June 04, 2026 |
Share on

‘അവസാനം അവര്‍ എന്താണെന്ന് വെളിപ്പെടുത്തി’; തീരുവയില്‍ ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ട്രംപ്‌

ഇന്ത്യയുടേത് അന്യായമായ വ്യാപാര രീതികളായിരുന്നുവെന്ന് ട്രംപ്

അമേരിക്കന്‍ ഇറക്കുമതിക്കുള്ള ചുങ്കം കുറക്കാന്‍ അവസാനം ഇന്ത്യ തീരുമാനിച്ചുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ അന്യായമായ വ്യാപാര രീതികള്‍ അമേരിക്ക വെളിപ്പെടുത്തിയതിനാലാണ് ഇന്ത്യ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും ട്രംപ് ആരോപിച്ചു. ഒടുവില്‍ അവരെ ഒരാള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ് എന്നാണ് ട്രംപ് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

ഏപ്രില്‍ രണ്ട് മുതല്‍ ഇന്ത്യയുമായി അമേരിക്ക പരസ്പര താരിഫ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പരാമര്‍ശം. ഇന്ത്യ യുഎസില്‍ നിന്ന് ഭീമമായ തീരുവകള്‍ ഈടാക്കുന്നു. വന്‍തോതിലുള്ള തുക കാരണം ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ സാധിക്കുന്നില്ല. അവസാനം അവര്‍ അത് സമ്മതിച്ചു. അതുകൊണ്ടാണ് അവര്‍ താരിഫുകള്‍ കുറക്കാന്‍ ആഗ്രഹിക്കുന്നത്, ട്രംപ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട ചെയ്തു.

തീരുവകളും മറ്റ് വ്യാപാര പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് യുഎസുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ച ചെയ്യാനുള്ള പദ്ധതികള്‍ ഇരുപക്ഷവും പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുഎസ് മന്ത്രി ഹോവാര്‍ഡ് ലുട്നിക്കുമായി വ്യാപാര ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണില്‍ എത്തിയപ്പോഴാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഓട്ടോ പാര്‍ട്‌സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പല ഇന്ത്യന്‍ കമ്പനികളും അപകടസാധ്യതകള്‍ എങ്ങനെ ലഘൂകരിക്കാമെന്ന് തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്ന് ദി ഇക്കണോമിക് ടൈംസ് ചെയ്യുന്നു.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നതിന് ഇന്ത്യയെ വിമര്‍ശിച്ചതോടൊപ്പം യൂറോപ്യന്‍ യൂണിയന്‍, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചു. മറ്റ് രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി യുഎസിനെതിരെ താരിഫ് ചുമത്തുന്നുണ്ടെന്നും ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരെ തീരുവകള്‍ ചുമത്താന്‍ കിട്ടിയ നമ്മുടെ അവസരമാണെന്നും ട്രംപ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള മിക്കവാറും എല്ലാ വസ്തുക്കളുടെയും തീരുവ നീക്കം ചെയ്യാന്‍ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യയിലാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് അഭിപ്രായപ്പെട്ടിരുന്നു. 2023ല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎസ്.

Content Summary: ‘finally exposing them’, Trump says India surrendered to US on tariffs
tariff india us 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×