January 21, 2025 |

EXPLAINER: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സാധ്യതകളും പ്രത്യാഘാതങ്ങളും

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ എങ്ങനെയെല്ലാം ബാധിക്കും

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നവീകരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്'(ONOE) ബില്‍ എന്നറിയപ്പെടുന്ന ഭരണഘടന (129ാം ഭേദഗതി) ബില്‍ 202.’ ഈ നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭയുടെയും (പാര്‍ലമെന്റിന്റെ അധോസഭ) ജമ്മു-കശ്മീര്‍, പുതുച്ചേരി, ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളുടെയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കുക, തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയ്ക്കുക, ഭരണത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പരിഷ്‌കാരത്തിന് പിന്നിലെ ആശയം. എന്നിരുന്നാലും, ഇത്തരമൊരു സംവിധാനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ അതിന്റെതായ വെല്ലുവിളികളും നിയമ സങ്കീര്‍ണ്ണതകളുമുണ്ട്. One country one choice; Possibilities and Implications

ബില്‍ എന്താണ് നിര്‍ദ്ദേശിക്കുന്നത്?
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. അജണ്ട അനുസരിച്ച്, ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമായി പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക്(ജെപിസി) അയച്ചിരിക്കുകയാണ്. ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരാനാണ് ബില്‍ ലക്ഷ്യമിടുന്നത്. വര്‍ഷം മുഴുവനും ഒന്നിലധികം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെ ഭരണപരവും സാമ്പത്തികവുമായ ഭാരം കുറയ്ക്കുന്നതിന് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നത് ഗുണം ചെയ്യുമെന്ന് ശുപാര്‍ശയില്‍ പറയുന്നു.

ലോക്സഭയിലേക്കും എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നിര്‍ബന്ധമാക്കുന്ന ആര്‍ട്ടിക്കിള്‍ 82(എ) അവതരിപ്പിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നത്. നിയമനിര്‍മ്മാണ സമിതികളുടെ കാലാവധി, തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരം എന്നിവ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 83, 172, 327 എന്നിവയിലും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നു. 2034 വരെ ഒരേസമയത്തുള്ള തിരഞ്ഞെടുപ്പുകള്‍ പ്രാബല്യത്തില്‍ വരില്ലെന്ന് ബില്ലില്‍ പറയുന്നുണ്ട്. ഈ കാലയളവ് വലിയൊരു മാറ്റത്തിലേക്ക് തയ്യാറെടുക്കുന്നതിനുള്ള ഒരു പരിവര്‍ത്തന ഘട്ടമായാണ് പരിഗണിക്കുന്നത്.

ഒറ്റ തിരഞ്ഞെടുപ്പ്; എങ്ങനെ നടപ്പില്‍ വരുത്തും?
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് (ONOE) സംവിധാനം രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്:

ഘട്ടം ഒന്ന്: ഈ ഘട്ടത്തില്‍ ലോക്സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേ സമയം നിശ്ചയിച്ചു നടത്തും. പ്രത്യേകം വോട്ടിംഗ് ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കുക, ചെലവ് കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

ഘട്ടം രണ്ട്: രണ്ടാം ഘട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള (മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ മുതലായവ) തെരഞ്ഞെടുപ്പുകളും ഒറ്റഘട്ടത്തിലേക്ക് മാറ്റും, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ ഈ തിരഞ്ഞെടുപ്പ് നടക്കും.

ഈ തിരഞ്ഞെടുപ്പ് പരിവര്‍ത്തന പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്ര നിര്‍വ്വഹണ ഗ്രൂപ്പ് രൂപീകരിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ സാധ്യതകളും പ്രവര്‍ത്തനങ്ങളും പഠിക്കാന്‍ ചുമതലപ്പെടുത്തിയ ഉന്നതതല സമിതിയായ കോവിന്ദ് പാനലിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുക മേല്‍പ്പറഞ്ഞ സംഘമായിരിക്കും.

Post Thumbnail
ഒരേയൊരു രാജലക്ഷ്മി, ഉത്തരങ്ങള്‍ കിട്ടാത്ത ഒരേയൊരു ജീവിതംവായിക്കുക

കോവിന്ദ് പാനലിന്റെ ശുപാര്‍ശകള്‍
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പാനല്‍ ഒരേ സമയത്തുള്ള തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ സുഗമമായി മാറ്റുന്നതിനെന്ന പേരില്‍ നിരവധി പ്രധാന ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.

പ്രധാന ശുപാര്‍ശകള്‍ :

തീയതി നിശ്ചയിക്കല്‍: ഒരൊറ്റ തിരഞ്ഞെടുപ്പ് നടപ്പില്‍ വരുത്തുന്നതിനായി 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു നിശ്ചിത തീയതി തീരുമാനിക്കണമെന്ന് പാനല്‍ നിര്‍ദ്ദേശിക്കുന്നു. ഈ തീയതിക്ക് ശേഷം രൂപീകരിക്കുന്ന എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി അടുത്ത(2029) പൊതുതിരഞ്ഞെടുപ്പ് തീയതി വരെ ഉണ്ടാകൂ. ഉദാഹരണത്തിന്, 2025-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്തിന് 4 വര്‍ഷം മാത്രമേ അധികാരത്തില്‍ ഇരിക്കാന്‍ സാധിക്കു. 2027-ല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാകട്ടെ, 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മാത്രം, അതായത് വെറും രണ്ട് വര്‍ഷം.

കാലാവധി ക്രമീകരിക്കല്‍: നിയുക്ത തീയതിക്ക് ശേഷം രൂപീകരിക്കുന്ന ഏതൊരു സംസ്ഥാന ഗവണ്‍മെന്റും ലോക്‌സഭയുടെ അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന കാലയളവ് മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്ന് പാനല്‍ ശുപാര്‍ശ ചെയ്യുന്നു. ഈ തീയതിക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന അസംബ്ലികള്‍ ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടുമെന്നാണ് ഇതിനര്‍ത്ഥം.

ഇടക്കാല തിരഞ്ഞെടുപ്പ്: ഒരു സംസ്ഥാന നിയമസഭ അതിന്റെ പൂര്‍ണ കാലാവധിക്ക് മുമ്പ് പിരിച്ചുവിട്ടാല്‍, ആ നിയമസഭയിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തും. ഇടക്കാല തെരഞ്ഞെടുപ്പുകള്‍ പാര്‍ലമെന്റ്/ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഒരേസമയത്ത് നടത്തില്ല.

തൂക്കു പാര്‍ലമെന്റ് അല്ലെങ്കില്‍ അവിശ്വാസ പ്രമേയം: ലോക് സഭയിലോ, നിയമസഭകളിലോ തൂക്കുസഭ (ഭൂരിപക്ഷമില്ല)വരികയോ, അവിശ്വാസ പ്രമേയം വിജയിക്കുകയോ ചെയ്താല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. എന്നാല്‍, ആദ്യത്തെ സഭയുടെ കാലാവധി വരെ മാത്രമേ പുതിയ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ.

ഭരണഘടനാ ഭേദഗതികള്‍: 18 ഭരണഘടനാ ഭേദഗതികളാണ് കോവിന്ദ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ ഭേദഗതികളില്‍ പലതും നടപ്പിലാക്കാന്‍ സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭേദഗതികള്‍ക്ക് ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളുടെയും അനുമതി ആവശ്യമാണ്.

ഭരണഘടനാ ഭേദഗതികളും നിയമപരമായ വെല്ലുവിളികളും
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കുന്നതിന് രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ആവശ്യമാണ്:

ആദ്യ ഭരണഘടനാ ഭേദഗതി ബില്‍: ഈ ബില്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 82 എയുടെ ഉള്‍പ്പെടുത്തലിനെ അനുവദിക്കും. ഈ ഭേദഗതി ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ പ്രാബല്യത്തില്‍ വരുത്തിന് ഉതുകുന്നതാണ്.

രണ്ടാമത്തെ ഭരണഘടനാ ഭേദഗതി ബില്‍: ഈ ബില്‍ ആര്‍ട്ടിക്കിള്‍ 324 എയുടെ അവതരണമാണ്. ഈ ഭേദഗതി പാസ്സായാല്‍ ലാക്സഭാ, സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം മുനിസിപ്പാലിറ്റി/ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തും.

ഈ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍, ആര്‍ട്ടിക്കിള്‍ 368 പ്രകാരം അവ നിയമനിര്‍മ്മാണ പ്രക്രിയയയ്ക്ക് വിധേയമാകും. ലോക്സഭ/ നിയമസഭ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ആദ്യ ബില്ലിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ടാമത്തെ ബില്ലിന് ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളുടെയെങ്കിലും അംഗീകാരം ആവശ്യമാണ്.

Post Thumbnail
കലോത്സവ വേദിയിലെ ദ്വയാർത്ഥ പ്രയോഗം; 'റിപ്പോർട്ടറി'നെതിരെ പോക്സോവായിക്കുക

ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസായ ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.
രാഷ്ട്രപതി ബില്ലുകളില്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍, അവ നിയമമാകും. ഇതോടെ പദ്ധതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട സംഘം ഭാവി പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

ഭരണഘടനാപരമായ വെല്ലുവിളികള്‍
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴും പ്രതിപക്ഷവും രാഷ്ട്രീയ വിദഗ്ധരും ആശങ്കയിലാണ്. ഫെഡറലിസത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നയാണ് അവരിതിനെ കാണുന്നത്. ലോക്സഭാ കാലാവധിക്കനുസൃതമായി നിയമസഭകളുടെ ആയുസ് വെട്ടിക്കുറയ്ക്കുമെന്നതിനാല്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമ്പ്രദായം സംസ്ഥാന സര്‍ക്കാരുകളുടെ സ്വയംഭരണാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഇത് സംസ്ഥാനങ്ങള്‍ തങ്ങളുടെ കാര്യങ്ങള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുകയും സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയും ചെയ്‌തേക്കും.

ഒരു തിരഞ്ഞെടുപ്പ് രീതി പ്രാദേശിക പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാകും. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ സാധാരണഗതിയില്‍ ദേശീയ പാര്‍ട്ടികളെക്കാള്‍ സ്വാധീനം ചെലുത്തുന്നത് പ്രാദേശിക പാര്‍ട്ടികളാണെങ്കില്‍, ദേശീയ പാര്‍ട്ടികള്‍ ആധിപത്യം പുലര്‍ത്തുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മത്സരം കഠിനമാകും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിക്കുന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്‌കരിക്കുന്നതിനുള്ള ഒരേസമയം ധീരവും അതിമോഹവുമായ ഒരു നീക്കമാണ്. ഈ രീതി നടപ്പാക്കിയാല്‍ കൂടുതല്‍ കാര്യക്ഷമമായ ഭരണം നടത്താനും തിരഞ്ഞെടുപ്പുകളുടെ ബാഹുല്യം കുറയ്ക്കാനും സാധിക്കും. എന്നാല്‍, ഈ നിര്‍ദ്ദേശം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിലും സംസ്ഥാന സര്‍ക്കാരുകളുടെ സ്വയംഭരണത്തിലും കാര്യമായ ആശങ്കകളും സൃഷ്ടിക്കും. ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഈ പരിഷ്‌കാരത്തിന്റെ സാധ്യതകളും ദോഷങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളും ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടതാണ്.One country one choice; Possibilities and Implications

Content Summary: one nation one election; Possibilities and Implications

one nation one election national news latest news ram nath kovind 

×