UPDATES

സ്ത്രീ

എന്റെ ശബ്‍ദം കുട്ടികളെപ്പോലെ ആയിരുന്നു, ക്ലോണിംഗ് ആണ് എന്ന് ആരും കുറ്റപ്പെടുത്തിയില്ല: കെ.എസ് ചിത്ര പറയുന്നു

‘ഭാഗ്യവശാല്‍ എന്റെ ശബ്‍ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു’

                       

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗായികയാണ് കെ.എസ് ചിത്ര. പ്രണയവും വിരഹവും മാതൃത്വവും ചിത്രയുടെ ശബ്ദത്തിലൂടെ ഓരോ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചിത്രയുടെ സ്വരമാധുര്യത്തിൽ വിരിഞ്ഞ പാട്ടുകൾ കേട്ടാലും കേട്ടാലും മതിവരാത്തവയാണ്. മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയുടെ ശബ്‍ദം സിനിമാ ഗാനങ്ങളില്‍ കേട്ടുതുടങ്ങിയിട്ട് നാല്‍പ്പത് വര്‍ഷമാവുകയാണ്. തന്റെ ശബ്ദം ആദ്യ കാലത്ത് കുട്ടികളെ പോലെ ആയിരുന്നെന്നും. ഈ ശബ്ദം നായികക്ക് അല്ല കുട്ടികൾക്ക് ആയിരുന്നു ചേരുക എന്നും ചിത്ര പറയുന്നു. കെ എസ് ചിത്ര ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ശബ്‍ദത്തെയും പാട്ടുജീവിതത്തെയും കുറിച്ച് സംസാരിച്ചത്.

ഞാൻ ഗായികയായി തുടങ്ങിയപ്പോള്‍ എന്റെ ശബ്‍ദം കുട്ടികളെപ്പോലെയായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. ആളൊരുങ്ങി അരങ്ങൊരുങ്ങി തുടങ്ങിയ പാട്ടുകളില്‍. അവ കുട്ടികള്‍ക്കായിരുന്നു ചേരുക, നായികയ്‍ക്കല്ല. പിന്നീട് ശബ്‍ദം മാറിവന്നതാണ്. ഭാഗ്യവശാല്‍ എന്റെ ശബ്‍ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു. ക്ലോണിംഗ് ആണ് എന്ന് ആരും കുറ്റപ്പെടുത്തിയില്ല. പിന്നീട് പ്രായം വന്നപ്പോള്‍ എന്റെ ശബ്‍ദവും മാറി കൂടുതല്‍ പക്വതയുള്ളതായി. ഞാൻ ഒരു ടെക്‍നിക്കും ഉപയോഗിച്ചില്ല. നിങ്ങള്‍ കേള്‍ക്കുന്നത് സ്വാഭാവിക ശബ്‍ദമാണ്. സംഗീത സംവിധായകര്‍ എന്റെ ശബ്‍ദത്തെ മെച്ചപ്പെടുത്തുകയും ശരിയായ രീതിയിലുള്ള പാട്ടുകളും തന്നു- കെ എസ് ചിത്ര പറയുന്നു.

എന്നും ഒരേ അഭിനിവേശത്തോടെ സംഗീതം തുടരുന്ന രഹസ്യവും ചിത്ര പറയുന്നു. എനിക്ക് താല്‍പര്യമുള്ള ഒരേയൊരു കാര്യം സംഗീതമാണ്. എന്റെ ജീവിതം അതിനെ ചുറ്റിപ്പറ്റിയുമാണ്. എന്റെ മകള്‍ നന്ദന വന്നപ്പോള്‍ എന്റെ ഫോക്കസ് മാറിയിരുന്നു. അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിച്ചു. ചെന്നെയില്‍ മാത്രമായി റെക്കോര്‍ഡിംഗ് നിജപ്പെടുത്തി. കുറച്ചുകാലം അവളായിരുന്നു എന്റെ പ്രചോദനം. മുതിര്‍ന്ന സംഗീതജ്ഞരാണ് എനിക്ക് പ്രോത്സാഹനം തന്നത്, ഓരോരുത്തരും- ചിത്ര പറയുന്നു

1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്‌ക്ക്‌ ശ്രദ്ധ നേടികൊടുത്തത്‌. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ്‌ ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.

പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ വ്യക്തിയാണ് കെ.എസ് ചിത്ര.മിഴ്‌നാട്‌, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും മലയത്തിന്റെ വാനമ്പാടിയെ തേടി എത്തി

Share on

മറ്റുവാര്‍ത്തകള്‍