ഗുൽമാർഗ് വനത്തിൽ അനധികൃത പരസ്യ ചിത്രീകരണം നടത്തിയതിന് എഡ്‌ടെക് കമ്പനിയായ ഫിസിക്‌സ് വാലയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കശ്മീരിലെ ബാരമുല്ല ജില്ലയിലെ ടാങ്മാർഗ്, ഗുൽമാർഗ് വനമേഖലയിലൂടെ ഫിസിക്‌സ് വാലയിലെ അധ്യാപകർ വാഹനങ്ങൾ ഓടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പരസ്യമാണ് വിവാദത്തിന് കാരണമായത്.
രജിസ്ട്രേഷൻ പ്ലേറ്റില്ലാത്ത ആറ് കറുത്ത സ്കോർപിയോ കാട്ടിലൂടെ ഓടിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബ് വീഡിയോയിൽ കാണാം. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായുള്ള ഫിസിക്സ് വാലയുടെ തൂഫാൻ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. എന്നാൽ വനപ്രദേശങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് കശ്മീർ താഴ്‌വരയുടെ പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന ആശങ്ക ഉയർത്തുന്നുവെന്ന നിഗമനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗുൽമാർഗ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇഫ്തികാർ അഹമ്മദ് ഖാദ്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടാങ്മാർഗ് പോലീസ് കേസെടുത്തതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ആറു കറുത്ത സ്‌കോർപ്പിയോ വാഹനങ്ങൾ വനവകുപ്പിന്റെ അനുമതിയില്ലാതെ ബദെർകോട് വനമേഖലയിലേക്ക് പ്രവേശിക്കുന്നുവെന്നും പ്രദേശത്തെ ഫീൽഡ് സ്റ്റാഫ് നടത്തിയ പരിശോധനയിൽ വീഡിയോ ബദെർകോട് ഫോറസ്റ്റ് ബ്ലോക്കിലാണ് ചിത്രീകരിച്ചതെന്ന് സ്ഥിരീകരിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. വനത്തിലെ ഔഷധസസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യങ്ങളെയും പുഷ്പവൃക്ഷങ്ങളെയും നശിപ്പിച്ചുവെന്നും, അതിനാൽ ഇന്ത്യൻ ഫോറസ്റ്റ് ആക്ട്, 1927 ഉം ഫോറസ്റ്റ് കൺസർവേഷൻ ആക്ട്, 1980 ഉം ലംഘിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സർക്കാരിൻ്റെ സ്വത്ത് നശിപ്പിക്കൽ, അനധികൃത പ്രവേശനം, നാശനഷ്ടം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേയെടുത്തിരിക്കുന്നത്. കൂടാതെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വന നശീകരണം നടത്തുന്ന ഒരു കമ്പനി വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ പാഠം എങ്ങനെ പഠിപ്പിക്കും എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. പരിസ്ഥിതി പ്രവർത്തകരും വിമർശനങ്ങളുമായി രംഗത്തെത്തി.
മദ്ധ്യകാശ്മീരിലെ ബുദ്ഗാമിലെ ബ്രെയിൻവാർ വനമേഖലയിൽ സമാനമായ സംഭവം നടന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് ഫിസിക്സ് വാലെയ്ക്കെതിരെയുള്ള കേസ്.
Content Summary: FIR Filed Against Physics Wallah for Illegal Ad Shoot in Gulmarg Forest
This post was last modified on November 4, 2025 2:53 pm
Leave a Comment