December 13, 2024 |

തിരഞ്ഞെടുപ്പും കള്ളപ്പണവും പിന്നെ പാതിരാ നാടകവും

പാലക്കാട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു ട്രോളി ബാഗിലേക്ക് ഒതുങ്ങിയിരിക്കുകയാണ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍.

പാലക്കാട് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു ട്രോളി ബാഗിലേക്ക് ഒതുങ്ങിയിരിക്കുകയാണ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍. മൂന്ന് മുന്നണികളും വീറോടെ പ്രചാരണരംഗത്ത് നിറഞ്ഞുനിന്ന പാലക്കാട്, രാഷ്ട്രീയത്തിനപ്പുറം വിവാദങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളടക്കം താമസിച്ച ഹോട്ടലില്‍ പാതിരാത്രി പോലീസ് നടത്തിയ പരിശോധന വലിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.

കള്ളപ്പണം എത്തിച്ചെന്ന സംശയത്തിലായിരുന്നു നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയതെന്നാണ് പോലീസ് നടപടികള്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം.  പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും, അതല്ല സാധാരണ നിലയിലുള്ള പരിശോധനയായിരുന്നുവെന്നും രണ്ടുപക്ഷവുമുണ്ട്. സംഭവത്തെ തുടര്‍ന്ന് സിപിഎം, ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തുകയും ഹോട്ടല്‍ പരിസരത്ത് സംഘര്‍ഷവും ഉടലെടുക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ വരെ നീണ്ട പരിശോധന അവസാനിച്ചപ്പോള്‍ ഒന്നും കിട്ടിയില്ലെന്ന് പോലീസിന് രേഖാമൂലം എഴുതിക്കൊടുക്കേണ്ടിയും വന്നു. എന്തിനായിരുന്നു ഈ പാതിരാ നാടകം എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.

ആദ്യം വനിതാ പോലീസ് ഇല്ലാതെയാണ് മഫ്തിയിലുള്ള ഉദ്യോഗസ്ഥരടക്കം പരിശോധനയ്ക്ക് എത്തിയത്. പുരുഷ പോലീസ് മാത്രം കയറി തങ്ങളുടെ മുറി പരിശോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും, ബിന്ദു കൃഷ്ണയും എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് വനിതാ പോലീസും സ്ഥലത്തേക്ക് എത്തുകയായിരുന്നു. വനിതാ നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.

സംഭവം വിവാദമായതോടെ പാലക്കാട് കെപിഎം ഹോട്ടലിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെനി നൈനാന്‍ ട്രോളി ബാഗുമായി വന്നതിന്റെ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിടുകയായിരുന്നു. ഇതോടെ ഈ നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളായി. എന്നാല്‍, കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കായി താന്‍ കരുതിയ വസ്ത്രങ്ങളാണ് ട്രോളി ബാഗിലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നുണ്ടെങ്കിലും, ഇത് വിശ്വസനീയമല്ലെന്നാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാട്.

എന്നാല്‍, കള്ളപ്പണ ആരോപണം തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പെട്ടിയിലുണ്ടായിരുന്നത് പണമായിരുന്നു എന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. കോഴിക്കോട്ടേക്ക് രാഹുല്‍ പുറപ്പെട്ട കാറില്‍ അല്ല വിവാദ ബാഗ് കയറ്റിയത് എന്നതാണ് ഏറ്റവും ഒടുവിലെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് പ്രതിരോധിക്കാന്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍, താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും ഹ്രസ്വ ചര്‍ച്ചയ്ക്ക് ശേഷം നഗരത്തില്‍ വച്ച് തന്നെ കാര്‍ മാറിക്കയറിയെന്നും വിശദീകരിച്ചു. കോഴിക്കോട് താന്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും രാഹുല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിച്ചു. ഇക്കാര്യം തെളിയിക്കാന്‍ തന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്നും രാഹുല്‍ പറയുന്നു. സംശയം ദൂരീകരിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും രാഹുല്‍ പറയുന്നു.

കള്ളപ്പണ വിവാദം സിപിഎം-ബിജെപി ഒത്തുകളിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അട്ടിമറി ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാകട്ടെ ഇത് കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയെന്ന് ആവര്‍ത്തിച്ചാരോപിക്കുകയാണ്. രാത്രി ഹോട്ടലില്‍ നടന്ന പോലീസ് റെയ്ഡില്‍ ഷാഫി പറമ്പിലും മന്ത്രിസഭയിലെ പ്രമുഖനും ഗൂഡാലോചന നടത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഷാഫി പറമ്പില്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. കള്ളപ്പണം ഒളിപ്പിക്കാന്‍ പോലീസ് കൂട്ടുനിന്നെന്നും അതുകൊണ്ടാണ് വിവാദത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാത്തതെന്നുമാണ് സുരേന്ദ്രന്റെ ആരോപണം. കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് ഒത്താശ ചെയ്തത് പോലീസാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്.

എന്നാല്‍ റെയ്ഡ് വിവാദം കത്തിപ്പടര്‍ന്നതോടെ പ്രതിരോധത്തിലായിരിക്കുന്നത് കേരള പോലീസ് തന്നെയാണ്. റെയ്ഡ് വിവരം പോലീസ് തന്നെ ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ശക്തമാണ്. അതുകൊണ്ടാണ് സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേക്ക് കടക്കാന്‍ പോലീസ് ഒരുങ്ങുന്നതെന്നും ഇതിനോടകം ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അതേസമയം, കുഴല്‍പ്പണ ആരോപണത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട് ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദ്ദേശത്തില്‍ ഉള്ളത്.

കൂടാതെ സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ചുമതല നല്‍കിയിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണം നടക്കുക.

അതേസമയം, കള്ളപ്പണ ആരോപണത്തില്‍ പാലക്കാട് സിപിഎം ജില്ലാ നേതൃത്വം രണ്ട് തട്ടിലായിരിക്കുകയാണ്. ‘തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അത്തരം വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വിജയിച്ച് വരാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടത്. പണമുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ടത് പാര്‍ട്ടികളല്ല പോലീസാണെന്നുമാണ്’ സിപിഎം സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസിന്റെ നിലപാട്.

എന്നാല്‍, എന്‍.എന്‍ കൃഷ്ണദാസിന്റെ വാദത്തെ തള്ളി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ. എന്‍. സുരേഷ് ബാബുവും രംഗത്തെത്തി. കള്ളപ്പണ വിവാദവും തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്നാണ് സുരേഷ് ബാബുവിന്റെ വാദം. ജനകീയ വിഷയങ്ങള്‍ക്കൊപ്പം കള്ളപ്പണവും ചര്‍ച്ചയാകും. യു.ഡി.എഫിനെതിരെ എല്ലാ ജനകീയ, രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയാകുന്നുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും പറയുന്നത് ഒരേ കാര്യങ്ങളാണെന്നും പറഞ്ഞ് കൃഷ്ണദാസ് പിന്നീട് മലക്കം മറിഞ്ഞു. സുരേഷ് ബാബുവുമായി ഏറെ നാളായി തുടരുന്ന ശീതസമരമാണ് കൃഷ്ണദാസിന്റെ അഭിപ്രായപ്രകടനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിപ്പോള്‍ ആശ്വാസമായിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെയാണ്.

content summary; elections black money and drama

×