കര്‍ഷകുടെ ‘ദില്ലി ചലോ’ മാര്‍ച്ച് തടയാനുള്ള ഹരിയാന പൊലീസ് ശ്രമം ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതായി ആരോപണം. പഞ്ചാബിലെ ഭട്ടിന്‍ഡ ജില്ലയിലെ ബല്ലോ ഗ്രാമത്തില്‍ നിന്നുള്ള 22 കാരനായ കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണമാണ് ഇപ്പോള്‍ കര്‍ഷക സമരത്തെ തീവ്രമാക്കിയിരിക്കുന്നത്. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ ഖനൗരി അതിര്‍ത്തി കടക്കാനുള്ള കര്‍ഷക ശ്രമം തടയാന്‍ ഹരിയാന പൊലീസ് കണ്ണീര്‍വാതവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചുവെന്നു കര്‍ഷകര്‍ പറയുന്നു. ഇതിനിടയില്‍ ശുഭ്കരണ്‍ സിംഗിന്റെ തലയ്ക്ക് പരിക്കേറ്റുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പട്യാലയിലെ രാജേന്ദ്ര ഹോസ്പിറ്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ശുഭ്കരണ്‍ സിംഗിന് എങ്ങനെ തലയില്‍ പരിക്കേറ്റു എന്നതില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
പട്യാല റേഞ്ച് ഡിഐജി ഹര്‍ചരണ്‍ സിംഗ് ഭുള്ളാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്, ഡോക്ടര്‍മാരില്‍ നിന്നുള്ള വിവരം കിട്ടിയാലെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കാന്‍ സാധിക്കൂ എന്നാണ്. എന്നാല്‍, തങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് ഒരു റബര്‍ ബുള്ളറ്റ് ശുഭ്കരണിന്റെ തലയില്‍ കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ഒരു ഡിസിപിയെ ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും ഡിഐജി പറയുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ വൈക്കോല്‍ കത്തിച്ച് പുകമറയുണ്ടാക്കിയെന്നും ഈയവസരത്തില്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുകളും കര്‍ഷകര്‍ക്കെതിരേ പ്രയോഗിച്ചുവെന്നുമാണ് തങ്ങള്‍ക്ക് വിവരം കിട്ടിയതെന്നും ഡിഐജി ഭുള്ളാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
ഖനൗരിയില്‍ നിന്നും മരിച്ച നിലയിലാണ് ശുഭ്കരണ്‍ സിംഗിനെ ആശുപത്രിയില്‍ കൊണ്ടുവരുന്നതെന്നാണ് രാജേന്ദ്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹര്‍നാം സിംഗ് രേഖി പറയുന്നത്. തലയ്ക്കു പിന്നിലാണ് പരിക്കേറ്റത്, വെടികൊണ്ടുള്ള പരിക്കാണതെന്നാണ് പ്രാഥമിക നിരീക്ഷണം. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായൊരു സ്ഥിരീകരണം പോസ്റ്റമോര്‍ട്ടത്തിന് ശേഷമെ കിട്ടൂ എന്നും സൂപ്രണ്ട് പറയുന്നു. വെടി കൊണ്ടപ്പോള്‍ പിന്നിലേക്കു മറിഞ്ഞുവീണുണ്ടായ പരിക്കായിരിക്കാം എന്ന നിഗമനവും ഡോക്ടര്‍ രേഖി തള്ളിക്കളയുന്നില്ല.
ഖനൗരി, ശംഭു അതിര്‍ത്തികളില്‍ ഹരിയാന പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 26 കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ബികെയു ഏക്ത(സിദ്ധുപുര്‍) പ്രസിഡന്റ് ജഗ്ജിത് സിംഗ് ദല്ലേവാളും കണ്ണീര്‍വാതക പ്രയോഗത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
ശുഭ്കരണ്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് കര്‍ഷക മാര്‍ച്ച് വെള്ളിയാഴ്ച്ച വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യം വെള്ളിയാഴ്ച്ച വിശകലനം ചെയ്യുമെന്നാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിംഗ് പന്ദേര്‍ പറയുന്നത്. പന്ദേര്‍ നിലവില്‍ ശംഭു അതിര്‍ത്തിയില്‍ സമരത്തിന്റെ ഭാഗമായുണ്ട്.
ശുഭ്കരണ്‍ സിംഗിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍ പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ താന്‍ കണ്ടുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഖനൗരി അതിര്‍ത്തിയില്‍ കര്‍ഷകര്‍ വൈക്കോലുകള്‍ കത്തിച്ചെറിഞ്ഞും മുളകുപൊടി വിതറിയും പൊലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നു ഹരിയാന പൊലീസ് എ ഐ ജി മനിഷ ചൗധരി ആരോപിക്കുന്നുണ്ടെങ്കിലും, ശുഭ്കരണ്‍ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അവര്‍ പ്രതികരണത്തിന് തയ്യാറായില്ല.
കര്‍ഷകര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും, സമാധാനപരമായി മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോഴും ഹരിയാന പൊലീസ് തങ്ങള്‍ക്കു നേരെ ടിയര്‍ ഗ്യാസുകളും റബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയാണെന്നുമാണ് പരിക്കേറ്റ് ചികിത്സിയിലുള്ളവര്‍ പറയുന്നത്.
കര്‍ഷകരുമായി ഇനിയും ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നാണ് കൃഷിവകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടെ അറിയിച്ചിരിക്കുന്നത്. സമാധാനത്തിന് ആഹ്വാനം ചെയ്ത മന്ത്രി വീണ്ടും കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. നാല് റൗണ്ട് ചര്‍ച്ചകള്‍ കര്‍ഷകരും സര്‍ക്കാരുമായി നടന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. മിനിമം സപ്പോര്‍ട്ട് പ്രൈസ്(എംഎസ്പി), വിള വൈവിധ്യവത്കരണം, കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വീണ്ടും ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്.