യൂത്ത് കോൺഗ്രസിന്റെ തിരിച്ചറിയൽ കാർഡ് കേസിൽ പരിശോധന വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂരിലെ അനുയായികളുടെ വീട്ടിലുൾപ്പെടെ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. കെഎസ് യു ജില്ലാ സെക്രട്ടറി നുബിൻ ബിനുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസിലെ മൂന്നാം പ്രതി അഭി വിക്രമിന്റെ ഫോണിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. നാലംഗ ക്രൈംബ്രാഞ്ച് സംഘമാണ് രാഹുലിന്റെയും അനുയായികളുടെയും വീടുകളിൽ പരിശോധന നടത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ ഇന്ന് ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തലിലേക്ക് കടന്നേക്കുമെന്ന് സൂചന നൽകിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷ്ഷിത റെയ്ഡ്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുക എന്നതായിരുന്നു റെയ്ഡിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രാഹുലിന്റെ അനുയായികളുടെ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാനായി ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതിയായ അഭിനന്ദ് വിക്രമിൻ്റെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പരാമർശിച്ചതാണ് ഈ അന്വേഷണം വീണ്ടും രാഹുലിലേക്ക് എത്താൻ കാരണം. രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും പാസ്‌വേർഡ് നൽകിയില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കേസിൽ നിലവിൽ ഏഴു പ്രതികളാണുള്ളത്. പൊലീസിന്റെ ആദ്യ ചോദ്യം ചെയ്യലിൽ രാഹുൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായി പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും അത്തരത്തിൽ വോട്ടുകൾ ലഭിച്ചിട്ടില്ലെന്നും ആയിരുന്നു രാഹുൽ നൽകിയ മറുപടി. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം, ക്രിമിനൽ ഗൂഢാലോചന, വ്യാജ ഇലക്ട്രോണിക് രേഖയുണ്ടാക്കൽ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് കേസിൽ ആരോപിക്കപ്പെട്ടിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച പരാതികൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പുറത്തു വന്ന ശബ്ദ രേഖകളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ പരാതി നൽകിയ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിന്റെ മോശം പെരുമാറ്റത്തിന് ഇരയായ സ്ത്രീകൾ നേരിട്ട് പരാതി നൽകാത്തത് കേസിനെ ദുർബലപ്പെടുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് നേരിട്ട മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞവരുടെ മൊഴി വേഗത്തിൽ രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.
content summary: Fake ID Card Case, Investigation Against Rahul Intensifies as Crime Branch Conducts Surprise Raid on Youth Congress Members