മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവ നക്ഷത്രമാണ് വിടവാങ്ങിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 നായിരുന്നു അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
അനാരോഗ്യത്തെ തുടര്‍ന്ന് കുറെ നാളുകളായി വിശ്രമത്തിലായിരുന്നു വിഎസ്. 97 വയസുവരെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിഎസ് കഴിഞ്ഞ നാല് വര്‍ഷത്തോളമായി മകന്‍ അരുണ്‍ കുമാറിനൊപ്പം തിരുവനന്തപുരത്തെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം എന്ന പാര്‍ട്ടി രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരുന്ന അവസാനത്തെ നേതാവായിരുന്നു വിഎസ്. ഇഎംഎസിന് ശേഷം സിപിഎമ്മിന് കൃത്യമായ അജണ്ടകള്‍ ചിട്ടപ്പെടുത്തി കൊടുത്ത രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദന്‍.

1923 ഒക്ടോബര്‍ 20 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍ ജനിച്ചു. നാലാം വയസില്‍ അമ്മ വസൂരി ബാധിച്ച് മരിച്ചു. 11-ാം വയസില്‍ അച്ഛനും. അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞ ബാല്യമായിരുന്നു വിഎസ് എന്ന കരുത്തനായ നേതാവിനെ ഉരുവപ്പെടുത്തിയത്. പട്ടിണി താങ്ങാനാകാതെ വന്നപ്പോള്‍ ഏഴാം ക്ലാസില്‍ പഠിപ്പ് അവസാനിപ്പിച്ചു. തയ്യല്‍ കടയിലെ ചേട്ടന്റെ ജോലികൊണ്ട് മാത്രം വീട്ടിലെ പട്ടിണി മാറ്റാന്‍ കഴിയില്ലെന്നായപ്പോള്‍ 15-ാം വയസില്‍ ജോലിക്ക് പോയിത്തുടങ്ങി.
ജാതിവ്യവസ്ഥയില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ ബെല്‍റ്റ് ഊരി അവരെ അടിച്ചു. അവിടെ തുടങ്ങിയതാണ് വിഎസിന്റെ സ്വത്വബോധ കലഹം. കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്ത് തുടങ്ങിയ കാലത്ത് 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്നുകൊണ്ടാണ് വിഎസ് പൊതുരംഗത്തേക്ക് കടന്നത്. 1940 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെമ്പറുമായി. പി കൃഷ്ണപിള്ളയായിരുന്നു മാര്‍ക്സിസത്തിന്റെ വഴികളിലേക്ക് വിഎസിനെ കൈപിടിച്ച് നടത്തിയത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി അച്യുതാനന്ദനെ പി കൃഷ്ണപ്പിള്ളയാണ് കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് പറഞ്ഞ് വിടുന്നത്. ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പൂഞ്ഞാറിലേക്ക് ഒളിവില്‍ പോയി. പിന്നീട് പിടിക്കപ്പെട്ട വിഎസ് മൃഗീയമായ പോലീസ് മര്‍ദനങ്ങള്‍ക്കാണ് ഇരയായത്.
ബോധം മറയുവോളം തല്ലി. ചൂരലിനടിച്ച് കാല്‍വെള്ള പൊട്ടിച്ചു. ബയണറ്റുകൊണ്ട് കാല്‍പ്പാദം കുത്തിത്തുളച്ചു. ഇടിമുറിയില്‍ ചോര ചാലിട്ടൊഴുകി. മരിച്ചെന്ന് കരുതി കാട്ടില്‍ തള്ളാന്‍ കൊണ്ടുപോകുമ്പോള്‍ ജീപ്പിലുണ്ടായിരുന്ന മോഷണക്കേസ് പ്രതിയാണ് ചോരയില്‍ നനഞ്ഞുകിടന്ന ശരീരത്തിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. മൃതപ്രായനായ വി.എസിനെ പാലാ ആശുപത്രിയില്‍ കൊണ്ടുപോയി തള്ളി പോലീസ് കടന്നുകളഞ്ഞു.
1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. 1964 ല്‍ സി പി എം രൂപീകരിക്കപ്പെട്ടപ്പോള്‍ കേന്ദ്രകമ്മിറ്റിയംഗമായി. അതേവര്‍ഷം തന്നെ പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1970 വരെ ആ പദവിയില്‍ തുടര്‍ന്നു.
1980 മുതല്‍ 91 വരേയുള്ള കാലയളവിലായി മൂന്ന് തവണയാണ് വിഎസ് സി പി എം സംസ്ഥാന സെക്രട്ടറിയായത്. 86 ല്‍ പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച അദ്ദേഹം 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായും 1992-1996, 2001-2006, 2011-2016 പ്രതിപക്ഷ നേതാവായും പദവിയിലിരുന്നു. 1996 ല്‍ മാരാരിക്കുളത്ത് നിന്നുള്ള വിഎസിന്റെ തോല്‍വി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ സംഭവമാണ്.
പാര്‍ട്ടിക്ക് പുറത്ത് മാത്രമല്ല അകത്തും നിരന്തരം പോരാട്ടത്തിന്റെ വഴിവെട്ടിത്തെളിച്ച വിപ്ലവനായകനായിരുന്നു വിഎസ്. ‘സമരം തന്നെ ജീവിതം’ എന്നതായിരുന്നു വിഎസിന്റെ ആത്മകഥയുടെ പേര്. അദ്ദേഹത്തിന്റെ ജീവിതവും ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. പലപ്പോഴും ഇതല്ല തന്റെ പാര്‍ട്ടിയെന്ന് പറയാതെ പറയുന്ന വിഎസ് അച്യുതാനന്ദനെയും കേരളം കണ്ടു.
2006 മുതല്‍ 2011 വരെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി, മുഖ്യമന്ത്രിയായിരുന്ന വിഎസ് പരസ്പരം പോര്‍വിളികള്‍ നടത്തിയിരുന്ന കാലമായിരുന്നു. 2011 ലും 2016 ലും വിഎസിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചപ്പോഴെല്ലാം ജനകീയ സമരത്തിന്റെ വേലിയേറ്റത്തിന് മുന്നില്‍ പാര്‍ട്ടിക്ക് വഴങ്ങാതെ വഴിയില്ലായിരുന്നു. 2015 ല്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരുമ്പോഴും വിഎസ് എന്ന പോരാളിയുടെ വീറും ചൂടുമായിരുന്നു രാഷ്ട്രീയ കേരളം കണ്ടത്.

എട്ട് പതിറ്റാണ്ടിലേറെ നീണ്ട വിഎസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. പുന്നപ്ര വയലാര്‍ സമരനായകന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം, സിപിഎം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
മനുഷ്യരോട് അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നു വിഎസ്. ലോകത്തില്‍ അത്ഭുതങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറ്റവും വലിയ അത്ഭുതം മനുഷ്യനാണെന്നായിരുന്നു വിഎസിന്റെ പക്ഷം. അതുകൊണ്ട് തന്നെ വിശ്വസ്തനായ ഒരു കറകളഞ്ഞ സഖാവ് കൂടിയാണ് വിഎസിലൂടെ അസ്തമിച്ചിരിക്കുന്നത്. former chief minister vs achuthanandan passed away
Content Summary: former chief minister vs achuthanandan passed away
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.