UPDATES

വിദേശം

ആമസോണില്‍ കാട്ടുതീയുടെ ഏറ്റവും രൂക്ഷമായ താണ്ഡവം ഇനി വരാനിരിക്കുന്നതേയുള്ളൂ

80,000 കാട്ടുതീയാണ് ബ്രസീലില്‍ ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്

                       

ബ്രസീലിലിലെ ആമസോണ്‍ മഴക്കാടുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് പ്രമുഖ പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തീ നിയന്ത്രണ വിധേയമാണെന്ന സർക്കാർ അവകാശവാദങ്ങൾക്കിടയിലാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. 80,000 കാട്ടുതീയാണ് ബ്രസീലില്‍ ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 85 ശതമാനത്തിലധികം വളര്‍ച്ച. പക്ഷെ, സ്ഥിതി ‘സാധാരണ നിലയിലേക്ക്’ മടങ്ങി വരികയാണെന്ന് പ്രസിഡന്റ് ജെയർ ബോൾസോനാരോ അവകാശപ്പെട്ടിരുന്നു.

രാജ്യത്തെ വാർഷിക കാട്ടുതീ സീസൺ ഇനിയും പൂർണ്ണമായി കഴിഞ്ഞിട്ടില്ലെന്നും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ബ്രസീലിലെ പ്രമുഖ വനവിദഗ്ദ്ധനായ ടാസ്സോ അസെവെഡോ മുന്നറിയിപ്പ് നൽകി. ‘കാട്ടുതീയുടെ ഏറ്റവും രൂക്ഷമായ താണ്ഡവം ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ എന്നാണ് അദ്ദേഹം പറയുന്നത്. വനനശീകരണ നിരീക്ഷണ ഗ്രൂപ്പായ മാപ്പ് ബയോമാസിനെ ഏകോപിപ്പിക്കുന്ന ഫോറസ്റ്റ് എഞ്ചിനീയറും പരിസ്ഥിതി പ്രവർത്തകനുമാണ് അസെവെഡോ. നിലവിൽ തീപിടുത്തം ഉണ്ടായ പ്രദേശങ്ങളിൽ പലതും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ തകർന്ന ആമസോൺ മഴക്കാടുകളാണെന്ന് അദ്ദേഹം പറയുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വനനശീകരണം നടന്ന പ്രദേശങ്ങളില്‍ ഇതുവരെ കാട്ടു തീ എത്തിയിട്ടില്ല.

സർക്കാറിന്‍റെ സാറ്റലൈറ്റ് മോണിറ്ററിംഗ് ഏജൻസിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം ഓഗസ്റ്റ് 26-വരെ ബ്രസീലിയൻ ആമസോണില്‍ നിന്നും ഹോങ്കോങ്ങിന് തുല്യമായ 1,114.8 ചതുരശ്ര കിലോമീറ്റർ (430 ചതുരശ്ര മൈൽ) വനപ്രദേശം നഷ്ടപ്പെട്ടിട്ടുണ്ട്. ഫിലാഡൽഫിയയുടെ പകുതി വലിപ്പമുള്ള അത്രയും പ്രദേശം ജൂലൈയിൽ നഷ്ടപ്പെട്ടിരുന്നു. ഈ പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കൂടുതല്‍ പകടകരമായ വലിയ ദുരന്തത്തില്‍ കലാശിക്കുമെന്ന് അസെവെഡോ പറയുന്നു. തദ്ദേശീയ പ്രദേശങ്ങളിലേയും സംരക്ഷിത മേഖലകളിലേയും വനനശീകരണം തടയുക, വരണ്ട കാലം അവസാനിക്കുന്ന ഒക്ടോബർ അവസാനം വരെ ആമസോണിൽ മനപ്പൂര്‍വ്വം തീയിടുന്നത് നിരോധിക്കുക തുടങ്ങിയ അടിയന്തിര നടപടികൾക്ക് അദ്ദേഹം ശുപാര്‍ശ ചെയ്തു.

ബ്രസീലിലെ പരിസ്ഥിതി ഏജൻസിയായ ഇബാമയിലെ 400 ലധികം അംഗങ്ങൾ ബോൾസോനാരോയുടെ കീഴിൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ അവസ്ഥയെക്കുറിച്ച് ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. പരിസ്ഥിതി സംരക്ഷണം എന്നത് ഇപ്പോള്‍ ഏതു ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച ‘അതിയായ ആശങ്ക’ പരസ്യമായി പ്രകടിപ്പിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇബാമയുടെ പ്രസിഡന്റ് എഡ്വേർഡോ ബിമിന് അയച്ച കത്തിൽ ജീവനക്കാർ പറയുന്നു. ‘പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചില്ലെങ്കിൽ ആമസോൺ വന നശീകരണ നിരക്ക് ഒരിക്കലും കുറക്കാന്‍ കഴിയില്ല’ എന്ന് അവർ എഴുതി.

Explainer: ആരാണ് ആമസോൺ കാടുകൾ ബ്രസീലിന്റേത് മാത്രമെന്ന് പറയുന്ന പ്രസിഡണ്ട് ജയിർ ബോൾസൊനാരോ?

Share on

മറ്റുവാര്‍ത്തകള്‍