നാമധികം ചര്‍ച്ച ചെയ്യാതെ പോയ ഒട്ടേറെ ഒറ്റയാള്‍ പോരാട്ടങ്ങളില്‍ കൂടി രൂപപ്പെട്ടതാണ് ഇന്ത്യ എന്ന ആശയം. രണ്ട് ദിവസം മുമ്പ് കണ്ട സിനിമയിലൂടെ മാത്രം മനസ്സിലാക്കിയ ഒരു മഹത്തായ ജീവിതത്തെ കുറിച്ച് ഒരു റിപ്പബ്ലിക് ദിനത്തില്‍ ആലോചിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ മറവില്‍ മാഞ്ഞുപോയ മഹത്തായ പോരാട്ടങ്ങള്‍ പലതും വീണ്ടും വീണ്ടും ഓര്‍ക്കുമ്പോഴാണ് ചരിത്രം ശരിയായി മനസ്സിലാവുകയുള്ളൂ എന്ന് തിരിച്ചറിയുന്നു. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ വനിത ഡോക്ടര്‍മാരില്‍ ഒരാളായ ഡോ.രുഖ്മാബായ് ആധുനിക വൈദ്യശാസ്ത്രത്തിനും തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനും വേണ്ടി മാത്രമല്ല, വിവാഹം, കുടുംബ ജീവിതം എന്നിവയില്‍ ഹിന്ദു മാരീജ് ആക്ടിന് കീഴില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിയമപരമായി സ്ഥാപിച്ചെടുക്കുന്നതും വേണ്ടി പൊരുതുകയും വിജയിക്കുകയും ചെയ്ത ആളാണ്. വിവാഹത്തിനും ലൈംഗിക ബന്ധത്തിന് സ്വയം അനുമതി നല്‍കുന്നതിനുമുള്ള പ്രായത്തെക്കുറിച്ച് ചര്‍ച്ച ആരംഭിക്കുന്നതും രുഖ്മാബായിയുടെ പോരാട്ടത്തില്‍ നിന്നാണ്.Dr. Rukhmabais agitation and men in colonial India
1864-ല്‍ ഡോ.രുഖ്മബായ് ജനിച്ച് അധികം വൈകാതെ പിതാവ് ജനാര്‍ദ്ദന്‍ പാണ്ഡുരംഗ് മരിച്ചുവെങ്കിലും സൂതര്‍ എന്ന പിന്നാക്ക ഹിന്ദു സമുദായത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബാംഗമായിരുന്നതിനാല്‍ അമ്മ ജയന്തിബായിക്ക് പുനര്‍വിവാഹം സാധ്യമായി. അക്കാലത്ത് ബോംബേയില്‍ അറിയപ്പെടുന്ന ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.സുഖറാം അര്‍ജുനാണ് ജയന്തിബായിയെ രണ്ടാമത് വിവാഹം കഴിച്ചത്. രുഖ്മയെ സ്വന്തം മകളെ പോലെ വളര്‍ത്തിയ ഡോ.സുഖറാം അര്‍ജുന്‍ ചെറുപ്പത്തിലേ തന്നെ അവളുടെ ബുദ്ധിശക്തിയില്‍ ആകൃഷ്ടനാവുകയും ഡോക്ടറാക്കി അവളെ മാറ്റുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, ഹിന്ദു മതത്തിനകത്തെ യഥാസ്ഥിതിക ശക്തികളോട് പോരാടുക എളുപ്പമല്ലായിരുന്നു. ഡോക്ടറാകാന്‍ മോഹിച്ച പെണ്‍കുട്ടിയെ 11-ാം വയസ്സില്‍ തന്റെ തന്നെ ബന്ധുവായ 19 വയസുള്ള ദാദാജി ബിക്കാജിക്ക് വിവാഹം ചെയ്തുകൊടുക്കേണ്ടി വന്നു ഡോ.സുഖറാമിന്. എന്നാല്‍ ദാദാജി വിദ്യാഭ്യാസം ആര്‍ജ്ജിക്കണമെന്നും സമൂഹത്തിന് യോജിച്ച ആളായി വളരുമെന്നും അതുവരെ രുഖ്മ പഠിക്കുമെന്നും വിവാഹത്തിന് ഭാഗമായി തയ്യാറാക്കിയ ഉടമ്പടിയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ചര്‍ച്ച് മിഷനും ഡോ.സുഖ്റാവും അക്കാലത്ത് ഹിന്ദു സമുദായത്തിനകത്തെ പുരോഗമന വാദികളുടെ കേന്ദ്രമായിരുന്ന ആര്യസമാജത്തിന്റെ പ്രാര്‍ത്ഥനാ വിഭാഗവും വഴി നേടിയ ജീവിതാവബോധത്തിന്റെ ഭാഗമായി ഭര്‍ത്താവിനൊപ്പം കുടുംബ ജീവിതം ആരംഭിക്കാന്‍ രുഖ്മ തയ്യാറായില്ല. ദാദാജിയാകട്ടെ വിദ്യാഭ്യാസം നേടാന്‍ ശ്രമവും നടത്തിയില്ല. ഒടുവില്‍ തന്റെ അമ്മാവന്റെ കൂടെ പ്രേരണയില്‍ 1884-ല്‍ തന്റെ ഭാര്യയ്‌ക്കൊപ്പമുള്ള കുടുംബജീവിതം അവരുടെ രക്ഷകര്‍ത്താവായ ഡോ.സുഖ്റാം മുടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ദാദാജി കോടതിവ്യവഹാരത്തിലേക്ക് പ്രവേശിച്ചു. റെസ്റ്റിറ്റിയൂഷന്‍ ഓഫ് കോന്‍ജുഗല്‍ റൈറ്റ്സ് അഥവാ വൈവാഹിക ജീവിതത്തിന്റെ (പുന)സ്ഥാപനം എന്ന വിഷയത്തില്‍ ഇപ്പോഴും ഇന്ത്യന്‍ നിയമവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബിക്കാജി വേഴ്സസ് രുഖ്മാബായ് 1885 എന്ന കേസിന്റെ തുടക്കമായിരുന്നു അത്.
ഹിന്ദുകുടുംബ നിയമങ്ങളില്‍ കോടതികള്‍ക്ക് എത്രമാത്രം ഇടപെടാനാകും എന്നുള്ള കാര്യത്തിലായിരുന്നു വലിയ തര്‍ക്കം. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കുന്നതില്‍ അധികാരമുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയും നീണ്ടു. രാമായണത്തിലും മഹാഭാരതത്തിലും സ്ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരെ തിരഞ്ഞെടുത്തതായുള്ള ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്ന് രുഖ്മബായിയുടെ വക്കീല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ രാമായണവും മഹാഭാരതവും ഒന്നുമല്ല, മനുസ്മൃതിയാണ് ഹിന്ദു നിയമങ്ങളുടെ അടിത്തറ എന്ന് കോടതിയില്‍ വാദമുയര്‍ന്നു. സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും മനുസ്മൃതി അനുവദിക്കുന്നില്ല എന്ന വാദവും ചൂണ്ടിക്കാണിക്കപ്പെട്ടു. ആ മനുസ്മൃതിയെ തള്ളിപ്പറയാന്‍ ബ്രിട്ടീഷ് കോടതികള്‍ക്ക് അധികാരമില്ല എന്നതായിരുന്നു അവരുടെ വാദം. ഇതിനിടെ രുഖ്മയ്ക്ക് താങ്ങും തണലുമായിരുന്ന ഡോ.സുഖ്റാം പക്ഷാഘാതം ബാധിച്ച് മരിച്ചു.
ആദ്യഘട്ടത്തില്‍ രുഖ്മബായിക്ക് അനുകൂലമായി കീഴ്കോടതി കൈക്കൊണ്ട നിലപാടിനെതിരെ സാക്ഷാല്‍ ബാലഗംഗാധര തിലകന്‍ രംഗത്ത് വരുന്നുണ്ട്. തന്റെ ‘മറാത്ത’ എന്ന ആഴ്ചപ്പതിപ്പില്‍ ഹിന്ദുക്കളുടെ വികാരം ഉള്‍ക്കൊള്ളാത്ത ജസ്റ്റിസിന്റെ നിലപാടിനെതിരെ തിലകന്‍ വികാരം കൊള്ളുന്നുണ്ട്. കോടതി മുറിയില്‍ പോലും തിലകനെ അനുകൂലിക്കുന്നവര്‍ ഹിന്ദുക്കളുടെ കാര്യത്തില്‍ കോടതി ഇടപെടരുത് എന്നാവശ്യപ്പെട്ട് രംഗത്ത് വരുന്നു. ബാലവിവാഹത്തിനും സതിക്കും അനുകൂലമായും വിധവാ വിവാഹത്തിനെതിരായും നിലപാടെടുത്ത, രാജ്യത്ത് നടന്നിരുന്ന ജാതി വിരുദ്ധ സമരങ്ങളെ എല്ലാം തള്ളിപ്പറഞ്ഞ ബാലഗംഗാധര തിലക് എന്ന ഹിന്ദു ദേശീയ വാദിയെ നാം എത്രകാലം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃബിംബമായി അംഗീകരിച്ചിരുന്നുവെന്ന് ഓര്‍ക്കണം. ആ ചരിത്ര വിഡ്ഢിത്തത്തെ ആ നിലയില്‍ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് രുഖ്മബായിയുടെ കഥ. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരികെയെത്തി ചമ്പാരണിലെ നീലം കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സത്യാഗ്രഹ സമരത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പുതിയ ദിശയിലേക്ക് നയിക്കുന്നത് വരെ നമ്മുടെ ദേശീയ പ്രസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള സവര്‍ണ ഹിന്ദു ദേശീയ വാദികളുടെ പിടിയിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കൂടി നമുക്കപ്പോള്‍ ഓര്‍മ്മ വരും.
അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ഒരു തുറന്ന കത്താണ് ഈ കേസിനെ വഴി തിരിച്ച് വിട്ടത്. ഒരു ഹിന്ദു സ്ത്രീയുടെ പ്രതികരണം എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ട ആ കത്ത് സ്വന്തം വിവാഹത്തെ കുറിച്ച് അഭിപ്രായം പോലും പറയാന്‍ കഴിയാത്ത, ബാല്യം പിന്നിടുന്നതിന് മുമ്പ് വിവാഹിതരാകേണ്ടി വരുന്ന, പലപ്പോഴും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ബലാത്സംഗം ചെയ്യപ്പെടുന്ന, എത്രയോ മുതിര്‍ന്ന മനുഷ്യരുടെ ഭാര്യമാരേകേണ്ടി വരുന്ന, വിദ്യാഭ്യാസവും തൊഴിലവസരവും നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതത്തെ കുറിച്ച്, ഈ കേസിന്റെ പശ്ചാത്തലത്തില്‍ ഹൃദയഭേദകമാകാം വിധം വിവരിച്ചു. അതുണ്ടാക്കിയ ഓളങ്ങള്‍ ചെറുതല്ല. ബ്രിട്ടണില്‍ നിന്നും അമേരിക്കയില്‍ നിന്നും വരെ ഈ കത്തിന് പ്രതികരണങ്ങളുണ്ടായി. രുഖ്മബായ് തന്നെ എഴുതിയ കത്താണിത് എന്ന് പിന്നീട് തെളിഞ്ഞു.
ഈ കത്തിനെ തുടര്‍ന്ന് കോടതിക്ക് പുറത്ത് കേസ് അവസാനിച്ചു. രുഖ്മബായ്ക്ക് ലണ്ടനിലേക്ക് മെഡിസിന്‍ പഠിക്കാനായി പോകാനുള്ള വഴിയൊരുങ്ങി. മൂന്ന് പ്രതിജ്ഞകളായിരുന്നു കടല്‍ കടന്ന് ജാതി വിഘാതം നടത്തി പഠനം പൂര്‍ത്തീകരിക്കുന്നതിനുള്ള സമ്മതത്തിന് പകരമായി അവളുടെ മുത്തച്ഛന്‍ ആവശ്യപ്പെട്ടത്. ബീഫ് കഴിക്കരുത്, ബ്രിട്ടീഷുകാരനെ വിവാഹം കഴിക്കരുത്, ക്രിസ്ത്യന്‍ മതത്തിലേക്ക് മാറരുത്. ആ പ്രതിജ്ഞകള്‍ ചെയ്ത് അവള്‍ പോവുകയും ഡോക്ടറായി തിരിച്ചെത്തുകയും ചെയ്തത് ചരിത്രം. 1895-ല്‍, രാജ്യത്തെ രണ്ടാമത്തേതും ബോംബേ മേഖലയിലെ ആദ്യത്തെതുമായ വനിത ഇന്ത്യന്‍ ഡോക്ടറായി ജീവിതം ആരംഭിച്ചുവെങ്കിലും തടസ്സങ്ങള്‍ ചെറുതല്ലായിരുന്നു. ഹിന്ദു പാരമ്പര്യ വാദികള്‍ അത്ര എളുപ്പത്തില്‍ ഒരു സ്വതന്ത്ര സ്ത്രീയെ അംഗീകരിക്കുകയില്ലായിരുന്നു. തുടര്‍ന്നും അവര്‍ പോരാടി. ഇന്ത്യന്‍ നിയമസംവിധാനങ്ങളോട്, ഹിന്ദു യാഥാസ്ഥിതികത്വത്തോട്, പുരുഷാധിപത്യ സമൂഹത്തോട്, പ്ലേഗിനോട്, പകര്‍ച്ചവ്യാധികളോട് നിരന്തരം പൊരുതി. ബോംബേ, സൂറത്ത്, രാജ്കോട്ട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ രംഗത്ത് പുതുചരിത്രം കുറിച്ച അവര്‍ 90-ാം വയസ്സില്‍ 1955-ല്‍ അന്ത്യശ്വാസം വലിക്കുന്നത് വരെ ആധുനികമായ ഒരു സമൂഹത്തിന് വേണ്ടിയുള്ള നിലപാടുകളില്‍ ഉറച്ചുനിന്നു.
ഇതാണ് ഡോ.രുഖ്മബായിയുടെ കഥ. മലയാളിയും നടനും മറാത്തി ചലച്ചിത്രകാരനുമായ ആനന്ദ് മഹാദേവനാണ് 2016-ല്‍ രുഖ്മബായ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അക്കൊല്ലത്തെ മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും വിവിധ ചലച്ചിത്ര മേളകളിലെ പുരസ്‌കാരങ്ങളും നേടിയെങ്കിലും പ്രദര്‍ശങ്ങളിലെത്തുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. വര്‍ഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ‘രുഖ്മബായ്’ ഇപ്പോള്‍ കാണികള്‍ക്ക് മുന്നിലെത്തിയത് പാലക്കാട് ചിറ്റൂരിലെ ‘പാഞ്ചജന്യം’ ചലച്ചിത്ര മേള വഴിയാണ്. കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങള്‍ക്കിടയില്‍ 15 അന്തരാഷ്ട്ര ചലച്ചിത്ര മേളകള്‍ പാഞ്ചജന്യം ഫിലിം സൊസൈറ്റി സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും തൊഴിലിടവും എന്നതായിരുന്നു ഇത്തവണത്തെ മേളയുടെ വിഷയം. അതിന്റെ അര്‍ത്ഥ പൂര്‍ണതയിലൂന്നിയാണ് ഫിലം ഫെസ്റ്റിവെല്ലിന്റെ സമാപന ചിത്രമായി ‘രുഖ്മബായ്’ നടന്നത്.
സിനിമയാരംഭിക്കുന്നത് 1955-ല്‍, ബോംബേയിലെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന വയോവൃദ്ധയായ രുഖ്മബായി ഇംഗ്ലണ്ടില്‍ മെഡിസിന്‍ പഠിക്കുമ്പോള്‍ തന്റെ സുഹൃത്തായിരുന്ന ഡോ.ഡേവിഡിന് എഴുതുന്ന കത്തിലാണ്. അതിന്റെ തുടര്‍ച്ചയാണ് സിനിമയുടെ അവസാനരംഗവും. ആദ്യ രംഗത്ത് കവിതപോലുള്ള കത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന രുഖ്മബായിയെ കാണാം. തുടര്‍ന്ന് അവരെ പഴയൊരു നഴ്സ് വരുന്നു. കാലങ്ങള്‍ക്ക് ശേഷം ഒരു കാലത്ത് പ്രിയസുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന ആളെ കാണുമ്പോള്‍ ഒരു കരുണയുമില്ലാതെ ‘നീ വീണ്ടും അവന്റെ കൂടെ പോയി, അല്ലേ?’ എന്നാണ് ചോദിക്കുന്നത്. അതിന്റെ അര്‍ത്ഥം നമുക്ക് സിനിമയുടെ അവസാനമാണ് ലഭിക്കുക. മാരിറ്റല്‍ റേപ്പിന് വിധേയയായി, തകര്‍ന്ന് തരിപ്പണമായ രൂപത്തിലായിരുന്നു ആ പെണ്‍കുട്ടിയെ രുഖ്മബായി ആദ്യം കാണുന്നത്. ജീവിതത്തിലേക്ക് മെഡിക്കലായി മാത്രമല്ല, അവളെ രുഖ്മബായി തിരികെ കൊണ്ടുവരുന്നത്. നഴ്സിങ് പഠിപ്പിച്ച്, ഒറ്റയ്ക്ക് ജീവിക്കാനും സമൂഹത്തില്‍ ഇടപെടാനും മുറിവുകളെ മറക്കാനും പഠിപ്പിച്ചു. പക്ഷേ രുഖ്മബായിക്ക് അക്കാലത്ത് സാധിച്ചത് പിന്നീടുള്ള ഒരു കാലത്തും, നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പുരോഗമനം നടക്കുന്ന കേരളത്തില്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല. സമൂഹത്തിന്റെ പല തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരിക്കണം, ആ സ്ത്രീ ബാലികയായിരുന്ന തന്നെ ബലാത്സംഗം ചെയ്ത് ജീവച്ഛവം ആക്കിയ ഭര്‍ത്താവെന്ന മനുഷ്യന്റെ കുടുംബത്തിലേക്ക് തിരിച്ചുപോയത്.
അതൊരു സൂചന കൂടിയാണ്. പോരാട്ടങ്ങള്‍ പലതും നടന്നിട്ടും പുരോഗമിക്കാന്‍, ആധുനികതയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ തയ്യാറാകാത്ത മനുഷ്യരെ കുറിച്ചുള്ള സൂചന. രുഖ്മബായിയായുള്ള തന്നിഷ്താ ചാറ്റര്‍ജിയുടെ പ്രകടനം ചലച്ചിത്ര മേളകളിലെല്ലാം വാഴ്ത്തപ്പെട്ടതാണ്. ഏതാണ്ടൊരു കൗമാരത്തിന്റെ അവസാനകാലം മുതല്‍ 90 വയസ് വരെ നീളുന്ന പല ഘട്ടങ്ങള്‍ തന്നിഷ്താ ചാറ്റര്‍ജി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കേസിന്റെ ആദ്യകാലത്തുള്ള നിശ്ചയദാര്‍ഢ്യവും ഇംഗ്ലണ്ടില്‍ എത്തിപ്പെടുമ്പോഴുള്ള അങ്കലാപ്പും തന്നിഷ്താ ചാറ്റര്‍ജിയുടെ പക്കല്‍ സുഭദ്രം. ഡോ.ഡേവിഡിനോടുള്ള പ്രകടിപ്പിക്കാത്ത പ്രേമത്തിനും മുത്തച്ഛന് നല്‍കിയ വാഗ്ദാനത്തിനും ഇടയില്‍ എപ്പോഴോ ഒരു പുരുഷന്റെ സഹായം തനിക്ക് ജീവിതത്തില്‍ ആവശ്യമില്ല എന്ന തീരുമാനത്തിലേക്ക് എത്തുന്ന രുഖ്മബായിലേക്ക് ആദ്യകാലത്തെ പ്രേമാര്‍ദ്രയായ് യുവതി പരിണമിക്കുന്നത് നമുക്ക് വ്യക്തമായി കാണാം.
ഡോ.രുഖ്മാബായിയുടെ കഥ സിനിമയാകുമ്പോള്‍ ഉള്ള ഒരു ന്യൂനത കൊളോണിയല്‍ ഇന്ത്യയിലെ, പ്രത്യേകിച്ചും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തും നിലനിന്ന, ജാതിവ്യവസ്ഥ ചിത്രത്തില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ്. തിലകന്‍ ഒരു പിന്തിരിപ്പന്‍ സാന്നിധ്യമായി നിലനില്‍ക്കുമ്പോള്‍ പുരോഗമന സാന്നിധ്യമാകുന്നത് ആര്യസമാജവും മറ്റുമാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ ജോതിബായ് ഫൂലയുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അംബേദ്കറുടെ പ്രത്യക്ഷ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സിനിമയില്‍ പ്രതിഫലിക്കുന്നില്ല. അതുപോലെ രുഖ്മബായിയുടെ ജാതിനില അക്കാലത്ത് അവര്‍ക്കെതിരെയുള്ള നിലപാടുകളില്‍ എത്ര പ്രധാനമായിരുന്നു എന്നതും.
അത്തരം ന്യൂനതകള്‍ക്കെല്ലാം അപ്പുറം, നമ്മുടെ സമൂഹം മറന്ന് തുടങ്ങിയ ഒരു ജീവിത പോരാട്ടത്തെ അനശ്വരമാക്കുക എന്ന പ്രക്രിയ ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ ഹൃദയത്തെ മഥിപ്പിക്കുന്ന, വൈകാരികവും രാഷ്ട്രീയവുമായ ഒരു പോരാട്ടമാണ് നാം സ്‌ക്രീനില്‍ കാണുന്നത്. അവര്‍ സഹിച്ച ത്യാഗങ്ങളാണ് നമുക്ക് ജീവിക്കാന്‍ ഒരു സമൂഹത്തെ നല്‍കിയത് എന്നാ സിനിമ ഓര്‍മ്മിപ്പിക്കുന്നു. രുഖ്മാബായിയെ കേരളത്തിലെത്തിച്ച, പാഞ്ചജന്യം ചലച്ചിത്ര മേളയ്ക്ക് പ്രത്യേകം നന്ദി. നിയമം, വൈദ്യശാസ്ത്രം, ജെന്‍ഡര്‍ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ചരിത്രം എന്നിങ്ങനെ വിവിധ മേഖലകളില്‍ പഠിക്കുകയും പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും എല്ലാം ചെയ്യുന്നവരും ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തേയും വര്‍ത്തമാനത്തേയും കുറിച്ച് ഉത്കണ്ഠകള്‍ ഉള്ളവരും കാണേണ്ട സിനിമയാണിത്.Dr. Rukhmabais agitation and men in colonial India
Content Summary: Dr. Rukhmabais agitation and men in colonial India