മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങ്ങിന്റെ മരണത്തിൽ, പ്രവാസി ഇന്ത്യക്കാരനായ അമൃത്പാൽ സിംഗ് അറസ്റ്റിൽ. കാനഡയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ പ്രതിയെ പഞ്ചാബ് പോലീസാണ് അറസ്റ്റ് ചെയ്തത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇയാളുടെ വാഹനമിടിച്ചായിരുന്നു ഫൗജ സിംഗ് മരണപ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ടൊയോട്ട ഫോർച്യൂണറാണ് അപകടം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിരുന്നു. പ്രതി കർതാർപൂരിലെ ദാസുപൂർ ഗ്രാമത്തിൽ താമസിക്കുന്നയാളാണെന്ന് ജലന്ധർ സീനിയർ പോലീസ് സൂപ്രണ്ട് ഹർവീന്ദർ സിംഗ് വിർക്ക് പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 281, 105 പ്രകാരമാണ് പ്രതിക്കെതിരെ ആദംപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം കൊല്ലപ്പെട്ടത് ഫൗജ സിംഗ് ആണെന്ന് തനിക്ക് ആ സമയത്ത് അറിയില്ലായിരുന്നുവെന്നും പിന്നീട് വാർത്താ റിപ്പോർട്ടുകളിലൂടെ മാത്രമാണ് മാരത്തൺ ഓട്ടക്കാരന്റെ മരണവാർത്ത അറിഞ്ഞതെന്നും അമൃത്പാൽ പോലീസിനോട് പറഞ്ഞാതായും അന്വേഷണ സംഘം വെളിപ്പെടുത്തി.
ലോകത്തെ പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനായ അദ്ദേഹം തന്റെ നൂറാം വയസിലാണ് ഫുൾ മാരത്തൺ പൂർത്തിയാക്കിയത്. ഫുൾ മാരത്തൺ പൂർത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയും അദ്ദേഹം തന്നെയാണ്. ‘ടർബൻഡ് ടൊർണാഡോ’ എന്ന് ആളുകൾ സ്നേഹത്തോടെ വിളിക്കുന്ന ഫൗജ സിങ്ങിൻ്റെ ആദ്യ മാരത്തൺ മത്സരം 89-ാം വയസ്സിലായിരുന്നു. 14 വർഷം (2000 മുതൽ 2013 വരെ) നീണ്ട തന്റെ കരിയറിൽ ആകെ ഒമ്പത് ഫുൾ മാരത്തണുകൾ ആണ് അദ്ദേഹം ഓടിയിട്ടുള്ളത്.
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി, ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം എന്നിവരും ഉൾപ്പെടുന്ന ‘ഇംപോസിബിൾ ഈസ് നതിംഗ്’ എന്ന അഡിഡാസ് കാമ്പെയ്‌നിന്റെ മുഖമായിരുന്നു അദ്ദേഹം. 1911 ഏപ്രിൽ 1 ന് പഞ്ചാബിലെ ബിയാസ് ഗ്രാമത്തിൽ ജനിച്ച ഫൗജ സിംഗ്, ഒരു കർഷക കുടുംബത്തിലെ നാല് മക്കളിൽ ഇളയവനായിരുന്നു. ഭാര്യ ഗിയാൻ കൗറിന്റെ മരണശേഷം 1993 ൽ തന്റെ മകന്റെ കൂടെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി.
ഇംഗ്ലണ്ടിലായിരുന്ന കാലത്ത്, സിംഗ് തന്റെ ഇൽഫോർഡ് വീടിനടുത്തുള്ള പൊതു പാർക്കുകളിൽ ദീർഘദൂര നടത്തവും ഓട്ടവും ആരംഭിച്ചു. മാരത്തൺ പരിശീലകനായ ഹർമന്ദർ സിങ്ങുമായുള്ള പരിചയം, 2000 ഏപ്രിലിൽ 89 വയസ്സുള്ളപ്പോൾ ഫൗജ സിംഗ് ലണ്ടൻ മാരത്തണിൽ എത്തിച്ചു. 6 മണിക്കൂർ 54 മിനിറ്റിൽ അദ്ദേഹം അത് പൂർത്തിയാക്കി, സീനിയർ ഏജ് വിഭാഗത്തിലെ മുൻ ലോക റെക്കോർഡ് തിരുത്തി.2000 മുതൽ 2011 വരെ, ഫൗജ സിംഗ് ലണ്ടൻ മാരത്തണിൽ ആറ് തവണയും, ടൊറന്റോ മാരത്തണിൽ രണ്ട് തവണയും, ന്യൂയോർക്ക് മാരത്തണിൽ ഒരു തവണയും ഓടി. 2012-ലെ ഹോങ്കോംഗ് മത്സരമായിരുന്നു അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം.
content summary: Fauja Singh hit-and-run case: NRI from Canada arrested
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.