നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ടേമില്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്ന നയങ്ങള്‍ എന്തൊക്കെയാണെന്നതിന്റെ സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഇറക്കുമതി തീരുവ, കുടിയേറ്റ നിയന്ത്രണം, നികുതി നിയന്ത്രണങ്ങള്‍ എന്നിവയില്‍ നിലവിലെ നയങ്ങള്‍ ട്രംപ് തിരുത്തും. എന്നാല്‍ പുതിയ ഭരണകൂടത്തിന്റെ നയങ്ങളില്‍ ഇപ്പോഴും അവ്യക്ത തുടരുമ്പോള്‍, അവ യുഎസ് സമ്പദ്വ്യവസ്ഥയില്‍ ഏതു തരം ആഘാതമായിരിക്കും ഏല്‍പ്പിക്കുകയെന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്.
നികുതി ഇളവുകള്‍
ട്രംപിന്റെ സാമ്പത്തിക അജണ്ടയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന് നികുതിയിളവുകളാണ്. ഇത് മനസിലാക്കി തന്നെയാണ് ട്രംപിന്റെ വിജയത്തിനു പിന്നാലെ ഓഹരി വിപണയില്‍ ഉണ്ടായ കുതിപ്പ്. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി കണക്കാക്കുന്ന നികുതി ഇളവുകള്‍ക്കൊപ്പം, നിക്ഷേപകര്‍ ട്രംപിന്റെ ഭരണകാലം ബിസിനസ്സ് സൗഹൃദ കാലമായും കാണുന്നുണ്ട്. അടുത്ത വര്‍ഷം അവസാനിക്കാനിരിക്കുന്ന 2017 ലെ നികുതി ഇളവുകള്‍ നീട്ടാനാണ് തന്റെ രണ്ടാം ടേമില്‍ ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതികളില്‍ കൂടുതല്‍ ഇളവുകള്‍, ഫെഡറല്‍ നികുതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത വരുമാനത്തിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കും നല്‍കുന്ന ഇളവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതിനിധി സഭയില്‍ പൂര്‍ണ ആധിപത്യം ഉണ്ടെങ്കില്‍ മാത്രമാണ് ഇത്തരം നികുതി വെട്ടിക്കുറയ്ക്കലുകള്‍ ഫലത്തില്‍ വരുത്താന്‍ സാധിക്കുക. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ പോലും വ്യക്തിഗത നികുതിയിളവുകളെങ്കിലും വീണ്ടും നീട്ടുമെന്നാണ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. വെല്‍സ് ഫാര്‍ഗോ സാമ്പത്തിക വിദഗ്ധരായ ജെയ് ബ്രൈസണും മൈക്കല്‍ പുഗ്ലീസും പറയുന്നത്, ‘ചില അധിക നികുതി വെട്ടിക്കുറയ്ക്കലുകള്‍ക്ക് സാധ്യതയുണ്ടെന്ന് തോന്നുന്നു,’ എന്നാണ്. എങ്കിലും അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഇത്തരം വെട്ടിക്കുറവുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഈ ദശാബ്ദത്തിന്റെ അവസാന വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് 2026 ലും 2027 ലും മിതമായൊരു സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു
തീരുവകകള്‍
ട്രംപ് നിര്‍ദേശിക്കുന്ന വര്‍ദ്ധിച്ച ഇറക്കുമതി തീരുവകകള്‍ വഴി, അദ്ദേഹം പ്രഖ്യാപിച്ച നികുതി വെട്ടിക്കുറയ്ക്കലുകള്‍ വഴി ഉണ്ടാകുന്ന സാമ്പത്തിക വെല്ലുവിളികളെ ഭാഗികമായി പ്രതിരോധിക്കാന്‍ കഴിയും. എല്ലാ ഇറക്കുമതികള്‍ക്കും 10% മുതല്‍ 20% വരെ തീരുവ ചുമത്താനുള്ള നീക്കമാണ് ട്രംപിനുള്ളത്. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് അതിലും ഉയര്‍ന്ന തീരുവ ആയിരിക്കും ചുമത്തുക. ഇത് അമേരിക്കന്‍ വ്യാപാരങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ചെലവ് വര്‍ദ്ധിപ്പിക്കാനും, അതുപോലെ വ്യാപാര പങ്കാളികള്‍ പ്രതികാര നടപടിയെന്നോണം ഉയര്‍ന്ന തീരുവക തിരിച്ചു ചുമത്താനും സാധ്യതയുണ്ടാക്കുന്നുണ്ട്. 10% താരിഫ് അടുത്ത വര്‍ഷത്തില്‍ പണപ്പെരുപ്പം ഏകദേശം 0.8 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് പാന്തിയോണ്‍ മാക്രോ ഇക്കണോമിക്‌സ് കണക്കാക്കുന്നത്. ഇത് യുഎസ് ഉല്‍പ്പാദനം മന്ദഗതിയിലാക്കുകയും ഇതിനകം ബുദ്ധിമുട്ടുള്ള വിതരണ ശൃംഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
യുഎസിലേക്ക് ഉത്പാദനം കേന്ദ്രീകരിക്കാന്‍ ഉയര്‍ന്ന തീരുവക ബിസിനസുകാരെ പ്രേരിപ്പിക്കുമെന്നാണ് ട്രംപ് വാദിക്കുന്നതെങ്കിലും അക്കാര്യത്തില്‍ പല സാമ്പത്തിക വിദഗ്ധരും സംശയത്തിലാണ്. പാന്തിയോണിലെ സാമുവല്‍ ടോംബ്‌സ് ചൂണ്ടിക്കാണിക്കുന്നത്, യുഎസിലെ തൊഴില്‍ ചെലവ് താരതമ്യേന ഉയര്‍ന്നതാണ്, ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് വിദേശത്ത് നിന്ന് സാധനങ്ങള്‍ ശേഖരിക്കുന്നതാണ് ലാഭം. അതുകൊണ്ട്, ട്രംപ് പ്രതീക്ഷിക്കുന്ന ‘റീഷോറിംഗ്’ പ്രഭാവം ഉണ്ടായേക്കില്ലെന്നാണ് ടോംബ്‌സ് പറയുന്നത്.
ദേശീയ കടം
നികുതിയിളവുകളും തീരുവകകളും ഉള്‍പ്പെടെയുള്ള ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ ദേശീയ കടത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമാകുമെന്നു പ്രതീക്ഷിക്കുന്നു. ട്രംപിന്റെ നയങ്ങള്‍ അടുത്ത ദശകത്തില്‍ ദേശീയ കടം 7.75 ട്രില്യണ്‍ ഡോളര്‍ കൂട്ടുമെന്നാണ് കമ്മിറ്റി ഫോര്‍ എ റെസ്പോണ്‍സിബിള്‍ ഫെഡറല്‍ ബജറ്റ് കണക്കാക്കുന്നത്. ഇത് സര്‍ക്കാരിന് ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ക്ക് കാരണമാവുകയും ബോണ്ട് ആദായം വര്‍ദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും. ബോണ്ട് ആദായങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്, സാധാരണയായി 10 വര്‍ഷമായി ട്രഷറികളിലെ ബോണ്ടുകള്‍ക്ക് തുടരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയര്‍ത്തും. അതുവഴി ഗാര്‍ഹിക ബജറ്റുകള്‍ കൂടുതല്‍ താളം തെറ്റും.
കുടിയേറ്റം
ട്രംപിന്റെ മറ്റൊരു പ്രധാന നയ മേഖല കുടിയേറ്റമാണ്. യുഎസില്‍ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്നായിരുന്നു പ്രചാരണകാലത്ത് അദ്ദേഹം നടത്തിയ പ്രതിജ്ഞ. ഇതു കൂടാതെ നിയമപരമായ കുടിയേറ്റത്തിനും കര്‍ശനമായ പരിധികള്‍ ഏര്‍പ്പെടുത്താനാണ് രണ്ടാം ട്രംപ് സര്‍ക്കാരില്‍ സാധ്യത കാണുന്നത്. അനധികൃത കുടിയേറ്റം കുറയ്ക്കുന്നത് അദ്ദേഹത്തിന്റെ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെങ്കിലും, എല്ലാത്തരം കുടിയേറ്റത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിസ്‌കാനന്‍ സെന്റര്‍ എന്നിവയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കുടിയേറ്റം കുറയുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള തലമുറ തൊഴില്‍ മേഖലകളില്‍ നിന്നു വിരമിക്കുന്ന സമയത്ത് രാജ്യത്തിന്റെ തൊഴില്‍ ശക്തി കുറയുന്നതിന് കാരണമാകുമെന്നാണ്. അമേരിക്കന്‍ ഇതര തൊഴിലാളികള്‍ യുഎസ് തൊഴില്‍ വിപണിയുടെ നിര്‍ണായക ഭാഗമാണ്, അവരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് തൊഴില്‍ ക്ഷാമം വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികള്‍ക്കുള്ള മത്സരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വെല്‍സ് ഫാര്‍ഗോ സാമ്പത്തിക വിദഗ്ധരായ ബ്രൈസണും പുഗ്ലീസും ഇത്തരം നയങ്ങള്‍ ഉയര്‍ന്ന തൊഴില്‍ ചെലവിലേക്ക് നയിക്കുമെന്നും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഫെഡറല്‍ റിസര്‍വ്
പണപ്പെരുപ്പം കുറയുകയും സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതിന്റെ സൂചനകള്‍ കാണിക്കുകയും ചെയ്തതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ട്രംപിന്റെ നയങ്ങള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡറല്‍ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കും. ട്രംപിന്റെ നയങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കാരണം അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കുന്നതില്‍ അത്ര ആവേശം കാണിക്കില്ലെന്നാണ് പാന്തിയോണിന്റെ സാമുവല്‍ ടോംബ്‌സ് സൂചിപ്പിക്കുന്നത്.
തന്റെ ആദ്യ ടേമില്‍, ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളെ ട്രംപ് പതിവായി വിമര്‍ശിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്നതില്‍ സെന്‍ട്രല്‍ ബാങ്കിനെ നിരന്തരം പ്രേരിപ്പിച്ചിരുന്ന പ്രസിഡന്റ്, അദ്ദേഹം തന്നെ നിയമിച്ച ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവലുമായി പരസ്യമായി ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്തിരുന്നു. 2026ല്‍ പവലിന്റെ കാലാവധി തീരുന്നതോടെ ട്രംപിന്റെ രണ്ടാം ടേമില്‍ അദ്ദേഹം ഫെഡറല്‍ റിസര്‍വിനുമേല്‍ വീണ്ടും സ്വാധീനം ചെലുത്താന്‍ ശ്രമിക്കും. നിലവിലെ വൈസ് ചെയര്‍ മൈക്കല്‍ ബാറിനെയായിരിക്കും ട്രംപ് പവലിന്റെ പകരക്കാരനാക്കുക. രാഷ്ട്രീയ സമ്മര്‍ദത്തില്‍ നിന്ന് ഒഴിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ഫെഡറല്‍ റിസര്‍വ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും, ട്രംപിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അനുസരിച്ചാണെങ്കില്‍ അദ്ദേഹം ആ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ വീണ്ടും വെല്ലുവിളിക്കും. ഇത് സെന്‍ട്രല്‍ ബാങ്കിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന പ്രവര്‍ത്തിയായിരിക്കും.
നികുതിയിളവുകള്‍, താരിഫുകള്‍, കൂട്ട നാടുകടത്തലുകള്‍, ഇമിഗ്രേഷന്‍ പരിധികള്‍ എന്നിവയുള്‍പ്പെടെ, നിയുക്ത പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശിച്ച നയങ്ങള്‍ യുഎസ് സമ്പദ്വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. നികുതി വെട്ടിക്കുറവുകള്‍ ഹ്രസ്വകാല വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെങ്കിലും, അവ ബജറ്റ് കമ്മി വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. താരിഫുകള്‍ ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ചെലവ് കൂട്ടും, അതേസമയം കുടിയേറ്റത്തെ അടിച്ചമര്‍ത്തുന്നത് തൊഴില്‍ വിപണിയില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കൂടാതെ, ഫെഡറല്‍ റിസര്‍വിനോട് ട്രംപിന്റെ സമീപനം സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തും. ഈ നയങ്ങളുടെയെല്ലാം ആത്യന്തിക ആഘാതം അവ നടപ്പാക്കുന്ന രീതിയെയും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യത്തെയും ആശ്രയിച്ചിരിക്കും, എന്നാല്‍ അവ യുഎസിന്റെ ഭാവി പാതയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുമെന്നത് ഉറപ്പാണ്. Economy to Immigration: What is expected of President Donald Trump
Content Summary; Economy to Immigration: What is expected of President Donald Trump