കണ്ണൂർ കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കാണ് തലശ്ശേരി അഡീഷണൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ മുഴുവൻ പ്രതികൾക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. 2005ലാണ് തച്ചൻകണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആകെയുള്ള പത്ത് പ്രതികളിൽ ഒരാൾ മുന്നേ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.
എന്നാൽ കേസിൽ പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കുകയാണ് കുടുംബം. ഒരു രാഷ്ട്രീയക്കാരും ഇനി ഒരാൾക്ക് നേരെയും കൊലക്കത്തിയെടുക്കരുതെന്നും കൊല ചെയ്യരുതെന്നും റിജിത്തിന്റെ അമ്മ ജാനകി വ്യക്തമാക്കി. തന്റെ മകന് നീതി ലഭിക്കുന്നതിനായി പോരാടിയ വക്കീലിനും ന്യായാധിപനും പാർട്ടിക്കും നാട്ടുകാർക്കും റിജിത്തിന്റെ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുകയാണ് കുടുംബം.
” വലിയ സന്തോഷമുണ്ട്. എന്നാലും 12 വർഷം കഴിയുമ്പോൾ ഇവർ വീണ്ടും പുറത്തിറങ്ങുമല്ലോ. ആർക്കും തൂക്കുകയറൊന്നും കിട്ടിയില്ല എന്നതിൽ നിരാശയുണ്ട്. ഒരു അമ്മക്കും പെങ്ങൾക്കും ഇനി ഇത്തരമൊരു അവസ്ഥയുണ്ടാകരുത്.’ റിജിത്തിന്റെ സഹോദരി ശ്രീജ പറഞ്ഞു.
’19 വർഷവും മൂന്ന് മാസവുമായുള്ള എന്റെ കാത്തിരിപ്പിന് ശേഷമാണ് ഈ വിധി ലഭിച്ചിരിക്കുന്നത്. വിധിക്കായി കാത്തിരുന്ന അവന്റെ അച്ഛൻ പോയിട്ട് രണ്ട് വർഷമായി. വിധി വന്നതിൽ അൽപ്പം ആശ്വാസമുണ്ട്. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. അവർ ഒരിക്കലും പുറത്തിറങ്ങാൻ പാടില്ല. ജയിലിൽ തന്നെ അവരുടെ ജീവിതം തീരണം എനിക്ക് അതാണ് വേണ്ടത്.” അമ്മ ജാനകി പറഞ്ഞു.
അതേസമയം വിധിയിൽ അപ്പീൽ പോകുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജെപി പ്രതികരിച്ചു. ഇത് ഓർമ്മപ്പെടുത്തുന്നത് കേരളത്തിൽ ആർഎസ്എസ് നടത്തിയിരിക്കുന്ന നിരവധി കൊലപാതകങ്ങളെയാണെന്ന് വിധിയെ സ്വാഗതം ചെയ്ത സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. സിപിഎമ്മിനെ തകർത്താൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്ന സാഹചര്യത്തിലാണ് ഇത്രയും ബീഭത്സമായ കൊലകൾ ഈ നാട്ടിൽ നടന്നത്. അതിലൊന്നാണ് റിജിത്തിന്റെ കൊലപാതകമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിൻ്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു റിജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന റിജിത്തിനെയും സുഹൃത്തുക്കളെയും തച്ചൻകണ്ടി ക്ഷേത്രത്തിനടുത്തുവച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കം ഒക്ടോബർ രണ്ടിന് ഉന്തിലും തളളിലുമെത്തിയിരുന്നു. പിറ്റേ ദിവസമാണ് കൊലപാതകം. കേസിൽ 10 പ്രതികളാണുള്ളത്. കേസിൻ്റെ വിചാരണ വേളയിൽ മൂന്നാം പ്രതി അജേഷ് മരിച്ചു. ആർഎസ്എസ്- ബിജെപി പ്രവർത്തകരായ ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ ജോസ് വിധിച്ചത്. വിവി സുധാകരൻ, കെടി ജയേഷ്, സിപി രഞ്ജിത്, പിപി അജീന്ദ്രൻ, ഐവി അനിൽ, വിവി ശ്രീകാന്ത്, വിവി ശ്രീജിത്, പിപി രാജേഷ്, ടിവി ഭാസ്കരൻ എന്നിവർക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
content summary; dyfi leader reejith murder case life imprisonment for nine bjp rss workers