UPDATES

വിദേശം

“എനിക്ക് ശ്വാസം കിട്ടുന്നില്ല”: ഖഷോഗിയുടെ അവസാന വാക്കുകള്‍; കൊലയ്ക്ക് ശേഷം സല്‍മാന്‍ രാജകുമാരന് ട്രംപിന്റെ മരുമകന്റെ ഉപദേശം

“കഴിഞ്ഞെന്ന് പറഞ്ഞേക്കൂ എന്ന് പറയുന്നുണ്ട്. നിങ്ങളുടെ ആളോട് (ബോസിനോട്) പറഞ്ഞേക്കൂ” എന്നാണ് പറയുന്നത്.

                       

“എനിക്ക് ശ്വാസം കിട്ടുന്നില്ല” – തുര്‍ക്കി ഇസ്താംബുളിലെ കോണ്‍സുലേറ്റില്‍ വച്ച് സൗദി അറേബ്യന്‍ ദൗത്യസംഘം വധിച്ച മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ ഇതായിരുന്നു എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖഷോഗിയുടെ അവസാന നിമിഷങ്ങള്‍ റെക്കോഡ് ചെയ്തിരിക്കുന്ന ഓഡിയോ ടേപ്പിന്റെ ട്രാന്‍സ്‌ക്രിപ്റ്റില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരം. എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് ഖഷോഗി മൂന്ന് തവണ പറയുന്നുണ്ട്. സംഗീതം കേട്ടുകൊണ്ടാണ് സൗദി ഹിറ്റിംഗ് സ്‌ക്വാഡ് ഖഷോഗിയെ വെട്ടിനുറുക്കിയത് എന്നാണ് തുര്‍ക്കി അധികൃതരില്‍ നിന്നുള്ള വിവരം. ഇതിനിടെ സൗദിയിലേയ്ക്ക് ഫോണ്‍ കോളുകള്‍ പോയിരുന്നു. റിയാദിലെ ഉന്നതരെ ഓപ്പറേഷന്റെ പുരോഗതി അറിയിയ്ക്കുകയായിരുന്നു സംഘമെന്നാണ് റിപ്പോര്‍ട്ട്. കിരീടാവകാശി സല്‍മാന്‍ രാജകുമാരനെ ഖഷോഗി വധത്തിലെ പങ്കില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ട്രംപ് ഗവണ്‍മെന്റിന്റെ നീക്കത്തിന് തിരിച്ചടിയാണിതെന്നും അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന വിവരങ്ങളാണ് ഓഡിയോ ട്രാന്‍സ്‌ക്രിപ്റ്റിലുള്ളതെന്നും സിഎന്‍എന്‍ പറയുന്നു. തുര്‍ക്കി ഇന്റലിജന്‍സ് ആണ് ട്രാന്‍സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.

നിങ്ങള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ഖഷോഗി ഒരാളോട് ചോദിക്കുന്നത് കേള്‍ക്കാം. നിങ്ങള്‍ തിരിച്ചുവരാന്‍ പോകുന്നു എന്ന് മറുപടി. ഈ മറുപടി ശബ്ദം സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മഹര്‍ അബ്ദുള്‍ അസീസ് മുത്രബിന്റേതാണ്. നിങ്ങള്‍ക്ക് അത് ചെയ്യാനാവില്ല, പുറത്ത് ആളുകള്‍ കാത്തിരിപ്പുണ്ട് എന്ന് ഖഷോഗി. തുടര്‍ന്ന് ഖഷോഗിയുടെ കഴുത്ത് മുറുക്കപ്പെട്ടു. അപ്പോളാണ് എനിക്ക് ശ്വാസം കിട്ടുന്നില്ല എന്ന് ഖഷോഗി പറയുന്നത്. പിന്നീട് കേള്‍ക്കുന്ന ശബ്ദങ്ങളിലൊന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം തലവനായ ഡോ.സലാ മുഹമ്മദ് തുബൈകിയുടേതാണ്. ഇയര്‍ഫോണ്‍ വയ്ക്കൂ, ഞാന്‍ ചെയ്യുന്നത് പോലെ സംഗീതം ആസ്വദിക്കൂ എന്ന് തുബൈകി പറയുന്നു. മുത്രബ് നടത്തിയ മൂന്ന് ഫോണ്‍ കോളുകളാണ് ഓഡിയോ ട്രാന്‍സ്‌ക്രിപ്റ്റിലുള്ളത്. കഴിഞ്ഞെന്ന് പറഞ്ഞേക്കൂ എന്ന് പറയുന്നുണ്ട്. നിങ്ങളുടെ ആളോട് (ബോസിനോട്) പറഞ്ഞേക്കൂ എന്നാണ് പറയുന്നത്.

യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സൗദിക്കുമെല്ലാം ട്രാന്‍സ്‌ക്രിപ്റ്റിന്റെ പകര്‍പ്പുകള്‍ തുര്‍ക്കി നല്‍കിയിരുന്നു. അതേസമയം ഓഡിയോ ടേപ്പിന്റെ പകര്‍പ്പുകള്‍ യുഎസിനും സൗദിക്കും മാത്രമേ നല്‍കിയിട്ടുള്ളൂ. മുത്രബ് ഫോണില്‍ സംസാരിച്ചിരുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിശ്വസ്തനായ സൗദ് അല്‍ ഖത്താനിയുമായിട്ടായിരുന്നു എന്നാണ് തുര്‍ക്കി ഇന്റലിജന്‍സ് പറയുന്നത്. ഖത്താനി സല്‍മാന്റെ മാധ്യമ ഉപദേഷ്ടാവ് പദവിയടക്കം വഹിച്ചിരുന്നു. ഖത്താനിയെ നീക്കിയതായാണ് സൗദി നല്‍കുന്ന വിവരം. ഖഷോഗി കോണ്‍സുലേറ്റിലെത്തുന്നതിന് അല്‍പ്പം മുമ്പാണ് സൗദി ഹിറ്റിംഗ് സ്‌ക്വാഡ് എത്തിയത്. കൊല നടപ്പാക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ കോണ്‍സുലേറ്റ് വിട്ടു.

അതേസമയം ഖഷോഗി വധത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും അദ്ദേഹത്തിന്റെ മരുമകനുമായ ജെറാഡ് കുഷ്‌നര്‍ സല്‍മാന്‍ രാജകുമാരന് ഉപദേശം നല്‍കിയിരുന്നതായും പല തവണ സ്വകാര്യ സംഭാഷണങ്ങള്‍ നടത്തിയതായും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഈ സംഭാഷണങ്ങള്‍ സംബന്ധിച്ച് അറിയാമെന്ന് അവകാശപ്പെടുന്ന ഒരു സൗദി സ്രോതസില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരം. വൈറ്റ് ഹൗസ് ചട്ടങ്ങളനുസരിച്ച് വിദേശ നേതാക്കളുമായി യുഎസ് ഗവണ്‍മെന്റ് പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരിക്കണം. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് കുഷ്‌നര്‍ സല്‍മാനുമായി സ്വകാര്യ സംഭാഷണങ്ങള്‍ നടത്തിയത്. ഖഷോഗി വധത്തിന് നിര്‍ദ്ദേശം നല്‍കിയതിന് സല്‍മാനാണ് എന്നതിന് തെളിവുണ്ട് എന്ന സിഐഎയുടെ കണ്ടെത്തല്‍ ട്രംപ് തള്ളിയിരുന്നു.

ഖഷോഗിയെ നിശ്ശബ്ദനാക്കാൻ സൽമാൻ ഉത്തരവിടുന്നതിന്റെ റെക്കോർഡിങ്സ് സിഐഎയുടെ പക്കലെന്ന് റിപ്പോർട്ട്

ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരന്‍ എന്ന് സിഐഎ

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

Share on

മറ്റുവാര്‍ത്തകള്‍