ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം അദ്ദേഹത്തിന് മൂത്രാശയ രോഗങ്ങള്‍ക്ക് വരെ കാരണമായതായി റിപ്പോര്‍ട്ട്. മസ്‌ക് ദിവസേന ഏകദേശം 20 ഗുളികകള്‍ കഴിക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മസ്‌ക് ഡോജ് മേധാവിയായിരുന്ന സമയം കെറ്റാമിന്‍, എക്‌സ്റ്റസി, സൈക്കഡെലിക് മഷ്‌റൂം എന്നിവ പതിവായി ഉപയോഗിച്ചിരുന്നതായും ഉത്തേജക മരുന്നായ അഡെറാളും ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചരണ സമയത്ത് 275 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയപ്പോഴും ഡോജിന് നേതൃത്വം നല്‍കിയ സമയത്തുമാണ് മയക്കുമരുന്ന് ഉപയോഗം കൂടിയത് എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
താന്‍ വലിയ അളവില്‍ കെറ്റാമൈന്‍ കഴിക്കുന്നുണ്ടെന്നും അത് തന്റെ മൂത്രസഞ്ചിയെ ബാധിക്കുന്നുണ്ടെന്നും മസ്‌ക് സഹപ്രവര്‍ത്തകനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എക്‌സ്റ്റസി ഡ്രഗിനെ ഷെഡ്യൂള്‍ 1 കാറ്റഗറിയിലാണ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനോദത്തിനോ മറ്റ് മെഡിക്കല്‍ ആവശ്യത്തിനോ ഇവ അനുവദനീയമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിരോധനവുമുണ്ട്. കെറ്റാമൈന്‍ ഷെഡ്യൂള്‍ 3 ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നിയമപരമായി ഉപയോഗിക്കാമെങ്കിലും മറ്റ് മയക്കുമരുന്നുകളുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
2024 മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകനായ ഡോണ്‍ ലെമണിനോട് രണ്ടാഴ്ച കൂടുമ്പോള്‍ ചെറിയ അളവില്‍ കെറ്റാമൈന്‍ കഴിക്കാറുണ്ടെന്ന് മസ്‌ക് പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ അളവില്‍ മസ്‌ക് കെറ്റാമൈന്‍ ഉപയോഗിച്ചിരുന്നതായാണ് കരുതുന്നത്.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായുള്ള മസ്‌കിന്റെ ബന്ധം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. കാബിനറ്റ് അംഗങ്ങളെ അപമാനിക്കുന്നതും റാലിയില്‍ നാസികള്‍ സല്യൂട്ട് ചെയ്യുന്നതുപോലെയുള്ള സല്യൂട്ടും വ്യാപകമായ വിമര്‍ശനത്തിന് കാരണമായിരുന്നു. ഡോജില്‍ നിന്നുള്ള മസ്‌കിന്റെ രാജിക്ക് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് ബന്ധിപ്പിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഡോജിന്റെ തലവനായി വൈറ്റ് ഹൗസില്‍ അധികാരത്തിലിരുന്നപ്പോഴെല്ലാം മസ്‌ക് ലഹരി ഉപയോഗിച്തച്ചിരുന്നോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുളളയാളാണ് ഇലോണ്‍ മസ്‌ക്. 2018 ല്‍ ജോ റോഗനുമൊത്തുള്ള ഒരു പോഡ്കാസ്റ്റില്‍ മസ്‌ക് മയക്കുമരുന്ന് വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷാദരോഗം നിയന്ത്രിക്കാനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം അനസ്‌തെറ്റിക്കായാണ് കെറ്റാമൈന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു മസ്‌ക് നേരത്തെ പ്രതികരിച്ചത്. ദിവസം 16 മണിക്കൂര്‍ ജോലി ചെയ്യുന്നതിനാല്‍ ചെറിയ അളവില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും മസ്‌ക് പറഞ്ഞിരുന്നു. Elon musk used heavy drugs which extremely affected his bladder
Content Summary: Elon musk used heavy drugs which severely affected his bladder