June 26, 2026 |
Share on

‘വഴിപിഴച്ചു പോയവരുടെ ജീവിതം അവതരിപ്പിക്കാൻ മാത്രം ചിത്രയെ ഓർക്കുന്ന സംവിധായകർ’; ദേവാസുരത്തിലെ സുഭദ്രാമ്മ തനിക്കൊരു ബാധ്യതയായി മാറിയിരുന്നു

‘സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. എന്നാൽ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാധ്യതയായി മാറി’- ചിത്ര പറയുന്നു

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ചിത്ര. അമരം, ദേവാസുരം, പാഥേയം, ഏകലവ്യൻ, പൊന്നുച്ചാമി, അദ്വൈതം, ആറാം തമ്പുരാൻ എന്നിങ്ങനെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ ചിത്ര. ശശികുമാർ സംവിധാനം ചെയ്ത ‘ആട്ടകലാശം’ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായാണ് സിനിമയിൽ എത്തുന്നത്.

എന്നാൽ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തിൽ ഒരു ബാധ്യതയായി മാറുകയായിരുന്നു എന്ന് പറയുകയാണ് ചിത്ര. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര മനസു തുറന്നത്.

ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതുകൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകൻ ശശിയേട്ടൻ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിർബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹൻലാൽ നീലകണ്ഠൻ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോൾ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതിൽ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളിൽ തട്ടി. സിനിമ സൂപ്പർഹിറ്റായി- ചിത്ര പറയുന്നു

എന്നാൽ സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. എന്നാൽ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോൾ മാത്രം ചിത്രയെ ഓർക്കുന്ന സംവിധായകർ പോലുമുണ്ടായി. കടൽ എന്ന ചിത്രത്തിൽ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. ‘പ്രായിക്കരപാപ്പാനി’ലും സ്ഥിതി വ്യത്യസ്തമല്ല. ‘ആറാം തമ്പുരാനി’ലെ തോട്ടത്തിൽ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവിൽ ചെയ്ത ‘സൂത്രധാരൻ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു. എന്നെപ്പോലുള്ളവർക്ക് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികൾ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകർ നമ്മളെ കട്ട് ചെയ്യുമെന്നും ചിത്ര കൂട്ടി ചേർത്തു.

കൂടാതെ തമിഴിൽ താൻ ചെയ്‌തത് എല്ലാം ശാലീന വേഷങ്ങളാണെന്നും. മലയാളത്തിൽ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറസ് ആണെന്നും. ഒരിക്കൽ അമരത്തിലെ ഏതോ സ്റ്റിൽ തമിഴ് മാസികയിൽ അച്ചടിച്ചുവന്നപ്പോൾ ഒരുപാട് തമിഴ് പത്രപ്രവർത്തകർ വിളിക്കുകയും, ചിത്ര എന്തിന് ഗ്ലാമർ റോൾ ചെയ്തു എന്ന് ചോദിക്കുകയുണ്ടായതായും ചിത്ര അവർ പറയുന്നു.

കള്ളിയും ബ്ലൗസും കേരളത്തിലെ നാടൻ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ കാരക്ടർ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ- ചിത്ര പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

×