January 22, 2025 |

കാലുമാറ്റവും കൂടുമാറ്റവും പാലക്കാട് ചൂടേറ്റി; ഇന്ന് കൊട്ടിക്കലാശം

27 ദിവസം നീണ്ടുനിന്ന ആവേശോജ്ജ്വലമായ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

രാഷ്ട്രീയകേരളം കണ്ടുപരിചയിച്ച ഉപതെരഞ്ഞെടുപ്പുകളെ വെല്ലുന്ന നാടകീയരംഗങ്ങളാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്നത്. ആര് ആരെ തുണയ്ക്കും എന്നറിയില്ല, കൊടിയുടെ നിറങ്ങള്‍ മാറി മറിയുന്നു. എങ്കിലും പ്രചരണാവേശം കൊടുമുടിയിലാണ്. നവംബര്‍ 20 ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട്, 27 ദിവസം നീണ്ടുനിന്ന ആവേശോജ്ജ്വലമായ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ പി സരിന്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവര്‍ തമ്മിലാണ് ഇത്തവണ കടുത്ത മത്സരം. എല്ലാ പാര്‍ട്ടികളും പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്യപ്രചാരണത്തിന് ആവേശത്തോടെ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ അന്ത്യം കുറിക്കും. യുഡിഎഫിന്റെ കലാശക്കൊട്ട് ഒലവക്കോട് നിന്നാണ് ആരംഭിക്കുക. വിക്ടോറിയ കോളേജിനോട് ചേര്‍ന്നുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് അടുത്ത് നിന്നാണ് എല്‍ഡിഎഫിന്റെ കലാശക്കൊട്ട് തുടങ്ങുക. മേലാമുറിയില്‍ നിന്ന് എന്‍ഡിഎയുടെ കലാശക്കൊട്ട് ആരംഭിക്കും. നേരില്‍ കണ്ട് വോട്ടുറപ്പിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഓരോ മുന്നണിയും. Palakkad ‘kottikkalasam’

കലാശക്കൊട്ടായതിനാല്‍ എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. നിശ്ശബ്ദ പ്രചാരണസമയത്ത് ആളുകള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുകയോ യോഗങ്ങള്‍ സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു പ്രദര്‍ശനവും കലാശക്കൊട്ടില്‍ അനുവദിക്കില്ല. ഉച്ചഭാഷിണി ഉപയോഗിക്കാനും നിരോധനമുണ്ട്.

ഇത്തവണത്തെ പാലക്കാടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടെ പി സരിനില്‍ തിരിച്ചടിയേറ്റ കോണ്‍ഗ്രസിന് മറുമരുന്നാവുകയാണ് സന്ദീപ് വാര്യര്‍. ബിജെപിയിലേക്ക് ചേക്കേറുന്ന കോണ്‍ഗ്രസ് നേതാക്കളെ കാണുന്നതിനിടയ്ക്കാണ് സംഘപരിവാറിന്റെ മുഖവും ശബ്ദവുമായ സന്ദീപ് വാര്യര്‍ കൈപ്പത്തിയിലേക്ക് തന്റെ ചുവടുമാറ്റുന്നത്. അവഗണന സഹിക്കാനാകാതെ അധികാരത്തിനായി മറുകണ്ടം ചാടുന്ന നിരവധി പേരെ കേരളം ഇതിനോടകം കണ്ടിട്ടുണ്ട്. സന്ദീപ് വാര്യരുടെ ചുവടുമാറ്റം തീര്‍ത്തും നാടകീയമായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വമായും പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതിനുശേഷം പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. സിപിഎമ്മിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇതിനായി ചര്‍ച്ചകള്‍ വരെ നടന്നതുമാണ്. എകെ ബാലന്റെ പ്രസ്താവനയും ഇപ്പോള്‍ സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വമായുളള രഹസ്യചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന് കൈ കൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, കെ സുധാകരന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയ നേതാക്കളാണ് സന്ദീപ് വാര്യരുടെ ഈ ചുവടുമാറ്റത്തിന് ചുക്കാന്‍ പിടിച്ചത്. സമവായമല്ല പരിഹാരമാണ് വേണ്ടതെന്ന സന്ദീപ് വാര്യരുടെ പരസ്യമായ മുന്നറിയിപ്പും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ നടക്കുന്ന പോരാട്ടമായാണ് പാലക്കാട് മണ്ഡലത്തെ കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ അവിചാരിതമായ അണിയറയിലെ ചരടുവലികള്‍ക്കൊടുവില്‍ പാലക്കാട് ആരെ തുണയ്ക്കുമെന്ന് കണ്ട്തന്നെയറിയണം. Palakkad ‘kottikkalasam’

content summary; Palakkad ‘kottikkalasam’

×