പുതിയ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനത്തിനുള്ള കൗണ്ട് ഡൗണ്‍ അടുത്തുവരുന്നതടോ മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗം കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സംസ്ഥാനത്തെ ആര് നയിക്കുമെന്നതില്‍ ഇപ്പോഴും സസ്പെന്‍സ് നിലനില്‍ക്കുകയാണ്. ഭരണത്തുടര്‍ച്ച കിട്ടിയ മഹായുതി സഖ്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പലവിധ പ്രശ്‌നങ്ങളാണ്. മുഖ്യമന്ത്രിക്കസേര തന്നെയാണ് പ്രധാന പ്രശ്‌നം. സഖ്യത്തിലെ പ്രധാന സഖ്യകക്ഷികളായ ഷിന്‍ഡെ വിഭാഗം ശിവസേനയും ബിജെപിയും തമ്മിലാണ് അധികാരം പങ്കിടലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തുടരുന്നത്.
കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും തിങ്കളാഴ്ചത്തെ അദ്ദേഹത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും പെട്ടെന്ന് റദ്ദാക്കിയതും ഊഹാപോഹങ്ങള്‍ വലുതാക്കിയിട്ടുണ്ട്. അനാരോഗ്യമാണ് കാരണമായി പറയുന്നത്. എന്നാല്‍ അടുത്ത സര്‍ക്കാരിനെക്കുറിച്ചുള്ള വ്യക്തതയ്ക്കായി സംസ്ഥാനം കാത്തിരിക്കുന്ന സമയത്ത്, വീട്ടില്‍ തന്നെ കൂടാനുള്ള ഷിന്‍ഡെയുടെ തീരുമാനം സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞുള്ള മാറി നില്‍ക്കല്‍ മഹായുതി സഖ്യത്തിനുള്ളിലെ സംഘര്‍ഷത്തെയും മാറ്റിവച്ച സത്യപ്രതിജ്ഞാ ചടങ്ങിനും പിന്നിലെ കാരണങ്ങളെയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഡിസംബര്‍ അഞ്ചിനായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ നാടകത്തില്‍ ചടങ്ങ് എന്ന് നടക്കുമെന്നതില്‍ വ്യക്തതയില്ല.
ഏക്‌നാഥ് ഷിന്‍ഡെയുടെ ആരോഗ്യവിവരം അന്വേഷിക്കാനെത്തിയ മുതിര്‍ന്ന ബിജെപി നേതാവ് ഗിരീഷ് മഹാജന്റെ സന്ദര്‍ശനം രാഷ്ട്രീയ മര്യാദയായി വ്യാഖാനിക്കുന്നതിനൊപ്പം ചില അഭ്യൂഹങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. മഹാജന്റെ സന്ദര്‍ശനം വെറും സൗഹാര്‍ദ്ദപരം എന്ന് പാര്‍ട്ടി പറയുന്നുണ്ടെങ്കിലും, ബിജെപിയുടെ മുഖ്യമന്ത്രി മുഖമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ സന്ദേശവാഹകനായാണ് മഹാജന്‍ ഷിന്‍ഡെയുടെ വീട്ടില്‍ എത്തിയതെന്ന വ്യാഖ്യാനത്തിനും വലിയ പ്രചാരം കിട്ടിയിട്ടുണ്ട്. കാവല്‍ മുഖ്യമന്ത്രിയായി ഷിന്‍ഡെ തുടരുമ്പോഴും, ഇപ്പുറത്ത് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ജോലികളുമായി ബിജെപി മുന്നോട്ടു പോവുകയാണെന്നാണ് ഇത്തരം നീക്കങ്ങളില്‍ നിന്ന് മനസിലാകുന്നത്. ബിജെപി-ശിവസേന ബന്ധത്തിലെ നിര്‍ണായക ഘടകമായ അധികാരം പങ്കിടല്‍ ഉടമ്പടിയും വകുപ്പുകളുടെ വിഭജനവും സംബന്ധിച്ച അനൗപചാരിക ചര്‍ച്ചയുടെ സാധ്യതകളും മഹാജന്റെ സന്ദര്‍ശനത്തില്‍ നിന്ന് വായിച്ചെടുക്കുന്നുണ്ട്.
അധികാരം പങ്കിടല്‍ രാഷ്ട്രീയം ഒരിക്കലും ലളിതമായി സംഭവിക്കുന്നതല്ല. പ്രത്യേകിച്ച് രണ്ട് പ്രധാന പാര്‍ട്ടികള്‍ അധികാര മോഹങ്ങളുമായി നില്‍ക്കുമ്പോള്‍. ഷിന്‍ഡെയുടെ ശിവസേന തിരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് നിയമസഭയില്‍ 132 സീറ്റുകളുണ്ട്. രണ്ട് പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ കാര്യമായ പങ്കാളിത്തമുള്ളതിനാല്‍, സുപ്രധാന സ്ഥാനങ്ങള്‍ക്കായുള്ള ആവശ്യത്തില്‍ വിട്ടുവീഴ്ച്ചകളുണ്ടാകില്ല. ഉദാഹരണത്തിന്, ഷിന്‍ഡെ ക്യാമ്പ്, ആഭ്യന്തര വകുപ്പ് പോലെയുള്ള പ്രധാന സ്ഥാനങ്ങള്‍ കൈകളിലാക്കാന്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. മുമ്പത്തെ ബിജെപി-സേന സര്‍ക്കാരുകളില്‍ ആഭ്യന്തരം സേനയ്ക്കായിരുന്നു. ഇത്തവണ ആഭ്യന്തരം ശിവസേനയ്ക്ക് വിട്ടുകൊടുക്കാനുള്ള ബിജെപിയുടെ വിമുഖത, അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും കാര്യത്തില്‍ രണ്ട് പാര്‍ട്ടികള്‍ക്കും ഇടയില്‍ വന്നിരിക്കുന്ന മത്സരത്തെയാണ് കാണിക്കുന്നത്.
എന്‍സിപിക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യക്തമായ പങ്കുണ്ട്. 41 സീറ്റുമായി സഖ്യത്തില്‍ അജിത് പവാറിന്റെ പാര്‍ട്ടി നിര്‍ണായകമാണ്. അജിത്തിന്റെ തിങ്കളാഴ്ച്ചത്തെ പെട്ടെന്നുള്ള ഡല്‍ഹി യാത്ര രാഷ്ട്രീയ അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചിരുന്നു. പതിവ് യാത്രയാണെന്നായിരുന്നു എന്‍സിപി നേതാക്കളുടെ പ്രതികരണം. ഈ കളയില്‍ പ്രധാന റോള്‍ ബിജെപിക്ക് തന്നെയാണ്. മന്ത്രിക്കസേര വിതരണവും അധികാരം പങ്കിടലും സംബന്ധിച്ച അന്തിമ തീരുമാനം മോദി-ഷാ- നദ്ദ സഖ്യത്തില്‍ നിന്നായിരിക്കുമെന്നാണ് ഷിന്‍ഡെ പരസ്യമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.
പക്ഷേ ഇതിനിടയിലും കരുനീക്കങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ട്. ഷിന്‍ഡെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് സൂചനകള്‍ പുറത്തു വന്നിരുന്നു. ഈ വാര്‍ത്തയുടെ തീയണയ്ക്കാന്‍ ‘ തങ്ങളുടെ കുടുംബം വ്യക്തിഗത മന്ത്രിസ്ഥാനത്തേക്കാള്‍ പാര്‍ട്ടിയുടെ സംഘടനാ ശക്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു. എന്നാലും, ശ്രീകാന്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ശിവസേനയില്‍ അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടി മത്സരം നടക്കുന്നുണ്ട്.
ഇപ്പോഴത്തെ അനിശ്ചിതത്വങ്ങള്‍ അരങ്ങ് കൊഴുപ്പിക്കാനുള്ള നാടകം മാത്രമാണോ, അതോ ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന് കാര്യമായ വിള്ളല്‍ വീണിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഷിന്‍ഡെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പരസ്യമായി ബിജെപിക്ക് ഉറപ്പുനല്‍കിയിട്ടും, സര്‍ക്കാര്‍ രൂപീകരണത്തില്‍ വരുന്ന കാലതാമസം, തിരശ്ശീലയ്ക്ക് പിന്നില്‍ വലിയ കളിക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ഡിസംബര്‍ നാലിന് ബി.ജെ.പി പുതിയ നിയമസഭാ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്കിലും അന്തിമ തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കപ്പെടാന്‍ സാധ്യതയില്ല.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി, ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എങ്ങനെ അവസാനിക്കും, എന്നതിലും അടുത്ത മുഖ്യമന്ത്രി ആരെന്നതിലും ആശ്രയിച്ചിരിക്കും. ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റെടുക്കാനാണ് സാധ്യത മുഴുവന്‍. മഹായുതി സഖ്യത്തിനുള്ളില്‍ ആരാണ് പ്രബലന്‍ എന്ന് തീരുമാനിക്കുന്നതിലും പ്രധാന സ്ഥാനങ്ങളില്‍ ആരൊക്കെയുണ്ടാകും എന്നതിനെക്കുറിച്ചും കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ടതുണ്ട്. ഇപ്പോഴും സസ്പെന്‍സ് ബാക്കി നില്‍ക്കുന്നതിനാല്‍ എല്ലാ കണ്ണുകളും ഡല്‍ഹിയിലാണ്. ആര് സംസ്ഥാനത്തെ നയിക്കും? ഏതൊക്കെ നിബന്ധകള്‍ അംഗീകരിക്കപ്പെടും എന്നതിലൊക്കെ ഡല്‍ഹിയില്‍ നിന്നായിരിക്കും അ വസാന തീരുമാനം ഉണ്ടാകുക. Shinde Drama Before Fadnavis’ Chief Minister Announcement
Content Summary; Eknath Shinde Drama Before Fadnavis’ Chief Minister Announcement