ഇന്തോനേഷ്യന്‍ പ്രവിശ്യയില്‍ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു

സ്ത്രീകള്‍ക്കെതിരെ ധാര്‍മിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍കാലങ്ങളിലും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണിത്.

ഇന്തോനേഷ്യന്‍ പ്രവിശ്യയില്‍ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. വിവാഹിതരോ ബന്ധുക്കളോ അല്ലെങ്കില്‍ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇന്തോനേഷ്യയിലെ തീവ്ര ഇസ്ലാമിക ജില്ലയായ ആസെഹ് പ്രവിശ്യയില്‍ നിരോധിച്ചു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യത്തെ ഇസ്ലാമിക നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏക പ്രദേശമാണ് ആസെഹ്.

സ്ത്രീകള്‍ക്കെതിരെ ധാര്‍മിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍കാലങ്ങളിലും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണിത്. കൂടാതെ സ്വവര്‍ഗ്ഗാനുരാഗം, ചൂതാട്ടം, മദ്യം മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പരസ്യമായി ചാട്ടവാറുകൊണ്ട് അടിക്കുന്ന നടപടിക്കെതിരെയെല്ലാം ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നതാണ്.

ഏറ്റവും പുതിയ നിയമപ്രകാരം, സുമാത്രാ ദ്വീപിലെ ബര്യേന്‍ ജില്ലയിലുള്ള സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ അല്ലാതെ മറ്റൊരു പുരുഷനോടൊപ്പവും റെസ്റ്റോറന്റുകളിലോ കോഫി ഷോപ്പുകളിലോ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. സഹപ്രവര്‍ത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതടക്കം വിലക്കിയിട്ടുണ്ട്.

സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കുകയാണ് ഈ നിയമംകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അതവര്‍ക്ക് കൂടുതല്‍ സുഖവും സൗകര്യവും നല്ല പെരുമാറ്റവും ലഭ്യമാക്കുമെന്നും, ഇസ്ലാമികനിയമങ്ങള്‍ ലംഘിക്കുന്ന ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ലോക്കല്‍ ഷേരിയ ഓഫീസിന്റെ തലവന്‍ ജുഫ്‌ലിവാന്‍ പറഞ്ഞു. തനിച്ചോ കുടുംബാംഗങ്ങളുടെ കൂടെയോ അല്ലാതെ വരുന്ന സ്ത്രീകള്‍ക്ക് ഭക്ഷണശാലകളിലും കഫേകളിലും 9 മണി കഴിഞ്ഞ് സേവനം നല്‍കരുതെന്നും ആഗസ്റ്റ് 5-ന് ജില്ലാ തലവന്‍ ഒപ്പിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment