April 20, 2025 |

‘പിശാചിന്റെ ഇരട്ട’യുടെ കഥ

‘തലയ്ക്കു പിന്നില്‍ തുന്നിപ്പിടിപ്പിച്ച ദുഷ്ടസുഹൃത്ത്’; എഡ്വേര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ

എഡ്വേര്‍ഡ് മോര്‍ഡ്രേക്ക് എന്നൊരാളുണ്ടായിരുന്നുവത്രെ. പത്തൊമ്പതാം നൂറ്റാണ്ടില്‍. വൈദ്യശാസ്ത്രചരിത്രത്തിലെ മഹാത്ഭുതമായി വേണം അദ്ദേഹത്തെ കണക്കാക്കാന്‍. പക്ഷെ, മോര്‍ഡ്രേക്കിനെ സംബന്ധിച്ചിടത്തോളമോ അതൊരു ഭയങ്കര ദുരിതവും.

കാര്യം പറയാം. എന്തായാലും കേട്ട കഥ പ്രകാരം മൊര്‍ഡ്രേക്ക് സാമാന്യം നല്ലൊരു കുടുംബത്തിലാണ് ജനിച്ചത്. മിടുക്കനും സംഗീതജ്ഞനുമായ ഒരാള്‍. അഴകുറ്റ ശരീരം. മുഖത്തേക്കു നോക്കിയാലും അവനൊരു സുന്ദരന്‍ തന്നെ. പക്ഷെ, പിന്നില്‍ നോക്കുമ്പോഴാണ് കാര്യങ്ങള്‍ മാറുന്നത്. ബീഭത്സമാമൊരു അനുഭവമാണത്. പലരുമാ കാഴ്ചയില്‍ മോഹാലസ്യപ്പെട്ടു വീണു.

മോര്‍ഡ്രേക്കിന്റെ തലയ്ക്കുള്ളില്‍ മറ്റൊരു തല വളരുന്നുണ്ടായിരുന്നുവത്രെ. ഒരു ശിരോഗര്‍ഭം. പുറകിലോട്ടു നോക്കുന്ന മുഖവും അതിനുണ്ടായിരുന്നു. തുടക്കവും ഒടുക്കവും കാണുന്ന, ഭാവിയും ഭൂതവും കാണുന്ന, മുന്‍പും പിന്‍പും കാണുന്ന, ജാനസ് ദേവിയെ പോലൊരു രൂപം. മുന്നോട്ടു നോക്കുന്ന മനുഷ്യശിരസ്സിനു പുറകില്‍ പിന്നോട്ടു നോക്കുന്ന മറ്റൊരു മുഖം. എന്തൊരു കാഴ്ചയായിരിക്കണമത്. ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ തലയ്ക്കു പിന്നില്‍ ഒരാള്‍ സ്ഥിരമായി ചിരിക്കുകയോ, കരയുകയോ, നെടുവീര്‍പ്പിടുകയോ, മന്ത്രിക്കുകയോ ഒക്കെ ചെയ്യുന്നത്. പുറകില്‍ നിന്ന് നോക്കുന്നവരെ വിടാതെ പിന്തുടരുന്ന തീക്ഷ്ണനയനങ്ങളായിരുന്നു അതിന്. അതില്‍ നിറഞ്ഞു നിന്നതാകട്ടെ, അശാന്തിയും തീവ്രബുദ്ധിശക്തിയും ക്രൗര്യവും കൂടിച്ചേര്‍ന്ന അഗാധതയും. ആ ചുണ്ടുകള്‍ കാഴ്ചക്കാരെ നോക്കി വക്രിക്കുകയും ചെയ്യുമായിരുന്നുവത്രെ. ഈ പിന്‍മുഖത്തിന് സ്‌ത്രൈണഭാവമായിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്. എങ്കിലും,പിന്‍മുഖത്തില്‍ നിന്നൊരു ശബ്ദം എഡ്വേഡ് അല്ലാതെ മറ്റാരും കേട്ടതായി പറയുന്നില്ല.

കണ്ണുകളും മൂക്കും വായുമൊക്കെയുള്ള പൂര്‍ണ്ണമുഖമായിട്ടാണ് വിവരണങ്ങള്‍ എല്ലാം. അതു ഇടയ്ക്കിടെ ഉമിനീരും ഒലിപ്പിച്ചിരുന്നുവത്രെ. എന്തായാലും, പിശാചിന്റെ ഇരട്ട എന്നാണ് അക്കാലത്ത് നാട്ടുകാര്‍ എഡ്വേഡിനെ വിളിച്ചത്. സത്യത്തില്‍ അവരെ സംബന്ധിച്ചിടത്തോളം എഡ്വേഡ് ഒരു ഭീകരരൂപിയായ സാത്താന്റെ അവതാരം തന്നെയായിരുന്നു.

ഒരാള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നിദ്രയില്‍ വീണുപോവുന്ന, എന്നാലിനി ഉറങ്ങുമ്പോഴോ അതിനൊട്ടും കൂട്ടാക്കാത്ത തന്റെ പ്രതിരൂപം തലയ്ക്കുള്ളില്‍ തന്നെ ഇരിക്കുന്ന ഒരവസ്ഥയൊന്നു സങ്കല്പിച്ചു നോക്കൂ. ഭയാനകം തന്നെയത്. ഈ പിശാചിന്റെ മുഖത്തെ ഒന്നു മുറിച്ചുകളയാന്‍ പല ഭിഷഗ്വരന്മാരോടും ആ പാവം പല തവണ കെഞ്ചിയപേക്ഷിച്ചു. നരകത്തിലിരുന്നാരോ തന്റെ തലയ്ക്കകത്ത് മന്ത്രിക്കുന്നതായി രാത്രിയില്‍ തനിക്കനുഭവപ്പെടാറുണ്ടെന്ന് എഡ്വേഡ് പറഞ്ഞിരുന്നു. ഒരിക്കലും ഉറങ്ങാനനുവദിക്കാത്ത ആ പൈശാചികമന്ത്രണങ്ങള്‍ എഡ്വേഡിനെ വിടാതെ പിന്തുടര്‍ന്നു. നരകത്തില്‍ മാത്രം കേള്‍ക്കാനാവുന്ന കാര്യങ്ങളായിരുന്നുവത്രെ ആ പിന്‍മുഖം എഡ്വേഡിന്റെ ചെവിയിലോതിയിരുന്നത്. അത് എറിഞ്ഞുകൊടുത്തിരുന്ന പ്രലോഭനങ്ങളാകട്ടെ, സങ്കല്പിച്ചെടുക്കാന്‍പോലും ആരാലും സാധ്യമല്ല. എന്റെ മുന്‍തലമുറയിലെ ഏതോ ഒരുത്തന്റെ അക്ഷന്തവ്യമായ പാപഭാരമാണ് താന്‍ പേറുന്നതെന്നും മോര്‍ഡ്രേക്ക് വിശ്വസിച്ചു. തലയ്ക്കു പിന്നില്‍ തുന്നിപ്പിടിപ്പിച്ച ദുഷ്ടസുഹൃത്ത് എന്നായിരുന്നു തീര്‍ത്തും നിരാശയുടെ പടുകുഴിയില്‍ വീണുപോയ മോര്‍ഡ്രേക്കിന്റെ വിശേഷണം.

‘ഞാന്‍ മരിച്ചാലും ആ പിന്‍മുഖമൊന്നില്ലാതാക്കിത്തരണമേ’ എന്നു മാത്രമായി ഒടുവില്‍ ആ ഹതഭാഗ്യന്റെ പ്രാര്‍ത്ഥന. പക്ഷെ, ആ മുഖം നീക്കംചെയ്യുക എന്ന സങ്കീര്‍ണ്ണശസ്ത്രക്രിയ ഏറ്റെടുക്കാന്‍ അന്നാരും തയ്യാറായില്ല. ഫലമോ, സ്വന്തം കൂടാരത്തില്‍ ആരോടും ഇടപഴകാതെ തീര്‍ത്തും ഏകാന്തനായി ആ പാവം ജീവിച്ചു. കുടുംബവും സുഹൃത്തുക്കളും ആരുമില്ലാതെ. ഒടുവില്‍, അസഹനീയതയുടെ പാരമ്യത്തില്‍ ആത്മഹത്യയും ചെയ്തു. വെറും ഇരുപത്തിമൂന്നാം വയസ്സില്‍.

വിഷം കഴിച്ചതാണെന്നു പറയുന്നവരാണധികവും. എന്നാല്‍, തന്റെ പിന്നിലെ പിശാചിന്റെ ശബ്ദം ശവക്കുഴിയില്‍ തന്റെ ആത്മാവിനെ പിന്തുടരന്നു പോകരുത് എന്ന ദൃഢനിശ്ചയത്തില്‍ പുറകിലെ മുഖത്തില്‍ നിറയൊഴിച്ചാണ് മരണം വരിച്ചത് എന്നൊരു കഥയും നിലവിലുണ്ട്.

കാല്പനികരായ ചിലര്‍ എഡ്വേഡ് മോര്‍ഡ്രേക്കിനെ സ്വവര്‍ഗ്ഗസ്‌നേഹത്തിന്റെ മൂര്‍ത്തരൂപമായ ആന്റിയോനസ് ആയിക്കണ്ടു. ഹേഡ്രിയന്‍ ചക്രവര്‍ത്തിയുടെ ഉറ്റതോഴനായിരുന്നല്ലോ, പിന്നീട് ദൈവമാക്കപ്പെട്ട ആന്റിയോനസ്.

കഥകളും കെട്ടുകഥകളും നിറഞ്ഞു നിന്ന അക്കാലത്തെ രേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ എന്നതിന്റെ തെളിവുകളൊന്നും ലഭ്യമാവുന്നില്ല. ജന്മത്തീയതിയോ, മരണനാളോ ഒന്നും കുറിച്ചുവെയ്ക്കപ്പെട്ടിട്ടില്ല. എന്തിന്, ആ ശരീരം മറവുചെയ്യപ്പെട്ടിടത്തൊരു ഫലകവുമില്ല. പിശാചിന്റെ ജന്മങ്ങള്‍ക്ക് അതു പാടില്ലായിരുന്നല്ലോ അക്കാലത്ത്. എന്തായാലും, മോര്‍ഡ്രേക്കിനെക്കുറിച്ച് അന്നു മുതല്‍ പ്രചാരത്തിലുള്ളത് അധികവും കെട്ടുകഥകള്‍ തന്നെയാണെന്നു പലരും കരുതുന്നു. ഈ സംഭവത്തെക്കുറിച്ച് ആധികാരികമായ രേഖകള്‍ എവിടേയും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതു തന്നെ കാരണം. പക്ഷെ, കഥകള്‍ വേണ്ടുവോളമുണ്ടുതാനും.

edward mordrake

വിചിത്രമായ ഈ വൈദ്യശാസ്ത്രവിശേഷം 1895-ല്‍ ബോസ്റ്റന്‍ പോസ്റ്റിന്റെ ഒരു ലക്കത്തിലാണ് വിവരിക്കുന്നത്. പക്ഷെ, അതെഴുതിയ ചാള്‍സ് ഹില്‍ഡ്രെത്ത് ആളൊരു കാല്പനികനാണ്. സത്യം തന്നെയാണോ എഴുതിപ്പിടിപ്പിച്ചത് എന്നൊരു സംശയം ബാക്കിനില്ക്കുന്നു എന്നു സാരം. ഏര്‍ലിംഗ് വോള്‍ഡ് എന്നയാള്‍ മോര്‍ഡ്രേക്കിന്റെ കഥ ഓപ്പറ രൂപത്തില്‍ തയ്യാറാക്കുകയുണ്ടായി. ആ കഥ ‘ജീവപര്യന്തമൊരുമിച്ച് ചങ്ങലയില്‍’ എന്നു തുടങ്ങുന്ന ‘പാവം എഡ്വേഡ്’ എന്ന ഗാനമായി ടോം വയിറ്റ്‌സും പാടി. അമേരിക്കന്‍ ഹൊറര്‍ സ്റ്റോറീസ് എന്ന ടീവി സീരീസിലും ഇതു കാണിക്കുകയുണ്ടായി. ഐറീന്‍ ഗാര്‍സിയയുടെ ഒരു സ്പാനിഷ് നോവലുണ്ട് ഈ കഥ പറഞ്ഞു കൊണ്ട്. ഹെല്‍ഗ റോയ്സ്റ്റന്‍ എഴുതിയതായ ‘ഇരട്ടമുഖവുമായി പുറന്തള്ളപ്പെട്ടവന്‍’ എന്ന ഒരു റഷ്യന്‍ പുസ്തകവും കാണാന്‍ കഴിഞ്ഞു.

എന്തായാലും വൈദ്യശാസ്ത്രപ്രകാരം അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ ഈ അവസ്ഥയെ ക്രേനിയോപാഗസ് പാരസൈറ്റിക്കസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ സംഭവിക്കില്ല എന്നു ഉറപ്പു പറയാനാവാത്ത ശിരോ-മുഖദ്വയാവസ്ഥ. ഭ്രൂണവളര്‍ച്ചയില്‍ സംഭവിക്കുന്ന ഒരു തരം ഇരട്ടിപ്പാണത്. ശരീരഭാഗങ്ങള്‍ ഇരട്ടയായി ഉണ്ടാവുന്ന ഡൈപ്രോസോപ്പസ് എന്ന അവസ്ഥയുടെ വകഭേദം. സാധാരണഗതിയില്‍ ഇത്തരം ജന്മങ്ങള്‍ അധികകാലം ജീവിക്കാറില്ല. ഇനി ഇതൊന്നുമല്ലെങ്കില്‍ ഒരു പരാദ ഇരട്ട അഥവാ പാരസൈറ്റിക് അണീക്വല്‍ കണ്‍ജോയിന്റ് ട്വിന്‍ എന്ന അവസ്ഥയുമാവാം. തലയാെട്ടിപ്പിടിച്ച് ജനിക്കാവുന്ന സയാമീസ് ഇരട്ടകളുടെ സാധ്യത 25 ലക്ഷം ജന്മങ്ങളില്‍ ഒന്നാണ്.

അതായത് മോര്‍ഡ്രേക്കിന്റെ കഥയെ പൂര്‍ണ്ണമായി നിരാകരിക്കാനാവുകയില്ല എന്ന്. അതിനൊരു കാരണം കൂടിപ്പറയാം. മോര്‍ഡ്രേക്കിനെപ്പോലൊരാള്‍ 1970-കളില്‍ ചൈനയില്‍ ജീവിച്ചിരുന്നു. ചാങ് ത്സു പിങ് എന്ന പേരില്‍. അദ്ദേഹത്തിന്റെ രണ്ടാം മുഖത്തിന് വായും നാവും പല്ലുകളും അപൂര്‍ണ്ണമായ മറ്റു ശിരോഭാഗങ്ങളും ഉണ്ടായിരുന്നതായി മെഡിക്കല്‍ രേഖകളുണ്ട്. ഒടുവില്‍ അമേരിക്കയില്‍വെച്ച് ഈ മുഖം ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും ചെയ്തു. ഒരു പക്ഷെ, എഡ്വേഡ് മൊര്‍ഡ്രേക്ക് ഈ ആധുനികകാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു എന്നു തോന്നുന്നു.

മോര്‍ഡ്രേക്കിനു സമാനമായി ഒരു ബംഗാള്‍ കുഞ്ഞിന്റെ കഥയും നിലവിലുണ്ട്. അതുകൊണ്ട് മിക്കവാറും മൊര്‍ഡ്രേക്കിന്റെ കഥയില്‍ ഒരു സത്യം ഉണ്ടാവാനിടയുണ്ട് എന്നാണ് എന്റെ തോന്നല്‍. അതെത്രത്തോളം എന്നതിലേ സംശയമുള്ളൂ. ചാങ്ങിന്റേ അനുഭവം നമ്മുടെ മുന്നിലുണ്ടല്ലോ. എന്തായാലും, അതിവിചിത്രമായ ഈ കഥ വായ്‌മൊഴികളിലൂടേയും അതിശയോക്തികളിലൂടേയും വളര്‍ന്നു വലുതായതാവാനും മതി.

ഇവിടെ ചേര്‍ക്കുന്നത് എഡ്വേഡ് മോര്‍ഡ്രേക്കിന്റെ ഒരു മെഴുകുപ്രതിമയാണ്. ഏതോ ഒരു അജ്ഞാതശില്പി നിര്‍മ്മിച്ചത്.

 

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×