കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും ഒരാള്‍ മരണപ്പെടുന്നത്. കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണി സ്വദേശിയായ കോടിയാട്ട് എല്‍ദോസ് വര്‍ഗീസ്(45) ആണ് തിങ്കളാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു നേര്യമംഗലത്ത് വിദ്യാര്‍ഥിനിയായ ആന്‍മേരി മരണപ്പെട്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനാണ് എല്‍ദോസ്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് ആന ആക്രമിക്കുന്നത്.
അതുവഴി കടന്നു പോവുകയായിരുന്ന ഓട്ടോറിക്ഷക്കാര്‍ മൃതദേഹം കാണുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. ഛിന്നഭിന്നമായ നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. അടുത്തുള്ള മരത്തില്‍ അടിച്ച് കൊന്നിരിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്. വഴിവിളക്കുകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ പ്രദേശത്ത് ആകെ ഇരുട്ടാണെന്നും നാട്ടുകാര്‍ പറയുന്നു. ഈ ഇരുട്ടില്‍ ആന പതുങ്ങി നില്‍ക്കുകയാണെങ്കിലും അറിയാന്‍ കഴിയില്ല. elephant attack Kothamangalam
ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല. മൂന്ന് ദിവസത്തിനിടെ രണ്ട് ജീവനുകള്‍ പൊലിയുക എന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങള്‍ക്കും സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം ഉണ്ടാവണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ പ്രതിഷേധം തുടരുകയാണ്.
സംഭവത്തില്‍ കുടുംബത്തിന് ധനസഹായം ഇന്ന് തന്നെ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ദൗര്‍ഭാഗ്യകരവും ഹൃദയഭേദകവുമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്, ഒരു ചെറുപ്പക്കാരന്‍ ദാരുണമായി കൊല്ലപ്പെടുന്നത് ആര്‍ക്കും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്ന കാര്യമല്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്യമറിഞ്ഞപ്പോള്‍ തന്നെ മോണിറ്ററിങ് നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു, രണ്ട് ഗഡുക്കളായാണ് സാധാരണ ധനസഹായം നല്‍കാറ് എന്നാല്‍ എന്നാല്‍ എല്‍ദോസിന്റെ കുടുംബത്തിന് ഇന്ന് തന്നെ മുഴുവന്‍ തുകയും നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംഭവ സ്ഥലത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളില്‍ ഹാങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ട്രഞ്ച് കുഴിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ മുഖാന്തരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി തന്നെ പാലിക്കുമെന്നുള്ള ഉറപ്പും അദ്ദേഹം നല്‍കി.
ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് അല്‍പം കാലതാമസം ഉണ്ടായേക്കാം, വനം വകുപ്പിലെ ചെറിയ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കരാറു നല്‍കുന്നില്ല. പണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നാണ് മന്ത്രി പറഞ്ഞത്, ഇപ്പോള്‍ കുട്ടമ്പുഴ, കോതമംഗലം റേഞ്ചില്‍ ഹാങിങ് ഫെന്‍സിങ് ട്രഞ്ച് കുഴിക്കാനും പണം അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്. അദ്ദേഹം വ്യക്തമാക്കി.
വനപ്രദേശത്ത് കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത് ശെരിയാണോയെന്നുള്ള ചോദ്യങ്ങള്‍ ഉയരുന്നതായും മന്ത്രി വ്യക്തമാക്കി. രാത്രിയും പകലുമില്ലാതെ ആളുകള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനനുസരിച്ച് ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുകയാണെന്ന വസ്തുത വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കാട്ടാന ആക്രമണം ഉണ്ടായ ഉരുളംതണ്ണിയില്‍ ഒരു വര്‍ഷം മുന്‍പ് ആദിവാസിയായ ഒരാളെയും ആനചവിട്ടി കൊന്നിരുന്നു. ഫെന്‍സിങ് നിര്‍മിക്കാമെന്നും കിടങ്ങ് നിര്‍മിക്കാമെന്നും വാക്ക് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇതിന്റെ തൊട്ടടുത്തുള്ള അട്ടിക്കളത്തുള്ള മൂന്നു സ്ത്രീകളാണ് അടുത്തിടെ പശുവിനെ അന്വേഷിച്ച് വനത്തിനകത്തു പോയി ആനപ്പേടിയില്‍ കുടുങ്ങിയതും പിന്നീട് രക്ഷപ്പെടുത്തിയതും. ഇവര്‍ താമസിക്കുന്ന അട്ടിക്കളത്തും ആനയുടെ ശല്യം രൂക്ഷമാണ്. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയ്ക്ക് പുറമെ മറ്റു വന്യമൃഗങ്ങളുടേയും ശല്യം ഇവിടെ രൂക്ഷമാണ്.
‘എറണാകുളം ജില്ലയിലെ വന്യ മൃഗശല്യം ഏറ്റവും കൂടുതലുള്ള പഞ്ചായത്താണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ഏറ്റവും കൂടുതല്‍ വന്യമൃഗ ശല്യമുള്ള നിയോജകമണ്ഡലമാണ് കോതമംഗലം. എന്റെ അറിവില്‍ എട്ടോ ഒന്‍പതോ ആളുകള്‍ ഇത്തരത്തില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടിട്ടുണ്ട്.സംഭവ സ്ഥലത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളില്‍ ഹാങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ട്രഞ്ച് കുഴിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. കാര്‍ഷിക വിളകള്‍ കഴിക്കാനും മറ്റുമാണ് ആനകള്‍ കൂടുതലായും നാട്ടിലിറങ്ങുന്നത്. ആനകളെ നിയന്ത്രിക്കുക എന്നതാണ് ഇതിനുള്ള ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.’ കുട്ടമ്പുഴ പഞ്ചായത്ത് മെമ്പര്‍ ബിനീഷ് നാരായണന്‍ പറയുന്നു.elephant attack Kothamangalam
content summary; elephant attack Kothamangalam