March 18, 2025 |
Share on

”ലോറന്‍സ് ചേട്ടനോട് എനിക്ക് സ്‌നേഹം മാത്രമായിരുന്നു, എല്ലാവര്‍ക്കും നല്ലത് തോന്നട്ടേ”

ഇടപ്പള്ളി സ്റ്റേഷനില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍ കെ ജെ മാത്യുവിന്റെ മകന്‍ ജോസിന് പറയാനുള്ളത്‌

‘ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, എല്ലാവര്‍ക്കും നല്ലത് തോന്നട്ടേ, മരിച്ചവര്‍ക്കും കിട്ടേണ്ടതായ ആദരവുണ്ട്. ഞാനിതില്‍ എന്തു പറയാന്‍, എനിക്കും വിഷമമുണ്ട്”

കെ എം ജോസ് എന്ന മനുഷ്യന്റെ വാക്കുകള്‍ കരുണയോടെയായിരുന്നു. ജോസിന്റെ മനസിലും വിഷമം നിറച്ച കാര്യം, സഖാവ് എം എം ലോറന്‍സിന്റെ മൃതദേഹം വച്ചുള്ള തര്‍ക്കമാണ്.

ആരാണ് കെ എം ജോസ്?

ജയിലില്‍ കിടക്കുന്ന തങ്ങളുടെ സഖാക്കളെ മോചിപ്പിക്കാന്‍ പാഞ്ഞെത്തിയവരെ തടയാനുള്ള ശ്രമത്തില്‍ കൊലപ്പെട്ട ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരില്‍ ഒരാളായ കെ ജെ മാത്യുവിന്റെ ഏകമകന്‍. 1950 ഫെബ്രുവരി 28 ന് നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മാത്യുവും വേലായുധനും എന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. മാത്യു മരിക്കുമ്പോള്‍, അമ്മ മറിയക്കുട്ടിയുടെ വയറ്റില്‍ ഒരു മാസം മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളൂ ജോസിന്. ഭര്‍ത്താവിന്റെ മരണശേഷം എറണാകുളം പറവൂരെ വീട്ടില്‍ നിന്നും മറിയകുട്ടി സ്വന്തം നാടായ ചേര്‍ത്തലയിലേക്ക് പോന്നു. അവിടെയാണ് ജോസ് ജനിച്ചതും വളര്‍ന്നതും.

തന്റെ പിതാവിന്റെ ജീവനെടുത്ത ‘ഓപ്പേറഷനില്‍’ അംഗമായിരുന്ന ഒരാളാണ് ശനിയാഴ്ച്ച ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന മക്കളുടെ തര്‍ക്കത്തിനിടയിലാണ് ജോസിനെ വിളിച്ചത്. അതുമായി ബന്ധപ്പെട്ട ചോദ്യം തന്നെ വിഷമിപ്പിക്കുന്നതാണെന്നായിരുന്നു ജോസിന്റെ ആദ്യ പ്രതികരണം. ‘ അതൊരു കുടുംബത്തിനുള്ളിലെ പ്രശ്‌നമാണ്. പുറത്തു നിന്നൊരാള്‍ക്കും അതില്‍ അഭിപ്രായം പറയാനില്ല’ എന്നായിരുന്നു ജോസ് പറഞ്ഞത്. പക്ഷേ, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന് വിഷമമുണ്ട്.

‘ എന്റെ ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അതിന് കാരണക്കാരായവരോട് ഞാനിതു വരെ വൈരാഗ്യം വച്ചു പുലര്‍ത്തിയിട്ടില്ല, അതിന്റെ കാര്യമില്ല. എന്റെ അമ്മ എന്നെ വൈരാഗ്യബുദ്ധിയോടെയല്ല വളര്‍ത്തിയത്. ട്രഷറിയില്‍ പെന്‍ഷന്‍ കാശ് വാങ്ങാന്‍ പോകുമ്പോള്‍, അടുത്തുള്ള താലൂക്ക് ആശുപത്രിയിലും അമ്മ കയറും, കിട്ടിയ പണത്തില്‍ നിന്ന് ഒരോഹരി അവിടെ കിടക്കുന്ന രോഗികള്‍ക്ക് കൊടുക്കും, ഞാനത് കണ്ടാണ് വളര്‍ന്നത്, ജീവിക്കുന്നത്. ക്ഷമിക്കാനാണ് പഠിച്ചത്, സ്‌നേഹിക്കാനാണ് ശീലിച്ചത്”.

വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞാണ് ലോറന്‍സിനെ ജോസ് കാണുന്നത്. മാത്യുവിന്റെ മകനാണെന്ന് പറഞ്ഞു സ്വയം പരിചയപ്പെടുത്തി. പിന്നീട് ആ ബന്ധം ജോസ് നഷ്ടപ്പെടുത്തിയില്ല. സഖാവിന്റെ മകന്‍ സജീവിലേക്കും അത് പടര്‍ന്നു. എറണാകുളത്ത് എത്തുമ്പോള്‍ സഖാവിനെ വിളിക്കും, വീട്ടില്‍ ഉണ്ടെങ്കില്‍ പോയി കാണും. ഇന്ദിര ഗാന്ധി സഹകരണാശുപത്രിയില്‍ കിടന്നപ്പോഴും പോയി, നല്ല ഓര്‍മയില്‍ ഉള്ളപ്പോഴും അല്ലാത്തപ്പോഴും. തന്നെ സഖാവിന് മനസിലാകുന്നുണ്ടോ എന്നറിയില്ലെങ്കിലും ആ സന്ദര്‍ശനത്തിന് മുടക്കം വരുത്തിയില്ല.

‘ ഞാന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവില്‍ പ്രവര്‍ത്തിക്കുന്നൊരാളാണ്. ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതും രോഗികള്‍ക്ക് ഇടയില്‍ നിന്നാണ്. സ്വാന്തന പരിചരണമാണ് ഞാന്‍ നടത്തുന്നത്. അദ്ദേഹത്തോടും എനിക്ക് സ്‌നേഹമായിരുന്നു, അതുകൊണ്ടാണ് കാണാന്‍ പോയിരുന്നത്. ഇടപ്പള്ളി സ്‌റേഷനാക്രമണത്തിലെ മുഖ്യപ്രതിയായിരുന്ന കെ സി മാത്യു ചേട്ടന്‍ മരിച്ചപ്പോഴും പോയിരുന്നു, അദ്ദേഹത്തിന്റെ ഭാര്യയെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതൊന്നും പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടിയായിരുന്നില്ല’.

ലോറന്‍സ് സഖാവ് മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസ് സങ്കടപ്പെട്ടുവെന്നാണ് ജോസ് പറയുന്നത്. ‘ ബോണി തോമസ് സാറാണ് വിളിച്ചത്, ലോറന്‍സ് ചേട്ടന്‍ മരിച്ചു. കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ഞാന്‍ സജീവിനെ വിളിച്ചു. മരിച്ചു, അറിഞ്ഞോയെന്ന് സജീവ് ചോദിച്ചു. ഞാന്‍ അറിഞ്ഞുവെന്നു പറഞ്ഞു. എന്റെ അനുശോചനം അറിയിച്ചു. വീട്ടിലേക്ക് കൊണ്ടു വന്നോയെന്ന് തിരക്കി, മോര്‍ച്ചറിയിലാണെന്നും ഞായറാഴ്ച്ച കൊണ്ടു വരുമെന്നും പറഞ്ഞു. പിറ്റേദിവസം ഞാന്‍ ആലപ്പുഴയില്‍ നിന്ന് ട്രെയിന്‍ കയറി എറണാകുളത്തെത്തി. വീട്ടില്‍ ചെന്ന് ലോറന്‍സ് ചേട്ടനെ കണ്ടു. ലെനിന്‍ സെന്ററിലേക്ക് പോകാമെന്ന് സജീവ് പറഞ്ഞു. അവിടെ ചെന്നെങ്കിലും മുഖ്യമന്ത്രിയൊക്കെ വരുന്നതുകൊണ്ട് വലിയ തിരക്കായിരുന്നു. അതുകൊണ്ട് അകത്ത് കയറിയില്ല. പിന്നീട് ടൗണ്‍ ഹാളിലേക്ക് പോയി. അവിടെ ചെന്ന് കണ്ടിട്ട് ബസോ ട്രെയിനോ പിടിച്ച് വീട്ടിലേക്കു പോരാമെന്നായിരുന്നു. അതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ സംസാരിക്കാന്‍ വന്നു. എനിക്കെന്താണോ ലോറന്‍സ് ചേട്ടനോട് ഉണ്ടായിരുന്ന സ്‌നേഹം അതു ഞാന്‍ പറഞ്ഞു. അത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് ആരോടും വൈരാഗ്യമോ നീരസമോ ഇല്ല, സ്‌നേഹവും അന്വേഷണവും മാത്രമാണുള്ളത്. അപരജനത്തെയും സ്വന്തമായി കാണാനാണ് ശീലിച്ചിട്ടുള്ളത്. എനിക്ക് ആ മനുഷ്യനോടും സ്‌നേഹമായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം എന്തു ചെയ്യണമെന്നത് അവരുടെ കുടുംബത്തിന്റെ തീരുമാനമാണ്. അവര്‍ക്ക് നല്ലത് തോന്നിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്’.edappally police station attack victim’s son km jose talking about mm lawrence

Content Summary; Edappally police station attack victim’s son KM Jose talking about MM Lawrence

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×