February 19, 2025 |

അമിതചിന്തകള്‍ അലട്ടുന്നുണ്ടോ ? ഇതാ ചില ജാപ്പനീസ് ടെക്‌നിക്കുകള്‍

ജാപ്പനീസ് ടെക്‌നിക്കുകള്‍ അനാവശ്യചിന്തകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും

ഒരു കാര്യത്തെ കുറിച്ച് അമിതമായി ചിന്തിക്കുക..അതോര്‍ത്ത് നിരാശയിലെത്തുക.. ഇങ്ങനെ
നിങ്ങളുടെ ജീവിത സന്ദര്‍ഭങ്ങളില്‍ ഉണ്ടാകാറുണ്ടോ ? എങ്കില്‍ അതിന് പോംവഴികളുണ്ട്. ചില ജാപ്പനീസ് ടെക്‌നിക്കുകള്‍ അനാവശ്യചിന്തകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

ഇക്കിഗൈ

ഇക്കിഗൈ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങള്‍ ഇപ്പോളായിരിക്കുന്ന അവസ്ഥയെയാണ്. സ്വന്തം മനസിന്റെ സന്തോഷത്തിനും സംതൃപ്തിയ്ക്കും വേണ്ടി ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി ചെയ്യാന്‍ ശ്രമിച്ചാല്‍ നെഗറ്റീവ് ചിന്തകള്‍ കുറയാനിടയാകും. നിങ്ങള്‍ക്ക് പ്രാധാന്യമുള്ള കാര്യങ്ങളില്‍ ഊര്‍ജം നല്‍കി പ്രവര്‍ത്തിക്കുന്നതിലൂടെ അനാവശ്യചിന്തകള്‍ കടന്നുകൂടാതെ നിലകൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും.

കൈസെന്‍

ഇതൊരു ജാപ്പനീസ് തത്വചിന്തയാണ്. വലിയ ടാസ്‌കുകളിലേറ്റെടുക്കാതെ ചെറുതും ചെയ്യാന്‍ കഴിയാവുന്നതുമായ കാര്യങ്ങള്‍ ശീലമാക്കുകയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. എനിക്ക് മാറ്റം വരുന്നുണ്ടെന്ന തിരിച്ചറിവ് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണ്.

ഷിന്‍ റിന്‍-യോകു

ഈ വാക്കിന്റെ അര്‍ത്ഥം ഫോറസ്റ്റ് ബാത്ത് എന്നാണ്. പ്രകൃതിയോട് ഇടകലര്‍ന്ന് സമയം ചെലവഴിക്കുകയും അവിടത്തെ കാഴ്ചകളും ശബ്ദങ്ങളും ആസ്വദിക്കുകയും ചെയ്യുന്നത് ഓവര്‍തിങ്കിങ് കുറയ്ക്കാന്‍ സഹായിക്കും. ദൈനംദിനമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന് ഇടവേളയെടുത്ത് പ്രകൃതിയോട് ചേര്‍ന്ന് സമയം ചെലവഴിക്കുന്നതിലൂടെ മനസ് ശുദ്ധീകരിക്കപ്പെടുന്നു.

സാസെന്‍

സെന്‍ എന്നാല്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ധ്യാനത്തിന്റെ പേരാണ്. അതില്‍ ശാന്തമായി ഇരിക്കുന്നതും ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയും ഉള്‍പ്പെടുന്നു. ഈ ധ്യാനം പതിവാക്കുന്നതോടെ അമിതമായ ചിന്തകള്‍ വേട്ടയാടാതെ മുന്നോട്ടുപോകാന്‍ കഴിയും.

കിന്റ് സുഗി

തകര്‍ന്ന മണ്‍പാത്രങ്ങള്‍, സ്വര്‍ണത്തിന്റെ പൊടിയും വെള്ളി അല്ലെങ്കില്‍ പ്ലാറ്റിനം എന്നിവ കലര്‍ത്തിയ ലാക്വര്‍ ഉപയോഗിച്ച് നന്നാക്കുന്ന ജാപ്പനീസ് കലയാണിത്. ചരിത്രത്തെയും അപൂര്‍ണതയെയും ചൂണ്ടിക്കാട്ടി കൊണ്ട് തെറ്റുകളെ മനസിലാക്കാനും ആരും പൂര്‍ണനല്ല എന്ന തിരിച്ചറിവും ഇതിലൂടെ നമുക്ക് ലഭിക്കും. സ്വന്തം ജീവിതത്തില്‍ ഇവയെ ഉപയോഗപ്പെടുത്താന്‍ ഈ കലയാല്‍ സാധിക്കും.

ഗാമന്‍

ക്ഷമയും സഹിഷ്ണുതയുമുള്ളവരായിരിക്കുക എന്ന ശീലം ഗാമന്‍ എന്ന പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ കാലത്തെയോര്‍ത്ത് പശ്ചാത്തപിക്കാനോ ഭാവിയെ കുറിച്ച് ആകുലപ്പെടാനോ ഈ രീതി വശമാക്കിയാല്‍ ഇടവരില്ല.

ഹരാഗേയ്

ആശയവിനിമയത്തിലൂടെ കൂടുതല്‍ ചിന്തകളിലേക്ക് കടക്കാതിരിക്കുകയാണ് ഈ രീതിയുടെ പ്രത്യേകത. ഇതിലൂടെ വ്യാഖ്യാനങ്ങളോ വിശകലനങ്ങള്‍ക്കോ സാഹചര്യങ്ങളില്ലാതെയാവുകയും മനസ് ശാന്തമാവുകയും ചെയ്യും.

ഹര ഹച്ചി ബു

വയറ് 80 ശതമാനം നിറയുന്നത് വരെ ഭക്ഷണം കഴിക്കുന്ന എന്നതാണ് ഈ ജാപ്പനീസ് രീതി. വിശപ്പിന്റെ സിഗ്നലുകള്‍ മനസിലാക്കി അതനുസരിച്ച് ഭക്ഷണം കഴിക്കാന്‍ ഇതിലൂടെ സാധിക്കും. ശരീരഭാരത്തിലെ നിയന്ത്രണത്തില്‍ ശ്രദ്ധ നല്‍കുന്നതോടെ സ്വന്തമായുള്ള പ്രതിച്ഛായയ്ക്കും മാറ്റങ്ങളുണ്ടാകാം. സ്‌ട്രെസ് ഈറ്റിങിലേക്ക് കടക്കാതിരിക്കാനും ഈ രീതി സഹായിക്കും.

×