യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് നീക്കവുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയാല്‍ യുകെ (യൂണൈറ്റഡ് കിംഗ്ഡം) തകരുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രിമാരുടെ മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലന്റും സ്‌കോട്ട്‌ലന്റും അടക്കമുള്ള പ്രദേശങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വിട്ടുപോയേക്കാനുള്ള സാധ്യതയാണ് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സൂയസ് കനാല്‍ പ്രതിസന്ധിക്ക് തുല്യമായ വലിയ നയതന്ത്ര പ്രതിസന്ധിയായിരിക്കും ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായി ബ്രിട്ടനുണ്ടാകാന്‍ പോകുന്നതെന്നും മന്ത്രിമാര്‍ തെരേസ മേയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി ദ ഗാര്‍ഡിയന്‍ പറയുന്നു.
സാല്‍സ്ബര്‍ഗ് ഉച്ചകോടിക്ക് ശേഷം രൂക്ഷ വിമര്‍ശനമാണ് സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരില്‍ നിന്നടക്കം തെരേസ മേ നേരിടുന്നത് കടുത്ത ബ്രെക്‌സിറ്റ് നീക്കങ്ങളില്‍ അയവ് വരുത്താനും യൂറോപ്യന്‍ യൂണിയനുമായുള്ള ഉദാരമായ സ്വതന്ത്ര വ്യാപാര കരാറിന് തയ്യാറാകാനുമാണ് പ്രധാനമന്ത്രിക്ക് മന്ത്രിമാരുടെ ഉപദേശം. അതേസമയം മറുഭാഗത്ത് ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇയു വിടാനുള്ള നടപടികള്‍ ശക്തമാക്കി മുന്നോട്ടുപോകാന്‍ മേ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലുണ്ടായിരിക്കുന്ന ഭിന്നത ഒരു പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് നയിക്കുമെന്ന പ്രതീക്ഷ ലേബര്‍ പാര്‍ട്ടിക്കാര്‍ വച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ടോറികള്‍ (കണ്‍സര്‍വേറ്റീവുകള്‍) പറയുന്നു. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാറിന് പിന്തുണ കിട്ടിയിലെങ്കില്‍ ബ്രെക്‌സിറ്റില്‍ നിന്ന് പിന്മാറുകയോ അല്ലെങ്കില്‍ വീണ്ടും ജനഹിത പരിശോധന നടത്തുകയോ ആയിരിക്കും ചെയ്യുകയെന്ന് ടോറി നേതാക്കള്‍ പറയുന്നത്. അതേസമയം ഇയു വിടുന്നത് പുനപരിശോധിക്കുന്നതിന്റെ ഭാഗമായി പുതിയ ഹിതപരിശോധന എന്ന ആവശ്യത്തെയും 10 ഡൗണിംഗ് സ്ട്രീറ്റ് (പ്രധാനമന്ത്രിയുടെ ഓദ്യോഗികവസതി / ഓഫീസ്) തള്ളിക്കളയുന്നു. ലേബര്‍ പാര്‍ട്ടിയും എസ് എന്‍ പിയും (സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും) ഇയുവുമായുള്ള ചര്‍ച്ചകളെ അട്ടമറിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത് എന്ന് തെരേസ മേ കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയ സൂയസ് കനാല്‍ പ്രശ്‌നം പോലെ നീണ്ടുനില്‍ക്കുന്നതാണ് ബ്രെക്‌സിറ്റ് പ്രതിസന്ധി എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഈജിപ്റ്റിനെതിരായ നീക്കങ്ങളിലേയ്ക്ക് നയിച്ച വിദേശനയം വലിയ തെറ്റാണെന്ന വിമര്‍ശനമം ഉയരുകയും ആന്റണി ഈഡന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.