മൂന്ന് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനായി ശ്രമങ്ങൾ നടക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എന്നാൽ തടസ്സങ്ങൾ മറികടന്ന് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ സമിതി പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തടസ്സപെടുത്താനുള്ള നീക്കങ്ങൾ നടത്തുന്നവർക്കുള്ള മറുപടി ബാലറ്റ് ആണെന്നും രാജീവ് കുമാർ ഊന്നിപ്പറഞ്ഞു.
“തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താൻ തീരുമാനിച്ച ശക്തികളുണ്ട്, പക്ഷേ ഞങ്ങൾ പൂർണ്ണമായും സജ്ജരാണ്, അത്തരം ശക്തികൾക്കുള്ള ഉത്തരമാണ് ബാലറ്റ്,” ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷകരെ സന്ദർശിച്ച ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനറൽ, പോലീസ്, ചെലവ് നിരീക്ഷകർ എന്നിവരുൾപ്പെടെ തെരഞ്ഞെടുപ്പ് നിരീക്ഷകർക്കായി ഒരു ബ്രീഫിംഗ് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പരാമർശിച്ചു. ബ്രീഫിംഗിൽ, രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ജെ-കെയിലെ തെരഞ്ഞെടുപ്പ് ലോകം ഉറ്റുനോക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തുന്നതിൽ ചില ശക്തികൾ ഉറച്ചുനിൽക്കുന്നു, പക്ഷേ ഞങ്ങൾ അത് കൈകാര്യം ചെയ്യാൻ തയ്യാറാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരുന്നു. വോട്ട് എല്ലാത്തി
നും ഉത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത് ജമ്മു കശ്മീരിലെ ജനങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തും, ”അദ്ദേഹം പറഞ്ഞു.
90 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ ഓരോ മണ്ഡലത്തിലും ഏകദേശം 15 മുതൽ 20 വരെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നാണ് പ്രതീക്ഷ. 42.6 ലക്ഷം സ്ത്രീകൾ ഉൾപ്പെടെ 87.09 ലക്ഷം വോട്ടർമാരുള്ള ജമ്മു കശ്മീരിൽ 11,838 പോളിംഗ് സ്റ്റേഷനുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1, എന്നീ തീയതികളിൽ ആയാണ് തെരഞ്ഞെടുപ്പ് നടക്കുക. 24 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 18-നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സ്ഥാനാർത്ഥികൾക്ക് ഓഗസ്റ്റ് 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയമുണ്ട്, സൂക്ഷ്മപരിശോധന 28-നും അന്തിമ പിൻവലിക്കൽ തീയതി 30-നും ആയിരിക്കും.
അതേ സമയം തെരഞ്ഞെടുപ്പിനായി നാഷണൽ കോൺഫറൻസും കോൺഗ്രസും ഔദ്യോഗികമായി സഖ്യം രൂപീകരിച്ചു. എൻസി പ്രസിഡൻ്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയാണ് ശ്രീനഗറിൽ പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള അബ്ദുള്ളയെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചതിന് പിന്നാലെയാണ് സഖ്യം രൂപീകരിക്കാനുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിൽ എത്തിയ രാഹുലും ഖാർഗെയും പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തുകയും എൻസിയുമായി സഖ്യത്തിന് അന്തിമരൂപം നൽകുകയും ചെയ്തു.
ബുധനാഴ്ച കോൺഗ്രസ് നേതാക്കൾ എൻസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ചില സീറ്റുകളിൽ വിയോജിപ്പുകൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ജമ്മുവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ ദോഡ, റംബാൻ, കിഷ്ത്വാർ ജില്ലകൾ ഉൾപ്പെടുന്ന ചെനാബ് താഴ്വരയിൽ. എന്നാൽ, സഖ്യം സംബന്ധിച്ച് അബ്ദുള്ള പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ഭിന്നതകൾ സമവായത്തിൽ എത്തി. എൻസിയും കോൺഗ്രസും ഒന്നിക്കുന്നത് ബിജെപിക്കെതിരായുള്ള ബിജെപിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻസിയും കോൺഗ്രസും സംയുക്തമായാണ് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കശ്മീരിലും ജമ്മു മേഖലയിലും യഥാക്രമം എൻസിയും ബിജെപിയും രണ്ട് സീറ്റുകൾ വീതം നേടിയിരുന്നു. കോൺഗ്രസിന് കാര്യമായി സീറ്റുകൾ നേടാനായില്ലെങ്കിലും വലിയ വോട്ടു ശതമാനമാണ് ലഭിച്ചത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ചെറുതല്ലാത്ത ഊർജമാണ് പകരുക.
Content summary; Forces trying to disrupt Jammu Kashmir polls, says poll body chief Rajiv Kumar