April 20, 2025 |
Share on

വേശ്യാവൃത്തിയുടെ ഭാഗമായ എഫ്ബിഐ; ഞെട്ടിക്കുന്ന വിവരങ്ങള്‍

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ കുറ്റങ്ങളാണ് യു എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലുള്ളത്

അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) ഏജന്റുമാരെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍. കംബോഡിയ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വച്ച് എഫ്ബിഐ ഏജന്റുമാര്‍ ലൈംഗിക തൊഴിലാളികളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് തെളിഞ്ഞത്. എന്നാല്‍ ഇതിനെക്കാള്‍ ഗുരുതരമായ കണ്ടെത്തല്‍ ലൈംഗിക തൊഴിലിന്റെ ഭാഗമായി നടക്കുന്ന മനുഷ്യക്കടത്തിന്റെ ഇരകളായ സ്ത്രീകളെയും ഇവര്‍ ഉപയോഗപ്പെടുത്തിയിരുന്നുവെന്നതാണ്. മനുഷ്യക്കടത്ത് തടയാന്‍ വേണ്ടി പരിശീലനം കിട്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്, ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരെ ചൂഷണം ചെയ്തതെന്നാണ് നീതിന്യായ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ലൈംഗിക തൊഴിലാളികള്‍ക്ക് പണം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു പുറമെ, മനുഷ്യക്കടത്തിന്റെ ഇരകളായവരെ രക്ഷപ്പെടുത്തുന്നതിന് പ്രതിഫലമായി, അത്തരത്തില്‍ പെട്ടുപോയ സ്ത്രീകളില്‍ നിന്നുണ്ടാകുന്ന പ്രലോഭനങ്ങള്‍ക്ക് വശംവദരായി അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുമാണ് രേഖകള്‍ പറയുന്നത്. ദി ന്യൂയോര്‍ക്ക് ടൈംസ് നിയമപരമായി ആവശ്യപ്പെട്ടതിന്‍ പ്രകാരം വ്യാഴാഴ്ച്ച പുറത്തുവിട്ട, 2009 മുതല്‍ 2018 വരെയുള്ള എഫ്ബിഐ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുവിവരങ്ങളിലാണ് ഏജന്റുമാരുടെ ദുര്‍നടപ്പുകള്‍ പ്രതിപാദിച്ചിരിക്കുന്നത്. എഫ് ബി ഐ അടിമുടി ഉടച്ചുവാര്‍ക്കുമെന്ന് പുതിയ ഡയറക്ടര്‍ കാഷ് പട്ടേല്‍ വാഗ്ദാനം ചെയ്തിരിക്കെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുന്നത്.

നിയമവിരുദ്ധമാണെങ്കില്‍ പോലും വളരെ വ്യാപകമായി വേശ്യാവൃത്തി നടക്കുന്ന രാജ്യങ്ങളാണ് കംബോഡിയ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്. ലൈംഗികവൃത്തിക്കായി നടക്കുന്ന മനുഷ്യക്കടത്ത് തടയുക എന്നത് എഫ്ബിഐയുടെ പ്രഥമപരിഗണനയിലുള്ള ദൗത്യമാണ്. അതുപോലെ, പണം നല്‍കി വേശ്യവൃത്തിയുടെ ഭാഗമാകുന്നതില്‍ നിന്നും എഫ്ബിഐ ഏജന്റുമാരെ കര്‍ശനമായി വിലക്കിയിട്ടുമുണ്ട്. ഈ രണ്ട് കാര്യങ്ങള്‍ക്കും ഘടകവിരുദ്ധമായ പ്രവര്‍ത്തികളാണ് ഫെഡറല്‍ ഏജന്റുമാരില്‍ നിന്നും ഉണ്ടായത്. ഈ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസ് എഫ്ബിഐയുടെ പ്രതികരണം തേടിയെങ്കിലും മറുപടി ഉണ്ടായിട്ടില്ല.

വിദേശത്ത് കോണ്‍ഫറന്‍സുകള്‍ക്കോ മറ്റു ഔദ്യോഗിക പരിപാടികള്‍ക്കോ പങ്കെടുക്കാന്‍ എത്തുമ്പോഴായിരുന്നു ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ലൈംഗികതൊഴിലാളികളെ തേടിപ്പോയിരുന്നതെന്നാണ് രേഖകളില്‍ പറയുന്നത്. 2017 ല്‍ ഇതുപോലെ ഔദ്യോഗികാവശ്യത്തിന് ബാങ്കോക്കില്‍ എത്തിയ എഫ്ബിഐ ഉദ്യോഗസ്ഥര്‍ രണ്ടു തവണ ബാറുകളില്‍ പോയിരുന്നു. അവിടുത്തെ ലോക്കല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ ലൈംഗികബന്ധത്തിനായി വേശ്യവൃത്തി ചെയ്യുന്ന സ്ത്രീകളുമായി കാശിന്റെ കാര്യത്തില്‍ സംസാരമുണ്ടായതായും പുറത്തുവിട്ട രേഖകളില്‍ പറയുന്നുണ്ട്. ആ വര്‍ഷം തന്നെയാണ് മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് റോയല്‍ തായ് പോലീസ്, എഫ്ബിഐ- ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍(ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ നിയമ നിര്‍വ്വഹണ ഏജന്‍സി) എന്നിവരുമായി സഹകരിച്ച് ഒരു പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. ലൈംഗികവൃത്തിക്കായി നടത്തുന്ന മനുഷ്യക്കടത്ത് തടയുക എന്ന ലക്ഷ്യത്തിനുള്ള ഈ പരിശീലന പരിപാടിക്ക് എത്തിയപ്പോഴാണോ എഫ്ബിഐ ഏജന്റുമാര്‍ ബാറുകളും, ലൈംഗിക തൊഴിലാളികളെയും തേടിപോയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നില്ല. അതോ മറ്റേതെങ്കിലും പരിപാടിയുടെ ഭാഗമായാണോ ബാങ്കോക്കില്‍ എത്തിയതെന്നതിലും വ്യക്തതയില്ല.

2018 ല്‍ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വച്ച് ഒരു പ്രാദേശിക നിയമനിര്‍വഹണ ഏജന്‍സി കാഴ്ച്ചവച്ച ലൈംഗിക തൊഴിലാളികളുമായും എഫ്ബിഐ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നുവെന്നും രേഖകളില്‍ പറയുന്നുണ്ട്. 2019 ലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, വേശ്യകളുമായുള്ള ബന്ധവും മറ്റ് ആരോപണങ്ങളും ഇന്‍സ്‌പെക്ടര്‍ ജനറല്‍ അന്വേഷിച്ചിരുന്നുവെന്നാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായി ഏഷ്യയിലുടനീളമുള്ള നഗരങ്ങളില്‍ നിന്ന് നിരവധി എഫ്ബിഐ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ചെയ്തു.

2021 ല്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫിസ് അവരുടെ അന്വേഷണത്തിന്റെ ഒരു സംഗ്രഹം പുറത്തുവിട്ടിരുന്നു. ഇതില്‍ പറയുന്നത്, അഞ്ച് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വിദേശത്ത് ആയിരിക്കുമ്പോള്‍ ലൈംഗിക ബന്ധത്തിനായി ആഗ്രഹിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിരുന്നുവെന്നാണ്. ഈ കൂട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകന്റെ കൈവശം 100 വെളുത്ത ഗുളികകള്‍ അടങ്ങിയൊരു പാക്കറ്റ് നല്‍കുകയും ചെയ്തു. ആ രാജ്യത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൈമാറാനായിരുന്നു പാക്കറ്റ്. മറ്റൊരു സംഭവം പറയുന്നത് ഇങ്ങനെയാണ്; ഒരു സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള എഫ്ബിഐ ജീവനക്കാര്‍ ഒരു കരോക്കെ ബാര്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടെ അവര്‍ക്കായി ഹോട്ടല്‍ മുറിയുടെ താക്കോലോ നമ്പറുകളോ നല്‍കിയിട്ടുണ്ടായിരുന്നു. ഇവര്‍ ലൈംഗികബന്ധത്തിനുള്ള വാഗ്ദാനം സ്വീകരിച്ചിരുന്നു എന്നതിന് തെളിവായാണ് ഇക്കാര്യം പറയുന്നത്. ഇതേ ഹോട്ടലിലെ റൂമില്‍ വച്ച് രണ്ട് എഫ്ബിഐ ജീവനക്കാര്‍ ലൈംഗികതൊഴിലാളികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

2023 ല്‍ ദി ടൈംസും എഫ് ബി ഐയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ലഭിക്കാനായി നിയമവഴികള്‍ നോക്കിയിരുന്നു. അന്നത്തെ ബൈഡന്‍ ഭരണകൂടത്തിലെയും ഇപ്പോഴത്തെ ട്രംപ് ഭരണകൂടത്തിലെയും നീതിന്യായ വകുപ്പുകള്‍ ഇത്തരം വിവരങ്ങള്‍ കൈമറാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നതായിരുന്നു വകുപ്പിന്റെ വാദം. കഴിഞ്ഞ വര്‍ഷം നീതിന്യായ വകുപ്പ് കുറച്ചു വിവരങ്ങള്‍ മാത്രം പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ ഒരു ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിന് പിന്നാലെയാണ് വ്യാഴാഴ്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലൈംഗിക തൊഴിലാളികളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എഫ്ബിഐക്കൊപ്പമില്ല. അവര്‍ രാജിവയ്ക്കുകയോ, വിരമിക്കുകയോ അതോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.  FBI agents used sex workers while in Southeast Asian countries, according to the Justice Department 

Content Summary; FBI agents used sex workers while in Southeast Asian countries, according to the Justice Department

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×