UPDATES

വിദേശം

നിങ്ങളൊരു ജനാധിപത്യ രാജ്യത്തെ ഭരണാധികാരിയല്ല, വെറുമൊരു സ്വേച്ഛാധിപതി; ട്രംപിനെ വിമര്‍ശിച്ച് മുന്‍ യുഎസ് സെക്രട്ടറി

അമേരിക്കയുടെ ആകെയുള്ള പ്രതിസന്ധി തങ്ങളുടെ പ്രസിഡന്റ് ആണെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണെന്നും റോബര്‍ട്ട് റീച്ച് എഴുതുന്നു

                       

എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരു ജനാധിപത്യ രാജ്യത്തെ പ്രസിഡന്റ് ആകാന്‍ യോഗ്യനല്ല, എന്നതിന് നിരവധി കാരണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുകയാണ് ദി ഗാര്‍ഡിയനില്‍ മുന്‍ യുഎസ് സെക്രട്ടറി റോബര്‍ട്ട് റീച്. എനിക്ക് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് തുറന്നു പറഞ്ഞിരുന്നു. ട്രംപിന്റെ ഭരണകാലത്താണ് സ്വേച്ഛാധിപത്യം എന്തെന്നും ജനാധിപത്യം എന്തെന്നും ജനങ്ങള്‍ ശരിക്കും തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ട്രംപ് ഒരു സ്വേച്ഛാധിപതി മാത്രമാണ്. അതാണ് ട്രംപ് അധികാരത്തിലേറിയത് മുതല്‍ ഇപ്പോള്‍ വരെ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഒരു അതിര്‍ത്തി മതില്‍ വേണോ വേണ്ടയോ എന്നുള്ള ജനങ്ങളുടെ അഭിപ്രായത്തിന് അംഗീകാരം ഉണ്ടെങ്കിലേ ആ ഭരണ സംവിധാനത്തെ ജനാധിപത്യം എന്ന് വിളിക്കാനാവൂ. ഒരാള്‍ തന്റെ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച് തീരുമാനിക്കുയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ പേര് സ്വേച്ഛാധിപത്യം എന്നാണ്. ഇവിടെ ട്രംപ് സ്വന്തം താത്പര്യങ്ങള്‍ നടത്തിയെടുക്കാനുള്ള ഒരു ഉപകരണം എന്ന നിലയ്ക്ക് മാത്രമാണ് ഈ പ്രസിഡന്റ് പദവിയേയും ഗവണ്‍മെന്റിനെയും കാണുന്നത്. അങ്ങനെ ഒരാളെ സംബന്ധിച്ച് ഞങ്ങളുടെ താല്പര്യങ്ങളും അഭിപ്രായങ്ങളും ആര് വില വെയ്ക്കാനാണ്. ഈ അധികാരം ഉപയോഗിച്ച് ട്രംപ് ഇങ്ങനെ വിലപേശിക്കൊണ്ടിരിക്കുകയാണ്, സകല മൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ്; റോബര്‍ട്ട് റീച് കടുത്ത ഭാഷയില്‍ ആഞ്ഞടിക്കുന്നു.

ജനാധിപത്യത്തിന്റെ സവിശേഷതകളായ സ്വതന്ത്രമായ നീതി നിര്‍വഹണം, മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഭരണ നിര്‍വഹണം, ഇതിനൊക്കെ മുകളിലായി എഴുതപെട്ട ഒരു ഭരണഘടന എന്നതൊക്കെ ട്രംപിന്റെ ഭരണത്തില്‍ പേരിനു പോലും പാലിക്കപ്പെടാതെയായി. അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ധര്‍മം. ഇവിടെ പ്രസിഡന്റ് എന്ന ഒരു സ്ഥാനത്തിന്റെ യശസിന് അനുസരിച്ചല്ല, ഡൊണാള്‍ഡ് ട്രംപ് എന്ന വ്യക്തിയുടെ അധികാരം ഉയര്‍ത്താനാണ് ശ്രമിക്കുന്നത് എന്നത് ലോകം പല തവണ കണ്ടതാണ്. ഒരു സ്വേച്ഛാധിപതിയുടെ ആദ്യ ലക്ഷണമാണിത്. ഒരു ഗൗരവമുള്ള രാഷ്ട്രീയ സംവാദം നടക്കുമ്പോള്‍ അത് പട്ടാളത്തെയും മറ്റ് ശക്തികളെയും ഉപയോഗിച്ച് തടയിടാന്‍ മാത്രമാണ് ട്രംപ് നോക്കിയിട്ടുള്ളത്. ഇതാണോ ഓരോ പൗരനും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ജനാധിപത്യത്തിന്റെ രീതി? വ്യക്തിപരമായ കഴിവുകേടിനെ രാജ്യത്തിന്റെയാകെ പ്രതിസന്ധി എന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് ട്രംപ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റിന് ചേരാത്ത രീതിയില്‍ പെരുമാറിയതിന് നിരവധി തവണയാണ് ട്രംപ് വിമര്‍ശനം നേരിട്ടിട്ടുള്ളത്. രാജ്യത്തിന്റെ പ്രതിസന്ധി ഈ പ്രസിഡന്റ് മാത്രമാണ് എന്ന് ജനങ്ങള്‍ ആകാവുന്നത്ര വ്യക്തമായി ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്; റീച് ലേഖനത്തില്‍ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലും ട്രംപ് ഒന്നും ചെയ്യുന്നില്ല. വഌഡ്മിര്‍ പുട്ടിന്റെ അമേരിക്കന്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ ട്രംപ് അയോഗ്യനാണെന്നും റീച്ച് കുറ്റപ്പെടുത്തുന്നു.

ഇതിനെയെല്ലാം മറയ്ക്കാന്‍ വേണ്ടി എപ്പോഴും പറയുന്ന ഒരു ന്യായമുണ്ട്, ജനങ്ങളാണ് അവരുടെ താത്പര്യപ്രകാരം അവരെ പ്രതിനിധീകരിക്കാന്‍ ട്രംപിനെ തിരഞ്ഞെടുത്തതെന്ന്. തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ എല്ലാവരും കണ്ടതാണ്. ഭരണഘടനയാണ് എല്ലാത്തിനും മുകളില്‍. ഭരണഘടന ഒരു സ്വേച്ഛാധിപതിയെ അമേരിക്കന്‍ പ്രസിഡന്റാകാന്‍ അനുവദിക്കുന്നില്ല. ട്രംപ് ഒരു ജനാധിപത്യ രാജ്യത്തെ നയിക്കാന്‍ അയോഗ്യനാണ്. അദ്ദേഹം സ്വാര്‍ഥനും ഏകാധിപതിയുമാണെന്നു മനസിലാക്കാന്‍ ഇതിലും കൂടുതല്‍ തെളിവുകള്‍ വേണോ എന്നും കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ റോബര്‍ട്ട് റീച് ചോദിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍