March 19, 2025 |
Share on

തൊഴിലിടത്തെ ലൈംഗികാതിക്രമം; ജോലി പോയിട്ടും പോരാട്ടം തുടരുന്നൊരു പൊലീസ് ഉദ്യോഗസ്ഥ

ഉത്തരവാദിത്തപ്പെട്ടവര്‍ കൈയൊഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ പോരാട്ട വേദിയാക്കി

ലോകത്ത് എവിടെയും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങള്‍ സമാനമാണ്. നിശബ്ദരായി സഹിക്കുന്നവരുണ്ടാകും, എല്ലാവരും അങ്ങനെയല്ല. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും നീതി കിട്ടുന്നില്ലെങ്കില്‍ അവര്‍ സമൂഹത്തോട് വിളിച്ചു പറയും, എന്താണ് തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പോരാട്ടങ്ങള്‍ക്ക് ഇറങ്ങി തിരിക്കുന്നവരുടെ പാത ദുര്‍ഘടമായിരിക്കും. എന്നാലവര്‍ നീതി കിട്ടുംവരെ തങ്ങളുടെ യാത്ര അവസാനിപ്പിക്കില്ല.

ഫീറുസെ സറബി-മജ്ദ് അവരിലൊരാളാണ്. ടൊറന്റോ പൊലീസില്‍ ജോലി നോക്കിയിരുന്ന ഫീറുസെ, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ ലോകം ശ്രദ്ധിക്കുന്ന ശബ്ദമായി മാറിയിരിക്കുകയാണ്.

പൊലീസ് സംവിധാനത്തില്‍ സ്ത്രീകള്‍ നേരിടേണ്ടു വരുന്ന അപമാനങ്ങളാണ് ഫീറുസെ ലോകത്തിനു മുന്നില്‍ വിളിച്ചു പറയുന്നത്. തൊഴിലിടത്തെ അനീതിക്കെതിരേ അവരിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്. കാനഡയ്ക്ക് പുറത്തും ഫീറുസെയുടെ പോരാട്ടം ശ്രദ്ധ നേടിക്കഴിഞ്ഞു.

തനിക്ക് നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പൊലീസ് വകുപ്പിലെ ഉന്നതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ഫീറുസെ സമൂഹമാധ്യമങ്ങള്‍ വഴി എല്ലാക്കാര്യങ്ങളും ലോകത്തോടായി വിളിച്ചു പറയാന്‍ തുടങ്ങിയത്.

കഴിഞ്ഞ 18 മാസങ്ങളായി ജോലി സ്ഥലത്ത് താന്‍ നേരിട്ടതും സാക്ഷിയായിട്ടുള്ളതുമായ കാര്യങ്ങളും, പൊലീസ് സ്റ്റേഷനില്‍ കണ്ടിട്ടുള്ള അശ്ലീല ചിത്രങ്ങളും വംശീയവും ലൈംഗികതയും നിറഞ്ഞ സന്ദേശങ്ങളും ഫീറുസെ സമൂഹമാധ്യമ അകൗണ്ടുകളില്‍ പങ്കുവയ്ക്കുന്നുണ്ട്. അനുഭവിക്കേണ്ടി വന്ന ലൈംഗികാതിക്രമങ്ങളുടെ വിശദാംശങ്ങള്‍ തെളിവുകള്‍ സഹിതമാണ് അവര്‍ വെളിപ്പെടുത്തുന്നത്.

ഫീറുസെയുടെ പ്രവര്‍ത്തികള്‍ ടൊറന്റോ പൊലീസിനെ അസ്വസ്ഥമാക്കി. അവളുടെ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥര്‍ എല്ലാം നിഷേധിച്ചുവെങ്കിലും വ്യക്തമായ തെളിവുകളോടെയായിരുന്നു ഫീറുസെ ഓരോ കാര്യങ്ങളും പൊതു മധ്യത്തില്‍ വച്ചത്. പൊലീസ് സേനയാകെ നാക്കേടിലായി. ഫീറുസെയോട് നിശബ്ദയാകാന്‍ പല തവണ ഉന്നതരില്‍ നിന്നും നിര്‍ദേശം വന്നു. അവയെല്ലാം അവര്‍ അവഗണിച്ചു. തന്റെ പരാതികള്‍ സമൂഹത്തോട് പറയാന്‍ ഒരു പൗരന്‍ എന്ന നിലയില്‍ അവകാശമുണ്ടെന്നായിരുന്നു ഫീറുസെയുടെ മറുപടി.

പൊലീസ് വകുപ്പ് അവളോട് പ്രതികാരം വീട്ടി. 2023 മേയില്‍ ഫീറുസെയെ സേനയില്‍ നിന്നും പുറത്താക്കി. ടൊറന്റോ പൊലീസിന്റെ സത്‌പേര് കളങ്കപ്പെടുത്തിയെന്നതായിരുന്നു കാരണം. ഫീറുസെയുടെ പ്രവര്‍ത്തികള്‍ ഗുരുതരമായ അച്ചടക്കലംഘനമായി കണ്ടെത്തി!

43 കാരിയായ ഫീറുസെ, തന്റൈ പുറത്താക്കലിനെതിരേ ഒന്റാറിയോ പൊലീസ് കമ്മീഷന് മുന്നില്‍ പരാതി നല്‍കി. എന്നാല്‍ സ്വതന്ത്ര ട്രിബ്യൂണലായ കമ്മീഷന്‍ പൊലീസിനൊപ്പമാണ് നിന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിന്റെ മതിപ്പ് നഷ്ടപ്പെടാതിരിക്കാനാണ് ഫീറുസെയെ പുറത്താക്കിയതെന്ന കണ്ടെത്തലിലാണ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്.

ഫീറുസെ വെറുതെയിരുന്നില്ല. വിവേചനങ്ങള്‍ക്കെതിരായ പരാതികള്‍ കേള്‍ക്കുന്ന അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമായ ഒന്റാറിയോ മനുഷ്യാവകാശ ട്രിബ്യൂണലിനെ സമീപിച്ചു. ലൈംഗികാതിക്രം നേരിട്ടൊരു സ്ത്രീയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലൂടെ അവര്‍ എന്തു ചെയ്യാനാണ് ശ്രമിക്കുന്നതെന്നായിരുന്നു മനുഷ്യാവകാശ ട്രിബ്യൂണലിനോട് ഫീറുസെ ചോദിച്ചത്.

ഫീറുസെയുടെ പരാതി ഒറ്റപ്പെട്ടതല്ലെന്ന് നിയമവിദഗ്ധരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. കാനഡയിലെ മറ്റൊരു പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു. പുരുഷാധിപത്യം നിലനില്‍ക്കുന്ന തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ഭയം കൊണ്ട് ഒന്നും പുറത്തു പറയാറില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്. അതേസമയം പുറത്തു വന്ന പരാതികളുമുണ്ട്.

ബ്രിട്ടീഷ് കൊളംബിയായിലെ ആറ് വനിത ഓഫിസര്‍മാര്‍ അവിടുത്തെ നിരവധി പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ ലിംഗവിവേചനവും ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

ടൊറന്റോയിലെ നിരവധി വനിത ഉദ്യോഗസ്ഥര്‍ നഗരത്തിലെ പൊലീസ് വകുപ്പിനെതിരേ ലൈംഗികാതിക്രമ പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കേസ് പരിഗണിച്ചുകൊണ്ട് 2020 ല്‍ ഒറാന്റിയോ മനുഷ്യാവകാശ ട്രിബ്യൂണല്‍ വിമര്‍ശിച്ചത് പൊലീസ് വകുപ്പ് വിഷലിപ്തമായിരിക്കുന്നുവെന്നാണ്.

ടൊറന്റോ പൊലീസ് വകുപ്പ് നിയോഗിച്ച കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഡിലോയ്റ്റീ 2022 ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത് 28 ശതമാനം വനിത പൊലീസ് ഉദ്യോഗസ്ഥരും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളുടെ ഇരകളാണെന്നാണ്.

Firouzeh Zarabi-Majd, toronto police officer

ഫീറുസെ സറബി-മദ്ജ്

2008 ലാണ് ഫീറുസെ സറബി-മദ്ജ് പൊലീസ് യൂണിഫോം ആദ്യമായി ധരിക്കുന്നത്. അന്നവര്‍ക്ക് പ്രായം 27. അന്വേഷണതത്പരയായ ഉദ്യോഗസ്ഥയായിരുന്നു ഫീറുസെ. അതിലവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും പിന്തുണയും കിട്ടിയിരുന്നു. എന്നാല്‍, പോകെ പോകെ കാര്യങ്ങള്‍ മാറി. 2014 മുതലാണ് താനിപ്പോള്‍ മേലുദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വന്നതായി പറഞ്ഞിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ രൂക്ഷമാകുന്നതെന്ന് ഫീറുസെ പറയുന്നു. അതോടെ ഓരോരോ കാര്യങ്ങളിലായി അവര്‍ തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി. സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന അശ്ലീല മാസികകള്‍ അവര്‍ തന്റെ ഫോണില്‍ ഫോട്ടോയെടുത്തു സൂക്ഷിച്ചു.

സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്ക് എപ്പോഴും ചോദിക്കാനും അറിയാനുമുള്ളത് തന്റെ ലൈംഗിക താത്പര്യങ്ങളെയും ലൈംഗിക ജീവിതത്തെ കുറിച്ചുമായിരുന്നുവെന്ന് ഒറിയന്റോ മനുഷ്യാവകാശ ട്രിബ്യൂണലിന് നല്‍കിയ പരാതിയില്‍ ഫീറുസെ പറയുന്നുണ്ട്.

എന്റെ മാറിടത്തെ കുറിച്ചും, സ്ത്രീകളുടെ ജനനേന്ദ്രിയത്തെ കുറിച്ചുമുള്ള ചോദ്യങ്ങളും പലതവണ തനിക്ക് അവഗണിക്കേണ്ടതായി വന്നിട്ടുണ്ടെന്നും ഫീറുസെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2014 ല്‍ മദ്യ ലഹരിയിലായിരുന്നു രണ്ട് സഹപ്രവര്‍ത്തകരെ വീട്ടില്‍ കൊണ്ടു പോയി വിടാന്‍ ഫീറുസെ തയ്യാറായി. അവരില്‍ ഒരു മേലുദ്യോഗസ്ഥന്റെ താമസസ്ഥലത്ത് എത്തിയ സമയത്ത്, രണ്ടു പുരുഷന്മാരും ഫീറുസെയോട് തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടു. വഴങ്ങിയില്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ നടന്നുവെന്ന തരത്തില്‍ മറ്റ് സഹപ്രവര്‍ത്തകരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി. 2014 മുതല്‍ തനിക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിയതായി സൂചിപ്പിച്ചുകൊണ്ട് മനുഷ്യാവകാശ സമിതിക്ക് നല്‍കിയ പരാതിയില്‍ ഫീറുസെ വ്യക്തമാക്കിയിട്ടുള്ള സംഭവമാണിത്.

2015 ല്‍ ഫീറുസെയുടെ താമസ സ്ഥലത്തെത്തിയ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവരെ ബലമായി ചുംബിക്കുകയും തനിക്കൊപ്പം ലൈംഗികവേഴ്ച്ചയ്ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും ഫീറുസെ വെളിപ്പെടുത്തുന്നുണ്ട്. ജോലിയില്‍ തുടരാന്‍ കഴിയുമോയെന്ന ഭയം കൊണ്ട് ഇക്കാര്യങ്ങളൊന്നും ഉടനടി പരാതിപ്പെടാന്‍ തനിക്കായില്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ 2018 ല്‍ ഫീറുസെ അതുവരെ പാലിച്ച നിശബ്ദ കൈവിട്ടു. ആദ്യം അവര്‍ പരാതി കൊടുത്തത് മേലുദ്യോഗസ്ഥര്‍ക്കായിരുന്നു, ഫലം കാണാതെ വന്നതോടെ പൊലീസ് യൂണിയനെ സമീപിച്ചു.

2019 ല്‍ പൊലീസ് വകുപ്പ് ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഫീറുസെയെ സമീപിച്ചു. നഷ്ടപരിഹരമായി ഏകദേശം ഏഴ് കോടി രൂപ(1.3 മില്യണ്‍ കനേഡിയന്‍ ഡോളര്‍) നല്‍കാമെന്നായിരുന്നു വാഗ്ദാനം. അങ്ങനെയുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് ഫീറുസെ തയ്യാറായില്ല. ആ ഓഫര്‍ നിരസിച്ചതിനു പിന്നാലെയാണ് മനുഷ്യാവകാശ ട്രിബ്യൂണലില്‍ കേസ് കൊടുക്കാന്‍ അവര്‍ തീരുമാനിച്ചത്. അതിനൊപ്പം തന്നെ പൊലീസ് വകുപ്പില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പൊതുമധ്യത്തില്‍ സംസാരിക്കാനും തുടങ്ങി.

സോഷ്യല്‍ മീഡിയ വഴി ആളുകളുമായി ബന്ധപ്പെടാന്‍ തുടങ്ങിയതില്‍ പിന്നെയാണ് വീണ്ടും ജീവിക്കാന്‍ തുടങ്ങിയെന്ന തോന്നല്‍ ഉണ്ടാകുന്നതെന്നാണ് ഫീറുസെ പറയുന്നത്.

ലൈംഗികാതിക്രമങ്ങളുടെ തെളിവുകള്‍ സഹിതമാണ് ഫീറുസെയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. പുരുഷ ഓഫിസര്‍മാര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അയക്കുന്ന അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെ അവര്‍ പുറത്തു വിട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഇടപെടലുകളുടെ പേരില്‍ തനിക്കെതിരേയുള്ള അച്ചടക്ക വാദങ്ങളില്‍ പങ്കാളിയാകാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ഫീറുസെ പറയുന്നത്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡറിലൂടെ കടന്നുപോകുന്നൊരാള്‍ എന്ന നിലയിലാണ് തന്റെയീ തീരുമാനമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി ‘ ഞാന്‍ ഇതില്‍ പങ്കെടുക്കില്ല’ എന്ന് മനുഷ്യ മലത്തിന്റെ ഇമോജിക്കൊപ്പം അവര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റത്തിന്റെയും അനുസരണയില്ലായ്മയുടെയും കാരണം പറഞ്ഞാണ് പൊലീസ് വകുപ്പ് ഫീറുസെയെ കുറ്റക്കാരിയാക്കിയത്. പൊലീസ് സേനയ്ക്ക് നേരെ അവള്‍ അശ്ലീല ആംഗ്യമായി നടുവിരല്‍ ഉയര്‍ത്തി കാട്ടിയെന്നാണ് വിചാരണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ റോബിന്‍ മക്എലറി-ഡൗണര്‍, ഫീറുസെയെ പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നൊരു കാര്യം.

ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകയായ സിമോണ ജെല്ലിനെക്, ഫീറുസെയുടെ പരാതികളെ പിന്തുണയ്ക്കുന്നുണ്ട്. ഫീറുസെ ഡ്യൂട്ടി നോക്കിയിരുന്ന സ്‌റ്റേഷനില്‍ പോയ സമയത്ത്, വനിത മോഡലുകളുടെയും സ്വവര്‍ഗതിക്കാരുടെയും ചിത്രങ്ങള്‍ അവിടെ കണ്ടിട്ടുണ്ടെന്നാണ് സിമോണ സാക്ഷ്യപ്പെടുത്തുന്നത്.

Firouzeh Zarabi-Majd, toronto police officer

ഫീറുസെ സറബി-മദ്ജ്

ഫീറുസെയെക്കാള്‍ രണ്ടു വര്‍ഷം സീനിയറായ ടൊറന്റോ പൊലീസിലെ ഉദ്യോഗസ്ഥയായ ഹീതര്‍ മക്‌വില്യം താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഇതുപോലെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകന്‍ ബലം പ്രയോഗിച്ച് ചുംബിച്ചതും ലൈംഗിക ചുവയോടെ സംസാരിച്ചതുമടക്കം തനിക്കെതിരേ നടന്ന അതിക്രമങ്ങളാണ് ഹീതര്‍ പങ്കുവച്ചത്. തന്റെയും മറ്റ് വനിത ഉദ്യോഗസ്ഥരുടെയും സ്വിമ്മിംഗ് സ്യൂട്ടിലും മറ്റുമുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്നെടുത്ത് ഒരു മേലുദ്യോഗസ്ഥന്‍ പ്രചരിപ്പിച്ച കാര്യവും ഹീതര്‍ പറയുന്നുണ്ട്.

ഹീതര്‍ മക്‌വില്യമിന്റെ പരാതി പരിഗണിച്ച മനുഷ്യാവകാശ ട്രിബ്യൂണല്‍ അവര്‍ തൊഴിലിടത്ത് ഇരയാക്കപ്പെട്ടതായി കണ്ടെത്തി. അഞ്ചു ലക്ഷം രൂപ(85,000 കനേഡിയന്‍ ഡോളര്‍) നഷ്ടപരിഹാരവും നീതി വ്യവഹാരത്തിന് മൊത്തം ചെലവായതില്‍ പകുതി തുകയായി 91 ലക്ഷം (150,000 കനേഡിയന്‍ ഡോളര്‍) വേറെ നല്‍കാനും വിധി പുറപ്പെടുവിച്ചു.

ഹീതര്‍ മാക്‌വില്യം ഇപ്പോള്‍ ശമ്പളത്തോടുകൂടി അവധിയിലാണ്. പൊലീസ് വകുപ്പ് പല രീതികള്‍ പ്രയോഗിച്ചും തന്നെ നിശബ്ദയാക്കാന്‍ നോക്കിയിരുന്നതായും ഹീതര്‍ ആരോപിക്കുന്നുണ്ട്.

ഹീതര്‍ മാക്‌വില്യമിന് ലഭിച്ചതുപോലെ അനുകൂലമായൊരു വിധി മനുഷ്യാവകാശ ട്രിബ്യൂണലില്‍ നിന്നും തനിക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഫീറുസെ. നിയമ നടപടികള്‍ക്കായി താനിപ്പോള്‍ തന്നെ 240,000 കനേഡിയന്‍ ഡോളര്‍ ചെലവായിട്ടുണ്ടെന്നാണ് ഫീറുസെ പറയുന്നത്. എന്നാലും നീതിക്കു വേണ്ടി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. firouzeh zarabi-majd toronto police officer who fired from service after her social-media posts about workplace sexual harassments 

കടപ്പാട്;ദ ന്യൂയോര്‍ക്ക് ടൈംസ്, ടൊറന്റോ ലൈഫ്

Content Summary; firouzeh zarabi-majd toronto police officer who fired from service after her social-media posts about workplace sexual harassments

×