ആറ് ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ട ഹോളോകോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ ചാറ്റ്ബോട്ടായ ഗ്രോക്ക് തെറ്റായ വിവരം നൽകിയതായി റിപ്പോർട്ട്. ഹോളോകോസ്റ്റിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് സംശയാസ്പദമായ സംഭവം എന്നാണ് ഗ്രോക്ക് മറുപടി നൽകിയതെന്ന് ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.ചരിത്രപരമായ വസ്തുതയെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഗ്രോക്ക് ചാറ്റ്ബോട്ടിനെതിരെയും മസ്കിനെതിരെയും രൂക്ഷ വിമർശനങ്ങളും ഉയർന്നു.
മെയ് 14ന് ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ എണ്ണത്തെക്കുറിച്ച് പറയാൻ ഗ്രോക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വംശഹത്യയിൽ ആറ് ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ടുവെന്ന ചരിത്രപരമായ വസ്തുത നിലനിൽക്കെ, ആറ് ദശലക്ഷം എന്ന സംഖ്യ കൃത്യമാണോ എന്ന് സംശയമുണ്ടെന്നും തെളിവുകൾ ഇല്ലാത്തതിനാൽ കൊല്ലപ്പെട്ടവരുടെ എണ്ണം രാഷ്ട്രീയ പ്രേരിതമായ ഒന്നാണെന്നുമാണ് ഗ്രോക്ക് മറുപടി നൽകിയത്. പ്രോഗ്രാമിങ്ങ് പ്രശ്നമാണ് ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാകാൻ കാരണമെന്നാണ് സംഭവത്തിൽ മസ്‌കിന്റെ എഐ സംരംഭമായ എക്സ് എഐ പ്രതികരണം അറിയിച്ചത്.
നാസി രേഖകളിൽ നിന്നും പതിറ്റാണ്ടുകളുടെ ചരിത്ര ഗവേഷണങ്ങളിൽ നിന്നുമുള്ള വസ്തുതയെയാണ് ഗ്രോക്ക് തള്ളിപ്പറഞ്ഞതെന്നും അതിന്റെ പേരിലാണ് വിമർശനമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. റോളിംഗ് സ്റ്റോൺ എന്ന അമേരിക്കൻ മാഗസിനാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടർന്ന് മസ്കിനെതിരെയും കമ്പനിക്കെതിരെയും വിമർശനവുമായി ജനങ്ങൾ രംഗത്തെത്തുകയായിരുന്നു. എക്സ് എഐയിലെ ഒരു ജീവനക്കാരൻ നടത്തിയ പരിഷ്‌ക്കരണമാണ് പിശകിന് കാരണമായതെന്നാണ് എക്സ് എഐ പറയുന്ന വാദം. മെയ് 15 ഓടെ പ്രശ്നം പരിഹരിച്ചുവെന്നും തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കാൻ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചതായി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഒരു പോസ്റ്റ് എക്സിൽ പങ്കുവെച്ചതിന് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ മസ്കിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ വെളുത്ത വംശഹത്യ എന്ന തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തം പ്രോത്സാപിപ്പിച്ചതിനും ഗ്രോക്ക് വിമർശനം നേരിട്ടിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും പ്രചരിപ്പിച്ച ഈ സിദ്ധാന്തത്തിൽ വെളുത്ത ദക്ഷിണാഫ്രിക്കക്കാർ ആസൂത്രിതമായി കൊല്ലപ്പെടുന്നുവെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഇതിനെ തള്ളുകയും പൂർണ്ണമായും തെറ്റായ വിവരണം എന്ന് പറയുകയും ചെയ്തതായാണ് റിപ്പോർട്ട്.
കമ്പനി അവകാശപ്പെടുന്ന പ്രോഗ്രമിങ്ങ് പിശക് പരിഹരിച്ചതിന് ശേഷം ഹോളോകോസ്റ്റിനെക്കുറിച്ച് വീണ്ടും ചോദിക്കുകയും ഗ്രോക്ക് അതിന് ശരിയായി മറുപടി നൽകുകയും ചെയ്തിരുന്നു. 6 ദശലക്ഷം എന്ന കണക്ക് ചരിത്ര തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ചരിത്രകാരന്മാർ ഇത് വ്യാപകമായി അംഗീകരിക്കുന്നുവെന്നും ഗ്രോക്ക് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മസ്‌കിന്റെ എഐ സംരംഭമായ എക്സ് എഐ ഫെബ്രുവരിയിലാണ് ഗ്രോക്ക് 3 അവതരിപ്പിച്ചത്. മുൻഗാമിയായ ഗ്രോക്ക് 2 നേക്കാൾ പത്തുമടങ്ങ് മികച്ചതാണ് ഗ്രോക്ക് 3 എന്നായിരുന്നു അവതരണവേളയിൽ മസ്‌ക് അവകാശപ്പെട്ടിരുന്നത്.
Content Summary: elon musk AI chatbot denies Holocaust; explained Programming error after controversy