January 21, 2025 |

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസിലേക്കുള്ള സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ചോർന്ന് പോക്ക്

ഈ കടുത്ത തിരിച്ചടികൾക്കിടയിലും അഫ്ഗാനിലെ സ്ത്രീകൾ ചെറുത്തുനിൽപ്പ് തുടരുകയാണ്.

അഫ്ഗാനിസ്ഥാൻ, ഇറാഖ്, യുഎസ് എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലെയും സർക്കാരുകൾ സ്ത്രീകൾ കഠിനമായി പൊരുതി നേടിയ സ്വാതന്ത്ര്യം ഇല്ലാതാക്കുമ്പോൾ, ലോകമെമ്പാടും സ്ത്രീകളുടെ അവകാശങ്ങൾ ഭീഷണിയിലാവുകയാണ്.Global Backslide on Women’s Rights

അഫ്ഗാനിസ്ഥാനിൽ, 2021 ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം താലിബാൻ്റെ അടിച്ചമർത്തൽ നയങ്ങൾ നാടകീയമായി വർദ്ധിച്ചിരിക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായ ഏറ്റവും പുതിയ നിയമം അഫ്ഗാൻ സ്ത്രീകൾ നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ പങ്കെടുക്കുന്നത് വിലക്കിയതാണ്, മനുഷ്യാവകാശ സംഘടനകൾ ഇതിനെ “അജ്ഞതയുടെ ക്രൂരമായ പ്രവൃത്തി” എന്നാണ് വിലയിരുത്തിയത്. താലിബാൻ്റെ പൊതുജനാരോഗ്യ മന്ത്രാലയം അത്തരം കോഴ്‌സുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു, ഇതിനെ വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കുമുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള വലിയ സൂചനയായി കാണാം. സെക്കൻഡറി സ്‌കൂളുകൾ, സർവ്വകലാശാലകൾ, കൂടാതെ ഫ്ലൈറ്റ് അറ്റൻഡൻ്റ് പോലുള്ള ജോലികളിൽ പോലും സ്ത്രീകൾക്ക് വിലക്കുണ്ട്. കൂടാതെ, കാബൂളിലെ ബേക്കറികൾ ഉൾപ്പെടെ സ്ത്രീകൾ നടത്തുന്ന ബിസിനസ്സുകൾ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണങ്ങൾക്ക് പുറമേ, പാട്ട് പാടുന്നതിനും ഉറക്കെ വായിക്കുന്നതിനും വീടിന് പുറത്ത് ചിരിക്കുന്നതിനുമുള്ള വിലക്കുകൾ ഉൾപ്പെടെ പരസ്യമായി സംസാരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെപ്പോലും താലിബാൻ വിലക്കിയിട്ടുണ്ട്. സ്ത്രീകൾ, സമാധാനം, സുരക്ഷാ എന്നിവയുടെ സൂചികയിൽ അവസാന സ്ഥാനത്ത് എത്തി നിൽക്കുന്ന അഫ്ഗാനിസ്ഥാൻ ഇപ്പോൾ ലിംഗ വർണ്ണവിവേചനത്തിൻ്റെ പ്രതീകമായി മാറിയിരിക്കുകയാണ്.

ഈ കടുത്ത തിരിച്ചടികൾക്കിടയിലും അഫ്ഗാനിലെ സ്ത്രീകൾ ചെറുത്തുനിൽപ്പ് തുടരുകയാണ്. വർദ്ധിച്ചുവരുന്ന ശത്രുതാപരമായ അന്തരീക്ഷത്തിൽ സ്ത്രീകൾ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടുമ്പോൾ, താലിബാൻ്റെ ക്രൂരമായ നിയമങ്ങളിൽ അടിപെട്ട് പ്രതിഷേധിക്കുന്നവർ പീഡനം, ആക്രമണം, തടവ് എന്നിവ നേരിടേണ്ടിവരികയാണ്. എന്നിട്ടും അന്താരാഷ്ട്ര നയതന്ത്രജ്ഞർ, താലിബാനുമായി തീവ്രവാദ വിരുദ്ധ കാര്യങ്ങളിലും വ്യാപാര കാര്യങ്ങളിലും ഇടപെടാൻ മാത്രം മുൻകൈ എടുക്കുകയാണ്. അവരുടെ ചർച്ചകളിൽ അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങൾ പരാമർശിക്കപ്പെടുന്നില്ല എന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്.
‌‌
ഇറാഖിൻ്റെ 1959-ലെ വ്യക്തിനിയമ നിയമം ഭേദഗതി ചെയ്യാനുള്ള നിർദ്ദേശ പ്രകാരം, വിവാഹത്തിനുള്ള നിയമപരമായ പ്രായം ഒമ്പത് വയസ്സായി കുറയ്ക്കാൻ ശ്രമിക്കുകയാണ്, ഇത് സർക്കാരിലെ യാഥാസ്ഥിതിക ഷിയാ വിഭാഗങ്ങളുടെ പിന്തുണയോടെയാണ്, ഇറാഖിൽ, സ്ത്രീകളുടെ അവകാശങ്ങൾക്ക് ഭീഷണിയായ മറ്റൊരു സംഭവവികാസമാണിത്. ഈ നിയമത്തിലൂടെ വിവാഹം, വിവാഹമോചനം തുടങ്ങിയ കുടുംബകാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാൻ മതാധികാരികളെ അനുവദിക്കുകയും, ശൈശവവിവാഹങ്ങൾ സാധാരണ നിലയിലാക്കാനും, കസ്റ്റഡി, അനന്തരാവകാശം എന്നിവയുൾപ്പെടെയുള്ള സ്ത്രീകളുടെ അവശ്യ അവകാശങ്ങൾ ഇല്ലാതാക്കാനും കഴിയും. ഇറാഖിൽ പ്രായപൂർത്തിയാകാത്തവരുടെ വിവാഹ നിരക്ക് ഇപ്പോൾ തന്നെ ഉയർന്നതാണ്, 28% പെൺകുട്ടികളും 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരാവുകയാണ്. ഈ നിർദ്ദേശം പാസാക്കിയാൽ, വിഭാഗീയ വിഭജനം കൂടുതൽ ശക്തമാക്കുകയും ലിംഗസമത്വത്തിൻ്റെ പുരോഗതി പിന്നോട്ടാവുകയും ചെയ്യും, ഇത് പെൺകുട്ടികളെയും സ്ത്രീകളെയും ദുരുപയോഗം ചെയ്യുന്നതിനും ചൂഷണത്തിനും ഇരയാക്കും.

യുഎസിൽ, ഗർഭച്ഛിദ്രം തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ, സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് അതൊരു ഭീഷണിയാവുകയാണ്. ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കിക്കൊണ്ട് 2022-ൽ, സുപ്രിംകോടതി റോയ് വേഴ്സസ് വേഡ് വിധി റദ്ദാക്കി. സ്ത്രീ സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ യു.എസിലെ നാലിലൊന്ന് സംസ്ഥാനങ്ങളും അബോർഷൻ ചെയ്യുന്നതിന് നിരോധനമോ ​​കടുത്ത നിയന്ത്രണങ്ങളോ ഏർപ്പെടുത്തി. കോൺഗ്രസ് വുമൺ മാർജോറി ടെയ്‌ലർ ഗ്രീനിനെപ്പോലുള്ള റിപ്പബ്ലിക്കൻ ഫി​ഗറുകൾ ഗർഭധാരണം ഒഴിവാക്കാൻ സ്ത്രീകൾ ബ്രഹ്മചാരിയായി തുടരണമെന്ന ആശയം നിർദ്ദേശിച്ചു, ഇത് നിയമനിർമ്മാതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെയും നിരവധി പ്രത്യേകിച്ച് ലൈംഗികാതിക്രമത്തെയും ദുരുപയോഗത്തെയും അതിജീവിച്ചവരടക്കമുള്ളവർ നേരിടുന്ന യാഥാർത്ഥ പ്രശ്നത്തെയും ഉയർത്തിക്കാട്ടുന്നു. അഞ്ച് അമേരിക്കൻ സ്ത്രീകളിൽ ഒരാൾ ലൈംഗികാതിക്രമം നേരിട്ടിട്ടുള്ളതായി കണക്കുകൾ പറയുന്നു, ഗർഭച്ഛിദ്രാവകാശങ്ങളുടെ നിയന്ത്രണം ഇരകളാക്കപ്പെട്ടവരെയും ബാധിക്കുന്നതാണ്.

Post Thumbnail
ഡല്‍ഹിയില്‍ പോരാട്ടം കെജ്രിവാളും മോഡിയും തമ്മില്‍, തിരിച്ചുവരാന്‍ കോണ്‍ഗ്രസ് പൊരുതുംവായിക്കുക

അഫ്ഗാനിസ്ഥാൻ, ഇറാഖ്, അമേരിക്ക എന്നിവിടങ്ങളിലെ ഈ സംഭവവികാസങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതിനുള്ള ആ​ഗോള പ്രവണതയെ പ്രതിഫലിപ്പിക്കുന്നതാണ്. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് സുരക്ഷിതമെന്ന് കരുതിയ അവകാശങ്ങൾ ഇപ്പോൾ നഷ്ടപ്പെടുകയാണ്. താലിബാൻ പോലുള്ള കർശനമായ ഗവൺമെൻ്റുകൾക്ക് കീഴിൽ, ഇറാഖിലെ അന്യായ നിയമങ്ങളിലൂടെയും യുഎസിൽ ഗർഭച്ഛിദ്രത്തിനുള്ള പരിമിതമായ അവകാശങ്ങളിലൂടെയും വ്യത്യസ്ത രീതികളിൽ ഇത് പല രാജ്യങ്ങളിലായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ ഭയാനകമാണ്, സ്ത്രീകൾ അവർക്ക് അർഹമായ സ്വാതന്ത്ര്യത്തിനായി പോരാടുന്നത് തുടരുമ്പോൾ ലോകം ശ്രദ്ധിക്കേണ്ടതുണ്ട്.Global Backslide on Women’s Rights

Content summary; Global Backslide on Women’s Rights: Erosion of Freedoms from Afghanistan to the US

Women’s rights Erosion of freedoms Gender equality Afghanistan United States

×