February 14, 2025 |
Avatar
അമർനാഥ്‌
Share on

സയ്യദ് കിര്‍മാണി 75@ നോട്ട് ഔട്ട് ! വിക്കറ്റിന്റെ പുറകില്‍ നിന്നൊരു ആത്മകഥ

ക്രിക്കറ്റിനായി സമര്‍പ്പിച്ച ജീവിതത്തിന്റെയും തലമുറകള്‍ക്ക് പ്രചോദനമാവുന്ന ഒരു പാരമ്പര്യത്തിന്റെയും സാക്ഷ്യമാണ് സയ്യദ് മുജ്തബ ഹുസ്സെയിന്‍ കിര്‍മാണിയെന്ന 75 കാരന്റെ ഈ ആത്മകഥ

ആദം ഗില്‍ ക്രിസ്റ്റിനെയോ എം.എസ് ധോണിയെയോ പോലെ വിക്കറ്റ് കീപ്പര്‍മാര്‍ ലോകകപ്പ് മത്സരങ്ങളോ ക്രിക്കറ്റ് ലോകമോ അടക്കിവാഴാന്‍ തുടങ്ങും മുന്‍പായിരുന്നു. ഇന്ത്യയുടെ പ്രശസ്ത വിക്കറ്റ് കീപ്പര്‍ സയ്യദ് കിര്‍മാണി, ഇന്ത്യ പ്രുഡന്‍ഷ്യല്‍ ലോകകപ്പ് ലോക ക്രിക്കറ്റ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ലോക ക്രിക്കറ്റില്‍ തന്റെ സമകാലീനരായ വിക്കറ്റ് കീപ്പര്‍മാരായ ഓസ്‌ട്രേലിയയുടെ റോഡ് മാര്‍ഷിനോ, ഇംഗ്ലണ്ടിന്റെ ബോബ് ടെയ്‌ലര്‍ക്കോ പാക്കിസ്ഥാന്റെ വാസിം ബാരിക്കോ, ന്യൂസിലാന്‍ഡിന്റെ ഇയാന്‍ സ്മിത്തിനോ, വെസ്റ്റ് ഇന്‍സീസിന്റെ ജെഫ് ഡുജോണോ സഫലമാക്കാന്‍ കഴിയാത്ത സ്വപ്നതുല്യമായ നേട്ടം- എകദിനക്രിക്കറ്റിലെ ലോക കിരീടം നേടുക. അതാണ് ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ കിര്‍മാണി തന്റെ ഗ്ലൗസുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണ്ണായക പങ്കു വഹിച്ച് നേടിയത്.

തന്റെ 75ാം വയസ്സില്‍ പൂര്‍ത്തിയാക്കിയആത്മകഥ ‘സ്റ്റംപ്ഡ്: ലൈഫ് ബിഹൈന്‍ഡ് ആന്‍ഡ് ബിയോണ്ട് ദ ട്വന്റി ടു യാര്‍ഡ്‌സ്’ ഈ കഴിഞ്ഞ ഡിസംബറില്‍ കിര്‍മാണി ബാഗ്ലൂരില്‍ പ്രകാശനം ചെയ്തു. ആത്മകഥയില്‍ ബാഗ്ലൂരില്‍ നിന്ന് ആരംഭിച്ച ക്രിക്കറ്റിലെ തന്റെ ആദ്യ നാളുകള്‍ തൊട്ട് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റിന് പിന്നിലെത്തിയ കഥകളും, വിഖ്യാതമായ 83 ലെ ലോകകപ്പ് മത്സരങ്ങളിലെ വിജയ നാളുകളെ കുറിച്ചും പറയുന്നു. ആധുനിക ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യത്തെ ഓള്‍ റൗണ്ടര്‍ വിക്കറ്റ് കീപ്പറായ കിര്‍മാണിയെ ‘യഥാര്‍ത്ഥ ടീം പ്ലെയര്‍’ എന്നാണ് 83 ലെ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ നായകന്‍ കപില്‍ ദേവ് വിശേഷിപ്പിക്കുന്നത്.

Kirmani with Kapil

ബെംഗളൂരുവില്‍ ആത്മകഥ പ്രകാശന വേളയില്‍ കപില്‍ ദേവിനോടൊപ്പം കിര്‍മാനി

1971 ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയ കിര്‍മാണിയുമായുള്ള തന്റെ സൗഹാര്‍ദത്തിന്റെ കഥ ആത്മകഥക്ക് ആമുഖമെഴുതിയ സുനില്‍ ഗവാസ്‌കര്‍ പറയുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ സുനില്‍ ഗവാസ്‌ക്കറുടെ കീഴിലാണ് കിര്‍മാണി ആദ്യ ടെസ്റ്റ് കളിച്ചത്. അപ്പോഴത്തെ ടീം ക്യാപ്റ്റനായ ബിഷന്‍ സിങ്ങ് ബേദി പരിക്കേറ്റതിനാലാണ് ഗവാസ്‌കര്‍ ഇന്ത്യയുടെ നായകനായത്. കിര്‍മാണിയുടെ കഷണ്ടിത്തല ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ പ്രസിദ്ധമായിരുന്നു. ആദ്യകാലത്ത് അദ്ദേഹം സ്ഥിരമായി തൊപ്പി വെച്ച് മറച്ചതിനാല്‍ ടീംമംഗങ്ങള്‍ പോലും അതറിഞ്ഞിരുന്നില്ലെന്ന് രസകരമായി താന്‍ ‘കിറി’ യെന്ന് വിളിക്കുന്ന കിര്‍മാണിയുടെ മൊട്ടത്തലയെ കുറിച്ച് ഗവാസ്‌കര്‍ എഴുതിയിട്ടുണ്ട്.

എഴുപതുകളുടെ മധ്യത്തില്‍ ലോകക്രിക്കറ്റിനെ വര്‍ണശബളവും കളിക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടവും നേടിക്കൊടുത്ത ഓസ്‌ട്രേലിയക്കാരന്‍ കെറി പാര്‍ക്കറുടെ പ്രശസ്തമായ വേള്‍ഡ് സീരീസ് ക്രിക്കറ്റിന് കെറി പാര്‍ക്കര്‍ ഇന്ത്യയില്‍ നിന്ന് കളിക്കാന്‍ ക്ഷണിച്ച രണ്ടേ രണ്ട് കളിക്കാര്‍ താനും കിര്‍മാണിയുമാണെന്ന് ഗവാസ്‌കര്‍ ആമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനും 4 ടെസ്റ്റ് മാച്ചുകള്‍ക്കും കരാര്‍ ബിസിസിഐ യുമായി തങ്ങള്‍ ഒപ്പിട്ടിരുന്നതിനാല്‍ ഓസ്‌ട്രേലിയയില്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കില്ലായിരുന്നു.

ന്യൂസിലന്‍ഡ് പര്യടനത്തില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം ടെസ്റ്റില്‍ 6 പുറത്താക്കലുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍ കിര്‍മാണി ഈ നേട്ടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 6 പേരെ പുറത്താക്കിയ നാല് വിക്കറ്റ് കീപ്പര്‍മാരിലൊരാളായി ലോക റിക്കോഡിനൊപ്പം എത്തി. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ എല്ലാവരും പുറത്തായപ്പോള്‍ ഡ്രസിംഗ് റൂമിലേക്ക് നടക്കുന്ന ഇന്ത്യന്‍ ടീമീനെ നയിക്കാന്‍ തന്നെ ടീം അംഗങ്ങള്‍ അനുവദിച്ചത് മികച്ചനേട്ടം നേടിയ വിക്കറ്റ് കീപ്പറായ തനിക്ക് ലഭിച്ച ആദരവ് അഭിമാനത്തോടെ കിര്‍മാണി ഓര്‍ക്കുന്നു. പരമ്പര 1-1 ന് സമനിലയില്‍ അവസാനിച്ചെങ്കിലും തന്റെ ആദ്യത്തെ ടെസ്റ്റ് പരമ്പയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വിക്കറ്റ് കീപ്പറായി സയ്യദ് കിര്‍മാനി.

ന്യൂസിലാന്‍ഡില്‍ നിന്ന് ഇന്ത്യന്‍ ടീം പോയത് വെസ്റ്റ് ഇന്‍ഡീസിലേക്കായിരുന്നു. 1976 ലെ 3 ടെസ്റ്റ്കളുടെ പരമ്പര. ആയിടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പയില്‍ കൂറ്റന്‍ പരാജയമേറ്റു വാങ്ങിയാണ് (5-1) വെസ്റ്റ് ഇന്‍ഡീസ് നാട്ടില്‍ തിരിച്ചെത്തിയത്. എങ്കിലും ലോകത്തിലെ ഏറ്റവും വേഗതയില്‍ പന്തെറിയുന്ന അവരുടെ ഫാസ്റ്റ് ബൗളര്‍മാരായ ആന്‍ഡി റോബര്‍ട്‌സ്, മൈക്കേല്‍ ഹോള്‍ഡിങ്ങ്, വെയിന്‍ ഡാനിയല്‍ എന്നിവര്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നമായിരുന്നു. 160/ 165 മൈല്‍ വേഗതയില്‍ പന്തെറിയുന്ന ഇവരെ നേരിടാന്‍ ബാറ്റര്‍മാര്‍ മുട്ടുവിറച്ചിരുന്ന കാലം. ക്ലൈവ് ലോയ്ഡും ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായ റിച്ചാര്‍ഡ്സും, ആല്‍വിന്‍ കാളീച്ചരണും, റോയ് ഫെഡറിക്‌സും റോഹന്‍ കന്‍ഹായിയും അടങ്ങുന്ന ബാറ്റിംഗ് നിര ഏത് ബോളര്‍മാരേയും നിലംപരിശാക്കുന്ന പ്രകടനം നടത്തുന്നവരായിരുന്നു.

Kirmani

ഓസ്ട്രേലിയക്കെതിരെ മെൽബണിൽ കിർമാണി 1981-1982

പക്ഷേ, ട്രിനിഡാഡ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ 400 റണ്‍ ലക്ഷ്യം മറികടന്ന് ദുര്‍ബലരെന്ന് കരുതിയ ഇന്ത്യ ജയിച്ചത് അവരെ ഞെട്ടിച്ചു. ലോക ടെസ്റ്റ് ക്രിക്കറ്റിലെ വലിയൊരു അട്ടിമറിയും നാഴികക്കല്ലുമായിരുന്നു അത്. കരീബിയയില്‍, അവരുടെ നാട്ടില്‍ വെസ്റ്റ് ഇഡീസിനെ തകര്‍ക്കുക. ഇത് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍ ചെയ്‌സിങ്ങിന് ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ത്തു. 400-ലധികം ലക്ഷ്യം ഇന്ത്യ വിജയകരമായി പിന്തുടര്‍ന്നപ്പോള്‍ വിന്‍ഡീസിന്റെ ആധിപത്യം ആദ്യമായി അവരുടെ നാട്ടില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു, അതിന് മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ മുമ്പ് ഇന്ത്യ 256 റണ്‍സില്‍ കൂടുതല്‍ പിന്‍തുടര്‍ന്നിട്ടില്ല ജയിച്ചിട്ടുമില്ല. സുനില്‍ ഗവാസ്‌കര്‍ (102) ഗുണ്ടപ്പ വിശ്വനാഥ് (112) സെഞ്ചറികള്‍ അത് യഥാര്‍ത്ഥമാക്കി.

‘ഓസ്‌ട്രേലിയയില്‍ നിന്നേറ്റ പരാജയത്തില്‍ നിന്നേറ്റ അവരുടെ മുറിവില്‍ ഇന്ത്യന്‍ ടീം ഉപ്പ് പുരട്ടിയതു പോലെയായി’ കിര്‍മാണി ഓര്‍മ്മിച്ചു. പിന്നീട് പരമ്പരയിലെ മത്സരങ്ങള്‍ ചോരക്കളിയായി മാറി. ജമൈക്കന്‍ ടെസ്റ്റില്‍ മാരകമായ പന്തെറിയലില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പരിക്കേറ്റു തുടങ്ങി. വിക്കറ്റിന് പിന്നില്‍ നിന്ന കിര്‍മാണി ആ പര്യടനത്തിലെഒരു അസാധാരണ സംഭവം ഓര്‍ക്കുന്നു. ‘അക്കാലത്തെ ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്പിന്‍ ബോളറായിരുന്നു ഇന്ത്യയുടെ ഭഗത് ചന്ദ്രശേഖര്‍. ചന്ദ്രശേഖറെ നേരിടേണ്ടി വരുന്ന ക്രീസിലെത്തിയ എത് പുതിയ ബാറ്റ്‌സ്മാനും നേരിടുന്ന ആദ്യ പന്ത് ഏറ്റവും വേഗതയുള്ള ഒന്നായിരിക്കും. വിവ് റിച്ചാര്‍ഡ്‌സ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തി. ഏതൊരു സ്പിന്നറെയും പോലെ ചന്ദ്രശേഖറിനെ അഭിമുഖീകരിച്ച റിച്ചാര്‍ഡ്‌സ് നേരിട്ട ആദ്യ പന്ത് തന്നെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു. റിച്ചാര്‍ഡ്‌സ് പന്ത് നേരിടാതെ, ഒഴിഞ്ഞു പിന്നിലേക്ക് മാറി. എന്നിട്ട് പറഞ്ഞു. ‘ Wow ! That was like Thommo man!’ ഒരു ഇന്ത്യന്‍ സ്പിന്നറെ, വിവ് റിച്ചാര്‍ഡ്‌സ്, തോംസണെപ്പോലെയെന്ന് പ്രശംസിക്കുക’ നിങ്ങള്‍ വിശ്വസിക്കുമോ? കിര്‍മാണി എഴുതി.

ഓസ്‌ട്രേലിയയുടെ ജെഫ് തോംസണ്‍ അന്നുവരെയുണ്ടായിട്ടുള്ളതില്‍ വെച്ച് ലോകത്തിലെ ഏറ്റവും വേഗതയുള്ള ഫാസ്റ്റ് ബൗളറായിരുന്നു. രണ്ട് മാസം മുന്‍പ് റിച്ചാര്‍ഡ്‌സ് ഉള്‍പ്പെടെയുള്ള വെസ്റ്റ് ഇന്ത്യന്‍ ബാറ്റിങ്ങ് പട ഓസ്‌ട്രേലിയയില്‍ തോംസണ്‍ന്റെ പന്തുകളുടെ രുചി നന്നായി അറിഞ്ഞതാണ്. 29 വെസ്റ്റ് ഇന്ത്യന്‍ വിക്കറ്റുകളാണ് ആ പരമ്പരയില്‍ തോംസണ്‍ വീഴ്ത്തിയത്. മാത്രമല്ല തോംസണ്‍, ലില്ലി, മാക്‌സ് വാള്‍ക്കര്‍ പേസ് ത്രയത്തിന്റെ എറ് കൊണ്ട് റിച്ചാഡ്സ് ഒഴികെയുള്ള പല കളിക്കാരും പരിക്കേറ്റ് ദേഹത്ത് കുത്തിക്കെട്ടുമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. ആ തോംസണ്‍-ന്റെ വേഗതയിലാണ് ചന്ദ്രശേഖര്‍ അന്ന് റിച്ചാഡ്സിനെതിരെ പന്തെറിഞ്ഞത്.

‘ഹെല്‍മെറ്റ്കളോ, ടൈപാഡുകളോ, ചെസ്റ്റ് ഗാര്‍ഡുകളോ പ്രചാരത്തില്‍ വരാത്ത ആ കാലത്ത് അതൊന്നുമില്ലാതെ, ഞങ്ങള്‍ വിന്‍ഡീസ് പേസ് ബാറ്ററികളുടെ നിര്‍ദാക്ഷിണ്യത്തോടെയുള്ള ആക്രമണം നേരിട്ടു. പ്രത്യേകിച്ചും മൊഹിന്ദര്‍ അമര്‍നാഥ്, മുന്‍നിരയില്‍ ഉറച്ച് നിന്ന് ഫാസ്റ്റ് ബോള്‍ പടയെ സധൈര്യം നേരിട്ടു’. ബൗളര്‍മാരുടെ ആക്രമണം അപകടകരമായ രീതിയിലേക്ക് പരിണമിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബേദി പ്രതിഷേധവുമായി രംഗത്ത് വന്നു’. മത്സരം ജയിക്കാന്‍ നിങ്ങള്‍ ഞങ്ങളുടെ കളിക്കാരുടെ കഥ കഴിക്കാന്‍ പന്തെറിയുന്നു. ഞങ്ങള്‍ പിന്‍വാങ്ങുന്നു നിങ്ങള്‍ ജയിച്ചോളൂ’ അതോടെ കളി നിന്നു. വെസ്റ്റ് ഇന്‍ഡീസ് മത്സരം ജയിച്ചതായി പ്രഖ്യാപിച്ചു.

ജമൈയ്ക്കയില്‍ കാണികളും ഒട്ടും മോശമല്ലായിരുന്നു. ‘വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ ഓരോ ബൗണ്‍സറുകള്‍ എറിയുമ്പോഴും അവര്‍ അലറി വിളിച്ചു, ‘അവനെ കൊല്ല് , അവനെ കൊല്ല്.’ ക്രിക്കറ്റ് അവിടെ മാന്യന്മാരുടെ കളിയല്ലാതെയായി.’ കൂടാതെ പരിക്കേറ്റ ഇന്ത്യന്‍ കളിക്കാര്‍ക്ക് യാതൊരു സഹാനുഭൂതിയും അവരില്‍ നിന്ന് ലഭിച്ചില്ല. കിര്‍മാണി ആ ടെസ്റ്റിനെ കുറിച്ച് എഴുതി.

Kirmani

1983 ലെ ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിൻ്റെ ഡേവിഡ് ഗവറെ കിർമാണി പുറത്താക്കുന്നു

1979 ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ബോംബെയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 5 മുന്‍നിര ബാറ്റര്‍ പരാജയപ്പെട്ട് തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ ബോര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ഇന്ത്യന്‍ ഡ്രസ്റ്റിംങ്ങ് റൂമിലെത്തി. അയാള്‍ കിര്‍മാണിയോട് പറഞ്ഞു. ‘കിറി, പാഡണിഞ്ഞ് പോയി ഇന്ത്യയെ രക്ഷിക്ക്, പിന്നെ ടീമില്‍ നിന്റെ സ്ഥാനവും അങ്ങനെ ഉറപ്പാക്ക്.’ ഇന്ത്യന്‍ ക്രിക്കറ്റ് മേധാവിയില്‍ നിന്ന് കേട്ട ഈ വാക്കുകള്‍ എന്റെ മനസില്‍ വന്ന വികാരവിചാരങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല!
യാതൊരു പരിഭ്രമവും കാണിക്കാതെ ഞാന്‍ ക്രീസിലെത്തി. കളിയുടെ നിയന്ത്രണം എറ്റെടുത്തു. എന്റെ ആദ്യ ടെസ്റ്റ് സെഞ്ചറി ഞാന്‍ നേടി. ടീമിനെ പതനത്തില്‍ നിന്ന് ഞാന്‍ രക്ഷിച്ചു. ഈ ഇന്നിംങ്‌സിലൂടെ എന്റെ ടീമിലെ സ്ഥാനം ഞാന്‍ ഉറപ്പിച്ചു.’ കിര്‍മാണി എഴുതി.

1982- 83 ലെ വെസ്റ്റ് ഇന്ത്യന്‍ ടൂര്‍. അത് കഴിഞ്ഞാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കേണ്ടത്. ആദ്യത്തെ രണ്ട് ലോകകപ്പുകളും നേടിയ വെസ്റ്റ് ഇന്‍ഡീസ്. ഹാട്രിക്കിന് ഒരുങ്ങുകയായിരുന്നു. പര്യടനത്തില്‍ കപില്‍ ദേവായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. കിര്‍മാണി വൈസ് ക്യാപ്റ്റനും.

ബെര്‍ബീസിലെ എകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആദ്യമായി ഇന്ത്യ തോല്‍പ്പിച്ചത് ശുഭ ലക്ഷണമായിരുന്നു. രണ്ടു പതിറ്റാണ്ടായി ഒരിക്കലും സ്വന്തം നാട്ടില്‍ എകദിനത്തില്‍ ഒരു ടീമും വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചിട്ടില്ല. ഈ ജയം ഇന്ത്യക്ക് വളരെയധികം ആത്മവിശ്വാസം നേടിക്കൊടുത്തു.

1983 ലെ ലോകപ്പില്‍ നായകനായ കപില്‍ ദേവിന്റെ നേതൃത്വത്തെ ക്കുറിച്ച് കിര്‍മാണി അഭിമാനത്തോടെ ആത്മകഥയില്‍ എഴുതി. ‘ആദ്യ ടീം മീറ്റിങ്ങില്‍ തന്നെ കപില്‍ പറഞ്ഞു. എന്നെക്കാള്‍ മുതിര്‍ന്ന 7 കളിക്കാര്‍ ഈ ടീമിലുണ്ട്. അതിനാല്‍ നിങ്ങള്‍ എന്ത് ചെയ്യണമെന്നോ, നിങ്ങളുടെ ഉത്തരവാദിത്വമോ ഞാന്‍ പറയേണ്ടതില്ല. ഈ ലോകകപ്പിലെ യാത്രയില്‍ നിങ്ങള്‍ മുതിര്‍ന്ന കളിക്കാര്‍ വേണം എനിക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാനും പിന്‍തുണയ്ക്കാനും.” നായകനായ കപിലിന്റെ ഈ നിലപാട് ഉല്‍ഷ്ടമായിരുന്നു.’അത് ഫലം കണ്ടു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓള്‍ ട്രാഫോര്‍ഡില്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ലോകപ്പില്‍ ആദ്യമായി ഇന്ത്യ തോല്‍പ്പിച്ചു. വെസ്റ്റ് ഇന്‍ഡീസും ക്രിക്കറ്റ് ലോകവും ഈ അട്ടിമറിയില്‍ ഞെട്ടി. ടീമിന്റെ വിജയങ്ങളില്‍ സകല പിന്‍തുണയും നല്‍കിയ ഒരാളെ കിര്‍മാണി പ്രത്യേകം പരാമര്‍ശിക്കുന്നു. ടീമിനോടൊപ്പം ഉണ്ടായിരുന്ന ഏക മുതിര്‍ന്ന ഔദ്യോഗിക വ്യക്തിയായ പി.ആര്‍. മാന്‍സിങ്ങ്. ‘ഞങ്ങളുടെ ക്രിക്കറ്റ് മാനേജറായ അദ്ദേഹം നല്ല അറിവുള്ളയാളും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും എപ്പോഴും തയ്യാറുള്ളവനുമായിരുന്നു. അദേഹം ഞങ്ങളുടെ താമസ സൗകര്യവും സുഗമമായ യാത്രാസംവിധാനങ്ങളും വളരെ നന്നായി കൈകാര്യം ചെയ്തു.’

ആദ്യ റൗണ്ടിലെ സിംബാബെക്കെതിരെയുള്ള മത്സരത്തില്‍ കിര്‍മാണി 5 പേരെ പുറത്താക്കി ലോക റിക്കോര്‍ഡ് നേടി. ലോകകപ്പില്‍ ഈ നേട്ടം ആദ്യം നേടിയ വിക്കറ്റ് കീപ്പറായിട്ടും, മാന്‍ ഓഫ് ദി മാച്ചിന് കിര്‍മാണിയെ മത്സര നിരീക്ഷകനായ ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ജെഫ് ആര്‍നോള്‍ഡ് പരിഗണിച്ചില്ല. പകരം അവാര്‍ഡ് ഔള്‍ റൗണ്ട് പ്രകടനം നടത്തിയ മദന്‍ലാലിന് നല്‍കി. ‘ പക്ഷേ, എന്നെ അത് സന്തോഷിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം, അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുന്നതിന്റെ ആവേശവും പ്രതിബദ്ധതയ്ക്കും ഒരു മാറ്റവുമില്ല, കിര്‍മാണി എഴുതി.

Kirmani

ഫൗദ് ബാക്കസിന്റെ ക്യാച്ച് കൈയില്‍ ഒതുക്കുന്ന കിര്‍മാനി

സെമി ഫൈനലില്‍ എത്താന്‍ ടെണ്‍ബ്രിഡ്ജ് വെസല്‍സില്‍ സിംബാവെയുമായുള്ള രണ്ടാമത്തെ മത്സരം ഇന്ത്യക്ക് ജയിച്ചേ മതിയാവൂ. വെസ്റ്റ് ഇന്‍ഡീസിനോടും ഓസ്‌ട്രേലിയയോടും തോറ്റിരുന്ന ഇന്ത്യക്ക് നിര്‍ണായ മത്സരമായിരുന്നു അത്. ബി.ബി.സിയില്‍ സമരം നടക്കുന്നതിനാല്‍ അപ്രധാനമായ ഈ മത്സരത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം ഇല്ലായിരുന്നു. പക്ഷേ, മത്സരം ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വണ്‍മാന്‍ ഷോ മത്സരമായി പിന്നീട് മാറി.

ഇന്ത്യ ആദ്യം ബാറ്റ് ചെയുന്നു. ഏഴാമനായി ഇറങ്ങേണ്ട കിര്‍മാണി ഉന്‍മേഷവാനായി ഡ്രസ്സിംഗ് റൂമില്‍ വെറുതെ ഇരിക്കുമ്പോള്‍ ഒരു കളിക്കാരന്‍ വിളിച്ചു പറഞ്ഞു. ‘ഹേയ് കിറി , പാഡണിയൂ’ ഞാനത് അവഗണിച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ മറ്റൊരു കളിക്കാരന്‍ അലറിവിളിച്ചു ‘ നിങ്ങളെന്താണ് ചെയ്യുന്നത്?’ ജനലിലൂടെ സ്‌കോര്‍ ബോര്‍ഡ് നോക്കിയ എന്റെ കണ്ണ് രണ്ടും പുറത്തേക്കു വരുന്നതായി എനിക്ക് തോന്നി. ഇന്ത്യയുടെ സ്‌ക്കോര്‍ 17-5.

ഞാന്‍ ക്രിസില്‍ എത്തിയപ്പോള്‍ കപില്‍ പറഞ്ഞു ‘കിറി ഭായ്, നമുക്കിനിയും 30 ഓവര്‍ കളിക്കാന്‍ ബാക്കിയുണ്ട്.’ ഞാന്‍ പറഞ്ഞു. പ്രശ്‌നമില്ല കാപ്‌സ്, ഞാന്‍ നോക്കിക്കോളാം’ നമ്മള്‍ അങ്ങനെ തോല്‍ക്കേണ്ട, തോല്‍ക്കുകയാണെങ്കില്‍ ,അതിന് മുന്‍പ് നമ്മള്‍ വമ്പനടികള്‍ അടിച്ച് കളിക്കണം’. എല്ലാവരും നോക്കി നില്‍ക്കെ കപില്‍ അതാരംഭിച്ചു. ‘അത്തരമൊരു സാഹചര്യത്തില്‍ ഒരു ബാറ്റര്‍ അടിച്ച് തകര്‍ക്കുന്നത് ഞാന്‍ അത് വരെ കണ്ടിട്ടില്ല. 22 അടി അകലെ നിന്ന്, കപിലിന്റെ ഐതിഹാസികമായ 175 നോട്ട് ഔട്ട് ഇന്നിംഗ്‌സ് കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. 126 റണ്‍സ് കൂട്ടിചേര്‍ത്ത് ഞങ്ങള്‍ അവസാനം വരെ ബാറ്റ് ചെയ്തു. മികച്ച വ്യക്തിഗത സ്‌കോറായ 175 നോട്ട് ഔട്ടില്‍ കപില്‍ ലോക റെക്കോര്‍ഡ് നേടി. ഞാന്‍ 24 റണ്‍നെടുത്തു പുറത്താകാതെ നിന്നു.’ 266 ന് 8 എന്ന സ്‌കോറില്‍ ഞങ്ങള്‍ എത്തി. 31 റണ്‍സിന് ഇന്ത്യ മത്സരം ജയിച്ചു സെമിയിലെത്തി.
സെമിഫൈനലില്‍ ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച് ഫൈനലില്‍ ഇന്ത്യ എത്തി.

Kapil-zimbabwe match

ലോക കപ്പിൽ സിംബാബെക്കെതിരെ കപിലിൻ്റെ 175 ന് സാക്ഷിയാണ് കിർമാണി 

ഫൈനലില്‍ ചെറിയ സ്‌കോറായ 183 ല്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചെങ്കിലും വിക്കറ്റില്‍ ബല്‍വിന്ദര്‍ സന്ധുമൊത്ത് നിര്‍ണ്ണായകമായ 22 റണ്‍ ചേര്‍ത്ത് ഹോള്‍ഡിംങ്ങിന്റെ പന്തില്‍ ബൗള്‍ഡായി അവസാന ഇന്ത്യന്‍ ബാറ്ററായാണ് കിര്‍മാണി മടങ്ങിയത്. ‘വെസ്റ്റ് ഇന്‍ഡീസിന്റെ ഒപ്പണര്‍മാറായ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്ന്‍സും നല്ല ആത്മവിശ്വാസത്തിലായിരുന്നു. പക്ഷേ, ഇന്നിംഗ്‌സ് തുടങ്ങിയപ്പോള്‍ തന്നെ, ബല്‍വിന്തര്‍ സന്ധുവിന്റെ ഒരു ഇന്‍സ്വിംഗര്‍ ഗ്രീനിഡ്ജിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ബെയില്‍സ് പറന്ന് എന്റെ ‘ഗ്ലൗസ്സില്‍ കുടുങ്ങി’. വിവ് റിച്ചാര്‍ഡ്‌സ് ബാറ്റ് ചെയ്യാന്‍ എത്തിയതോടെ 20 ഓവറില്‍ കളി തീരുമെന്ന് തോന്നി. പക്ഷേ, ആദ്യത്തെ കളിയില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചത് മുതല്‍ ഞങ്ങളുടെ ശുഭാപ്തി വിശ്വാസം ഉയര്‍ന്നിരുന്നു.

കപില്‍ കൈകൊട്ടിക്കൊണ്ട് വിളിച്ചു പറഞ്ഞു. ‘Hey , lets not look back. Lets not give up. Let’s fight it out. Give your best !.’.

റിച്ചാര്‍ഡ്‌സ് വേഗം 34 റണ്‍ അടിച്ചെടുത്തു. മദന്‍ലാലിന്റെ ഒരു ഷോര്‍ട്ട് പിച്ച് പന്ത് റിച്ചാഡ്‌സ് ഹുക്ക് ചെയ്‌പ്പോള്‍ ഉയര്‍ന്നു പോയി. ഇരുപതടിയോളം പന്ത് നോക്കി ഓടിയ കപില്‍ അത് കയ്യിലൊതുക്കിയപ്പോള്‍ അതേ ദിശയില്‍ ക്യാച്ചിനായി യശ്പാല്‍ ഓടി വരുന്നുണ്ടായിരുന്നു. ഞാന്‍ ഉറക്കെ വിളിച്ചു കൂവി. അത് കേട്ടതു കൊണ്ടാണോ എന്നറിയില്ല യശ്പാല്‍ ഓട്ടം നിറുത്തിയതിനാല്‍ ഒരു കുട്ടിയിടി ഒഴിവായി. കപിലിന്റെ കയ്യില്‍ ആ ശംഭീര ക്യാച്ച് ഒതുങ്ങുമ്പോള്‍ ബൗണ്ടറി ലൈനിലേക്ക് പന്തിന് അഞ്ച് അടി മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. മികച്ച വെസ്റ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓരോത്തരായി മടങ്ങി തുടങ്ങി. ഹെയിന്‍സ്, ക്ലൈവ് ലോയിഡ്, ലാറി ഗോംസ്, ഫൗദ് ബാക്കസ്, ഡു ജോണ്‍, മാല്‍ക്കം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്‌സ്…ഒന്നാം സ്ലിപ്പില്‍ പറന്നാണ് കിര്‍മാണി ബാക്കസിന്റെ മനോഹരമായ ആ ക്യാച്ച് എടുത്തത്. ഒടുവില്‍ അമര്‍നാഥിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ ഹോള്‍ഡിംങ്ങ് പുറത്തായപ്പോള്‍ പുതിയ ഇന്ത്യന്‍ വിജയ ചരിത്രം ആരംഭിച്ചു.

വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന ബാറ്ററായ ജോയല്‍ ഗാര്‍നര്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ കപില്‍ ദേവും അദ്ദേഹത്തിന്റെ ചെകുത്താന്‍മാരും ലോഡ്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വസന്തം ആഘോഷം ആരംഭിച്ചിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം സിംബാബ്‌വേ യുമായുള്ളതാണെന്ന് കിര്‍മാണി ഉറച്ചു വിശ്വസിക്കുന്നു. 17 റണ്‍സിന് 5 വിക്കറ്റില്‍ നിന്നാണ് മത്സരത്തിന്റെ ഗതി തിരിച്ച കപിലിന്റെ പ്രകടനം വന്നത്. അപ്രധാന മത്സരം എന്ന് കരുതിയത് ഒന്നാന്തരം മത്സരമായപ്പോള്‍ അതിന്റെ ഒരു വീഡിയോ പോലും ആരും പകര്‍ത്താഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയി, കിര്‍മാനി എഴുതി.

‘ഓരോ കളിക്കാരനും ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ പങ്കുണ്ട്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ യശ്പാലിന്റെ 61 റണ്‍സ്. ആ മത്സരത്തില്‍ തന്നെ ജിമ്മി അമര്‍നാഥിന്റെയും സന്ദീപിന്റെയും നിര്‍ണ്ണായക ബാറ്റിങ്ങ്. കപിലിന്റെ 3 വിക്കറ്റ്, റോജര്‍ ബിന്നിയുടെ രണ്ട് വിക്കറ്റ്. ഓരോ കളിക്കാര്‍ക്കും പ്രചോദനവും, ആവേശവും, ശുഭാപ്തി വിശ്വാസവും ഓരോ മത്സരം കഴിയുമ്പോഴും ഇരട്ടിയായി. അങ്ങിനെ ലോഡ്‌സില്‍ ഞങ്ങള്‍ ചരിത്രം കുറിച്ചു’.

Kirmani at Lords

1983 ജൂൺ 5 ലോഡ്സിൽ ഇന്ത്യൻ വിജയം ആഘോഷിക്കുന്ന സയ്യദ് കിർമാണി

യാതൊരുവിധ ദയാദാക്ഷിണ്യവും കൂടാതെ തന്റെ ക്രിക്കറ്റ് ജീവിതം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അവസാനിപ്പിക്കുകയായിരുന്നുവെന്ന് കിര്‍മാണി എഴുതിയിരിക്കുന്നു. ഒരു ഹിന്ദി സിനിമയില്‍ സന്ദീപ് പാട്ടിലിനോടും പൂനം ധിലനോടൊപ്പവും അഭിനയച്ച കിര്‍മാണി കൂടുതല്‍ ജനപ്രിയനായത് രസിക്കാത്തവര്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ഉണ്ടായിരുന്നു. അതൊക്കെ തനിക്ക് ദോഷം ചെയ്‌തെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

1985- 86 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാരണമില്ലാതെ തന്നെ അപമാനിച്ചു ടീമില്‍ നിന്ന് പുറംതള്ളുകയായിരുന്നു. തനിക്ക് പരിക്കാണ് എന്ന് ഇല്ലാത്ത കാരണം പറഞ്ഞ് ടീം മാനേജര്‍ പത്രക്കാരോട് പറഞ്ഞ് തന്നെ ഒഴിവാക്കുകയായിരുന്നു. പകരക്കാരനായി റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ ടീമിലെത്തി. അതോടെ സയ്യദ് കിര്‍മാണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം സ്റ്റംപ്ഡ് ആയി അവസാനിച്ചു. നൂറ് ടെസ്റ്റ് കളിക്കാനോ 198 ക്യാച്ച് നേടിയ എനിക്ക് 200 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാനോ, കഴിവുണ്ടായിട്ടും തനിക്ക് അവസരം പിന്നീട് തന്നില്ലെന്ന് അദ്ദേഹം ദുഃഖത്തോടെ എഴുതി.

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടി മുറുക്കിയ രാഷ്ട്രീയക്കളിയുടെ ഒരു ബലിയാടായി ഇന്ത്യയുടെ ലോകകപ്പ് വിജയ ടീമിന്റെ വിക്കറ്റ് കീപ്പര്‍. 100 ടെസ്റ്റ് കളിച്ചവര്‍ക്കുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ ആദരവും സാമ്പത്തിക സഹായവും തനിക്ക് നിരസിച്ചതിലെ വിവേചനം കിര്‍മാണി തുറന്നു കാട്ടിയിട്ടുണ്ട്.

91 ടെസ്റ്റ് കളിച്ച തന്റെ സുഹൃത്തും ഇന്ത്യയിലെ മികച്ച ബാറ്റ്‌സുമാനായ ഗുണ്ടപ്പ വിശ്വനാഥിന് ഈ ആദരവും സാമ്പത്തിക സഹായവും കിട്ടിയപ്പോള്‍ 81 ടെസ്റ്റ് കളിച്ച തന്നെ മനപ്പൂര്‍വം ഒഴിവാക്കി. 91 ഉം 81 നൂറല്ല പിന്നെ എന്താണ് വൃത്യാസം? ഈ വിവേചനത്തെ കുറിച്ച് അദ്ദേഹം ചോദിക്കുന്നു. ധാര്‍ഷ്ട്യത്തോടെയാണ് ഈ വിഷയത്തില്‍ ബോര്‍ഡ് തന്നോട് മറുപടി പറഞ്ഞതെന്ന് ദു:ഖത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന കളിക്കാരനായ കിര്‍മാണി എഴുതി. ഒടുവില്‍ ഐ. എസ്. ബിന്ദ്രയും ഡാല്‍മിയയും ക്രിക്കറ്റ് ബോര്‍ഡിലെ ഭാരവാഹികളായപ്പോഴാണ് തനിക്ക് ഈ വിഷയത്തില്‍ നീതി കിട്ടിയത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ സാമ്പത്തിക അഴിമതികളുടെ ഒരംശം നേരിട്ട് കണ്ടത് അതേപോലെ കിര്‍മാണി എഴുതിയിരിക്കുന്നു. അതിന് തന്റെ ബെനിഫിറ്റ് മത്സരം വേദിയായ് എന്ന് ദുഃഖത്തോടെ അദ്ദേഹം കുറിച്ചു. ബോംബയിലെ ക്രിക്കറ്റ് ക്ലബ് ഇന്ത്യ കിര്‍മാണിയെ സഹായിക്കാമെന്നേറ്റു. ന്യൂസിലന്‍ഡ് ഇന്ത്യയില്‍ പര്യടനം നടത്തുന്ന സമയമായിരുന്നു അത്. ബിസിസിഐയുടെ പ്രസിഡന്റ് രാജ് സിംഗ് ദുര്‍ഗാപ്പൂര്‍ പറഞ്ഞു, ബോംബയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് അവസാന ഏകദിനത്തില്‍ നിന്ന് 25 ലക്ഷം രൂപ സമാഹരിച്ച് തരാമെന്ന് കിര്‍മാണിയോട് പറഞ്ഞു. 1990 കളില്‍ ഇത്തരം സംരംഭങ്ങളില്‍ നിന്ന് കളിക്കാര്‍ക്ക് കിട്ടിയിരുന്നത് മിനിമം തുക ഒരു കോടി രൂപയാണ്. അതേ പറ്റി കര്‍മാണി സൂചിപ്പിച്ചപ്പോള്‍ ദുര്‍ഗാപ്പൂര്‍ പറഞ്ഞത് ഇന്ത്യാ – ന്യൂസിലാന്‍ഡ് മത്സരത്തിന് അധികം ആളുകള്‍ വരില്ല. അതിനാല്‍ 25 ലക്ഷം രൂപയേ തരാനാകൂ. നിവൃത്തിയില്ലാതെ കിര്‍മാനി സമ്മതിച്ചു.

കളി കഴിഞ്ഞ് പറഞ്ഞതില്‍ 5 ലക്ഷം രൂപ കൂടി ചേര്‍ത്ത് 30 ലക്ഷം രൂപ കിര്‍മാണിക്ക് ലഭിച്ചു. പക്ഷേ, ആ കഥയിലെ പഞ്ച് മറ്റൊന്നായിരുന്നു. ഒരു കോടി രൂപ വാങ്ങി രാജ് സിംഗ് ദുര്‍ഗാപ്പൂര്‍ ‘മണിക്ക് ചന്ദ് ഗുഡ്ക’ കമ്പനിക്ക് പരസ്യ ഹോര്‍ഡിംങ്ങ് അവകാശം വിറ്റു. ആ കാശ് അയാള്‍ പോക്കറ്റിലാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന് തന്റെ സംഭാവനകള്‍ രേഖപ്പെടുത്തിയ മത്സരം നടന്ന സ്റ്റേഡിയത്തില്‍ മണിക്ക്ചന്ദ് ഗുഡ്ക’യുടെ പരസ്യങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിയുടെ പ്രതീകമായി സ്റ്റേഡിയത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനെ കിര്‍മാണിക്ക് കഴിഞ്ഞുള്ളൂ.

വിദേശത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ ആദ്യകാലങ്ങളില്‍ പരിതാപകരമായിരുന്നു. നിരന്തരമായി അവര്‍ വിദേശ പര്യടനങ്ങളില്‍ അവഗണിക്കപ്പെടുകയും അപമാനിതരാവുകയും ചെയ്തു. 1974 ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തില്‍ സ്വന്തം രാജ്യത്തിന്റെ ഹൈകമ്മീഷ്ണറാല്‍ അപമാനിക്കപ്പെട്ട ഒരു സംഭവം ടീമിലുണ്ടായിരുന്ന റിസര്‍വ് വിക്കറ്റ് കീപ്പറായ കിര്‍മാണി ഒരിക്കലും മറന്നില്ല.

Kirmani

അജിത്ത് വഡേക്കര്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനോട് തോറ്റ് പരമ്പര നഷ്ടപ്പെട്ടു. ആ സമയത്ത് ഇംഗ്ലണ്ടിലെ മൊത്തം ഇന്ത്യക്കാരെ നാണം കെടുത്തിയ ഒരു സംഭവം നടന്നു. ഇന്ത്യന്‍ കളിക്കാരനായ സുധീര്‍ നായിക്ക് ഒരു കടയില്‍ നിന്ന് ഒരു ജോഡി സോക്‌സ് മോഷ്ടിച്ചതായി ആരോപിച്ച് ഒരു ഇംഗ്ലീഷ് ടാബ്ലോയ്ഡില്‍ ഫോട്ടോ സഹിതം വാര്‍ത്ത വന്നു. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉടനെ ഇതില്‍ ഇടപെടുകയും സുധീര്‍ നായിക്കിനോട് മാപ്പ് പറയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ടിലെ അന്നത്തെ ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ ബി.കെ. നെഹ്‌റു രണ്ട് ടീമുകളെയും തന്റെ വീട്ടില്‍ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ ടീം അജിത്ത് വഡേക്കര്‍ , ബിഷന്‍ സിങ്ങ് ബേദി, ഫാറുക്ക് എഞ്ചിനിയര്‍ തുടങ്ങിയ പ്രമുഖ താരങ്ങളൊടൊപ്പം കിര്‍മാണിയും ബി.കെ. നെഹ്‌റുവിന്റെ വീട്ടിലെത്തി. എന്നാല്‍ ബി.കെ. നെഹ്‌റു അവരെ മുന്‍ വാതിലിലൂടെ കേറ്റാതെ അപമാനിച്ച് പിന്‍വാതിലൂടെ വീട്ടിലേക്ക് പ്രവേശിപ്പിച്ചു. ഇംഗ്ലണ്ട് ടീമംഗങ്ങളുടെ മുന്നില്‍ വെച്ച് ബി.കെ നെഹ്‌റു കോപത്തോടെ പറഞ്ഞു. ‘You cricketers not only play bad cricket, but you dont have manners as well . Get out of here’.

തികച്ചും അപമാനിതരായ ഇന്ത്യന്‍ ടീം ബസ്സില്‍ കയറി സ്ഥലം വിടാനൊരുങ്ങി. പക്ഷേ, ടീം മാനേജറായ കേണല്‍ ഹെമു അധികാരി ഹൈകമ്മീഷ്ണര്‍ ടീമിനോട് തിരിച്ച് വരാനും വിരുന്നില്‍ പങ്കെടുക്കാനും ആവശ്യപ്പെതായി പറഞ്ഞു. അതിനാല്‍ ടീം മാനേജര്‍ അവരോട് വിരുന്നില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. കനത്ത അപമാനമേറ്റ കളിക്കാര്‍ ഒന്നെങ്കടം അതിന് വിസമ്മതിച്ചു. ടീം മാനേജര്‍ നിയന്ത്രം വിട്ട് ക്ഷുഭിതനായി ക്യാപ്റ്റനായ വഡേക്കറോട് അലറി.’ നിങ്ങള്‍ ഫീല്‍ഡില്‍ ക്യാപ്റ്റനാണെങ്കില്‍ ഫീല്‍ഡിന് പുറത്ത് ഞാനാണ് ക്ലാപ്റ്റന്‍ എന്റെ കൂടെ നിങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെ പറ്റൂ’ ഒടുവില്‍ ടീമംഗങ്ങള്‍ നിശ്ശബ്ദരായി വിരുന്നില്‍ പങ്കെടുത്തു.
ഈ സംഭവം ഇന്ത്യന്‍ ഗവണ്‍മെന്റ് വളരെ ഗൗരവമായി എടുത്തു. ബി.കെ. നെഹ്‌റുവിനെ ബ്രിട്ടനിലെ ഹൈക്കെമ്മീഷണര്‍ പദവിയില്‍ നിന്ന് മാറ്റി . ക്യാപ്റ്റനായ അജിത്ത് വഡേക്കറെ ടീമില്‍ നിന്ന് തന്നെ പുറത്താക്കി, അതാടെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു.

1983 ല്‍ ലോകകപ്പ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാനോ, ആശംസകള്‍ നേരാനോ ഒരാളും ഉണ്ടായിരുന്നില്ല എന്ന് പത്രപ്രവര്‍ത്തകനായ ദക്ഷേഷ് പഥക്ക് എഴുതുന്നു. അന്ന് അവരെ ആരും തന്നെ വകവെച്ചില്ല. താമസിക്കുന്ന ഹോട്ടലില്‍ പോലും അവരെ തിരിച്ചറിയാതെ അവഗണിച്ചു.

നിശ്ചയ ദാര്‍ഡ്യത്തിന്റെയും മികവിന്റെ കഥകളാണ് കിര്‍മാനിയുടെ ആത്മകഥ. താന്‍ കണ്ട മികച്ച കളിക്കാരേയും കളികളെയും രസകരമായി രേഖപെടുത്തുന്ന ‘സ്റ്റംപ്ഡ്: ലൈഫ് ബിഹൈന്‍ഡ് ആന്‍ഡ് ബിയോണ്ട് ദ ട്വന്റി ടു യാര്‍ഡ്‌സ് കാര്‍മാണിക്ക് വേണ്ടി രചിച്ചത് എഴുത്തുകാരനും ഗവേഷകനുമായ ദേബാഷിഷ് സെന്‍ഗുപ്തയും പത്രപ്രവര്‍ത്തകനായ ദക്ഷേഷ് പഥക്കും ചേര്‍ന്നാണ്. ക്രിക്കറ്റിനായി സമര്‍പ്പിച്ച ജീവിതത്തിന്റെയും തലമുറകള്‍ക്ക് പ്രചോദനമാവുന്ന ഒരു പാരമ്പര്യത്തിന്റെയും സാക്ഷ്യമാണ് സയ്യദ് മുജ്തബ ഹുസ്സെയിന്‍ കിര്‍മാണിയെന്ന 75 കാരന്റെ ഈ ആത്മകഥ.  Former Indian wicket keeper Syed Kirmani biography,Stumped; Lif behind and beyond the twenty two yards

Stumped- Life Behind and Beyond the Twenty- Two Yards.
Syed Kirmani with Debashish and Dakshesh Pathak .
Publisher: PENGUIN PLAY
Price: Rs.599.00
Pages: 173. Hard Bound

Content Summary; Former Indian wicket keeper Syed Kirmani biography,Stumped; Life behind and beyond the twenty two yards

×