ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്തംബർ 18നും രണ്ടാംഘട്ടം സെപ്റ്റംബർ 25നും അവസാനഘട്ടം ഒക്ടോബർ 1നും നടക്കും. എന്നാൽ ഹരിയാനയിലെ വോട്ടെടുപ്പ് ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിനായിരിക്കും നടക്കുക. ഒക്ടോബർ 4 ഓടെ രണ്ടിടത്തും ഫലപ്രഖ്യാപനവും നടക്കും. Assembly polls in Jammu and Kashmir
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ഈ മാസം ജമ്മു കശ്മീരിലും ഹരിയാനയിലും സന്ദർശനം നടത്തിയിരുന്നു. ജമ്മു കശ്മീരിൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും സുരക്ഷ ഒരുക്കേണ്ടത് ആവശ്യമാണ്. 90 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ ഓരോ മണ്ഡലത്തിലും ഏകദേശം 15 മുതൽ 20 വരെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നാണ് ഇസി പ്രതീക്ഷിക്കുന്നത്.
ഹരിയാനയിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പ്രത്യേകിച്ചും അടുത്തിടെ നടന്ന ലോക്‌സഭാ (പാർലമെൻ്റ്) തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത മത്സരത്തിന് ശേഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും അഞ്ച് സീറ്റുകൾ വീതം നേടി, 2019ൽ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിൽ 40 സീറ്റുകളും ബിജെപി നേടിയിരുന്നു. 10 സീറ്റുകൾ നേടിയ ജനനായക് ജനതാ പാർട്ടിയുമായി (ജെജെപി) സംസ്ഥാനം ഭരിക്കാൻ സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു.
പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിലെ സാഹചര്യം മാറിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു, കേന്ദ്രഭരണപ്രദേശത്ത് ജനാധിപത്യം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 42.6 ലക്ഷം സ്ത്രീകൾ ഉൾപ്പെടെ 87.09 ലക്ഷം വോട്ടർമാരുള്ള ജമ്മു കശ്മീരിൽ 11,838 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ 20,629 പോളിംഗ് സ്‌റ്റേഷനുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2 കോടിയിലധികം വോട്ടർമാരുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടിക ഓഗസ്റ്റ് 27ന് പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവലോകനം ചെയ്തതായി മാധ്യമങ്ങളെ അറിയിച്ച കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയായിരുന്നു. Assembly polls in Jammu and Kashmir
Content summary; Election Commission announced the dates for the Assembly polls in Jammu and Kashmir