June 06, 2026 |
Share on

മലേഷ്യയിലെ അവശേഷിക്കുന്ന ഒരേയൊരു തദ്ദേശീയ ഗോത്ര വിഭാഗത്തിന് ഭീഷണിയായി അജ്ഞാത രോഗം

കഴിഞ്ഞ മാസം മാത്രം 14 പേരാണ് മരിച്ചത്.

മലേഷ്യയിലെ അവശേഷിക്കുന്ന തദ്ദേശീയ ഗോത്രവർഗ്ഗത്തിനിടയില്‍ അജ്ഞാത രോഗം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. പനിയും ശ്വാസ തടസ്സവുമാണ് പ്രധാന ലക്ഷണം. രോഗം പിടിപെട്ടാല്‍ പെട്ടന്നുതന്നെ മരണപ്പെടുകയും ചെയ്യും. കഴിഞ്ഞ മാസം മാത്രം 14 പേരാണ് മരിച്ചത്. 50 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ചിലരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് വേറെ 47 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഒറാങ്ങ് അസ്ലി’ എന്നറിയപ്പെടുന്ന ബട്ടെക് ഗോത്രവർഗത്തില്‍ വെറും 300 പേര്‍ മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. മലേഷ്യന്‍ ഭാഷയില്‍ ഒറാങ്ങ് അസ്ലിയെന്നാല്‍ ‘യഥാര്‍ത്ഥ മനുഷ്യര്‍’ എന്നാണ് അര്‍ത്ഥം. രോഗ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമക്കുന്നുണ്ട്. പകർച്ചവ്യാധികൾ മുതൽ മലിനീകരണം വരെ എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണ്. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

രണ്ട് മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോള്‍ മരണ കാരണം ന്യൂമോണിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അതുതന്നെയാണോ പ്രാഥമിക കാരണം എന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഒറാങ്ങ് അസ്ലി വിഭാഗത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ വളരെ പ്രായാസമാണ്. കാരണം എന്തെങ്കിലും അസുഖം ബാധിച്ചാല്‍ പിന്നെ ഗോത്രത്തെ ഉപേക്ഷിച്ച് കൊടുംകാട്ടിലേക്ക് പലായനം ചെയ്യുന്ന ഒരു ആചാരം അവര്‍ക്കിടയില്‍ ഉണ്ട്.

ഇത്രയധികം മരണങ്ങളുണ്ടായതിന്‍റെ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് പറഞ്ഞു. ‘എന്തെങ്കിലും അനുബാധയാകാം മരണകാരണമെന്ന പ്രാധിമിക നിഗമനത്തിലാണ് ഉള്ളതെന്നും, ഏതുതരം അനുബാധയാണ് എന്നത് ഇനിയും സ്ഥിരീകരിക്കാനുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി.

മലേഷ്യയിലെ ഒറാങ്ങ് അസ്ലി ജനവിഭാഗങ്ങളില്‍ ഇന്ന് അവശേഷിക്കുന്ന മൂന്ന് ഗോത്രവർഗ വിഭാഗങ്ങളില്‍ ഒന്നാണ് ബട്ടേക്. പരമ്പരാഗതമായി നാടോടി ഗോത്രവർഗ്ഗമാണവര്‍. അവര്‍ താമസിക്കുന്ന 12 സ്ഥലങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതില്‍തന്നെ ബഹു ഭൂരിഭാഗം പേരെയും കെലാന്തൻ മഴക്കാടുകളിലാണ് കണ്ടുവരുന്നത്. പൂര്‍ണ്ണമായ ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്തതും, വനനശീകരണവും, മഴക്കാടുകള്‍ക്ക് ചുറ്റുമുള്ള പാം ഓയിൽ – റബ്ബർ പ്ലാന്റേഷനുകളിൽ നിന്നുള്ള കടുത്ത കീടനാശിനി പ്രയോഗവുമാണ് അവരുടെ ആവാസവ്യവസ്ഥയും ആരോഗ്യവും തകര്‍ത്തത്. അടുത്തകാലത്തായി ബട്ടേക് സമൂഹത്തിന്‍റെ ജനസംഖ്യയില്‍ കാര്യമായ ഇടിവുണ്ടായതും അതിനാലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×