July 14, 2026 |
Share on

മാരന്‍ സഹോദരന്മാരുടെ തര്‍ക്കം തീരുന്നു; മധ്യസ്ഥരായത് സ്റ്റാലിനും വീരമണിയും എന്‍ റാമും

ദയാനിധിക്ക് 800കോടി പണമായും, ചെന്നൈയില്‍ വസ്തുവും

തമിഴ്‌നാട് സര്‍ക്കാരിനെ തന്നെ വിഷമത്തിലാക്കുന്ന മാരന്‍ സഹോദരന്മാരുടെ വഴക്ക് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതെന്നാണ് സൂചന. സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി ഇന്ത്യന്‍ എസ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദ്രാവിഡ മുന്നേറ്റ കഴക(ഡിഎംകെ)ത്തില്‍ നിന്നും മാരന്‍ കുടുംബത്തില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പ്രകാരം, ദി ഇന്ത്യന്‍ എക്‌സ്പ്രസ് അവരുടെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ പറയുന്നത്, മധ്യസ്ഥത കരാര്‍ പ്രകാരം ഡിഎംകെ എപി കൂടിയായ ദയാനിധി മാരന് 800 കോടി പണം, ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയില്‍ നാല് പ്ലോട്ടുകളും നല്‍കും(രണ്ടിന്റെ മൂല്യം ഏകദേശം ഒരുപോലെയാണ്).

ജൂണില്‍ ദയാനിധി മാരന്‍, തന്റെ സഹോദരനും മാധ്യമവ്യവസായുമായ കലാനിധി മാരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതില്‍ നിന്നാണ് കുടുംബ വഴക്ക് ലോകമറിയുന്നത്. സണ്‍ ടിവി നെറ്റ്വര്‍ക്കില്‍ കലാനിധി വ്യാജ ഓഹരികള്‍ അനുവദിച്ചു, കോര്‍പ്പറേറ്റ് ദുര്‍ഭരണം നടത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു നോട്ടീസ്.

വിശദമായി വായിക്കുക; സ്റ്റാലിന്റെ മധ്യസ്ഥവും പരാജയപ്പെട്ട ചേട്ടാനുജന്‍ പോര്

തനിക്ക് 1,500 കോടി കിട്ടണമെന്നായിരുന്നു ദയാനിധിയുടെ ആവശ്യം. എന്നാല്‍ കലാനിധി നല്‍കാന്‍ തയ്യാറായിരുന്നത് 500 കോടിയായിരുന്നു.

സര്‍ക്കാരിനെ നയിക്കുന്ന ഡിഎംകെയെയും ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ മാരന്‍ സഹോദരന്മാരുടെ തര്‍ക്കത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ മധ്യസ്ഥശ്രമം പരാജയപ്പെട്ടു. ഇതിനുശേഷമാണ് വീരമണിയും റാമും ഈ തര്‍ക്കത്തില്‍ ഇടനിലക്കാരായി കൂട്ടുചേരുന്നത്.

പുതിയ മധ്യസ്ഥരും വന്നശേഷം മൂന്നു റൗണ്ട് ഇടനില ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ രണ്ടെണ്ണം നേരിട്ടും, ഒരെണ്ണം വീഡിയോ കോണ്‍ഫറന്‍സ് വഴിയുമായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

അടുത്ത വര്‍ഷം തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടക്കുകയാണ്. മാരന്‍ കുടുംബ പ്രശ്‌നം പാര്‍ട്ടിക്ക് ഭീഷണിയാകുമെന്ന് സ്റ്റാലിന് ആശങ്കപ്പെട്ടിരുന്നു. ദയനാധിയുടെ വക്കീല്‍ നോട്ടീസ് വഴി വിഷയം പുറത്തറിഞ്ഞതില്‍ സ്റ്റാലിന്‍ നീരസത്തിലായിരുന്നു. എത്രയും വേഗം പ്രശ്‌നം പരഹരിക്കണണമെന്ന ലക്ഷ്യത്തിലാണ് സ്റ്റാലിന്‍ ഇടനിലക്കാരനായത് എന്നാല്‍ അത് പ്രതീക്ഷിച്ച ലക്ഷ്യം കണ്ടില്ല.

അതോടെയാണ് സ്റ്റാലിന്‍ വീരമണിയെ സമീപിക്കുന്നത്. ഈ ഡിസംബറില്‍ 92 വയസ് തികയുന്ന വീരമണി തമിഴ്‌നാട് രാഷ്ട്രീയത്തിലെ ആദരണീയനായ രാഷ്ട്രതന്ത്രജ്ഞനാണ്. ദ്രാവിഡ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം പരിഗണിച്ചാണ് വീരമണിയെ സ്റ്റാലിന്‍ വിളിക്കുന്നത്. മാത്രമല്ല, സണ്‍ ടീവിയില്‍ സ്റ്റാലിന് ഉള്ളതുപോലെ, സാമ്പത്തിക താത്പര്യം വീരമണിക്കില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദുവിന്റെ മുന്‍ ചീഫ് എഡിറ്ററുമായ എന്‍ റാം, മാരന്‍ കുടുംബത്തിലെ അകന്ന ബന്ധു കൂടിയാണ്. ഡിഎംകെയുമായി ആശയപരമായ അടുപ്പം പുലര്‍ത്തിയിരുന്നയാള്‍ എന്ന നിലയിലല്ലാതെ, മാധ്യമലോകത്ത് അദ്ദേഹത്തിനുള്ള ക്രെഡിബിലിറ്റിയാണ് മധ്യസ്ഥതയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍ കാരണമായി പറയുന്നത്.

വീരമണിയാണ് ആദ്യം മാരന്‍ കുടുംബത്തിലേക്ക് ഫോണ്‍ ചെയ്യുന്നത്. അതിനുശേഷമാണ് മറ്റ് രണ്ടു പേരും പങ്കാളികളാകുന്നത്. ജൂണ്‍ അവസാനവാരത്തിലും ജൂലൈ ആദ്യവാരത്തിലുമായി മൂന്നു റൗണ്ട് ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകളുമായി ബന്ധപ്പെട്ട് യാതൊരു വിവരവും മാധ്യമങ്ങള്‍ക്ക് പോകരുതെന്ന് മാരന്മാരോട് നിര്‍ബന്ധം പറഞ്ഞിരുന്നു.

തര്‍ക്കം മുന്നോട്ടു പോയാല്‍, മാരന്‍ കുടുംബത്തിനും ഡിഎംകെയ്ക്കും ഉണ്ടാകുന്ന പേരുദോഷം, നീണ്ടു പോകുന്ന വ്യവഹാരം, അതിലൂടെയുണ്ടാകുന്ന നഷ്ടം ഇതെല്ലാമാണ് ചര്‍ച്ചയില്‍ പ്രധാനമായി ഉയര്‍ന്ന ആശങ്കകള്‍.  Feud between the Maran brothers to be settled by MK Stalin, K Veeramani, and N Ram intervention 

Content Summary; Feud between the Maran brothers to be settled by MK Stalin, K Veeramani, and N Ram intervention

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×