കാസർകോട് ജില്ലയിലെ നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരക്ക് തീപിടിച്ച് 154 പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ 97 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ വ്യക്തമാക്കിയത്.
പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമായി തുടരുകയാണ്. 80 ശതമാനം പൊള്ളലേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതീവ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സന്ദീപ്. അഞ്ചുപേരാണ് നിലവിൽ പരിയാരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലുള്ളത്.
കാഞ്ഞങ്ങാട് ആശുപത്രിയിൽ 16 പേരും സഞ്ജീവനി ആശുപത്രിയിൽ 10 പേരും ഐശാല്‍ ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍ മിംസിൽ 18 പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18 പേരുമാണ് ഇപ്പോൾ ചികിത്സ തേടിയിട്ടുള്ളത്.
കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അര്‍ധരാത്രി 12 മണിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തിൽ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. മിനിമം അകലം100 മീറ്റർ വേണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്.
രണ്ടോ മൂന്നോ അടി മാത്രം അകലം പാലിച്ചാണ് പടക്കം പൊട്ടിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ ബാക്കിയുള്ള പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവ സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.
പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റിയിട്ടുണ്ട്. 1500ലധികം പേര്‍ തെയ്യംകെട്ട് മഹോത്സവത്തിന് എത്തിയിരുന്നു. വലിയ പടക്കങ്ങൾ ഇല്ലാതിരുന്നത് ദുരന്തത്തിന്റെ ആക്കം കുറച്ചു.
content summary; firecrackers burst during temple fest in nileswaram 154 injured