June 04, 2026 |
Share on

ഫോന്തമാര; ഫാഷിസ്റ്റ് ഭീകരയ്ക്കു നേരെ പിടിച്ച കണ്ണാടി

ഇഗ്നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയായ ഫോന്തമാര മലയാളത്തില്‍. പി കെ ഹോര്‍മിസ് തകരന്‍ മൊഴിമാറ്റം നടത്തിയ നോവല്‍ ഓഗസ്റ്റ് 31 ന് പ്രകാശനം ചെയ്യുന്നു

ഇഗ്‌നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയാണ് ഫോന്തമാര. 1933 ല്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയ ഈ നോവല്‍ ഫാഷിസ്റ്റ് ഭീകരയ്ക്കു നേരെ പിടിച്ച കണ്ണാടിയാണെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. കഥ കാര്യത്തേക്കാള്‍ ശക്തിയോട സംസാരിക്കും എന്ന് പറയുന്നതു പോലെ ഇത് ചരിത്രത്തേക്കാള്‍ ശക്തിയോടെ ഫാഷിസ്റ്റ് ഭീകരതയ തുറന്നുകാട്ടി. സിലോണയുടെ നോവലിന് കേരളത്തിന്റെ മുന്‍ പൊലീസ് മേധാവിയും വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ ആര്‍ ആന്‍ഡ് ഡബ്ല്യുവിന്റെ മുന്‍ തലവനുമായിരുന്ന പി കെ ഹോര്‍മിസ് തകരന്‍ നിര്‍വ്വഹിച്ച മലയാള പരിഭാഷ വായനക്കാര്‍ക്ക് മുന്നില്‍ എത്തുകയാണ്.് പ്രിസം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഫോന്തമാര 2025 ഓഗസ്റ്റ് 31 ഞായറാഴ്ച്ച വൈകിട്ട് 4.30 ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫിന് നല്‍കികൊണ്ട് എന്‍ എസ് മാധവന്‍ പ്രകാശനം ചെയ്യും. ഇടപ്പള്ളി കേരള മ്യൂസിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ ഇ സുധീര്‍ ആമുഖ പ്രഭാഷണം നടത്തും. റിയാസ് കോമു, രതി മേനോന്‍, വൈക്കം മുരളി എന്നിവര്‍ സംസാരിക്കും.

ആദ്യവാചകം മുതല്‍ അവസാന വാചകം വരെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേയും അതിന്റെ നുണകള്‍, ക്രൂരതകള്‍, മ്ലേച്ഛതകള്‍ എന്നിവയ്‌ക്കെതിരേയും ലക്ഷ്യം വെച്ചിട്ടുള്ള ഒരു നോവല്‍ എന്നാണ് ലിയോണ്‍ ട്രോട്‌സ്‌കി ഫോന്തമാരയെ വിശേഷിപ്പിക്കുന്നത്. ആവേശഭരിതമായ രാഷ്ട്രീയ പ്രചാരണത്തിനുള്ള പുസ്തകമെന്ന് ട്രോക്‌സ്‌കി അടയാളപ്പെടുത്തുന്ന ഫോന്തമാരയുടെ ആമുഖം വായനക്കാര്‍ക്കായി അഴിമുഖം പ്രസിദ്ധീകരിക്കുകയാണ്. പുസ്തകം ആവശ്യമുള്ളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക- https://azhimukham.com/shop/

ആമുഖം

ഞാന്‍ ഇപ്പോള്‍ വിവരിക്കുവാന്‍ പോകുന്നത് ഫോന്തമാരയില്‍ ഒരു വേനല്‍ക്കാലത്ത് നടന്ന വിചിത്രമായ ചില സംഭവങ്ങളെ കുറിച്ചാണ്. നികത്തി എടുത്ത ഫുചീനോ തടാകത്തിന് വടക്ക്, കുന്നുകള്‍ക്കും പര്‍വ്വതങ്ങള്‍ക്കും ഇടയ്ക്കുള്ള ഒരു താഴ്‌വരയിലെ, മാര്‍സികാ പ്രദേശത്തെ, അറിയപ്പെടാത്തതും വളരെ പഴക്കമുള്ളതുമായ ഒരു ഗ്രാമത്തിന് ഞാന്‍ നല്‍കിയ പേരാണ് ‘ഫോന്തമാര’ എന്നത്. പിന്നെയാണ്, തെക്കന്‍ ഇറ്റലിയില്‍ ഇതിനോട് സാമ്യമുള്ള പേരുകളില്‍ അറിയപ്പെട്ടിരുന്ന മറ്റു സ്ഥലങ്ങളും ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. അതുകൂടാതെ, ഈ പുസ്തകത്തില്‍ ഞാന്‍ നേരായി രേഖപ്പെടുത്തുന്നതു പോലുള്ള വിചിത്രസംഭവങ്ങള്‍ ഇപ്പറഞ്ഞ മറ്റു പല സ്ഥലങ്ങളിലും ഉണ്ടായി എന്നും ഞാന്‍ അറിഞ്ഞു. അതു ഫോന്തമാരയിലെ സംഭവങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാന്‍ ഒരു കാരണമായി എനിക്കു തോന്നിയില്ല. മറിയ, അന്തോണിയോ എന്നിങ്ങനെ പല പേരുകളും ഞങ്ങളുടെ നാട്ടില്‍ സാധാരണമാണ്. അതുപോലെ, ജീവിതത്തില്‍ തികച്ചും പ്രധാനമായ കാര്യങ്ങള്‍- ജനനം, മരണം, സ്‌നേഹം, വേദന എന്നിവയും സര്‍വ്വസാധാരണം തന്നെ. ആ കാരണം പറഞ്ഞ് ആരും ഇവയെക്കുറിച്ചൊന്നും സംസാരിക്കാതിരിക്കുന്നില്ലല്ലോ.

Fontamara


ഫോന്തമാര; മലയാളം മൊഴിമാറ്റത്തിന്റെ കവര്‍ പേജ്‌

ശരി. അങ്ങനെ സമതലങ്ങള്‍ക്കും പര്‍വ്വതങ്ങള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്നതും ഒറ്റപ്പെട്ടതും പാവപ്പെട്ടതും പിന്നാക്കം നില്‍ക്കുന്നതുമായ മറ്റേതൊരു തെക്കന്‍ ഇറ്റാലിയന്‍ ഗ്രാമത്തെയും പോലെ തന്നെയായിരുന്നു ഫോന്തമാരയും. പക്ഷേ, ഫോന്തമാരയ്ക്ക് അതിന്റെ സ്വന്തം പ്രത്യേകതകളും ഉണ്ടായിരുന്നു. മണ്ണില്‍ നിന്ന് വിളവുണ്ടാക്കുന്നവരെങ്കിലും വിശപ്പു സഹിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് അല്ലെങ്കില്‍ കര്‍ഷകതൊഴിലാളികള്‍ക്ക്- ഫെല്ലാഹീന്‍, കൂലി, പ്യൂണ്‍, മുജിക്, കഫോണേ എന്നൊക്കെ വിളിക്കപ്പെടുന്നവര്‍- ലോകമെമ്പാടും ഒരുപോലെയാണ്: അവര്‍ അവരുടേതായ ഒരു ജനതയുടെ, ഒരു ജാതിയുടെ, ഒരു സഭയുടെ അംഗങ്ങളാണ്. പക്ഷേ എല്ലാ വിധത്തിലും പൂര്‍ണസാമ്യമുള്ള രണ്ടു പാവപ്പെട്ടവരെ ഇനിയും കാണാന്‍ കഴിഞ്ഞിട്ടില്ല.

ഫുചീനോ സമതലപ്രദേശത്തുനിന്ന് ഫോന്തമാരയിലേക്ക് പോകുന്നവര്‍ക്ക് വരണ്ടു വിളര്‍ന്ന മലഞ്ചരിവില്‍ അനേകം കോണിപ്പടികളില്‍ പണിതതുപോലുള്ള ഗ്രാമം എടുത്തു കാണപ്പെടുമായിരുന്നു. മിക്ക വീടുകളും താഴെ നിന്ന് എളുപ്പത്തില്‍ കാണാം. വടിപ്പോ നിരപ്പോ ഇല്ലാത്ത നൂറോളം കുടിലുകള്‍ ഉണ്ടായിരുന്നു. കാലം കറുപ്പിച്ചതും, കാറ്റും മഴയും വെയിലും ഏറ്റു തളര്‍ന്നതും, ഓടും പഴയ തകരകഷണവും കൊണ്ടു മേയപ്പെട്ട പൊളിയാറായ മേല്‍ക്കൂരകളുള്ളതുമായ ഒറ്റനില കുടിലുകള്‍. മിക്കവയ്ക്കും വാതിലും ജനാലയും ചിമ്മിനിയുമെല്ലാമായി ഒരേ ഒരു ദ്വാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ ഒരു വീട്ടിലും തറയും ഭിത്തിയും തേച്ചിട്ടുണ്ടാവില്ല. ഉള്ളില്‍ ആണും പെണ്ണും കുട്ടികളും ആടും കോഴിയും പന്നിയും കഴുതയും എല്ലാം ഒന്നിച്ച് ജീവിക്കുകയും ഉറങ്ങുകയും തിന്നുകയും അവരവരുടെ പ്രത്യുല്‍പാദനം നടത്തുകയും ചെയ്തിരുന്നു, ചിലപ്പോള്‍ ഒരേ മുറിയില്‍ തന്നെ. ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നതും ഇടിഞ്ഞുവീഴാറായതുമായ ഒരു മാളികവീടും ചെറിയ ഭൂവുടമകളുടെ വകയായ ഏതാണ്ട് പത്തുപന്ത്രണ്ട് ഭവനങ്ങളും മാത്രമാണ് ഇവയില്‍നിന്ന് വ്യത്യസ്തമായിരുന്നത്. ഫോന്തമാരയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് പള്ളിയും അതിന്റെ മണിമേടയും നിറഞ്ഞു നിന്നിരുന്നു. പള്ളിയ്ക്കു മുന്നില്‍ ചതുരാകൃതിയിലുള്ള തുറസ്സായ മൈതാനം പല തട്ടുകളായി കിടക്കുന്നു. ഗ്രാമത്തിന്റെ നടുവിലൂടെ കുത്തനെ മേലോട്ടു പോകുന്ന ഒരു പാതയിലൂടെയേ അവിടെ എത്താനാവൂ. ആ ഗ്രാമത്തില്‍ ഉന്തുവണ്ടികള്‍ക്ക് കടന്നുപോകാന്‍ പറ്റിയ ഒരേയൊരു വഴി ഇതു മാത്രമായിരുന്നു. ഈ വഴിയില്‍ നിന്ന് ചില ഇടവഴികളും അങ്ങിങ്ങായി പോയിരുന്നു. വീടുകളുടെ മേല്‍ക്കൂരകള്‍ക്കിടയിലൂടെ കുത്തനെ കയറിപ്പോകുന്ന വഴികളില്‍ നിന്ന് ആകാശം കഷ്ടിച്ചേ കാണാമായിരുന്നുള്ളൂ. ദൂരെ ഫുചീനോ എസ്റ്റേറ്റില്‍ നിന്ന് നോക്കുന്നവര്‍ക്ക് ഗ്രാമം, കറുത്ത ആട്ടിന്‍കുട്ടികളുടെ ഒരു കൂട്ടമായും പള്ളിമേട ആട്ടിടയനായും തോന്നപ്പെടുമായിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, പല ഗ്രാമങ്ങളില്‍ ഒന്നു മാത്രമായിരുന്നെങ്കിലും, അവിടെ ജനിച്ചു വളര്‍ന്നവര്‍ക്ക് ഫോന്തമാര പ്രപഞ്ചം തന്നെയാണ്; എന്തെന്നാല്‍ പ്രപഞ്ചചരിത്ര ത്തിന്റെ വേദിയാണ് അത് – മരണം, ജനനം, പ്രേമം, വിരോധം, അസൂയ, പെടാപ്പാട്, നിരാശ – ഇതിന്റെയെല്ലാം വേദി.

ഞാന്‍ വിവരിക്കാന്‍ പോകുന്ന വിചിത്രസംഭവങ്ങള്‍ ഒഴികെ ഫോന്തമാരയെ കുറിച്ച് കൂടുതലായി ഒന്നും പറയാന്‍ ഇല്ല. ഞാന്‍ എന്റെ ജീവിതത്തിന്റെ ആദ്യ ഇരുപത് വര്‍ഷം അവിടെ ചിലവഴിച്ചു. അതില്‍ കൂടുതലായി ഒന്നും എനിക്ക് അതേക്കുറിച്ച് പറയാന്‍ ഉണ്ടാവേണ്ടതില്ല.

ഇരുപത് വര്‍ഷക്കാലം ആ ആകാശത്തിന്റെ വിരസത ഞാന്‍ അറിഞ്ഞു, വെളിയിലേക്കുള്ള വഴികളെല്ലാം തടയുന്ന ഒരു തടയണ പോലെ എസ്റ്റേറ്റിനെ ചുറ്റി മറയ്ക്കുന്ന മലകളാല്‍ അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട ആകാശം: ഇരുപത് വര്‍ഷക്കാലം മണ്ണിന്റേയും, മഴയുടേയും, മഞ്ഞിന്റെയും, കാറ്റിന്റെയും, പുണ്യാളന്മാരുടെ പെരുന്നാളുകളുടേയും, ഭക്ഷണത്തിന്റെയും, വിഷമങ്ങളുടേയും, ദുരിതങ്ങളുടേയും ദാരിദ്ര്യത്തിന്റെയും വിരസത ഞാന്‍ അറിഞ്ഞു; എന്നേയ്ക്കും ഉള്ള ദാരിദ്ര്യം, ഞങ്ങളുടെ പിതാക്കന്മാര്‍ക്ക് അവരുടെ പിതാക്കന്മാര്‍ കൈമാറിയതും അവര്‍ ഞങ്ങള്‍ക്ക് തന്നിട്ടുപോയതുമായ നിത്യദാരിദ്ര്യം. അതിന്റെ മുന്നില്‍ നെറിയുള്ള അദ്ധ്വാനം കൊണ്ട് ഒരു കാര്യവുമില്ലായിരുന്നു. ഏറ്റവും വലിയ അനീതികള്‍ എത്രയോ കാലമായി നിലനിന്നിരുന്നു എന്നതിനാല്‍ കാറ്റും മഞ്ഞും പോലെ അവയും സ്വാഭാവികം മാത്രമായിത്തീര്‍ന്നു. മനുഷ്യരുടേയും മൃഗങ്ങളുടേയും ഭൂമിയുടെ തന്നെയും ജീവിതം മലകളുടേയും കാലങ്ങളുടേയും അയവില്ലാത്ത മുഷ്ടിയില്‍ മുറുക്കി പിടിക്കപ്പെട്ട, ഒരിക്കലും മാറാത്ത, പ്രകൃതിയുടെ ചക്രത്താല്‍ ചുറ്റപ്പെട്ട ഒരു നിത്യതടവറയിലേതു പോലെ തോന്നപ്പെട്ടു.

ആദ്യം വിതയ്ക്കല്‍, പിന്നെ മരുന്നു തളിക്കല്‍, പിന്നെ കൊയ്ത്ത്, മുന്തിരി പെറുക്കല്‍. പിന്നെന്ത്? വീണ്ടും അതുതന്നെ, പിന്നെയും പിന്നെയും. വിത, ഉഴല്‍, കളപറി, മരുന്നു തളി, കൊയ്ത്ത്, മുന്തിരി പെറുക്കല്‍. എക്കാലവും ഒരേ പാട്ടും ഒരേ ഏറ്റുപാട്ടും. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി, ചെറുപ്പക്കാര്‍ക്ക് പ്രായമായി, വയസ്സായവര്‍ മരിച്ചു. വിതയും ഉഴലും മരുന്നുതളിയും കൊയ്ത്തും മുന്തിരി പെറുക്കലുമെല്ലാം തുടര്‍ന്നു. പിന്നെയോ? വീണ്ടും തുടക്കത്തിലേക്ക് മടക്കം. എല്ലാ വര്‍ഷവും അതിന്റെ മുന്നിലെ വര്‍ഷംപ്പോലെ തന്നെയായിരുന്നു; ഓരോ കാലവും അതിന്റെ മുന്‍കാലത്തേപോലെ, ഓരോ തലമുറയും മുന്‍തലമുറയെപോലെ. ഈ പുരാതനമായ ജീവിതരീതി മാറുമെന്ന് ഫോന്തമാരയിലെ ആര്‍ക്കും തന്നെ ഒരിക്കലും തോന്നിയിട്ടുണ്ടായിരുന്നില്ല. ഫോന്തമാരയിലെ സമൂഹത്തിന്റെ ഏണിയില്‍ രണ്ടു പടികളേ ഉണ്ടായിരുന്നുള്ളൂ; ഏറ്റവും താണ പടി കര്‍ഷകത്തൊഴിലാളിയുടേതായിരുന്നു, പിന്നെ അതിനേക്കാള്‍ അല്പം ഉയര്‍ന്ന പടി ചെറുഭൂവുടമകളുടേയും. കച്ചവടക്കാര്‍ ഇതില്‍ രണ്ടിലും പെടും. അത്ര മോശമല്ലാത്തവര്‍, ഒരു ചെറിയ കടയും കുറച്ച് യന്ത്രോപകരണങ്ങളും ഉള്ളവര്‍, അല്പം മേലേക്കിടയിലാണ്; ബാക്കിയുള്ളവര്‍ ഏറ്റവും അടിത്തട്ടിലും. തലമുറകളായി കര്‍ഷകത്തൊഴിലാളികളും പാവപ്പെട്ട കടനടത്തിപ്പുകാരും സമൂഹത്തിന്റെ ആദ്യത്തെ പടി ഒന്നു കയറിക്കിട്ടുവാനായി വിശ്വസിക്കാനാവാത്ത ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ, അപൂര്‍വ്വമായേ അവര്‍ വിജയിച്ചിട്ടുള്ളൂ. ഏറ്റവും വലിയ ഭാഗ്യം ഒരു ചെറിയ ഭൂവുടമയുടെ മകളെ കല്യാണം കഴിക്കുക എന്നതാണ്. പക്ഷേ, ഫോന്തമാരയ്ക്ക് ചുറ്റുമുള്ള ഭൂമിയില്‍ പത്തു പറ കോതമ്പ് വിതച്ചാല്‍ പത്തു പറ മാത്രമേ കൊയ്യാന്‍ പറ്റുമായിരുന്നുള്ളൂ എന്ന വാസ്തവം ഓര്‍ത്താല്‍, പാടുപെട്ട് നേടിയ ഭൂവുടമ എന്ന പദവിയില്‍ നിന്ന് കര്‍ഷകത്തൊഴിലാളി എന്ന പദവിയിലേക്ക് വീണ്ടും തെന്നിവീഴുക എന്നത് അസാധാരണം ആയിരുന്നില്ല എന്നു മനസ്സിലാകും (എന്റെ രാജ്യത്ത് ഇപ്പോള്‍ ‘കഫോണേ’ എന്ന പദത്തിന്റെ പ്രയോഗം വെറുപ്പും പുച്ഛവും പ്രകടിപ്പിക്കുന്ന ഒന്നാണ് എന്ന് എനിക്ക് നന്നായി അറിയാം; ഈ പുസ്തകത്തില്‍ ഞാന്‍ അത് ഉപയോഗിക്കുന്നത് ഒരു ആത്മവിശ്വാസം കൊണ്ടാണ് – ഒരു കാലത്ത് ദുരിതങ്ങള്‍ അനുഭവിക്കുക എന്നത് എന്റെ രാജ്യത്ത് നാണക്കേട് എന്നതിനേക്കാള്‍ അഭിമാനത്തിന്റേയും ബഹുമാനത്തിന്റെയും പ്രതീകമായി തീരും എന്നുള്ള വിശ്വാസം).

ഫോന്തമാരയില്‍ അല്പം ശേഷിയുള്ള കര്‍ഷകത്തൊഴിലാളിക്ക് ഒരു കഴുത അല്ലെങ്കില്‍ കോവര്‍കഴുത ഉണ്ടായിരിക്കും. ഇലപൊഴിയും കാലത്ത്, കഴിഞ്ഞ വര്‍ഷത്തെ കടങ്ങള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍, വരുന്ന മഞ്ഞുകാലത്ത് ക്ഷാമംമൂലം മരിക്കാതിരിക്കാന്‍ ആവശ്യമുള്ള കുറച്ച് ഉരുളക്കിഴങ്ങും പയറും ഉള്ളിയും കോതമ്പു പൊടിയും വാങ്ങാനായി വീണ്ടും കടം വാങ്ങിയേ തീരൂ. അങ്ങനെ അവരില്‍ മിക്കവര്‍ക്കും ജീവിതമെന്നാല്‍ വിശപ്പൊഴിവാക്കാന്‍ വാങ്ങിയ ചെറിയ കടങ്ങളുടെ ഒരു വലിയ ശൃംഖലയും അവ തിരിച്ചടക്കാനായുള്ള തളര്‍ത്തുന്ന ജോലിഭാരവും ഉള്‍പ്പെടുന്നതായിരുന്നു. നല്ല വിളവുമൂലം അപ്രതീക്ഷിതമായി അല്പം പണം അധികം കീശയില്‍ വീണാല്‍, അതു പൊതുവേ വക്കീലന്മാര്‍ക്കു വേണ്ടിയാണ് ചിലവഴിക്കപ്പെട്ടിരുന്നത്. എന്തെന്നാല്‍, ഫോന്തമാരയില്‍ പരസ്പരം ബന്ധങ്ങള്‍ ഇല്ലാത്ത രണ്ടു കുടുംബങ്ങള്‍പോലും ഉണ്ടായിരുന്നില്ല. പര്‍വ്വതഗ്രാമങ്ങളില്‍ മിക്കവാറും എല്ലാവര്‍ക്കും മറ്റെല്ലാവരുമായി എന്തെങ്കിലും വിധത്തില്‍ ബന്ധമുണ്ടാകും. ഏറ്റവും പാവപ്പെട്ട കുടുംബങ്ങള്‍ക്കും മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ട താല്‍പര്യങ്ങള്‍ ഉണ്ടാകും; സമ്പത്തില്ലാത്തതിനാല്‍ ദാരിദ്ര്യമാണ് അവര്‍ക്ക് പങ്കിടേണ്ടിവരുന്നത്; അതുകൊണ്ട്, ഫോന്തമാരയില്‍ ഒരു കേസ് എങ്കിലും നിലവിലില്ലാത്ത ഒരു കുടുംബവും ഇല്ല. തീരെ മോശം വര്‍ഷങ്ങളില്‍, കേസുകളി കുറയും; പക്ഷേ, വക്കീലന്മാര്‍ക്കു കൊടുക്കാന്‍ കുറച്ചു കാശ് കയ്യില്‍ കിട്ടിയാല്‍ ഉടനെ വീണ്ടും അത് ഉജ്ജ്വലമാകും. ഒരിക്കലും തീരാത്ത അതേ കേസുകള്‍ അന്തമില്ലാതെ ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറിപ്പോരുന്നു, അതോടൊപ്പം അവസാനമില്ലാത്ത ചിലവും, തുടച്ചുനീക്കാന്‍ വയ്യാത്ത വെറുപ്പും വിദ്വേഷവും. ഇതെല്ലാമാകട്ടെ, ഒരു മുള്‍ച്ചെടിക്കാടിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ വേണ്ടിയും. കാട് കത്തി ചാമ്പല്‍ ആയാല്‍ പോലും കോടതിയുദ്ധം മുന്നേക്കാള്‍ വാശിയോടെ തുടരുന്നു.

fontamara

ഇവിടം വിട്ടിറങ്ങാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ഒരു മാസം ഇരുപത് സോള്‍ദി നാണയത്തുട്ടുകള്‍ മാറ്റിവച്ചാല്‍, അല്ലെങ്കില്‍ മുപ്പതോ, വേണ്ട വേനല്‍ക്കാലത്ത് നൂറു സോള്‍ദി എന്നു കൂട്ടിക്കോ, മാറ്റിവച്ചാല്‍, ഇലപൊഴിയും കാലമാകുമ്പോഴേയ്ക്കും മുപ്പത് ലീരയോളം ലഘുസമ്പാദ്യമുണ്ടാകും. പക്ഷേ, അത് ഉടനെ അപ്രത്യക്ഷമാകും; പലിശ കൊടുക്കണം, അല്ലെങ്കില്‍ വക്കീലിന് കൊടുക്കണം, അല്ലെങ്കില്‍ പള്ളീലച്ചന്, അല്ലെങ്കില്‍ മരുന്നുകടക്കാരന്. പിന്നെ, അടുത്ത പൂക്കാലമാകുമ്പോഴേയ്ക്കും, ഇതൊക്കെ വീണ്ടും തുടങ്ങും. ഇരുപത് സോള്‍ദി, മുപ്പത് സോള്‍ദി, നൂറു സോള്‍ദി ഒരു മാസം. വീണ്ടും പിന്നാക്കം പോയി തുടക്കത്തിലേയ്ക്ക്.

കുന്നിറങ്ങി ചെല്ലുന്ന സമതലപ്രദേശങ്ങളില്‍ പല കാര്യങ്ങളും തീര്‍ച്ചയായും കാഴ്ചയില്‍ എങ്കിലും മാറുന്നുണ്ടായിരുന്നു. പക്ഷേ, ഫോന്തമാരയില്‍ ഒന്നും മാറിയില്ല. ആ ഗ്രാമത്തില്‍ ഉള്ളവര്‍ താഴെ നടക്കുന്ന മാറ്റങ്ങളെ അവരുമായി ബന്ധമില്ലാത്ത ഏതോ ഒരു നാടകമെന്നതു പോലെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവര്‍ പണിയെടുക്കേ ണ്ടുന്ന മലമ്പ്രദേശം എന്നത്തേയും പോലെ കല്ലും പാറയും നിറഞ്ഞതും ഫലഭൂയിഷ്ടമല്ലാത്തതുമായി തുടര്‍ന്നു. മുന്നേപ്പോലെ തന്നെ, കൃഷിഭൂമി കുറവായും കാലാവസ്ഥ പ്രതികൂലമായും തുടര്‍ന്നു. ഫുചീനോ തടാകം നികര്‍ത്തി എടുത്തത് എണ്‍പതു വര്‍ഷത്തോളം മുന്നാലെ ആയിരുന്നു. സമതലപ്രദേശത്തുള്ള ചില കൂട്ടര്‍ക്ക്, ഗ്രാമങ്ങള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടായി. പക്ഷേ, മലമ്പ്രദേശത്തുള്ളവര്‍ക്ക് നേരേ മറിച്ചായിരുന്നു. എന്തെന്നാല്‍, മാര്‍സിക്ക പ്രദേശം മുഴുവന്‍ തണുപ്പു കൂടുകയും പരമ്പരാഗതമായ വിളകള്‍ നശിച്ചുപോകുകയും ചെയ്തു. പഴയ ഓലിവ് തോട്ടങ്ങള്‍ മുഴുവന്‍ നശിച്ചു. മുന്തിരിത്തോട്ടങ്ങളില്‍ സുഖക്കേട് വര്‍ദ്ധിക്കുകയും മുന്തിരി പൂര്‍ണ്ണമായി പഴുക്കാതെ ആവുകയും ചെയ്തു. ആദ്യത്തെ മഞ്ഞുവീഴ്ചയോടെ അവ ഉറഞ്ഞു പോകാതിരിക്കാന്‍ ഒക്ടോബര്‍ അവസാനം തന്നെ ധൃതിപിടിച്ച് അവ പറിക്കേണ്ടി വരുന്നു. അവയില്‍നിന്നുണ്ടാക്കുന്ന വീഞ്ഞ് ആവട്ടെ നാരങ്ങാനീരു പോലെ കയ്പ്പുള്ളതായിരുന്നു. അതുണ്ടാക്കുന്ന മിക്കവര്‍ക്കും ആ വീഞ്ഞ് തന്നെത്താന്‍ കുടിച്ചു തീര്‍ക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.

തടാകത്തിലെ വെള്ളം വറ്റിച്ചതുമൂലം തെളിഞ്ഞുകിട്ടിയ ഫലഭൂയിഷ്ടമായ മണ്ണില്‍നിന്ന് മുതലെടുക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഈ വിപത്തില്‍നിന്ന് കുറേയൊക്കെ രക്ഷപ്പെടാമായിരുന്നു. പക്ഷേ, ഫുചീനോ പ്രദേശം ഒരു കൊളോണിയല്‍ ഭൂവുടമാസമ്പ്രദായത്തിന് അടിമപ്പെട്ടിരുന്നു. എല്ലാ വര്‍ഷവും അവിടെ നിന്നുകിട്ടുന്ന വലിയ സമ്പത്ത് സ്ഥലത്തെ ഒരു ചെറിയകൂട്ടം അധികാരിവര്‍ഗ്ഗത്തെ ധനികരാക്കുവാന്‍ മാത്രമേ ഉതകുമായിരുന്നുള്ളൂ. അതില്‍ കൂടുതല്‍ പങ്കും തലസ്ഥാനനഗരിയിലേക്ക് ഒഴുകിപ്പോവുകയും ചെയ്തിരുന്നു. എന്തെന്നാല്‍ റോമാനഗരിക്ക് ചുറ്റും അവര്‍ക്കുള്ള സ്ഥലം കൂടാതെ, മാരേമ്മാ പ്രദേശത്തുള്ള വിസ്തൃതമായ സ്ഥലങ്ങള്‍ കൂടാതെ, ഫുചീനോ പ്രദേശത്തെ മുപ്പത്തയ്യായിരം ഏക്കറും രാജകീയമെന്ന് പറയപ്പെടുന്ന തോര്‍ലോണിയാ കുടുംബത്തിന്റേതാണ്- കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രഞ്ച് പട്ടാളത്തിന്റെ കൂടെ റോമായില്‍ എത്തിച്ചേര്‍ന്ന തോര്‍ലോണിയാ കുടുംബത്തിന്റേത്. പക്ഷേ, അതു വേറൊരു കഥയാണ്. ഫോന്തമാരയിലെ ജനങ്ങളുടെ കരയിപ്പിക്കുന്ന കഥ വിവരിച്ചതിനു ശേഷം, വായനക്കാരെ ഒന്നു സന്തോഷിപ്പിക്കുവാനായി ഞാന്‍ എന്നെങ്കിലും ഒരിക്കല്‍ തോര്‍ലോഞ്ഞ് (ഫ്രഞ്ച് ഭാഷയില്‍ അവരുടെ ശരിക്കുള്ള പേര് അങ്ങനെയാണ്) കുടുംബത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ജീവിതത്തെക്കുറിച്ച് എഴുതിയേക്കാം. അത് തീര്‍ച്ചയായും വായിക്കുവാന്‍ നല്ല രസമായിരിക്കും. ഫോന്തമാരയുടെ അറിയപ്പെടാത്ത ചരിത്രം ഭൂമിക്കു വേണ്ടി ദാഹിക്കുന്ന കുറച്ചു കര്‍ഷകത്തൊഴിലാളികളുടെ കാല്‍വരിയുടെ വിരസമായ ഒന്നാണ് – തലമുറ തലമുറകളായി ഉദയം മുതല്‍ അസ്തമയം വരെ ചോര വിയര്‍ത്ത് പണിയെടുത്ത്, ഒന്നും എളുപ്പത്തില്‍ വളരാത്ത ഒരു ചെറുപുരയിടത്തിന്റെ വിസ്താരം കൂട്ടാന്‍ ശ്രമിച്ചിട്ടും കഴിയാത്തവരുടെ കഥ. തോര്‍ലോഞ്ഞരുടെ വിധി നേരേ മറിച്ചായിരുന്നു താനും. അവരാരും വ്യായാമത്തിനു വേണ്ടിപ്പോലും മണ്ണില്‍ പണി എടുത്തിട്ടില്ല എന്നിരുന്നാലും, അവരുടെ കൈവശമുള്ള ഭൂമി വളര്‍ന്നുവളര്‍ന്ന് പതിനായിരക്കണക്കിന് ഏക്കറുകള്‍ ഉള്ള സമ്പന്നമായ ഒരു രാജ്യം പോലെ ആയിത്തീര്‍ന്നു.

അവര്‍ യുദ്ധത്തിന്റെ കാലത്ത് റോമായില്‍ വന്നെത്തി യുദ്ധത്തെക്കുറിച്ച് ഊഹക്കച്ചവടം നടത്തി. പിന്നെ, സമാധാനത്തെക്കുറിച്ചായി ഊഹക്കച്ചവടം. ഉപ്പിന്റെ സാട്ടാ കച്ചവടം കഴിഞ്ഞ്, വീണ്ടും 1848-ലെ കുഴപ്പങ്ങള്‍, 1859-ലെ യുദ്ധം, നാപ്പൊളി രാജ്യത്തിലെ ബര്‍ബോണ്‍ കുടുംബത്തിന്റെ ഉയര്‍ച്ച, അവരുടെ താഴ്ച എന്നീ കാര്യങ്ങളെ കുറിച്ച് വീണ്ടും ഊഹക്കച്ചവടം നടത്തി. പിന്നെ സവോയ് കുടുംബത്തെ കുറിച്ചും, ജനാധിപത്യഭരണത്തെ കുറിച്ചും, തുടര്‍ന്നുവന്ന സ്വേച്ഛാധിപത്യത്തെ കുറിച്ചും ആയി ഊഹക്കച്ചവടം. അങ്ങനെ, കയ്യില്‍ പൊടിപറ്റാതെ അവര്‍ ലക്ഷക്കണക്കിന് ആയിരം ലീര സമ്പാദിച്ചു. 1860 കഴിഞ്ഞ്, തോര്‍ലോഞ്ഞ് കുടുംബത്തിലെ ഒരാള്‍ ഫുചീനോ തടാകം വറ്റിയ്ക്കുവാനുള്ള പുറംചിറ പണിത കമ്പനിയുടെ ഓഹരിവില കുറഞ്ഞ സമയത്ത്, കുറേ ഓഹരികള്‍ വാങ്ങിച്ചു കൂട്ടി. നാപ്പൊളി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ കൂടി ഉണ്ടാക്കിയ കമ്പനി ആയിരുന്നു അത്. നാപ്പൊളിയിലെ രാജഭരണം അവസാനിച്ചപ്പോള്‍ കമ്പനി ബുദ്ധിമുട്ടില്‍ ആയിത്തീര്‍ന്നിരുന്നു. നികത്തി എടുത്ത ഭൂമി തൊണ്ണൂറു വര്‍ഷത്തെ പാട്ടത്തിന് നാപ്പൊളി രാജാവ് കമ്പനിക്ക് നല്‍കിയിരുന്നു. പിയെമോന്തെയില്‍ നിന്നുള്ള തന്റെ രാജകുടുംബത്തിന് നല്‍കിയ രാഷ്ട്രീയപിന്‍ബലത്തിന് നന്ദിയായി നാപ്പൊളി രാജാവ് ഈ സ്ഥലം എന്നന്നേയ്ക്കുമായി തോര്‍ലോഞ്ഞ് കുടുംബത്തിനു നല്‍കി. അയാള്‍ക്ക് മാടമ്പി സ്ഥാനവും പിന്നീട് തമ്പുരാന്‍ സ്ഥാനവും നല്‍കി. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പിയെമോന്തെ രാജകുടംബം തങ്ങള്‍ക്കില്ലാത്ത സ്ഥാനം അയാള്‍ക്ക് നല്‍കി. മലമൂട്ടില്‍ നടന്ന ഈ കളി ഫോന്തമാരക്കാര്‍ മലമുകളില്‍ നിന്ന് കണ്ടുകൊണ്ടേയിരുന്നു. വിചിത്രമായിരുന്നു എങ്കിലും ഇതൊക്കെ സ്വാഭാവികം തന്നെ എന്ന് അവര്‍ കരുതി. എന്തെന്നാല്‍, അധികാരദുര്‍വിനിയോഗം പരമ്പരാഗതമായി നടക്കുന്നതാണല്ലോ. പക്ഷേ, മലമുകളിലെ ജീവിതം പഴയതു പോലെ തുടര്‍ന്നു. ഇടയ്ക്ക് അമേരിക്കയിലേയ്ക്ക് രക്ഷപെടാന്‍ പറ്റുന്ന ഒരു കാലം ഉണ്ടായിരുന്നു. വാസ്തവത്തില്‍, യുദ്ധത്തിനു മുമ്പ് കുറച്ചു ഫോന്തമാരക്കാര്‍ അര്‍ജന്റീനയിലും ബ്രസീലിലും പോയി അവരുടെ ഭാഗ്യം പരീക്ഷിച്ചിരുന്നു. അതില്‍ ചിലര്‍ കുറച്ചു വര്‍ഷം കഴിഞ്ഞപ്പോള്‍, ഷര്‍ട്ടിനും ബനിയനും അടിയില്‍, ചങ്കിനടുത്ത് കുറച്ചു ബാങ്ക്‌നോട്ടുകളുമായി ഫോന്തമാരയിലേക്ക് മടങ്ങിവന്നു. പക്ഷേ, സ്വന്തം നാട്ടിലെ ഉണങ്ങിയതും വളമില്ലാത്തതുമായ മണ്ണില്‍ അവരുടെ ചെറിയ സമ്പാദ്യങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടു. പഴയ ഉദാസീനമായ ജീവിതത്തിലേക്ക് തന്നെ അവര്‍ തെന്നിവീണു, നഷ്ടപ്പെട്ട പറുദീസയുടെ ദര്‍ശനം പോലെ കടലിനക്കരെ കണ്ട ജീവിതത്തിന്റെ ഓര്‍മ്മയുമായി.

പക്ഷേ, അതിപുരാതനകാലം മുതല്‍ യാതൊരു മാറ്റവും വരാതിരുന്ന ഫോന്തമാരയിലെ ജീവിതത്തിന്റെ അടിത്തറ കഴിഞ്ഞ വര്‍ഷം ഇളകാനിടയായി, അപ്രതീക്ഷിതവും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു സംഭവപരമ്പര മൂലം. ആ സമയത്ത് അവയ്ക്ക് വലിയ പ്രസിദ്ധി കിട്ടിയില്ല. കുറേ മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ചില വിവര ങ്ങള്‍ ഇറ്റലിയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും, ഞാന്‍ നിര്‍ഭാഗ്യവശാല്‍ അഭയം തേടേണ്ടി വന്ന വിദേശങ്ങളിലേക്കും ഒലിച്ചെത്തിയത്. അങ്ങനെ, ഭൂപടത്തില്‍ കൂടി കാണപ്പെടാത്ത ഫോന്തമാര അസാധാരണമായ വിവാദങ്ങളുടെ വിഷയമായിത്തീര്‍ന്നു. ഞാന്‍ ജനിച്ചു വളര്‍ന്നതും കുറേക്കാലമായി പോകാത്തതുമായ ഫോന്തമാരയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാനിടയില്ല എന്നുതന്നെ ഞാന്‍ വിശ്വസിച്ചു. ഫോന്തമാര യില്‍ നടന്നു എന്ന് പറയപ്പെട്ട കാര്യങ്ങള്‍ തികച്ചും അവിശ്വസനീയവും, മറ്റു പല കഥകളേയും പോലെ ചോദ്യം ചെയ്യപ്പെടേണ്ട കാരണങ്ങളാല്‍ വെറും വായുവില്‍ നിന്ന് മെനഞ്ഞെടുക്കപ്പെട്ടവയും, വാസ്തവസ്ഥിതി അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായ ഈ വിദൂരസ്ഥലത്തേക്ക് കെട്ടിയേല്‍പ്പിക്കുകയും ചെയ്യപ്പെട്ട ഭാവനാസൃഷ്ടികള്‍ മാത്രമാണെന്ന് ഞാനും കരുതി. നേരിട്ട് വിവരങ്ങള്‍ അറിയുവാന്‍ ഞാന്‍ നടത്തിയ ചില ശ്രമങ്ങള്‍ വിജയിച്ചില്ല. എന്നാല്‍, എനിക്ക് ഇത്ര നല്ലപോലെ അറിയാമായിരുന്ന ആ സ്ഥലത്തേക്ക് എന്റെ ഭാവനയില്‍ മടങ്ങി പോകാത്തതോ, അതേക്കുറിച്ച് ഓര്‍ക്കാത്തതോ, എന്താണ് നടന്നതെന്ന് അറിയുവാന്‍ ആശിക്കാത്തതോ ആയ ഒരു ദിവസം പോലും കടന്നു പോയില്ല. അപ്പോള്‍ വിചിത്രമായ ഒന്നു സംഭവിച്ചു. ഒരു ദിവസം വൈകിട്ട്, ഏറ്റവും കൂടുതല്‍ ഗൃഹാതുരത എനിക്കു തോന്നുന്ന ഒരു സമയത്ത്, മൂന്നു കര്‍ഷകത്തൊഴിലാളികള്‍, രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും എന്റെ മുന്‍വാതിലിനു വെളിയില്‍ ഇരിക്കുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. വാതിലില്‍ ചാരിയിരുന്ന് അവര്‍ ഉറക്കം തൂങ്ങുകയായിരുന്നു. അവര്‍ ഫോന്തമാരയില്‍ നിന്നുള്ളവരാണെന്ന് എനിക്കുടന്‍ മനസ്സിലായി. അവര്‍ എഴുന്നേറ്റ് എന്റെ പിന്നാലെ വീടിനുള്ളിലേക്ക് വന്നു. വിളക്കിന്റെ വെട്ടത്തില്‍ അവരുടെ മുഖങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒരാള്‍ നീണ്ടുമെലിഞ്ഞ്, നരച്ച കുറ്റിത്താടി കളോടു കൂടിയുള്ള ഒരു വയസ്സനും മറ്റുള്ളവര്‍ അയാളുടെ ഭാര്യയും മകനും ആയിരുന്നു. അവര്‍ അകത്തുവന്ന് ഇരുന്നു സംസാരിക്കാന്‍ തുടങ്ങി. അപ്പോള്‍ അവരുടെ സ്വരങ്ങളും ഞാന്‍ തിരിച്ചറിഞ്ഞു.

ignazio Silone

ഫോന്തമാര എഴുതിയ ഇഗ്നാത്സിയോ സിലോണെ

വയസ്സന്‍ ആദ്യം സംസാരിച്ചു. പിന്നീട്, അയാളുടെ ഭാര്യ കഥ ഏറ്റെടുത്തു. അതിനു ശേഷം, വീണ്ടും വയസ്സന്‍, വീണ്ടും അയാളുടെ ഭാര്യ. അവര്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. എന്നിട്ടും – ഇത് ഏറ്റവും അസാധാരണമായ ഒരു പ്രതിഭാസമായിരുന്നു – അവര്‍ പറഞ്ഞുകൊണ്ടിരുന്ന കഥയുടെ ചരട് പൊട്ടിയതായി എനിക്ക് തോന്നിയില്ല, അവരുടെ സ്വരം എന്റെ അഗാധത്തില്‍ നിന്ന് വന്നതു പോലെ. നേരം വെളുത്ത് ഞാന്‍ ഉണര്‍ന്നപ്പോള്‍, വയസ്സന്‍ വീണ്ടും സംസാരിക്കുകയായിരുന്നു. അവര്‍ പറഞ്ഞ വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
പക്ഷേ, ആദ്യമേ രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. വിദേശത്തുനിന്നുള്ള വായനക്കാര്‍ ആയിരിക്കും ഈ പുസ്തകം ആദ്യം വായിക്കുന്നത്. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി എഴുതപ്പെട്ടിട്ടുള്ള സാഹിത്യത്തില്‍ തെക്കന്‍ ഇറ്റലിയെ കുറിച്ച് ഹൃദ്യമായ ഒരു ചിത്രം വിഭാവന ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. അതിനെക്കാള്‍ വളരെ വ്യത്യസ്തമായിരിക്കും ഈ കഥ. ചില പുസ്തകങ്ങളില്‍, തെക്കന്‍ ഇറ്റലി മനോഹരവും അനുഗൃഹീതവുമായ ഒരു നാടാണ് – കര്‍ഷകര്‍ കരോളുകള്‍ പാടി ഉല്ലാസമായി ജോലിക്കു പോകവേ, നാടന്‍ പെണ്‍കുട്ടികള്‍ പരമ്പരാഗതമായ വേഷങ്ങള്‍ ധരിച്ച് കൂടെ ആടിപ്പാടുകയും അടുത്തുള്ള ചെറുമരക്കൂട്ടങ്ങളില്‍ മയിലുകള്‍ നൃത്തം വെക്കുകയും ചെയ്യുന്ന നാട്. ഇത്തരം അത്ഭുതങ്ങള്‍ ഒന്നും ഫോന്തമാരയില്‍ ഒരിക്കലും നടന്നിട്ടില്ല. അവിടുത്തെ ആള്‍ക്കാര്‍ ലോകമെമ്പാടും പാവപ്പെട്ടവര്‍ ധരിക്കുന്നതു പോലുള്ള വേഷങ്ങള്‍ ധരിക്കുന്നു. ഫോന്തമാരയില്‍ മരക്കൂട്ടങ്ങള്‍ ഇല്ല. ആപ്പെന്നൈന്‍ മലനിരകളില്‍ മിക്കയിടങ്ങളിലേയും എന്ന പോലെ മലഞ്ചെരിവുകള്‍ ഉണങ്ങിയതും മരങ്ങള്‍ ഇല്ലാത്തവയും ആണ്. കുറച്ചു പക്ഷികളേയുള്ളൂ; ദയാരഹിതമായി വേട്ടയാടപ്പെടുന്നതി നാല്‍ അവകളൊക്കെ പേടിച്ചരണ്ടാണ് നടക്കുന്നതും. തീര്‍ച്ചയായും മയിലുകളേയില്ല. അവിടുത്തെ നാടന്‍ഭാഷയില്‍ മയിലിന് ഒരു പേരു പോലുമില്ല. കര്‍ഷകര്‍ പാടാറില്ല, കൂട്ടമായോ, തനിച്ചോ. ജോലി ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ പാടാറില്ല എന്നു തന്നെയല്ല, കുടിച്ചു മത്തായാല്‍ പോലും അവര്‍ പാടാറില്ല. പാട്ടുപാടുന്നതിനു പകരം അവര്‍ ചീത്ത പറയാറാണ് പതിവ്. സന്തോഷം, കോപം, ഭക്തി ഇങ്ങനെ ശക്തമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ചില ചീത്ത വാക്കുകളിലൂടെ ആണ്. അക്കാര്യത്തിലും അവര്‍ വലിയ ഭാവനയൊന്നും ഉപയോഗിക്കാറില്ല. അറിയാവുന്ന രണ്ടുമൂന്നു പുണ്യാളന്മാരുടെ പേരു പറഞ്ഞ് എപ്പോഴും പറയുന്ന പിരാക്ക് വാക്കുകള്‍ തന്നെ പറയും.

എന്റെ ചെറുപ്പകാലത്ത്, ഫോന്തമാരയില്‍ പാടിയിരുന്ന ഒരേ ഒരാള്‍ ഒരു ചെരിപ്പുകുത്തിയായിരുന്നു. അയാള്‍ക്ക് ഒരു പാട്ടേ അറിയാമായിരുന്നുള്ളുതാനും. ആഫ്രിക്കയിലെ ഞങ്ങളുടെ ആദ്യയുദ്ധം തുടങ്ങിയ കാലം തൊട്ടുള്ള പാട്ടായിരുന്നു അത്. ആ പാട്ട് ഇങ്ങനെ തുടങ്ങും:

‘ഓ, ബാള്‍ദിസ്സേറ,
കറുത്ത വര്‍ഗ്ഗക്കാരെ സൂക്ഷിക്കുക’?

ഈ ഉപദേശം എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രി വരെ ചെരിപ്പുകുത്തി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പ്രായം കൂടുംതോറും അയാളുടെ സ്വരം കൂടുതല്‍ കൂടുതല്‍ ശോകനിര്‍ഭരമായിക്കൊണ്ടിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ ഫോന്തമാരയിലെ ചെറുപ്പക്കാര്‍ക്ക് ഒരു ഭയമുണ്ടായി – ജെനറല്‍ ബാള്‍ദിസ്സേറ വിവരക്കേടു കൊണ്ടോ, മറവിമൂലമോ, മടയത്തരം മൂലമോ കറുത്ത വര്‍ഗ്ഗക്കാരെ എങ്ങാനും വിശ്വസിച്ചുകളയുമോ? ഞങ്ങള്‍ ജനിക്കുന്നതിന്ന് മുമ്പാണ് ഈ ദുരന്തസംഭവങ്ങള്‍ നടന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

രണ്ടാമത്തെ കാര്യം ഇതാണ്. ഏതു ഭാഷയിലാണ് ഞാന്‍ ഈ കഥ പറയേണ്ടത്?
ഫോന്തമാര നിവാസികള്‍ ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവരാണ് എന്ന് ഒരിക്കലും കരുതരുത്. ഞങ്ങള്‍ക്ക് ഇറ്റാലിയന്‍ എന്നു പറഞ്ഞാല്‍ സ്‌കൂളില്‍ പഠിക്കുന്ന ലത്തീന്‍, ഫ്രഞ്ച്, എസ്പരാന്തോ എന്നീ ഭാഷകളെപ്പോലെ ഒന്നാണ്. ഞങ്ങള്‍ക്ക് അത് ഒരു വിദേശ ഭാഷ, ഒരു മൃതഭാഷയാണ്. ആ ഭാഷയുടെ വാക്കുകളും വ്യാകരണവും വികസിച്ചത് ഞങ്ങള്‍ പെരുമാറുന്നതോ, ചിന്തിക്കുന്നതോ, സംസാരിക്കുന്നതോ ആയ രീതിയുമായി ഒരു ബന്ധവുമില്ലാത്ത വിധത്തിലായിരുന്നു.

തീര്‍ച്ചയായും എനിക്കുമുമ്പും മറ്റു തെക്കന്‍ കര്‍ഷകര്‍ ഇറ്റാലിയന്‍ ഭാഷയില്‍ സംസാരിക്കുകയും ആ ഭാഷയില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. പട്ടണത്തില്‍ പോകുമ്പോള്‍ ചെരിപ്പും കോളറും ടൈയും ധരിക്കുന്നതുപോലെ തന്നെ. പക്ഷേ, ഞങ്ങളെ ഒന്നു നോക്കിയാല്‍ അറിയാം ഞങ്ങളുടെ വൈക്ലബ്യം. ഞങ്ങളുടെ വാക്കുകള്‍ക്ക് പരിഭാഷയുടെ പരിവേഷം നല്‍കുവാന്‍ ഇറ്റാലിയന്‍ ഭാഷയ്ക്ക് കഴിയുന്നില്ല, പ്രത്യുത, അത് അവയെ വളച്ചൊടിച്ച് വികൃതമാക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന ഇറ്റാലിയന്‍ ഭാഷയില്‍ നല്ലപോലെ സംസാരിക്കണമെങ്കില്‍ ആ ഭാഷയില്‍ ചിന്തിക്കണം എന്നത് നേരാണെങ്കില്‍, അത്തരം ഇറ്റാലിയനില്‍ സംസാരിക്കാന്‍ ഞങ്ങള്‍ പെടേണ്ട ബദ്ധപ്പാടില്‍ നിന്നു തന്നെ വ്യക്തമാണ് ഞങ്ങള്‍ക്ക് അതില്‍ ചിന്തിക്കാന്‍ കഴിയില്ല എന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അത്തരം ഇറ്റാലിയന്‍ സംസ്‌കാരം ഇന്നും സ്‌കൂളിലെ മാത്രം സംസ്‌കാരമാണ്.

പക്ഷേ, എനിക്കു പറയുവാനുള്ളത് നിങ്ങളുമായി പങ്കുവയ്ക്കുവാന്‍ (പറയാനുള്ളത് പങ്കുവയ്ക്കുക എന്നത് എനിക്കൊരു അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു.) വേറേ വഴിയില്ലാത്തതിനാല്‍, എല്ലാവരും അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന, ഫോന്തമാരയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള സത്യം, സ്‌കൂളില്‍ പഠിച്ച ഭാഷയിലേയ്ക്ക് എന്റെ കഴിവിനൊത്ത് ഞാന്‍ മൊഴിമാറ്റുന്നു. കടം വാങ്ങിയ ഒരു ഭാഷയിലാണ് ഞങ്ങള്‍ ഈ കഥ പറയുന്നതെങ്കിലും അതു പറയുന്ന രീതി ഞങ്ങളുടേതുതന്നെ ആയിരിക്കും എന്ന് ഞാന്‍ കരുതുന്നു. ഫോന്തമാരയുടെ കലകളില്‍ ഒന്ന് അതാണ്. കുട്ടികള്‍ ആയിരിക്കുമ്പോഴേ, വാതില്‍പ്പടിയില്‍ ഇരുന്നുകൊണ്ടോ, മഞ്ഞുകാലത്തെ നീണ്ട രാവുകളില്‍ തീ കാഞ്ഞുകൊണ്ടോ, കൈത്തറിയ്ക്കടുത്തിരുന്ന് ചവിട്ടിന്റെ ഈണത്തോടൊത്ത് പഴയ കഥകള്‍ കേട്ടുകൊണ്ടോ ഞങ്ങള്‍ അത് പഠിച്ചു.

hormis tharakan

ഫോന്തമാര മലയാളം മൊഴിമാറ്റം നടത്തിയ ഹോര്‍മിസ് തരകന്‍

കഥ പറയുന്നതിന്റെ കല, ഒന്നും മറയ്ക്കാതെ, ദുസ്സൂചന കൂടാതെ, അപ്പത്തിനെ അപ്പമെന്നും വീഞ്ഞിനെ വീഞ്ഞെന്നും വിളിച്ച്, ഒരു സമയത്ത് ഒരു കാര്യം മാത്രം വിശദീകരിച്ച്, ഒരു വാക്കിന്റെ പിന്നാലെ മറ്റൊരു വാക്ക്, ഒരു വരിക്കു ശേഷം മറ്റൊരു വരി, ഒരു വാചകത്തിനു ശേഷം മറ്റൊരു വാചകം പ്രതിഷ്ഠിക്കുന്നതായ കല പുരാതനമായ നെയ്ത്തുകല പോലെയാണ് – ഒരു നൂലിനു ശേഷം മറ്റൊരു നൂല്‍, ഒരു നിറത്തിനു ശേഷം മറ്റൊരു നിറം, വൃത്തിയായി, വെടിപ്പോടെ, നിരന്തരമായി, തുറസ്സായി എല്ലാവരും കാണത്തക്ക രീതിയില്‍ മെനഞ്ഞെടുക്കുന്ന കല. ആദ്യം റോസാപ്പൂവിന്റെ തണ്ട് കാണാം, പിന്നെ ഇലകള്‍, പിന്നെ ഇതളുകള്‍. ആദ്യം മുതല്‍ക്കേ ഇതൊരു റോസാപ്പൂ ആകും എന്ന് നമുക്കറിയാം. അതിനാല്‍ പട്ടണത്തിലെ ആള്‍ക്കാര്‍ ഞങ്ങള്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ തരംതാഴ്ന്നത് എന്നാണ് കണക്കാക്കിയിരുന്നത്. പക്ഷേ, ഞങ്ങള്‍ എപ്പോഴെങ്കിലും അവ പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ? ഞങ്ങള്‍ പറയുന്ന രീതിയില്‍ അവരുടെ കഥ പറയുവാന്‍ ഞങ്ങള്‍ എന്നെങ്കിലും പട്ടണത്തിലെ ആള്‍ക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ല, ഒരിക്കലും ഇല്ല. അതിനാല്‍, ഓരോരുത്തര്‍ക്കും അവരവരുടെ കഥ അവരവരുടെ രീതിയില്‍ പറയുവാനുള്ള അവകാശം ഉണ്ടാവട്ടെ.

ഇഗ്നാത്സിയോ സിലോണെയെക്കുറിച്ച്;  1900 മേയ് 1 ന് ഇറ്റലിയിലെ മാര്‍സിക്കാ പ്രദേശത്തെ പെഷീനയിലായിരുന്നു ഇഗ്നാത്സിയോ സിലോണെ ജനിച്ചത്. സെക്കോന്‍ദോ ക്രാന്‍ക്വില്ലി എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്. അദ്ദേഹം ജനിച്ച പ്രദേശത്തിന്റെ പശ്ചാത്തലം തന്നെയാണ് ഈ നോവലിലെ ഫോന്തമാര എന്ന ഗ്രാമത്തിന്റെ പശ്ചാത്തലവും. ഫാഷിസത്തിനെതിരായ തന്റെ നിലപാട് കാരണം അദ്ദേഹത്തിന് നാടുവിട്ട് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകേണ്ടി വന്നു. അവിടെ വച്ചാണ് അദ്ദേഹം ‘ ഫോന്തമാര’ എഴുതിയത്. 1933ല്‍ ജര്‍മന്‍ ഭാഷയിലാണ് അത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. 1934-ല്‍ എറിക് മോസ്ബാക്കറുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു. അതോടെ സിലോണെ വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടു. റൊട്ടിയും വീഞ്ഞും, സ്വേച്ഛാധിപതികള്‍ക്കുള്ള വിദ്യാലയം, മഞ്ഞിനടിയിലെ വിത്ത്. ഒരുപടി ബ്ലാക്‌ബെറികള്‍, ചെന്നായും കാമേലിയ പൂച്ചെടികളും എന്നിവയാണ് സിലോണെയുടെ മറ്റ് കൃതികള്‍. 1978 ല്‍ അദ്ദേഹം നിര്യാതനായി. Fontamara, Ignazio Silone’s classic Italian novel. Malayalam translation by Hormis Tharakan

Content Summary; Fontamara, Ignazio Silone’s classic Italian novel. Malayalam translation by Hormis Tharakan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×