UPDATES

യുകെ/അയര്‍ലന്റ്

സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അവിശ്വാസത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അതിജീവിച്ചു

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ച തെരേസ മേയ്ക്ക് ഒരു വര്‍ഷം കൂടി പാര്‍ട്ടി നേതാവായി തുടരാനാകും.

                       

അവിശ്വാസത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അതിജീവിച്ചു. മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വ്വേറ്റീവ് അംഗങ്ങള്‍ തന്നെയായിരുന്നു അവിശ്വാസം കൊണ്ടുവന്നത്. തെരേസയ്ക്കനുകൂലമായി 200 എംപിമാരും എതിരായി 117 പേരും വോട്ടു ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച (ബ്രെക്‌സിറ്റ്) കരാറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ഒരു വിഭാഗം കണ്‍സര്‍വേറ്റിവ് എംപിമാര്‍ തെരേസയ്‌ക്കെതിരെ അവിശ്വാസം കൊണ്ടു വന്നത്. ഇതോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ച തെരേസ മേയ്ക്ക് ഒരു വര്‍ഷം കൂടി പാര്‍ട്ടി നേതാവായി തുടരാനാകും.

തന്റെ ബ്രെക്‌സിറ്റ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടി അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ മേയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ അവിശ്വാസമായി എത്തിയത്. ബ്രെക്‌സിറ്റ് നിര്‍ദ്ദേശങ്ങള്‍ വോട്ടിനിടുന്നതില്‍ നിന്ന് മേ കഴിഞ്ഞദിവസം പിന്മാറിയതിന്റെ പശ്ചാത്തലം കൂടി ഈ അവിശ്വാസപ്രമേയത്തിനുണ്ട്. കണ്‍സര്‍വ്വേറ്റീവ് അംഗങ്ങള്‍ കൂടി തന്റെ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നുണ്ടെന്നും, അവതരിപ്പിക്കപ്പെട്ടാല്‍ അത് പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞുള്ള നീക്കമായിരുന്നു ഇതെന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

തന്നെ മറിച്ചിടാനുള്ള നീക്കങ്ങളോട് നിശിതമായ വാക്കുകളുപയോഗിച്ച് താക്കീതിന്റെ ഭാഷയിലായിരുന്നു മേ പ്രതികരിച്ചത്. കണ്‍സര്‍വ്വേറ്റീവ് അംഗങ്ങളുടെ സഹായത്തോടെ താന്‍ പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വന്നാല്‍ പുതിയ പ്രധാനമന്ത്രിക്ക് സ്വാഭാവികമായും ‘ആര്‍ട്ടിക്കിള്‍ 50’ പ്രയോഗിച്ചത് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടതായി വരും. ഇത് ബ്രെക്‌സിറ്റ് വൈക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ത്തുവെന്നാണ് ഒരു വിഭാഗം കണ്‍സെര്‍വ്വേറ്റീവ് അംഗങ്ങള്‍ തെരേസ മേയ്‌ക്കെതിരെ പരാതി ഉന്നയിക്കുന്നത്. 2016ലെ ഹിതപരിശോധന എന്തിനു വേണ്ടിയാണോ വോട്ട് ചെയ്തത്, അതിനു വിരുദ്ധമായ പലതും നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി മേ സന്ധി ചെയ്യുന്നുവെന്നാണ് ആരോപണം. രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയാണ് അവിശ്വാസം കൊണ്ടുവരുന്നവര്‍ ചെയ്യുന്നത്. ബ്രെക്‌സിറ്റ് അടുത്തിരിക്കെ ഈ നടപടി രാജ്യത്തെ അനിശ്ചിതത്വത്തിലാക്കുമെന്നും മേ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള തന്റെ സംഭാഷണങ്ങളില്‍ ഏറിയ പുരോഗതിയുണ്ടെന്ന് തെരേസ മേ കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടി അംഗങ്ങളോട് വിശദീകരിക്കുന്നു. ഈ സന്ദര്‍ഭത്തിലുള്ള വിഭാഗീയതയ്ക്ക് ഏറെയൊന്നും നേട്ടങ്ങളുണ്ടാക്കാനാകില്ല. താന്‍ ബ്രെക്‌സിറ്റ് വോട്ട് ചെയ്ത ജനങ്ങള്‍ക്കു വേണ്ടിയും, എല്ലാവര്‍ക്കും അനുയോജ്യമായ ഒരു രാജ്യത്തെ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയുമാണ് പ്രവര്‍ത്തിച്ചു വന്നതെന്ന് മേ അവകാശപ്പെട്ടു.

അതേ സമയം, 2022ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് തെരേസ മേ അവിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍