്ദേഹം പറഞ്ഞത് ഇതിനുദാഹരണമാണ്. ഭരണഘടന നിയമനിര്‍മാണസഭയിലുടനീളം അദ്ദേഹം നിലകൊണ്ടത് ഇത്തരമൊരാശയത്തിന് വേണ്ടിയായിരുന്നു. രാജ്യത്തിന്റെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ വ്യവസ്ഥകളിലും, ചിട്ടകളിലും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഗുണകരമാവുന്ന വിധത്തില്‍ മാറ്റം വരുത്തുവാനും, അതിന് ഭയക്കാത്തവരുമായിരിക്കണം അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റുകളില്‍ ഉണ്ടാകേണ്ടത് എന്നദ്ദേഹം വിശ്വസിച്ചു.

വിവിധങ്ങളായ ജാതികളിലും, മതങ്ങളിലും, വ്യത്യസ്തങ്ങളായ ആശയ-സാംസ്‌കാരിക ജിവിതങ്ങളിലും ആണ്ടുനിന്നിരുന്ന ഇന്ത്യന്‍ ജനതയെ ആ വൈരുദ്ധ്യങ്ങളില്‍ നിന്നും വൈജാത്യങ്ങളില്‍ നിന്നും പുറത്തു കൊണ്ടുവരുവാനും രാജ്യത്തിനുവേണ്ടി ചേര്‍ത്തുനിര്‍ത്താനുമാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഭരണഘടനാ അസംബ്ലിയിലെ തന്റെ ആദ്യപ്രസംഗത്തില്‍ തന്നെ അദ്ദേഹം ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. 1946 ഡിസംബര്‍ മാസം 17-ാം തീയതിയാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ ഭരണഘടനാ നിയമനിര്‍മാണ സഭയെ ആദ്യമായി അഭിസം ബോധന ചെയ്തത്. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചകള്‍, മുസ്ലീം ലീഗും ഇന്ത്യന്‍ സ്റ്റേറ്റുകളിലെ ചില പ്രതിനിധികളും ഭരണഘടനാ നിയമനിര്‍മാണസഭയില്‍ എത്തിച്ചേരുന്നതുവരെ മാറ്റിവയ്ക്കണം എന്ന നിലയില്‍ ഡോ: എം. ആര്‍. ജയകര്‍ അവതരിപ്പിച്ച ഭേദഗതിയില്‍ വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു അത്. ”ഇന്ന് നമ്മള്‍ രാഷ്ട്രീയമായും, സാമൂഹികമായും, സാമ്പത്തികമായും വിഘടിക്കപ്പെട്ടവരും പരസ്പരം പോരാടുന്ന ജനവിഭാഗങ്ങളുടെ സംഘങ്ങളുമാണ്, ഞാനും അത്തരമൊരു സംഘത്തിന്റെ നേതാവാണ് എന്നുകൂടി പറയട്ടെ… പക്ഷേ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഒരു ശക്തിക്കും ഈ രാജ്യം ഒന്നാകുന്നതില്‍ നിന്നും അതിനെ തടയാന്‍ കഴിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു’. എന്ന് അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ പറയുകയുണ്ടായി. ഇന്ത്യയിലെ ജനസഞ്ചയത്തിന്റെ സാമൂഹികമായത് ഉള്‍പ്പെടെയുള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെടുവാനും രാജ്യം എന്നും അഖണ്ഡതയോടെ നിലകൊള്ളുവാനുമുള്ള എല്ലാ ഉപാധികളും ഉള്‍ചേര്‍ന്നതായിരിക്കണം രാജ്യത്തിന്റെ ഭരണഘടന എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത പ്രതിനിധീകരിക്കപ്പെടുവാനും നിലനില്‍ക്കുവാനും ഇവയെല്ലാം ഇന്ത്യ എന്ന രാജ്യത്തിനുള്ളില്‍ കൂടിച്ചേരുകയും രാജ്യം ഒന്നായി നില്‍ക്കുകയും വേണം എന്ന നിഷ്‌കര്‍ഷയോടുകൂടിയാണ് ഡോ. ബി ആര്‍ അംബേദ്കര്‍ ഭരണഘടനാമൂല്യങ്ങള്‍ അനുസരിച്ചുള്ള ജീവിതത്തിനും ഭരണത്തിനുമായിരിക്കണം ജനങ്ങളും ഗവണ്‍മെന്റുകളും പ്രാമുഖ്യം നല്‍കേണ്ടത് എന്നദ്ദേഹം വിശ്വസിച്ചു. 1949 നവംബര്‍ മാസം 25-ാം തീയതി ഭരണഘടന അസംബ്ലിയില്‍ പ്രസംഗിക്കവേ ‘ സാമൂഹിക, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വഴിവിട്ട സമരമാര്‍ഗങ്ങളായ നിസ്സഹകരണം, നിയമലംഘനം, സത്യഗ്രഹം എന്നീ മാര്‍ഗങ്ങളെ ആശ്രയിക്കരുതെന്നും, അവ ഉപേക്ഷിക്കണമെന്നും, ഇത്തരം സമരങ്ങള്‍ അരാജകത്വത്തിന്റെ വ്യാകരണങ്ങളാണെന്നും, ഭരണഘടനയില്‍ എല്ലാ ലക്ഷ്യങ്ങള്‍ക്കും മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ മുകളില്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഭരണഘടനവിരുദ്ധമാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഭരണഘടന മൂല്യങ്ങളുടെ അടിസ്ഥാനം ഭരണഘടനയുടെ ആമുഖമാണ്. ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ ഭരണഘടനയുടെ ആമുഖമായി സ്വീകരിക്കുമ്പോള്‍ ലക്ഷ്യപ്രമേയത്തില്‍ ഉള്‍പ്പെടാതിരുന്ന സാഹോദര്യം എന്ന വാക്ക് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അതില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ തത്വങ്ങളില്‍ അടിയുറച്ചതായിരുന്നു അംബേദ്കറുടെ രാഷ്ട്രീയ-സാമൂഹിക വീക്ഷണം. തികഞ്ഞ ജനാധിപത്യവാദിയായിരുന്ന അദ്ദേഹം കേവലം രാഷ്ട്രീയപ്രക്രിയയായിട്ടല്ല ജനാധിപത്യത്തെ കണ്ടത്. ഭരണഘടയില്‍ പ്രതിപാദിച്ചിരിക്കുന്ന ജനാധിപത്യം സാമൂഹിക ജനാധിപത്യം കൂടി ഉള്‍പ്പെടുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. നവംബര്‍ 25 ആം തീയതി ഭരണഘടന നിര്‍മാണസഭയില്‍ നടത്തിയ തന്റെ പ്രസംഗത്തില്‍ സാമൂഹിക ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും അംഗീകരിച്ചുകൊണ്ടുള്ള സാമൂഹിക ജീവിതമാണ് എന്ന് വിശദമാക്കിയിട്ടുണ്ട്. ഇവ മൂന്നും പരസ്പരം വേര്‍പിരിക്കാന്‍ കഴിയാത്തതും ചേര്‍ന്നു നില്‍ക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1948 ഫെബ്രുവരി മാസം 21 ആം തീയതിയാണ് ഭരണഘടന അസംബ്ലി മുമ്പാകെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണഘടന സമര്‍പ്പിച്ചത്. പതിനൊന്ന് സെക്ഷനുകളിലായി 166 ദിവസമാണ് ഭരണഘടന നിര്‍മ്മാണസഭ സമ്മേളിച്ചത്. ഇതില്‍ 114 ദിവസമാണ് ഡ്രാഫ്റ്റിങ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയില്‍ ചര്‍ച്ചകള്‍ നടന്നത്. ഡ്രാഫ്റ്റ് ഭരണഘടനയില്‍ അംഗങ്ങള്‍ 2982 ചോദ്യങ്ങള്‍ അവതരിപ്പിക്കുകയും ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ 2982 ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഏറ്റെടുത്ത ശ്രമകരമായ ദൗത്യത്തെക്കുറിച്ച് ഭരണഘടന അസംബ്ലിയിലെ അംഗവും, ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗവുമായിരുന്ന ടി ടി കൃഷ്ണമാചാരി അംസബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി. ‘ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ ഏഴുപേരില്‍ ഒരാള്‍ രാജിവയ്ക്കുകയും മറ്റൊരാളെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഒരാള്‍ മരണപ്പെടുകയും ആ തസ്തിക ഒഴിഞ്ഞു തന്നെ കിടക്കുകയും ചെയ്തു. ഒരംഗം സ്ഥിരമായി അമേരിക്കയിലായിരുന്നപ്പോള്‍ മറ്റൊരംഗം സ്‌റ്റേറ്റിന്റെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. രണ്ടംഗങ്ങള്‍ അനാരോഗ്യത്താലും ഡല്‍ഹിയില്‍ നിന്ന് ദൂരെയായിരുന്നതിനാലും അവര്‍ക്ക് കമ്മിറ്റികളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അങ്ങനെ അന്തിമയായി ഡ്രാഫ്റ്റിങ് ഭരണഘടന തയ്യാക്കുന്ന ചുമതല ഡോ. ബി ആര്‍ അംബേദ്കറില്‍ എത്തിച്ചേരുകയായിരുന്നു. ഞാന്‍ സംശയലേശമെന്യേ പറയട്ടെ, അദ്ദേഹം ഏറ്റെടുത്ത ശ്രമകരവും പ്രശംസനീയവുമായ ഈ ദൗത്യത്തിന് രാജ്യവും ജനങ്ങളും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു’.

 

(കേരള ഹൈക്കോടതിയിലെയും സുപ്രിം കോടതിയിലെയും അഭിഭാഷകനാണ് അഡ്വ. മനീഷ് നാരയണന്‍. ഫോണ്‍:8826082341)

അഡ്വ. മനീഷ് നാരായണന്‍

അഡ്വ. മനീഷ് നാരായണന്‍

ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍