July 13, 2025 |
Avatar
അമർനാഥ്‌
Share on

അടിയന്തരാവസ്ഥയിലെ തടവുകാരന്‍; ഇന്ദിര ഏറ്റവും ഭയന്ന രാഷ്ട്രീയക്കാരന്‍

പീലു മോദി – ദി സ്വതന്ത്ര ഫാറ്റ് ക്യാറ്റ് !

50 വര്‍ഷം മുന്‍പ്, 1975 ജൂണ്‍ 25ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ആദ്യ മണിക്കൂറുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖനായിരുന്നു ഗോധ്ര എം.പി യും സ്വതന്ത്ര പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ പീലുമോദി. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പീലു മോദി എഴുന്നേല്‍ക്കുമ്പോള്‍, സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തിയുള്ള നിശിതമായ വിശകലനവും, രൂക്ഷമായ വിമര്‍ശനവുമായ ആ പ്രസംഗം കേള്‍ക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രദ്ധയോടെ കാതോര്‍ക്കുമായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു പീലു മോദി. ഇന്ദിരാ ഗാന്ധിയുടെ ദേശസാത്ക്കരണ നയത്തെ എതിര്‍ത്ത, ശക്തനായ വിമര്‍ശകനായിരുന്നു പീലു മോദി. ഉറങ്ങിക്കിടന്നിരുന്ന പീലു മോദിയെ ഡല്‍ഹിയിലെ സ്വന്തം വസതിയില്‍ നിന്ന് പൊക്കിയെടുത്താണ് അര്‍ദ്ധരാത്രിക്ക് ഇന്ദിരാ ഗാന്ധിയുടെ പോലീസ് സംഘം ‘മിസ’ പ്രകാരം (Maintenance of Internal Security Act (MISA) ഹരിയാനയിലെ റോഹ്തക്ക് തുറങ്കിലടച്ചത്. പീലുവിന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖരായ ചൗധരി ചരണ്‍സിങ്ങ്, ബിജു പട്‌നായിക്, ബാല്‍ ദേവ് പ്രകാശ്, ബാല്‍ രാംജി ദാസ് ടണ്ഡന്‍ എന്നിവരും ഉണ്ടായിരുന്നു.

പാഴ്‌സി വ്യവസായി സര്‍ ഹോമി മോഡിയുടെ മകനായി 1926 ല്‍ ബോംബെയില്‍ ജനിച്ച പീലു മോദി ഡൂണ്‍ സ്‌ക്കൂളില്‍ നിന്ന് പഠിച്ച് പുറത്തുവന്ന് സര്‍ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ (ബാച്ചിലേഴ്‌സ്) ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ (മാസ്റ്റേഴ്‌സ്) വാസ്തുവിദ്യയും പഠിച്ചു. ബെര്‍ക്കിലിയില്‍ വിദ്യാര്‍ത്ഥിനിയായ സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച അമേരിക്കക്കാരി ലവിന ‘വിന’ കോള്‍ഗനെ വിവാഹം കഴിച്ചു, 1953 ല്‍ അവര്‍ക്കൊപ്പം മോഡി ആന്‍ഡ് കോള്‍ഗന്‍ എന്ന പേരില്‍ പിന്നീട് വളരെ പ്രസിദ്ധമായ ആര്‍ക്കിടെക്റ്റ് സ്ഥാപനം ബോബെയില്‍ ആരംഭിച്ചു. അതിന് ശേഷമാണ് കോടികള്‍ വരുമാനമുള്ള ആ സ്ഥാപനം വിട്ട് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കാല്‍ കാശിന് വകയില്ലാതെ രാഷ്ട്രീയത്തിലിറങ്ങി കോടികള്‍ സമ്പാദിക്കുന്ന നടപ്പ് രാഷ്ട്രീയത്തില്‍ അപൂര്‍വമായിരുന്നു ഇത്. രാഷ്ട്രീയ ജീവിതത്തില്‍, മോഡി ലിബറലിസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്നു. സ്വതന്ത്ര പാര്‍ട്ടിയുടെ സ്ഥാപക അംഗമെന്ന നിലയില്‍ അദ്ദേഹം പാര്‍ട്ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.

Piloo mody

പീലു മോദി

അദ്ദേഹത്തിന് സഹോദരന്മാരാണ്, ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് സംവിധാനത്തിന്റെ ശില്‍പ്പികളിലൊരാളായ കാലി മോഡിയും ടിസ്‌കോ ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്ന റുസ്സി മോഡിയും.

തന്റെ ആഡംബര വസതിയില്‍, എ.സി. മുറിയില്‍ ജീവിച്ച് ശീലിച്ച പീലുവിന്റെ ആദ്യത്തെ ജയില്‍ ജീവിതമായിരുന്നു ഇത്. തടവില്‍ എത്തിയ ദിവസം തന്നെ ജയില്‍ സുപ്രണ്ടിനോട് തനിക്ക് ജയിലിലെ സാധാ കക്കൂസ് പറ്റില്ലെന്നും യൂറോപ്യന്‍ ശൈലിയിലുള്ള കമോഡ് കക്കൂസ് സ്വന്തം ചിലവില്‍ ജയിലില്‍ പണിയാന്‍ അനുവദിക്കണമെന്നും പീലു ആവശ്യപ്പെട്ടു. ജയില്‍ അധികൃതര്‍ അത് അനുവദിക്കുക തന്നെ ചെയ്തു. തന്നെപ്പോലെ തടിച്ച ശരീര പ്രകൃതിയുള്ള, തന്റെ ഭാര്യ ജയിലില്‍ സന്ദര്‍ശത്തിന് വരുമ്പോള്‍ വിക്കറ്റ് ഗേറ്റിന് പകരം പ്രധാന കവാടം തുറന്ന് കൊടുക്കണമെന്നായിരുന്നു പീലുവിന്റെ മറ്റൊരാവശ്യം. ഇന്നത്തെ പല ബി.ജെ.പി. ക്കാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമടക്കം കൊടി കെട്ടിയ ഉന്നതരായ പല നേതാക്കളും അടിയന്തരാവസ്ഥയില്‍ മാപ്പപേക്ഷയും പരോളിനും വേണ്ടി ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ഒന്നും ആവശ്യപ്പെടാതെ, 18 മാസം പീലു മോദി ശാന്തനായി ഒരു സന്ധിക്കും തയ്യാറാവാതെ റോഹ്തക്ക് ജയിലില്‍ കഴിഞ്ഞു. ഇന്ദിരാ ഗാന്ധി തന്റെ ആഭ്യന്തര സഹമന്ത്രിയായ ഓംമേത്ത വഴി ജയില്‍ സൂപ്രണ്ടിനോട് ജയില്‍ വാസത്തെ കുറിച്ച് വിവരം അന്വേഷിച്ച ഏക തടവുകാരനും പീലു മോദിയായിരുന്നു. അടിയറവ് പറയിപ്പിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ അടവ് പീലു മോദിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ പരാജയമടഞ്ഞു.

സ്വതന്ത്ര പാര്‍ട്ടിയുടെ ഏറ്റവും പ്രസിദ്ധനായ നേതാവായ സി. രാജഗോപാലാചാരിയുടെ അവസാനത്തെ, ഏറ്റവും അടുത്ത അനുയായിയായ പീലു മോദിയുടെ തടിച്ച ആകാരം പോലെ തന്നെ പ്രസിദ്ധമായിരുന്നു ശക്തമായ നിലപാടുകളും. ചക്രവര്‍ത്തി രാജഗോപാലാചാരിയുടെയും മുന്‍ സോഷ്യലിസ്റ്റ് നേതാവ് മീനു മസാനിയുടെയും നേതൃത്വത്തില്‍ 1959 ഓഗസ്റ്റില്‍ രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയകക്ഷിയാണ് സ്വതന്ത്രാ പാര്‍ട്ടി. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന് സി.രാജഗോപാലാചാരി, കെ.എം.മുന്‍ഷി, എന്‍.ജി രംഗ, മിനു മസാനി തുടങ്ങിയ ഉന്നതരുടെ നേതൃത്വത്തിലാണ് സ്വത്രന്ത പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. അമേരിക്കയുടെ ക്യാപ്പിറ്റലിസം വിശ്വാസപ്രമാണമാക്കിയ പാര്‍ട്ടി നെഹ്‌റുവിന്റെ സോഷ്യലിസത്തിനെ ശക്തിയായി എതിര്‍ത്തു. 1967-71 കാലത്ത് 44 സീറ്റുകളോടെ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി. മൂന്നാമത്തേയും നാലാമത്തേയും പൊതുതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മികച്ച വിജയവും നേടി.

The Oberoi Hotel in New Delhi, designed by Peelu

പീലു മോദി രൂപകൽപ്പന ചെയ്ത ന്യൂഡൽഹിയിലെ ഒബ്റോയ് ഹോട്ടൽ

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടക്കുന്ന സംഘപരിവാറുകാരെയും, കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരേയും മാത്രമല്ല ഗാന്ധിയന്മാരെയും സുഭാഷ് ചന്ദ്രബോസിന്റെ അനുയായികളേയും വിമര്‍ശിച്ച, പീലു ആരെയും വെറുതെ വിട്ടില്ല. ജയിലനകത്തെ ജനസംഘനേതാക്കളെ ‘ജനസങ്കടക്കാര്‍’ എന്ന് പരിഹസിച്ച പീലു അവരെ പ്രകോപിപ്പിക്കാനായി ചോദിച്ചു: ”ഇന്ദിരാ യുഗത്തില്‍ കാലും ഭീഷ്മപിതാമഹന്റെ യുഗത്തില്‍ തലച്ചോറും പൂഴ്ത്തി വെയ്ക്കുന്ന നിങ്ങള്‍ ജനങ്ങളെ എങ്ങനെ ഉദ്ധരിക്കാനാണ്?”

ജയിലിനുള്ളില്‍ ദിവസവും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധിയന്മാരെ കണക്കിന് പരിഹസിച്ച പീലു അവരോട് പറഞ്ഞു: ”വന്‍കിട തുണിമില്ലുകള്‍ ഓരോ മിനിറ്റിലും ആയിരക്കണക്കിന് മീറ്റര്‍ തുണി ഉല്‍പ്പാദിപ്പിക്കെ ഒരു കോണകത്തിനുള്ള തുണി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് എത്ര ദിവസം വേണം?” നിങ്ങളുടെ നിലനില്‍പ്പിന് വേണ്ട ആഹാരം ഉല്‍പ്പാദിപ്പിക്കുന്ന തൊഴിലാളികള്‍ ഉള്ള ഫ്യൂഡല്‍ പ്രഭുക്കള്‍ക്കേ, ഗാന്ധിസത്തിന്റെ മുദ്രയായ ചര്‍ക്കയില്‍ നൂലുണ്ടാക്കാനുള്ള സമയം ഇങ്ങനെ ദുര്‍വ്യയം ചെയ്യാനൊക്കൂ. ഞാന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ പിന്നോക്കാവസ്ഥയുടെ മുഖമുദ്രയായ ഈ ചര്‍ക്കകളെല്ലാം ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും.

സോഷ്യലിസ്റ്റ് പാര്‍ട്ടി എം.പി.യായ സാമര്‍ ഗുഹ ഉടുപ്പില്‍ സുഭാഷ് ചന്ദ്രബോസിന്റെ പടമുള്ള ബാഡ്ജും കുത്തി, സദാ സമയവും രബീന്ദ്ര സംഗീതവും മൂളി നടക്കുന്ന പ്രസന്നവദനനായ ഒരു തടവുകാരനായിരുന്നു. ഒരിക്കലും പ്രകോപിതനാവാത്ത സാമര്‍ ഗുഹയെ പോലും പീലു തന്റെ വാചകം കൊണ്ട് ശുണ്ഠി പിടിപ്പിച്ചു.
”സുഭാഷ് ജീവിച്ചിരിപ്പുണ്ടോ? ഇല്ലയോ എന്ന് അന്വേഷിച്ച് അനവധി വര്‍ഷങ്ങള്‍ തുലച്ച ഇവന്മാര്‍ക്ക് ഈ ദരിദ്രരാജ്യത്ത് ചെയ്യാന്‍ വേറെ പണിയൊന്നുമില്ലേ?” ഇത് കേള്‍ക്കുമ്പോള്‍ രബീന്ദ്ര സംഗീതം മറന്ന് സാമര്‍ ഗുഹ ദേഷ്യം കൊണ്ട് വിറയ്ക്കും.

samar guha

സാമർ ഗുഹ

ആരെയും വകവെയ്ക്കാത്ത കൂസാത്ത പീലു മോദിക്ക് ആകെ ഭയം ഉള്ളത് എലിയെ ആയിരുന്നു. ഒരു രാത്രിയില്‍ ജയിലില്‍ ഉറങ്ങുമ്പോള്‍ തന്റെ ദേഹത്ത് കൂടി ഓടിയ എലിയെ കണ്ട് പേടിച്ച് അലറിയ പീലുവിനെ തൊട്ടടുത്തുണ്ടായിരുന്ന സി.പി.എം കേന്ദ്രകമ്മറ്റിയംഗം മേജര്‍ ജയ്പാല്‍ സിംഗ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു ‘സാരമില്ല പീലു അത് ഒരു ചെറിയ എലിയായിരുന്നു’ ഇത് കേട്ട പീലു ആ രാത്രിയിലും പൊട്ടിത്തെറിച്ചു
‘ഈ കമ്യൂണിസ്റ്റുകാരന്റെ ഭ്രാന്ത് നോക്ക് ചെറുതാണെങ്കിലും വലുതാണെങ്കിലും എലി എലി തന്നെയാണ്. എലിക്ക് വലിപ്പചെറുപ്പമില്ല. ചെറിയ ഭൂവുടമ, വന്‍കിട ജന്മി എന്നീ കമ്യൂണിസ്റ്റ് വേര്‍തിരിവുകളോടെ നിങ്ങള്‍ക്ക് എന്നെ ആശ്വസിപ്പിക്കാനാവില്ല. എലിക്ക് വലിപ്പ ചെറുപ്പമില്ല. എലി എലി തന്നെയാണ്’.

റോഹ്തക്ക് ജയിലങ്കണത്തിലെ ഒരു പ്രഭാത സവാരിക്കിടയില്‍ ഒരു വൃദ്ധയായ സഹ മിസ തടവുകാരിയുമായി പീലു മോദിയും സഹതടവുകാരനായ മലയാളി പത്രപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ മുകുന്ദന്‍ സി. മേനോനും സംസാരിക്കുന്നത് കണ്ട് കാര്യമാരാഞ്ഞ് എത്തിയ സാമര്‍ ഗുഹയോടും കൂടെ വന്നവരോടും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആ വൃദ്ധയായ തടവുകാരിയെ, ഒരു ഗംഭീര ചരിത്രാഖ്യാനത്തിലൂടെ പരിചയപ്പെടുത്തി. ‘ഇത് മണിബെന്‍ പട്ടേല്‍. നെഹ്‌റുവിന്റെ മകള്‍ ജയിലിലാക്കിയ സര്‍ദാര്‍ പട്ടേലിന്റെ ഗുജറാത്തിയായ ഈ മകളും, ക്യാപ്പിറ്റലിസ്റ്റായ ഞാനും, കമ്മ്യൂണിസ്റ്റും മലയാളിയായ മേനോനും കൂടീ കുരുക്ഷേത്ര യുദ്ധം നടന്ന ഹരിയാനയിലെ ഈ മണ്ണിലിരുന്ന്, ഇന്നത്തെ ഇന്ദിരാ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. സോഷിലിസ്റ്റും ബംഗാളിയുമായ താനും കൂടിക്കോ. വേണമെങ്കില്‍ ആനന്ദമാര്‍ഗികളേയും ജമാ അത്ത് ഇസ്ലാമിക്കാരേയും കൂടി വരുത്താം. എന്നിട്ട് നമുക്കെല്ലാം ഇന്ദിരയുടെ ജയിലിലെ അതിഥികളായി ‘ മിസക്കാരുടെ ഐക്യരാഷ്ട്ര സഭ പോലെയൊന്ന് ഉണ്ടാക്കാം.’ ജനസംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്ന സര്‍ദാര്‍ പട്ടേലിന്റെ മകളായ മണിബെന്‍ പട്ടേലിനെ ‘മിസ’ നിയമത്തില്‍ ഇന്ദിരാ ഗാന്ധി അകത്താക്കിയിരുന്നു.

1971 ഇന്ദിരാ ഗാന്ധിയുടെ ദേശസാത്ക്കരണത്തെ പരസ്യമായി തുറന്നെതിര്‍ത്ത പീലുമോദി ഇന്ത്യന്‍ റെയില്‍വേയടക്കം രാഷ്ട്രത്തിന്റെ പല പ്രധാന മേഖലകളും സ്വകാര്യവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഒറ്റയാള്‍ പട്ടാളമായിരുന്നു. യാഥാസ്ഥിതിക അമേരിക്കന്‍ അനുകൂല മുതലാളിത്ത വീക്ഷണങ്ങള്‍ കാരണം, മോഡിയെ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ പലപ്പോഴും ‘വാഷിംഗ്ടണ്‍ തത്ത’ എന്ന് പരിഹസിച്ചു. പാര്‍ലമെന്റില്‍ പീലുവിന്റെ ചടുലവും, കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും വിശദീകരണങ്ങളും ഇന്ദിരാഗാന്ധിയെയും അവരുടെ സ്തുതി പാടകരെയും വിറളി പിടിപ്പിച്ചു.. ”ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്ന കോണ്‍ഗ്രസ് നേതാവ് ദേവകാന്ത് ബറുവയുടെ വിഖ്യാത പ്രസ്താവനയ്‌ക്കെതിരെ പീലു മോദി ഇങ്ങനെ പ്രതികരിച്ചു: ‘ഈ സ്ഥിതി തുടര്‍ന്നാല്‍ എനിക്ക് ഇന്ത്യക്കാരനായി കഴിയാന്‍ പറ്റില്ല. ഇറ്റലിക്കാരിയായ മരുമകളുടെ പ്രൈവറ്റ് എസ്റ്റേറ്റ്റ്റായി ഇന്ത്യന്‍ സ്റ്റേറ്റ് മാറിയേക്കാം’ മെന്നായിരുന്നു ദീര്‍ഘ വീക്ഷണത്തോടെയുള്ള പീലുവിന്റെ പ്രവചനം. ചെറിയ മാറ്റത്തോടെ പിന്നീട് ഇത് ശരിയായി. രാജ്യമല്ല, പകരം കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇന്ദിരാ ഗാന്ധിയുടെ മരുമകളുടെ സ്വകാര്യ എസ്റ്റേറ്റ് ആയി മാറിയതെന്ന് മാത്രം.

A book written by Peelu Modi

പീലു മോദി അടിയന്തരാവസ്ഥയാലെ ജയിൽ വാസക്കാലത്ത് എഴുതിയ പുസ്തകം

എഴുപതുകളില്‍, സൂപ്പര്‍ പവറുകളായ അമേരിക്ക – സോവിയറ്റ് യൂണിയന്‍ ശീതസമരത്തിന്റെ ഉപോല്‍പ്പന്നമായ ‘ CIA ചാരന്‍’ എന്ന ആരോപണം ഒരു കാലത്ത് വളരെ പ്രചാരം കിട്ടിയ ഒരു വിശേഷണമായിരുന്നു. വിരോധമുള്ളവരെ അമേരിക്കന്‍ ചാരന്മാരായി ചാപ്പ കുത്തിയിരുന്ന ആ കാലത്ത് പാര്‍ലമെന്റിലും സുപ്രീം കോടതിയിലും വരെ അമേരിക്കന്‍ ചാരന്മാര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്ദിരാ ഗാന്ധിയുടെ പ്രസ്താവന പാര്‍ലമെന്റില്‍ വന്നപ്പോള്‍ പീലു മോദി ഒട്ടും സമയം പാഴാക്കാതെ ഒരു ആനയെ വാടകക്കെടുത്ത് ആനയുടെ രണ്ട് പള്ളകളിലും I am CIA എന്നെഴുതി അതേ വാചകമെഴുതിയ ഒരു ടീഷര്‍ട്ടും ധരിച്ച് ആനപ്പുറത്ത് കേറി പിറ്റെന്നാള്‍ പാര്‍ലമെന്റില്‍ എത്തി. നേരത്തെ ഏര്‍പ്പെടുത്തിയ സംവിധാനമുപയോഗിച്ച് ആനയെ പാര്‍ലമെന്റ് അങ്കണത്തില്‍ തളച്ച് തീറ്റ കൊടുത്ത് പാര്‍ലമെന്റില്‍ പീലു മോദി ഹാജരായി.

ഇതുകണ്ട് ക്ഷുഭിതയായ ഇന്ദിരാ ഗാന്ധി പറഞ്ഞു ‘വിദേശ ചാരന്മാരെന്ന് സ്വയം വിളംബരം ചെയ്യുന്ന മാന്യന്മാരാണ് ഈ രാജ്യത്തിന്റെ ഗതികേട്’. ഉടനെ പീലു മോദി തിരിച്ചടിച്ചു. ‘രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കുവാന്‍ ഒരു ദിവസത്തെ ഭക്ഷണവും, പെട്രോള്‍ ക്ഷാമം പരിഹരിക്കുവാന്‍ ഒരു ദിവസത്തെ കാര്‍ യാത്രയും സ്വയം ഉപേക്ഷിക്കുന്ന നാടകം നടത്തുന്ന പ്രധാനമന്ത്രിയുള്ളതാണ് ഇന്ത്യയുടെ ഗതികേട്’ പീലു മോദി പിന്നെ കൂട്ടിച്ചേര്‍ത്തു. ‘ആ പ്രധാനമന്ത്രി ഒരു സ്ത്രീയായതിനാല്‍ രാജ്യത്ത് തുണിക്ക് ക്ഷാമം ഉണ്ടാകല്ലേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’.

കോണ്‍ഗ്രസ് എംപിയായ ജെ.സി. ജെയിനിന് പാര്‍ലമെന്റില്‍ പീലു മോദിയുടെ പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തുന്ന ഒരു ശീലമുണ്ടായിരുന്നു. ഒരു ദിവസം പീലു സംസാരിക്കവേ ജെയിന്‍ ഇടപ്പെട്ടു. പീലു ദേഷ്യത്തോടെ ജെയിനിനോട് പറഞ്ഞു, ‘ഈ കുരയ്ക്കുന്നത് നിര്‍ത്തൂ’.

Modi's book on Zulfikar Bhutto

സുൾഫിക്കർ ഭൂട്ടോയെ കുറിച്ചുള്ള മോദിയുടെ പുസ്തകം

ഇത് കേട്ടയുടനെ ജെയിന്‍ ബഹളം വെച്ചു. അദ്ദേഹം പറഞ്ഞു, ‘മിസ്റ്റര്‍ ചെയര്‍മാന്‍, അയാള്‍ എന്നെ ‘നായ’ എന്നാണ് വിളിച്ചത്. അത് പാര്‍ലമെന്ററി വിരുദ്ധ ഭാഷയാണ്.’ സഭയുടെ അധ്യക്ഷനായിരുന്ന ഹിദായത്തുള്ള, ‘പീലു മോദി ഈ പറഞ്ഞത് രേഖപ്പെടുത്തില്ല’ എന്ന് ഉടനെ ഉത്തരവിട്ടു.

പീലു മോദി ഉടന്‍ പ്രതികരിച്ചു, ‘ശരി, stop braying (കഴുതയുടെ കരച്ചില്‍) അത് കേട്ട് സഭ ഇളകിച്ചിരിച്ചു. ജെ.സി. ജെയിന് ആ വാക്കിന്റെ അര്‍ത്ഥം അറിയാത്തതിനാല്‍, അദ്ദേഹം പിന്നെ മിണ്ടിയില്ല. പീലുവിന്റെ ആ വാചകം ഇപ്പോഴും രാജ്യസഭാ നടപടികളുടെ രേഖയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.

ഒരിക്കല്‍, ഒരു മന്ത്രി, ഒരു ചൂടേറിയ വാദത്തിനിടെ പീലുവിനെ ലക്ഷ്യം വെച്ച് പറഞ്ഞു, ‘കുരയ്ക്കുന്ന എല്ലാ നായകള്‍ക്കും ഞാന്‍ മറുപടി നല്‍കേണ്ടതില്ല.’ അപ്പോള്‍ പീലു എഴുന്നേറ്റു നിന്ന് പറഞ്ഞു, ‘സ്പീക്കര്‍, സര്‍, ട്രഷറി ബെഞ്ചുകളില്‍, നമ്മുടെ ഇടയില്‍ മഹാന്മാരായ ആളുകള്‍ ഇരിക്കുന്നുണ്ട്, സര്‍ക്കാരിന്റെ തൂണുകള്‍, ജനാധിപത്യത്തിന്റെ തൂണുകള്‍. നമ്മള്‍ നായ്ക്കളാണ്, ഒരു നായ തൂണിനോട് എങ്ങനെ പെരുമാറുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.’ സഭയില്‍ ചിരി പടര്‍ന്നു.

പീലു മോദിയുമായി അടുപ്പം പുലര്‍ത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിജയ് സാങ്വി ഓര്‍മ്മിക്കുന്നു, ‘പീലു വളരെ സന്തോഷവാനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന് അപാരമായ നര്‍മ്മബോധവും ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹം രാഷ്ട്രീയത്തെ വളരെ ഗൗരവമായി കണ്ടിരുന്ന ഒരാളായിരുന്നു. ലോക്ദളില്‍ തന്റെ പാര്‍ട്ടി ലയിപ്പിച്ചപ്പോള്‍, അദ്ദേഹം ചൗധരി ചരണ്‍ സിങ്ങിനോട് പറഞ്ഞു, ചൗധരി സാഹബ്, ആദ്യം നമ്മള്‍ ഗ്രാമങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കണം. ചൗധരി സാഹബ് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘പീലു, നിങ്ങള്‍ എന്താണ് പറയുന്നത്?’

പീലു പറഞ്ഞു, ചൗധരി സാഹബ്, നിങ്ങള്‍ ഗ്രാമങ്ങളിലാണ് വളര്‍ന്നത്, പക്ഷേ പൊതു ശൗചാലയങ്ങളുടെ അഭാവം മൂലം ഇന്ത്യയിലെ ദരിദ്ര സ്ത്രീകളുടെ ശാരീരിക ഘടനയില്‍ വന്ന വ്യത്യാസം അവര്‍ക്ക് എത്ര അപകടകരമാണെന്ന് നിങ്ങള്‍ക്കറിയില്ല. അപ്പോള്‍ ചൗധരി ചരണ്‍ സിങ്ങിന് അത് വളരെ ഗൗരവമുള്ള, ശരിയായ വിഷയമാണെന്ന് മനസിലായി. പീലു മോദിയുടെ നര്‍മ്മബോധം അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ മാത്രമല്ല, എഴുത്തുകളിലും പ്രകടമായിരുന്നു. അദ്ദേഹം തന്റെ കത്തുകളില്‍ ഇന്ദിരാഗാന്ധിയെ ഐജി എന്ന് അഭിസംബോധന ചെയ്യുകയും അദ്ദേഹം പി.എം. എന്ന് എഴുതി ഒപ്പിടുകയും ചെയ്തിരുന്നു (പി.എം. -പീലു മോദി). അദ്ദേഹം പലപ്പോഴും ഇന്ദിരാഗാന്ധിയോട് പറയുമായിരുന്നു, ‘ഞാന്‍ സ്ഥിരം പി.എം ; നിങ്ങള്‍ താല്‍ക്കാലിക പി.എം.

മുന്‍ കോണ്‍ഗ്രസ് നേതാവായ ആരീഫ് മുഹമ്മദ് ഖാന്‍ (നമ്മുടെ കേരള ഗവര്‍ണ്ണറായ വ്യക്തി തന്നെ) ഒരിക്കല്‍ പീലുവിനെ അനുസ്മരിച്ചു. ‘1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനിടെ, ഇന്ദിരാഗാന്ധി പലപ്പോഴും പീലുവിനെ തന്റെ വീട്ടിലേക്ക് ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചു. ഇന്ദിരാഗാന്ധി ആഴ്ചയില്‍ മൂന്ന് തവണ പാര്‍ലമെന്റ് ഓഫീസിലേക്ക് അദ്ദേഹത്തെ വിളിച്ചതായി പീലു എന്നോട് ഒരിക്കല്‍ പറഞ്ഞു. ആ സമയത്ത് ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. വ്യക്തമായും, കോണ്‍ഗ്രസിലെ പിളര്‍പ്പ് കാരണം ചില പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. സ്വന്തം കൈകൊണ്ട് ചായ ഉണ്ടാക്കി പീലുവിനു നല്‍കുമായിരുന്നു അവര്‍. ഇന്ദിരാഗാന്ധി മൂന്നാം തവണയും വിളിച്ചപ്പോള്‍ അദ്ദേഹം പോകാന്‍ വിസമ്മതിച്ചുവെന്ന് പീലു പറഞ്ഞു. ഇന്ദിര അദ്ദേഹത്തെ കണ്ടപ്പോള്‍, പീലു വരാത്തതിന്റെ കാരണം ഇന്ദിര തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ മനഃപൂര്‍വ്വം വരാതിരുന്നതല്ല, കാരണം നിങ്ങളുടെ വ്യക്തിത്വം വളരെ ആകര്‍ഷകമാണ്, ഞാന്‍ നിങ്ങളെ മൂന്നാം തവണയും കണ്ടിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചേനെ അത് ഒഴിവാക്കാനായിരുന്നു ഇത്.’ പീലു പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ജനതാ മന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്ന് പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ആഗ്രഹിച്ചു. പക്ഷേ, സോഷ്യലിസ്റ്റുകാരനായ ജോര്‍ജ് ഫെര്‍ണാണ്ടസ് അംഗമായ മന്ത്രിസഭയില്‍ അംഗമാകാന്‍ പീലു മോദി തയ്യാറായില്ല.

ആഭ്യന്തരമന്ത്രിയായ ഗ്യാനി സെയില്‍ സിംഗ് രാജ്യസഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചപ്പോള്‍, മോദി ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെ, ബില്ലിനെക്കുറിച്ചുള്ള മോദിയുടെ അഭിപ്രായങ്ങളെ പരാമര്‍ശിച്ച് ഗ്യാനിജി ഹിന്ദിയില്‍ പറഞ്ഞു, (സെയില്‍ സിങ്ങിന് ഇംഗ്ലീഷ് പരിജ്ഞാനം കുറവായിരുന്നു.) സീസണല്‍ (seasonal) അംഗമായ പീലു മോദിക്ക് ആശംസകള്‍ നേരുന്നു.’ സഭ മുഴുവന്‍ ചിരി തുടങ്ങി. ഗ്യാനിജിയുടെ അരികിലിരുന്ന മറ്റൊരു മന്ത്രി, സീസണ്‍ഡ് (seasoned) എന്നാണ് ശരിയായ പദംഎന്ന് ഗ്യാനി സെയില്‍ സിംഗിനോട് മന്ത്രിച്ചു.

അപ്പോള്‍ ഗ്യാനിജി വീണ്ടും പറഞ്ഞു, ”മുഝെ തോ ആംഗ്രേസി തോഡി ആതി ഹേ. ഇങ്കോ തോ ഇങ്കി ബിവി നെ ആംഗ്രേസി പധായ് ഹേ.” (എനിക്ക് കുറച്ച് ഇംഗ്ലീഷ് അറിയാം, പക്ഷേ, അദ്ദേഹത്തെ ഇംഗ്ലീഷ് പഠിപ്പിച്ചത് അദ്ദേത്തിന്റെ ഭാര്യയാണ്.) മോദി തന്റെ മേശയില്‍ തട്ടി ഒരു ഓര്‍ഡര്‍ പോയിന്റ് ഉയര്‍ത്തി. സഭ മുഴുവന്‍ മോദിയെ നോക്കി. ഡെപ്യൂട്ടി ചെയര്‍മാന്‍ ചോദിച്ചു, ”നിങ്ങളുടെ ഓര്‍ഡര്‍ പോയിന്റ് എന്താണ്?” മോദി പറഞ്ഞു, ‘ഗ്യാനിജിക്ക് വലിയ തെറ്റിദ്ധാരണയുണ്ട്. എന്റെ ഭാര്യ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചില്ല. ഞാനാണ് അവളെ ഇംഗ്ലീഷ് പഠിപ്പിച്ചത്.” സഭ മുഴുവന്‍ വീണ്ടും പൊട്ടിച്ചിരിയില്‍ മുങ്ങി. മോദിയുടെ ഭാര്യ ഒരു സ്വിറ്റ്‌സര്‍ലന്‍ഡുകാരിയായിരുന്നു.

Peelu Modi and his wife Colgan

പീലു മോദിയും ഭാര്യ കോൾഗനും

ഖുശ് വന്ത് സിങ്ങ് പാര്‍ലമെന്റ് അംഗമായിരുന്നപ്പോള്‍ പീലു മോദിയുടെ പാര്‍ലമെന്റിലെ പ്രകടനത്തില്‍ തനിക്ക് തികഞ്ഞ മതിപ്പായിരുന്നു എന്ന് ‘എന്റെ പാര്‍ലമെന്റ് വര്‍ഷങ്ങള്‍’ എന്ന കുറിപ്പില്‍ ഖുശ് വന്ത് എഴുതിയിരിക്കുന്നു. ‘അദേഹത്തിന് തന്റെ ജന്മസിദ്ധമായ നര്‍മ്മം കലര്‍ന്ന വാചാലതയുള്ളതിനാല്‍ പാര്‍ലമെന്റ് നടപടികളില്‍ ഇടപെടാതിരിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. ജെ സി. ജെയിനുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പീലു ജെയിനെ തോല്‍പ്പിച്ചു’.

നര്‍മ്മബോധമുള്ള ഒരു മികച്ച പാര്‍ലമെന്റേറിയനും മികച്ച വാസ്തുശില്പിയും എന്നതിലുപരി, മോദി ഒരു പ്രശസ്ത എഴുത്തുകാരനുമായിരുന്നു. അദ്ദേഹം രണ്ട് പുസ്തകങ്ങളും എഴുതി. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘സുല്‍ഫി, മൈ ഫ്രണ്ട്’ (1973), സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ജീവിതത്തെയും കാലത്തെയും ആസ്പദമാക്കി എഴുതിയതാണ്. പീലു മോദി യുഎസിലെ ബെര്‍ക്ക്ലിയിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് പിന്നീട് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായ സുല്‍ഫിക്കര്‍ അലി ഭൂട്ടോ, അദ്ദേഹത്തിന്റെ കോളേജ്-റൂംമേറ്റും അടുത്ത സുഹൃത്തും ആയിരുന്നു. ഭൂട്ടോയുടെ മരണം വരെ നീണ്ടുനിന്ന ഊഷ്മളമായ ഒരു ബന്ധമായിരുന്നു അത്.

അടിയന്തരാവസ്ഥയിലെ 18 മാസത്തെ ജയില്‍വാസത്തിനിടയില്‍ പീലു മോദി എഴുതിയ ‘ഡെമോക്രസി മീന്‍സ് ബ്രെഡ് ആന്‍ഡ് ഫ്രീഡം’ (1979) മാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം. ജനാധിപത്യത്തിന്റെ ഉത്ഭവവും അതിനെ നിലനിര്‍ത്തുന്ന മനോഭാവങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉത്ഭവം കണ്ടെത്താനുമുള്ള ശ്രമമായിരുന്നു ഈ പുസ്തകം. ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാര്‍ച്ച് ഓഫ് ദി നേഷന്‍ എന്ന ഇംഗ്ലീഷ് വാരികയുടെ എഡിറ്ററായിരുന്ന പീലു മോദി, ദേശീയ, അന്തര്‍ദേശീയ പത്രങ്ങള്‍ക്കും മാസികകള്‍ക്കും വേണ്ടി നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു.

പഠനശേഷം ബോബെയില്‍ ഇന്ത്യയിലെ തന്നെ, ഒരു മികച്ച ആര്‍ക്കിടെക്റ്റായി മാറിയ മോദി രൂപകല്‍പ്പന ചെയ്ത പ്രധാന കെട്ടിടം ന്യൂഡല്‍ഹിയിലെ ഒബ്റോയ് ഹോട്ടലാണ്. ലാര്‍സന്‍ & ടൂബ്രോ ലിമിറ്റഡിന്റെ സ്ഥാപനമായ എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ചെന്നൈ ആസ്ഥാനം രൂപകല്‍പ്പന ചെയ്തതിന് പീലു മോദിക്ക് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ലാ പ്രീകോണ്‍ട്രെയിന്റ്റ് സമ്മാനം ലഭിച്ചു.

Peelu Modi with Rajaji

സ്വതന്ത്ര പാർട്ടി യോഗത്തിൽ രാജാജി (വലത്ത്)യോടൊപ്പം പീലു മോദി

ലോക്‌സഭയില്‍ അംഗമായിരുന്ന കാലത്ത്, 1972 ലെ ആര്‍ക്കിടെക്റ്റ്‌സ് ആക്ട് പാസാക്കുന്നതില്‍ പീലു മോദി നിര്‍ണായക പങ്ക് വഹിച്ചു. ഈ നിയമത്തിന് മുമ്പ്, ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ബില്‍ പാസായതോടെ, ആര്‍ക്കിടെക്റ്റ് സമൂഹവും അവരുടെ തൊഴിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ഈ നിയമം അവര്‍ക്ക് നിയമപരമായ ഉപരോധങ്ങളും പ്രോട്ടോക്കോളുകളും നിയന്ത്രണാധികാരങ്ങളും നല്‍കി. ഈ നിയമം വാസ്തുവിദ്യാ വിദ്യാഭ്യാസത്തെ കാര്യക്ഷമതയുള്ളതാക്കി.

1972 ല്‍ രാജാജിയുടെ മരണവും, തുടര്‍ന്നുള്ള പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയവും ഒരു പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ നയിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രധാന നേതാവ് മിനു മസാനി രാജിവെച്ചു. അതോടെ സ്വതന്ത്ര പാര്‍ട്ടിയുടെ അവസാന പൊതുയോഗത്തില്‍, പീലു മോദി പാര്‍ട്ടിയെ ചരണ്‍ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചു.പിന്നീട് മോദി ജനതാ പാര്‍ട്ടിയില്‍ ചേരുകയും മരണം വരെ, പാര്‍ലമെന്റേറിയനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഒഡീഷയിലെ കട്ടക്കിലെ പ്രശസ്തമായ കോളേജ് ഓഫ് ആര്‍ക്കിടെക്ചറിന് അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം പീലു മോദി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ എന്ന പേര് നല്‍കി. 1978 മുതല്‍ അന്തരിക്കുന്നത് വരെ അദ്ദേഹം രാജ്യസഭയില്‍ സേവനമനുഷ്ഠിച്ചു. ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനുള്ള പദ്ധതികളിലായിരുന്നു അദ്ദേഹം. അത് ഫലവത്താകും മുന്‍പേ 57-ാം വയസ്സില്‍ 1983 ജനുവരി 29 ന് പീലു മോദി അന്തരിച്ചു.

Sardar Vallabhbhai Patel and his daughter Manibhen Patel

സര്‍ദാര്‍ പട്ടേലും മകളും

സി.കെ. ചന്ദ്രപ്പന്‍ എഡിറ്ററായ സി.പി.ഐ യുടെ പ്രസിദ്ധീകരണമായ ‘യൂത്ത് ലൈഫ്’ ഒരു കുറിപ്പില്‍ പീലു മോദിയെ ആദരവോടെ വിശേഷിപ്പിച്ചത് ‘The Swantantra Fat Cat ‘ എന്നാണ്…

‘ലോകം ഒരു ആശയത്തെ ചുറ്റിപ്പറ്റിയാണ്. ശുദ്ധമായ ഹൃദയവും, നല്ല ഉദ്ദേശ്യവും, ദൃഢനിശ്ചയവും നല്‍കിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും അതിന്റേതായ പരിഹാരമുണ്ട്.’ പീലു മോദി 1983 ജനുവരിയില്‍ തന്റെ അവസാന അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ വിശ്വാസത്തെ ആരെല്ലാം എതിര്‍ത്താലും, ആരും പിന്‍തുണച്ചില്ലെങ്കിലും അത് മുറുകെ പിടിച്ച് ഉയര്‍ത്തുന്നതില്‍ അദ്ദേഹം പ്രകടമാക്കിയ സത്യസന്ധതയും ധൈര്യവും, പ്രതിബന്ധതയും, ആത്മാര്‍ത്ഥതയും പീലു മോദി എന്ന വ്യക്തിയെ ഇന്ത്യന്‍ പാര്‍ലമെന്റിലെ വേറിട്ട ഒരു രാഷ്ട്രീയക്കാരനാക്കുന്നു. Piloo Mody; Indira gandhi is the most feared politician

Content Summary: Piloo Mody; Indira gandhi is the most feared politician

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×