കേന്ദ്രവും കേരളവും ഒരുമിച്ചു നിന്നപ്പോൾ സാധ്യമായത് ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം
കുവൈറ്റ് തീ പിടിത്തത്തില്‍ 24 മലയാളികള്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് കേരളം. ഇത്രയധികം മലയാളികള്‍ക്കു മറ്റൊരു രാജ്യത്ത് വച്ച് ഒരുമിച്ച് ജീവന്‍ നഷ്ടപ്പെടുന്നത് ഒരുപക്ഷേ ആദ്യമാണ്. ഇത്രവലിയ ദുരന്തം നടന്ന പശ്ചാത്തലത്തില്‍, കാര്യക്ഷമവും വേഗത്തിലുള്ളതുമായ ഇടപെടലുകള്‍ കേന്ദ്ര/ കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. എന്നാല്‍ സംസ്ഥാന മന്ത്രി വീണ ജോര്‍ജിന് കുവൈറ്റില്‍ പോകാന്‍ അനുമതി നിഷേധിച്ചത് അനാവശ്യ രാഷ്ട്രീയതര്‍ക്കമായിപ്പോയി. നിലവില്‍ കേന്ദ്രത്തില്‍ നിന്നുള്ളൊരു മന്ത്രി കുവൈറ്റില്‍ ഉണ്ടെന്നിരിക്കെ കേരളത്തില്‍ നിന്ന് മന്ത്രി പോകേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. kuwait rescue
ഇത്രയധികം മലയാളികള്‍ക്ക് ജീവഹാനി സംഭവിക്കുകയും, നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാട്ടില്‍ നിന്നുള്ള മന്ത്രിക്ക് ഒന്നും ചെയ്യാനില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിലെ കഴമ്പ് പരിശോധിക്കപ്പെടേണ്ടതാണ്. പരിക്കേറ്റും ഭയത്തിലും കഴിയുന്ന മലയാളികള്‍ക്ക് അവരുടെ ഭാഷയറിയുന്ന, അവരിലൊരാളായ മന്ത്രി എത്തിയാല്‍ കിട്ടുന്ന ആശ്വാസം ചെറുതായിരിക്കില്ല. ചരിത്രം ഒരിക്കല്‍ അങ്ങനെയൊരു അനുഭവം രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഒരു സംസ്ഥാന മന്ത്രിക്ക്, ഒരു മലയാളിക്ക് എന്തു ചെയ്യാനാകും എന്ന സംശയമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെങ്കില്‍, ഇതേ കുവൈറ്റില്‍ രണ്ടു മലയാളികള്‍ നേതൃത്വം നല്‍കിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാഖ്-കുവൈറ്റ് യുദ്ധകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണനും, സംസ്ഥാന മന്ത്രിയായിരുന്ന ടി കെ ഹംസയും നല്‍കിയ നേതൃത്വം ലോക ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടതാണ്.
ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രാജ്യം നമ്മുടെതാണ്. അതും മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ്.
1990 ഓഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈന്‍ അയച്ച ഇറാഖി പട്ടാളം കുവൈറ്റ് അതിര്‍ത്തി കടന്നതോടെ മരണ മുനമ്പില്‍ പെട്ടത് ലക്ഷക്കണക്കിന് ഇന്ത്യക്കാരായിരുന്നു. ഭൂരിഭാഗവും മലയാളികളും. യുദ്ധം അതിന്റെ എല്ലാ ആസുരഭാവവും പൂണ്ടു നിന്ന അറേബ്യന്‍ മണ്ണില്‍ നിന്നും തങ്ങളുടെ ആളുകളെ എങ്ങനെ രക്ഷപ്പെടുത്തുമെന്നറിയാതെ ലോകത്തിലെ പല രാജ്യങ്ങളും ഭയന്നു നില്‍ക്കെ, സ്വന്തം ജനത്തെ അന്യനാട്ടില്‍ കുരുതി കൊടുക്കില്ലെന്ന വാശിയില്‍ ഇന്ത്യ മുന്നിട്ടിറങ്ങി. എന്തു വന്നാലും നമ്മുടെ ആളുകളെയെല്ലാം മടക്കി കൊണ്ടു വരണമെന്ന് അന്നത്തെ വി പി സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനിച്ചകാര്യം ഈ നാട് നടപ്പാക്കുകയും ചെയ്തു. മലയാളികളടക്കം 1.7 ലക്ഷം ഇന്ത്യക്കാര്‍ നാട്ടില്‍ മടങ്ങിയെത്തി. ഒഴിപ്പിക്കല്‍ ചരിത്രത്തില്‍ ഇന്ത്യ ലോക റെക്കോര്‍ഡ് ഇടുന്നത് മൂന്നു പതിറ്റാണ്ട് മുമ്പാണെന്നു കൂടി ഓര്‍ക്കുക.
ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം വഹിച്ചത് ഒരു മലയാളിയായിരുന്നു. കോഴിക്കോട്ടുകാരന്‍ കെ പി ഉണ്ണികൃഷ്ണന്‍. വി പി സിംഗ് കാബിനറ്റിലെ ടെലികോം വകുപ്പ് മന്ത്രി. 1990 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നീണ്ട ഒഴിപ്പിക്കല്‍ ഉദ്യമത്തില്‍ ഒരാളെ പോലും നഷ്ടപ്പെടുത്താതെ, മറ്റാരുടെയും സഹായം തേടാതെ മലയാളികളടക്കം എല്ലാവരെയും നാട്ടിലെത്തിച്ചു.
മറ്റ് രാജ്യക്കാരെക്കാള്‍, തദ്ദേശീയര്‍ കഴിഞ്ഞാല്‍ പ്രവാസി ഇന്ത്യക്കാരായിരുന്നു കുവൈറ്റില്‍ അധികവും. അക്കൂട്ടത്തില്‍ മലയാളികളാണ് മുന്നില്‍. യുദ്ധം മൂര്‍ച്ഛിച്ചതോടെ അവിടെ നില്‍ക്കുന്നത് അത്യന്തം അപകടമാണെന്ന് തിരിച്ചറിഞ്ഞ് നിരവിധി ഇന്ത്യക്കാര്‍ ജോര്‍ദാന്‍ മരുഭൂമിയിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു. പിന്നാലെ കൂടുതല്‍ കൂടുതല്‍ പേര്‍ പലായനത്തിറങ്ങി. ഈ വിവരങ്ങള്‍ നാട്ടിലെത്തിയതോടെ എല്ലാവരെയും തിരിച്ചു കൊണ്ടുവരാനുള്ള മുറവിളി ശക്തമായി.
എന്നാല്‍ സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ മന്ത്രിസഭയിലെ എല്ലാവര്‍ക്കും ഒരേ ആവേശം ഉണ്ടായിരുന്നില്ല. വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരും പണച്ചെലവും അപകടസാധ്യതയുമൊക്കെ ചൂണ്ടിക്കാട്ടി പിന്നോട്ട് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സ്വന്തം ജനങ്ങളെ ഉപേക്ഷിക്കാന്‍ മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണന് കഴിയുമായിരുന്നില്ല. അതിനു വേണ്ടി സ്വന്തം സഹപ്രവര്‍ത്തകരോടടക്കം അദ്ദേഹത്തിന് പോരടിക്കേണ്ടി വന്നു. പ്രധാനമന്ത്രി വി പി സിംഗ് ഉണ്ണികൃഷ്ണനൊപ്പമായിരുന്നു.
ആളുകളെ മടക്കി കൊണ്ടു വരണം, എന്നാല്‍ സാഹചര്യം ഒട്ടും അനുകൂലമല്ല. യുദ്ധമാണ്, ഒരു നിമിഷം മതി സര്‍വ്വതും തകരാന്‍. രണ്ടാമതായി, ഇന്നത്തെ പോലുള്ള സൗകര്യങ്ങളൊന്നും അന്നില്ല. വിമാനങ്ങളുടെ കാര്യത്തില്‍ പോലും അപര്യാപ്തയുണ്ട്.
വിദേശകാര്യ മന്ത്രിയായിരുന്ന ഇന്ദര്‍ കുമാര്‍ ഗുജ്റാളിനെയാണ് പ്രധാനമന്ത്രി ആദ്യം കുവൈറ്റിലേക്ക് അയക്കുന്നത്. സ്ഥിഗതികള്‍ പഠിക്കാനായിരുന്നു ഗുജ്റാള്‍ പോയത്. ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഗുജ്റാള്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനുമായി ചര്‍ച്ച നടത്തി. ഒഴിപ്പിക്കലിന് അനുവദിക്കില്ലെന്ന നിലപാട് സദ്ദാം എടുത്തതോടെ ചര്‍ച്ച പരാജയപ്പെട്ടു.
ഐ കെ ഗുജ്റാള്‍ മടങ്ങിപ്പോന്നു. തോറ്റ് പിന്മാറാന്‍ രാജ്യത്തിന് സാധിക്കില്ലായിരുന്നു. പ്രധാനമന്ത്രി ഉണ്ണികൃഷ്ണനില്‍ വിശ്വാസമര്‍പ്പിച്ചു.
ജോര്‍ദാനില്‍ ക്യാമ്പ് ചെയ്ത് ഉണ്ണികൃഷ്ണന്‍ സദ്ദാമുമായി വീണ്ടുമൊരു കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചു. വളരെ ശ്രമകരമായിരുന്നുവെങ്കിലും അത് വിജയിച്ചു.
‘സദ്ദാം ഹുസൈന്റെ ഏതോ രഹസ്യ സങ്കേതത്തിലേക്കാണ് എന്നെ കൊണ്ടു പോയത്. രണ്ടു വിമാനങ്ങള്‍ കയറേണ്ടി വന്നു. ആ സ്ഥലമേതെന്ന രഹസ്യം ഇതുവരെ ഞാനാരോടും വെളിപ്പെടുത്തിയിട്ടില്ല’ ഉണ്ണികൃഷ്ണന്റെ തന്നെ വാക്കുകളാണ്.
ചര്‍ച്ചയില്‍ ഇറാഖ് പ്രസിഡന്റിനെ അനുനയിപ്പിക്കാന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞു. ഇന്ത്യക്കാരെ മടക്കി കൊണ്ടു പോകുന്നതില്‍ സദ്ദാം വിയോജിപ്പ് പറഞ്ഞില്ല. സ്വന്തം നിലയ്ക്ക് കൊണ്ടു പോകണമെന്നായിരുന്നു നിബന്ധന. വിമാനത്തിലോ കപ്പലിലോ കൊണ്ടു പോകാം, ആരും തടിയില്ല, സദ്ദാം ഉറപ്പ് നല്‍കി.
‘സദ്ദാമിന് ഇന്ത്യയെക്കുറിച്ച് നല്ല അഭിപ്രായമുണ്ടായിരുന്നത് നമുക്ക് ഗുണമായി. അദ്ദേഹം പിന്നീട് എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതായും ഞാനറിഞ്ഞു. എന്റെ പെരുമാറ്റവും ഇടപെടലും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു’; ഉണ്ണികൃഷ്ണന്റെ വാക്കുകള്‍.
ആളുകളെ എങ്ങനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നതായിരുന്നു അടുത്ത പ്രശ്നം. ഇന്ത്യയില്‍ ആ സമയത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 1985 ലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് വേണ്ടി 2,000 കോടി മുടക്കി 14 എയര്‍ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 1990 ഫെബ്രുവരിയില്‍ വി പി സിംഗ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നടക്കുന്നതുകൊണ്ടായിരുന്നു വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. വിമാനമില്ലാത്ത സാഹചര്യത്തില്‍ കപ്പല്‍മാര്‍ഗം പരീക്ഷിക്കാന്‍ ആലോചിച്ചു. ദുബായ് പോര്‍ട്ട് അടക്കം തുറമുഖങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്്. അതോടെ ആ വഴിയടഞ്ഞു.
ഇനിയുള്ള ഏകമാര്‍ഗം വിമാനമാണ്. സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ഉണ്ണികൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചു. കാബിനറ്റിനെ കൊണ്ട് അദ്ദേഹം ആവശ്യം അംഗീകരിപ്പിച്ചു. വിമാനം അയച്ചാല്‍, മടങ്ങി വരുന്നവരില്‍ നിന്നും വിമാനക്കൂലി വാങ്ങണമെന്ന് ചിലര്‍ ശഠിച്ചെങ്കിലും ഉണ്ണികൃഷ്ണന്‍ എതിര്‍ത്തു. ഈ സമയത്ത് ജനങ്ങള്‍ക്ക് സഹായമാണ് ചെയ്യേണ്ടത്, ബിസിനസ് അല്ലെന്ന കെ പിയുടെ വാദം അംഗീകരിക്കപ്പെട്ടു.
എത്ര വിമാനം വേണ്ടി വരും? ലക്ഷകണക്കിന് പേരെയാണ് കൊണ്ടു വരേണ്ടത്. എയര്‍ഫോഴ്സിനെയാണ് ഉണ്ണികൃഷ്ണന്‍ ആദ്യം സമീപിച്ചത്. ആദ്യം അവര്‍ നാല് എയര്‍ക്രാഫ്്റ്റുകള്‍ വിട്ടുതരാന്‍ സമ്മതിച്ചു. ബോംബെയില്‍ നിന്നും ജാംനഗറില്‍ നിന്നും രണ്ടെണ്ണം വീതം. ഡല്‍ഹിയില്‍ നിന്ന് ഒരെണ്ണം കൂടി അയക്കാമെന്ന് പിന്നീട് സമ്മതിച്ചു. അത് മലയാളികള്‍ക്കായായിരുന്നു. പക്ഷേ, അത്രയും വിമാനങ്ങള്‍ കൊണ്ട് കാര്യം നടക്കില്ല. ഇപ്പോള്‍ കിട്ടിയതുകൊണ്ട് മൊത്തം മലയാളികള്‍ക്ക് പോലും തികയില്ല. പലരോടും അപേക്ഷിച്ചും തര്‍ക്കിച്ചും വാശി പിടിച്ചും ഉണ്ണികൃഷ്ണന്‍ തന്റെ ദൗത്യം വിജയിപ്പിക്കുക തന്നെ ചെയ്തു. ഇന്ത്യയിലെ എല്ലാ വിമാനങ്ങളും ജോര്‍ദാന്‍ തലസ്ഥാനമായ അമാനിലേക്ക് പറന്നു. ഒന്നൊഴിയാതെ എല്ലാ ഇന്ത്യക്കാരുമായി തിരികെ നാട്ടിലേക്കും. ഒരാപത്തും കൂടാതെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലെത്തി. അമാനില്‍ നിന്നും ദുബായ്, അവിടെ നിന്ന് ബോംബെ; ഇതായിരുന്നു വിമാന റൂട്ട്. ബോംബെയില്‍ ഇറങ്ങിയശേഷം ട്രെയിന്‍ മാര്‍ഗം ഓരോ സംസ്ഥാനക്കാരും അവരവരുടെ നാട്ടിലേക്ക്.
ഐക്യരാഷ്ട്ര സഭ വരെ ഇന്ത്യയുടെ ദൗത്യത്തെ അഭിനന്ദിച്ചു. അന്നത്തെ യു എന്‍ സെക്രട്ടറി ജനറല്‍ ബുത്രോസ്-ബുത്രോസ് ഘാലി വി പി സിംഗിന് എഴുതിയ കത്തില്‍ കെ പി ഉണ്ണികൃഷ്ണനെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
കുവൈറ്റ് ഒഴിപ്പിക്കലിനെ കുറിച്ച് വി കെ മാധവന്‍ കുട്ടി മാതൃഭൂമിയില്‍ എഴുതി. ആ ലേഖനത്തിന് കൊടുത്ത തലക്കെട്ട് ഇതായിരുന്നു;
‘ ഉണ്ണി പോയിട്ടില്ലായിരുന്നുവെങ്കില്‍…’
ഇന്നിപ്പോള്‍, വീണ ജോര്‍ജിന് അനുമതി നിഷേധിച്ചതിനെ ന്യായീകരിക്കാന്‍ ചോദിക്കുന്നൊരു ചോദ്യം, അവിടെ കേന്ദ്രത്തില്‍ നിന്നുള്ള മന്ത്രിയുള്ളപ്പോള്‍ കേരളത്തില്‍ നിന്നൊരു മന്ത്രി പോയിട്ട് എന്തിനാണെന്നാണ്? കേരളം പ്രത്യേക രാജ്യമൊന്നുമല്ലല്ലോ എന്ന പരിഹാസവുമുണ്ട്.
വീണ്ടും 90 ലെ യുദ്ധകാലത്തെ മഹത്തായ ഒഴിപ്പിക്കിലിന്റെ ചരിത്രത്തിലേക്ക് പോകാം.
യുദ്ധമുഖമായ കുവൈറ്റില്‍ നിന്നും ഇന്ത്യക്കാരെയെല്ലാം ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ കേരളത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. കേന്ദ്ര സര്‍ക്കാരിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും മുന്നോട്ടിറങ്ങി. പതിനായിരക്കണക്കിന് മലയാളികളുണ്ട്. അവരെ കൈവിടാന്‍ കേരളം ഒരുക്കമല്ലായിരുന്നു. ഉണ്ണികൃഷ്ണനെ വി പി സിംഗ് അയച്ചതുപോലെ മുഖ്യമന്ത്രി നായനാരും തന്റെയൊരു മന്ത്രിയെ കുവൈറ്റിലേക്ക് അയച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി കെ ഹംസയ്ക്കായിരുന്നു ആ നിയോഗം.
‘ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഗള്‍ഫില്‍ പോകുന്നത് അന്നായിരുന്നു. എല്ലാ വെല്ലുവിളികളും അറിഞ്ഞു തന്നെയാണ് ഏല്‍പ്പിച്ച വെല്ലുവിളി ഏറ്റെടുത്തത്. നമ്മുടെയാളുകളാണ്, അവര് മരണത്തിന്റെ മണ്ണിലാണ്, തിരികെ കൊണ്ടു വരണം. അതുമാത്രമായിരുന്നു ലക്ഷ്യം’ ടി കെ ഹംസയില്‍ നിന്നും ഒരിക്കല്‍ നേരിട്ട് കേട്ട വാക്കുകള്‍.
സദ്ദാമിന്റെ പട്ടാളം എല്ലാം തച്ചുതകര്‍ത്തു മുന്നേറിയതോടെ ജനം ജീവനും കൊണ്ട് പല വഴി പാഞ്ഞു. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ അപകടം നോക്കാതെ എത്തപ്പെട്ടത് ജോര്‍ദാന്‍ മരുഭൂമിയിലായിരുന്നു.
കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കിയ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. മലയാളികളെ പ്രതി കേരളം കാണിച്ച വാശിയാണ് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് കുവൈറ്റ് ദൗത്യം ഏറ്റെടുപ്പിച്ചതെന്നും പറയാം.
രക്ഷപ്പെടുത്തി കൊണ്ടു വരുന്നരെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കാനല്ല കേരളം തയ്യാറെടുത്ത്, രക്ഷാപ്രവര്‍ത്തനം, അതെത്ര അപകടകരമാണെങ്കിലും പങ്കാളിയാകാനായിരുന്നു. ആ ദൗത്യവുമായാണ് ഹംസ പോയത്. ഹംസയുടെ ആദ്യത്തെ ഗള്‍ഫ് യാത്ര അതിസാഹസികമായ ഒന്നായി.
കേരളത്തില്‍ നിന്നും ബോംബെ, അവിടെ നിന്നും റിയാദ്. റിയാദില്‍ നിന്നും ജോര്‍ദാനിലേക്ക്. ഇടയ്ക്ക് ഇറാനിലും ഇറങ്ങേണ്ടി വന്നു.
‘ഇറാനില്‍ നിന്നും ജോര്‍ദാനിലേക്ക് പറക്കുമ്പോള്‍, താഴെ യുദ്ധം നടക്കുകയാണ്. ഇറാഖ് പട്ടാളം കുവൈത്തില്‍ നടത്തുന്ന സ്ഫോടനങ്ങളുടെ അഗ്നിവെളിച്ചം വിമാനത്തിലിരുന്ന് കാണാമായിരുന്നു. ഒരു വെടി കൊണ്ടാല്‍ മതി വിമാനം കത്തി ചാമ്പലാകും. ജീവന്‍ കൈയില്‍ പിടിച്ചുള്ള യാത്രയായിരുന്നു”
പാതിരാത്രി പന്ത്രണ്ടു മണിയോടെയാണ് ഹംസ ജോര്‍ദാനില്‍ എത്തിയത്. അവിടെ നിന്നും ഏതാനും ചില എംബസി ഉദ്യോഗസ്ഥരുമായി അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഇന്ത്യന്‍ അഭയാര്‍ത്ഥികളുടെ അരികിലേക്ക് പോയി. അല്‍ റുവൈഷിദ് എന്ന സ്ഥലത്തായിരുന്നു എല്ലാവരുമുണ്ടായിരുന്നത്. ജോര്‍ദാന്‍ തലസ്ഥാനമായ അമാനില്‍ നിന്നും 800 കിലോമീറ്റര്‍ ദൂരെയാണ് അല്‍ റുവൈഷിദ്. ജോര്‍ദാനും കുവൈത്തിനും ഇടയില്‍ കിടക്കുന്ന പ്രദേശം. നീണ്ടു കിടക്കുന്ന മണലാരണ്യവും മലകളും മാത്രമാണുള്ളത്. അവിടെയാണ് യുദ്ധം ഭയന്ന് ഓടിയെത്തിയവരുള്ളത്. യുദ്ധഭൂമിപോലെ തന്നെ അപകടം പിടിച്ചയിടം. അവിടെയേക്ക് ആളുകള്‍ എങ്ങനെയെത്തിയെന്നത് തന്നെ അത്ഭുതം. ജീവന്‍ രക്ഷിക്കാന്‍ മനുഷ്യന്‍ എന്തു സാഹസത്തിനും മുതിരും.
അല്‍ റുവൈഷിദില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആ ഭയത്തില്‍ കഴിയുന്നവര്‍ക്കിടയിലേക്കാണ് രക്ഷകര്‍ എത്തുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പത്തു ദിവസത്തോളം ഹംസ അവിടെയുണ്ടായിരുന്നു. മുഴുവന്‍ ആളുകളെയും സുരക്ഷിതമായി വിമാനത്തില്‍ കയറ്റി ബോംബെയില്‍ എത്തിച്ചു. എല്ലാവരെയും സുരക്ഷിതരാക്കിയശേഷമാണ് ജനം പ്രിയത്തോടെ വിളിക്കുന്ന ‘ഹംസാക്കയും വിമാനം കേറുന്നത്.
‘കേരളും കേന്ദ്രവും തമ്മിലുണ്ടായിരുന്ന നല ബന്ധത്തിന്റെ പുറത്താണ് രക്ഷാപ്രവര്‍ത്തനം വിജയമായത്. യാതൊരു ചെലവും കൂടാതെ മുഴുവന്‍ മലയാളികളെയും ബോംബെയില്‍ എത്തിക്കാനായി. ബോംബെയില്‍ നിന്ന് എല്ലാവരെയും ട്രെയിനില്‍ നാട്ടിലെത്തിച്ചു. സ്റ്റേഷനില്‍ നിന്നും കാറില്‍ വീട്ടിലെത്തിച്ചു. വല്ലാത്ത അനുഭവമായിരുന്നു’ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇക്കാര്യം പറയുമ്പോള്‍ ഹംസാക്കയുടെ വാക്കുകളില്‍ ആവേശമാണ്. 1990 ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ ഒന്നുവരെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ടി കെ ഹംസ ഗള്‍ഫിലുണ്ടായിരുന്നു. ടെഹ്റാന്‍, റിയാദ്, അമ്മാന്‍, ദുബായ് തുടങ്ങിയ ഇടങ്ങളിലെല്ലാം പോവുകയും ചര്‍ച്ചകള്‍ നടത്തുകയുമൊക്കെ ചെയ്തു.
കേന്ദ്രമന്ത്രിയുള്ളപ്പോള്‍ കേരള മന്ത്രി എന്തിനാണെന്ന് ചോദിക്കുന്നവരോട് ചരിത്രാധ്യായത്തിലെ ഒരു വിവരം കൂടി ഓര്‍മിപ്പിക്കാം. ടി കെ ഹംസ എന്ന കേരള മന്ത്രി എത്തി രണ്ടു ദിവസം കഴിഞ്ഞാണ് കേന്ദ്രമന്ത്രിയായ കെ പി ഉണ്ണികൃഷ്ണന്‍ ജോര്‍ദാനില്‍ എത്തുന്നത്.
‘ അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമം നടത്തിയത്’
ഈയൊരു വാചകത്തിലൂടെ കേന്ദ്ര-സംസ്ഥാന ബന്ധം ടി കെ ഹംസ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി ഇ കെ നായനാര്‍ നിയമസഭയില്‍ പറഞ്ഞതിന്‍ പ്രകാരം 80,000 ല്‍ അധികം മലയാളികളെയാണ് കുവൈറ്റില്‍ നിന്നും മടക്കി കൊണ്ടു വന്നത്. ഒരു രൂപ പോലും ആരോടും വാങ്ങാതെയാണ് ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ ബോംബെയില്‍ എത്തിച്ച് അവിടെ നിന്നും ട്രെയിനിലും പിന്നീട് കാറിലുമായി ഓരോരുത്തരെയും വീട്ടില്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എട്ട് ലക്ഷത്തോളം രൂപ കേരള സര്‍ക്കാര്‍ മാത്രം ചെലവാക്കി. കൂടാതെ, യുദ്ധ സമയത്ത് ഇറാഖിലും കുവൈറ്റിലുമായി കുടങ്ങിപ്പോയവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് 5.13 കോടിയുടെ ഭക്ഷ്യ വസ്തുക്കളും കേരളം നല്‍കി.
സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല, ഈ രാജ്യത്തിനായി കേരളം ചെയ്യാവുന്നതെല്ലാം ചെയ്തു. ലോകം അത്ഭുതത്തോടെ കൈയടിച്ച ആ മഹാ ദൗത്യം വിജയിപ്പിക്കാന്‍ മുന്നില്‍ നിന്നവര്‍ രണ്ടു മലയാളികളാണെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തിയ സത്യമാണ്. former central and kerala ministers kp unnikrishnan and tk hamza how lead kuwait rescue operation one of the greatest evacuation in world history
former central and kerala ministers kp unnikrishnan and tk hamza how lead kuwait rescue operation one of the greatest evacuation in world history