April 25, 2025 |

ജീവിക്കാന്‍ ഏറെ ആഗ്രഹിച്ചു, അങ്ങേയറ്റം പൊരുതി; ഒടുവില്‍ മരണത്തിലേക്ക് നടന്ന് ഷൈനിയും മക്കളും

ഒരു തൊഴിലുണ്ടായിരുന്നുവെങ്കില്‍ അവരാ ദുരന്തവഴി സ്വയം ഏറ്റെടുക്കുമായിരുന്നില്ല

കൂടെ നില്‍ക്കാനോ, മുറുകെ പിടിക്കാനോ ആരുമില്ലാഞ്ഞിട്ടും സ്വന്തമായി ഒരു ജോലി എന്ന സ്വപ്‌നമായിരുന്നു ഷൈനിയെ ജീവിക്കാന്‍ അതുവരെ പ്രേരിപ്പിച്ചത്. സ്‌നേഹിച്ച മനുഷ്യരുടെയെല്ലാം മുന്‍പില്‍ കരുണയ്ക്കും പരിഗണനയ്ക്കും വേണ്ടി യാചിച്ച്, ഒടുവില്‍ ജീവിക്കാനായി എല്ലാ വാതിലുകളും മുട്ടി. അവിടെയും പരിഹാസം മാത്രം ഏറ്റുവാങ്ങിയതോടെ രണ്ട് പെണ്‍മക്കളേയും കൂട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനിയും മക്കളും അതിജീവനത്തിന്റെ അവസാന കച്ചിത്തുരുമ്പും തിരഞ്ഞ ശേഷമാണ് മരണത്തിലേക്ക് നടന്നുനീങ്ങിയത്.ettumanoor shiny and daughters suicide; after struggling with life the mother chose to die

എത്രയെത്ര വേദനകള്‍ക്കും നിസ്സഹായതകള്‍ക്കുമിടയില്‍ നിന്നാവും മരണമെന്നൊരൊറ്റ ഉത്തരത്തിലേക്ക് അവര്‍ നടന്നിട്ടുണ്ടാവുക. പിടിച്ചുനില്‍ക്കാനൊരു ജോലി ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ആ മൂന്ന് ജീവനുകളും ഇന്ന് ഈ ഭൂമിയില്‍ അവശേഷിക്കുമായിരുന്നു. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ മക്കളെയും കൊണ്ട് രാത്രി റോഡില്‍ കുത്തിയിരിക്കുന്ന ഷൈനിയെയും മക്കളെയും നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് കൂട്ടിക്കൊണ്ടുപോയ സ്വന്തം വീട്ടുകാരും ആ മകളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തു പിടിച്ചില്ല.

ഷൈനിയും രണ്ട് മക്കളും ഉള്ളിലൊക്കിയ വേദനകളൊക്കെ ഇന്ന് നമ്മുടെ കൂടി നൊമ്പരമായി മാറുമ്പോഴും ഈ ആത്മഹത്യകള്‍ക്ക് നമ്മള്‍ കൂടി ഉത്തരവാദികളാണ്. പലവട്ടം ഇവരുടെ വീട്ടില്‍ നിന്നും കൂട്ടനിലവിളികള്‍ ഉയര്‍ന്നിട്ടും അവരെ ചേര്‍ത്തുനിര്‍ത്താനോ പരിഹാരം കാണാനോ ആരുമുണ്ടായില്ല. ബിഎസ്‌സി നേഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ ഷൈനി മരണത്തിന് തൊട്ടുമുമ്പ് വരെ തൊഴിലിനായി അലഞ്ഞു. ദീര്‍ഘകാലം തൊഴിലില്‍ നിന്നും വിട്ടുനിന്നത് തൊഴില്‍സാധ്യത ഇല്ലാതാക്കി. ഭര്‍ത്താവടക്കമുള്ളവര്‍ തൊഴില്‍ ലഭിക്കാതിരിക്കാന്‍ നിരന്തരം പ്രയത്‌നിച്ചു. അക്കൂട്ടത്തില്‍ വൈദിക വേഷമിട്ട ഒരാള്‍ കൂടി ഉണ്ടായിരുന്നു.

വീടിനടുത്തെ പാലിയേറ്റീവ് കെയറില്‍ കുറച്ച് നാള്‍ മുമ്പ് ഷൈനി ജോലിക്ക് കയറിയെങ്കിലും സ്വന്തം പിതാവ് കാരണം തന്നെ ഷൈനിക്ക് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. മകള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ അച്ഛന്‍ തുടര്‍ച്ചയായി പരാതി നല്‍കിയതോടെയാണ് ഷൈനി രാജിവെച്ചതെന്ന് സ്ഥാപന ഉടമ തന്നെ പറയുന്നു.

ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ഭര്‍ത്താവ് നോബി ലൂക്കോസ്, ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചതായും വിവാഹമോചനക്കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞതായാണ് നോബിയുടെ മൊഴി. ഷൈനിയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു.

ട്രെയിനിന്റെ ഹോണടി മുഴങ്ങിയിട്ടും അമ്മയെ കെട്ടിപ്പിടിച്ച് പാളത്തില്‍ അനങ്ങാതെ ഇരുന്ന പത്തും പതിനൊന്നും വയസ് പ്രായമുള്ള ആ രണ്ട് കുഞ്ഞുങ്ങള്‍ ഇതിനോടകം ഉള്ളിലൊതുക്കിയ എത്രമാത്രം വേദനകള്‍ക്കിടയിലും നിസ്സഹായതകള്‍ക്കിടയിലും നിന്നാവും മരണത്തെ നോക്കിക്കണ്ടത്. ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീടിന് എതിര്‍വശത്തുള്ള റോഡിലൂടെയാണ് റെയില്‍വേ ട്രാക്കിലേക്കെത്തിയത്. ഇളയമകള്‍ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജീവിച്ചിരിക്കാന്‍ വേണ്ടി, ജീവിതത്തോട് പൊരുതിയ നമുക്ക് ചുറ്റുമുള്ള പല സ്ത്രീകളും ചാടിക്കടന്ന വെന്ത കാലത്തിന്റെ പൊള്ളുന്ന ഓര്‍മകള്‍ ഒരിക്കലും കെടാത്ത തീ ജ്വാലതന്നെയാണ്. അവര്‍ നടന്ന വഴിയിലൂടെ നടക്കാന്‍ ഷൈനി ഒരുപാട് പൊരുതിയെങ്കിലും ഒടുവില്‍ എല്ലാ പ്രതീക്ഷയും കെട്ടടങ്ങുകയായിരുന്നു. ഒരു തൊഴിലുണ്ടായിരുന്നുവെങ്കില്‍ അവരാ ദുരന്തവഴി സ്വയം ഏറ്റെടുക്കുമായിരുന്നില്ല. ആ കുഞ്ഞുങ്ങളിപ്പോഴും കളിചിരികളോടെ ഈ ഭൂമിയിലുണ്ടാകുമായിരുന്നു. അന്തസ്സോടെ ജീവിക്കുമായിരുന്നു… ettumanoor shiny and daughters suicide; after struggling with life the mother chose to die

Content Summary: ettumanoor shiny and daughters suicide; after struggling with life the mother chose to die

Leave a Reply

Your email address will not be published. Required fields are marked *

×