July 08, 2025 |

പുല്ലുപാറ ബസപകടം; ബ്രേക്ക് നഷ്ടപ്പെട്ടെന്ന് സംശയം: മരണം നാലായി

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയമുണ്ട്

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. അരുണ്‍ ഹരി(55),രമ മോഹന്‍(40),സംഗീത്,ബിന്ദു(59) എന്നിവരാണ് മരിച്ചത്.മാവേലിക്കര സ്വദേശികളാണ് ഇവരെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മെഡിസിറ്റിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറുമാണ് ബസിലുണ്ടായിരുന്നത്.മുപ്പതടിയോളം താഴ്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

പ്രദേശത്തിന് സമീപം കുത്തനെയുള്ള ഇറക്കങ്ങളും കൊടുംവളവുകളുമാണ്. യാത്രക്കാരില്‍ പലരും ഉറങ്ങുന്നതിനിടെ രാവിലെ 6.15 ഓടെയാണ് അപകടം.
മാവേലിക്കരയില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട കെഎല്‍ 15 എ 1366 നമ്പറിലുള്ള കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍ പെട്ടത്.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയമുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്നും രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

×