കംഗാരുവിന്റെ തുകൽ ഉപയോഗിച്ചുള്ള ഫുട്ബോൾ ബൂട്ടുകളുടെ നിർമ്മാണം നിർത്തലാക്കി പ്രശസ്ത സ്പോർട്സ് ഉത്പന്ന ബ്രാൻഡുകളായ ആസിക്സും മിസുനോയും. പെലെയും മറഡോണയും ഡേവിഡ് ബെക്കാമും ഉൾപ്പെടെ നിരവധി മുൻനിര താരങ്ങൾക്ക് പ്രിയമേറിയ ബൂട്ടായിരുന്നു കംഗാരു തുകൽ കൊണ്ട് നിർമ്മിച്ച ഈ ബൂട്ട്.
ഫുട്ബോൾ താരങ്ങൾക്ക് പ്രകടനത്തിൽ അസാധാരണമാം വിധം മികവ് പുലർത്താൻ കംഗാരുവിന്റെ തുകൽ കൊണ്ട് നിർമ്മിച്ച ബൂട്ടുകൾ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവയുടെ നിർമ്മാണത്തിൽ വർദ്ധനവ് വന്നത്. ഇവയുടെ ഉപയോഗത്തോടും നിർമ്മാണത്തോടും വർഷങ്ങളായി പല മേഖലയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി ഇതിനെതിരെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ ഇത്തരം പ്രതിഷേധങ്ങളാണ് ഇപ്പോൾ ഫലം കണ്ടത്.
നൈക്ക്, പ്യൂമ, ഡയറോറ എന്നിവ ഉൾപ്പെടെയുള്ള മറ്റ് നിർമ്മാതാക്കൾ ഇതിനകം തന്നെ ഈ മെറ്റീരിയലിന്റെ ഉപയോഗം നിർത്തലാക്കിയിട്ടുണ്ട്. കംഗാരു തുകൽ വിതരണക്കാരിൽ നിന്ന് വാങ്ങുന്നത് ഇതിനകം നിർത്തിയതായും ഈ വർഷം ഉത്പാദനം അവസാനിപ്പിക്കുമെന്നും അഡിഡാസ് മെയ് മാസത്തിൽ നിക്ഷേപകരെ അറിയിച്ചിരുന്നു. 2025ന്റെ അവസാനത്തോടെ ബൂട്ടിന്റെ ഉത്പാദനം നിർത്തുന്നതിനായി കമ്പനി പദ്ധതിയിടുന്നതായി ആസിക്സ് അറിയിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ മൃഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകളിൽ നിന്നുള്ള സമ്മർദമല്ല ഉത്പാദനത്തിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാരണമെന്നാണ് ആസിക്സിന്റെ വാദം. കൂതുതൽ പ്രകടനശേഷിയുള്ള ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്കായിരിക്കും ഇനി കമ്പനി ശ്രദ്ധ തിരിക്കുകയെന്നും ആസിക്സ് വ്യക്തമാക്കി. നിലവിൽ ഇപ്പോഴും ആസിക്സ് അവരുടെ വെബ്സൈറ്റ് വഴി കംഗാരു ബൂട്ടിന്റെ വിപണനം നടത്തുന്നുണ്ട്. ഏറ്റവും മികച്ചതെന്ന അടിക്കുറിപ്പാണ് ഉത്പന്നത്തിന് നൽകിയിരിക്കുന്നത്. നിങ്ങളുടെ കാലിലെ പന്തിന് നിങ്ങൾ പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ കംഗാരു ബൂട്ടിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല എന്നാണ് ബൂട്ടിന് നൽകിയിരിക്കുന്ന പരസ്യ വാചകം. കംഗാരു തുകൽ ബൂട്ടിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പല വശങ്ങളിൽ നിന്നുമായി എതിർപ്പുകൾ ഉണ്ടായിട്ടുണ്ട് അതിനാൽ പരിസ്ഥിതി സൗഹൃദപരമായ വസ്തുക്കൾ ഉപയോഗിച്ചാവും ഇനി ബൂട്ടുകളുടെ നിർമ്മാണം നടത്തുകയെന്ന് കമ്പനി വ്യക്തമാക്കി. ഓസ്ട്രേലിയയിൽ വാണിജ്യാടിസ്ഥാനത്തിൽ വർഷങ്ങളായി കംഗാരുവിനെ വേട്ടയാടി വരുന്നുണ്ട്. ഓസ്ട്രേലിയൻ വൈൽഡ് ഗെയിം ഇൻഡസ്ട്രി കൗൺസിലിന്റെ കണക്കനുസരിച്ച് കംഗാരുക്കൾ ഉൾപ്പെടെ ഏകദേശം 15 ലക്ഷത്തോലം മൃഗങ്ങളെ വാണിജ്യ ആവശ്യങ്ങൾക്കായി കൊന്നൊടുക്കിയിട്ടുണ്ട്. കംഗാരു മാംസവും തുകലുകളും ഉൾപ്പെടെ വിൽപ്പന ചെയ്ത് പോരുന്നുണ്ട്. കംഗാരുക്കൾക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനകൾ വർഷങ്ങളായി പ്രതിഷേധങ്ങൾ നടത്തിപ്പോരുന്നുണ്ട്.
content summary: Football boot manufacturers move away from using kangaroo leather